41: കൈതൃക്കോവിൽ ഗുഹാ ക്ഷേത്രം

42: പനച്ചിത്തറ ശിവക്ഷേത്രം
July 5, 2023
40: യജ്ഞേശ്വരം ക്ഷേത്രം
July 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 41

തീർത്ഥാടന ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകളുള്ള ഒരു ക്ഷേത്രമാണ് കൈതൃക്കോവിൽ ശിവക്ഷേത്രം. അതി മനോഹരമായ പ്രകൃതി ഭംഗിയോടു ചേർന്നുള്ള ഈ ക്ഷേത്രസഞ്ചയം ഒരു നോക്കുകണ്ടാൽ ആ ദൃശ്യഭംഗി മനസ്സിൽ നിന്നും ഒരിക്കലും മായില്ല. ഉയർന്നു പരന്ന് കിടക്കുന്ന വലിയൊരു കരിങ്കൽ മലയിലെ ഗുഹയിലാണ് കൈതൃക്കോവിലപ്പൻ്റെ സ്വയംഭൂ ശിവലിംഗമുള്ളത്. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിൽ രണ്ടാം വാർഡിൽ പെട്ട കൊളത്തോൾ ദേശത്തെ നടുവട്ടം വില്ലേജിലാണ് ഒരേക്കർ വിസ്തൃതിയിലുള്ള ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിൻ്റെ സർവ്വതോൻ മുഖവികസനത്തിന് കൈതൃക്കോവിൽ ക്ഷേത്രം മാത്രം മതി. അതേ സമയം കാര്യമായി ആരും ശ്രദ്ധിക്കാതെ പുറം ലോകം അറിയാതെ തകർക്കപ്പെടലിൻ്റെയും അവഗണനയുടേയും ഭാരവും പേറി കഴിയുകയാണ് ഈ ക്ഷേത്രം. സമീപത്തെ വലിയ രണ്ട് കരിങ്കൽ ക്വാറികൾ ക്ഷേത്രത്തിൻ്റെ അവഗണനയുടെ നേർ ചിത്രമാണ്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കൽ എന്ന സ്ഥലത്തു നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്താം. വീതി കുറഞ്ഞ റോഡിലൂടെ ചെറിയ ബസ്സാണ് ഇവിടേക്കുള്ള വാഹനം. ക്വാറിയുടെ സമീപത്തുകൂടിയുള്ള പാത കടന്നു ചെന്നാൽ കാരിരുമ്പിൻ്റെ നിറമൊത്ത ചെറിയൊരു കരിങ്കൽ മലയുടെ സമനിരപ്പിലെത്താം. ഇവിടെ നിന്നും നോക്കിയാൽ ഗുഹാക്ഷേത്രത്തിൻ്റെ മുഖമണ്ഡപത്തിൻ്റെ ശിഖരം കാണാം. മലയുടെ വടക്കുഭാഗത്ത് കരിങ്കൽ പാറയിൽ വലിയൊരു മരമുണ്ട്. ഇതിനു സമീപത്താണ് ഉപപ്രതിഷ്ഠയുള്ള ഗണപതിയുടേയും ഭഗവതിയുടേയും ചെറിയ ക്ഷേത്രമുള്ളത്. ഭഗവതി സ്വയംഭൂവാണെന്നും കൈതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഭഗവതിക്കാണ് പ്രധാന്യമെന്നും ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ സമീപസ്ഥനായ വെട്ടിക്കാട്ട് ഉണ്ണികൃഷ്ണൻ പറഞ്ഞു. കിഴക്കോട്ടാണ് ഈ ഉപ ക്ഷേത്രത്തിൻ്റെ ദർശനം. മലയിലൂടെ സൂക്ഷിച്ച് ഇറങ്ങിച്ചെന്നാൽ പടിഞ്ഞാട്ട് ദർശനമായി ഉപപ്രതിഷ്ഠയായ അയ്യപ്പനും ക്ഷേത്രമുണ്ട്. ഇതിനു പിറകിൽ ഇടതു വശത്തെ മൂലയിലാണ് തീർത്ഥക്കുളം. പായൽ മൂടിക്കിടക്കുന്ന ക്ഷേത്രക്കുളത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കൽപ്പടവുകളുണ്ട്. കിഴക്കു ഭാഗത്തെ വലിയ ബലിക്കല്ലുകടന്നാൽ നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാം. ശിവക്ഷേത്രത്തിൻ്റെ മുഖമണ്ഡപത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണുക നമസ്കാരമണ്ഡപത്തിൻ്റെ തറയാണ്. കരിങ്കൽ തൂണുകളും മേൽപ്പുരയുമുണ്ടായിരുന്ന നമസ്കാര മണ്ഡപത്തിൽ മഴയും മഞ്ഞും വെയിലുമേറ്റു കിടക്കുന്ന നന്ദി വിഗ്രഹം കാണാം. നിസ്സഹായാവസ്ഥയിൽ കൈതൃക്കോവിലപ്പനെ നോക്കി കിടക്കുന്ന നന്ദികേശൻ. ശ്രീകോവിലിനു പിറകിൽ ചെരിഞ്ഞിറങ്ങി നിൽക്കുന്ന കരിങ്കൽമല ഹൃദയസ്പർശിയായ അനുഭവമാണുണ്ടാക്കുക.

ക്ഷേത്രത്തിലെ വിഷ്ണു ക്ഷേത്രം

ശ്രീകോവിലിൻ്റെ മുഖമണ്ഡപം രണ്ടുനിലയിലാണ്. മനോഹരമായ കൊത്തുപണികളോടെ ചെങ്കല്ലിൽ തീർത്തതാണ് ഭിത്തി. ആദ്യനിലയിൽ വെള്ളയും മുകൾ നിലയിൽ ചുവപ്പും പെയിൻറു ചെയ്തിട്ടുണ്ട്. കേടു സംഭവിക്കാത്ത സോപാനമാണുള്ളത്. മുഖമണ്ഡപത്തിലെ ഭിത്തിയിലുള്ള ദ്വാരപാലകരുടെ ഓരോ കയ്യും കാലും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു ദ്വാരപാലകൻ്റെ മുഖം ഛേദിച്ച നിലയിലാണ്. ഹൈദരാലിയും ടിപ്പുവും തകർത്തെന്ന് വാമൊഴി ചരിത്രമുള്ള ക്ഷേത്രങ്ങളിലെ ദ്വാരപാലകരുടെ അതേ സ്ഥിതിയാണ് കൈതൃക്കോവിൽ ക്ഷേത്രത്തിലും കണ്ടത്. ശ്രീകോവിലിലേക്കുള്ള വാതിൽ ഇരുമ്പു കമ്പിയുടെ വാതിൽ കൊണ്ടാണ് അടച്ചിട്ടുള്ളത്. എങ്കിലും ഗുഹക്കുള്ളിലെ സ്വയംഭൂ ശിവലിംഗം വ്യക്തമായി കാണാമായിരുന്നു. ശിവക്ഷേത്രത്തിൽ നിന്നും അഞ്ചാറു മീറ്റർ ഇടത്തോട്ടു മാറി മലയുടെ താഴ്‌വാരത്തിൽ ചെറിയ ഒരു സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ഇതിൻ്റെ ദർശനവും കിഴക്കോട്ടാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് നേരിട്ടു പ്രവേശിക്കാനും പ്രത്യേകം വഴിയുണ്ട്. സുബ്രഹ്മണ്യ പ്രതിഷ്ഠ മൂന്നു കഷണമായി മുറിഞ്ഞു കിടക്കുന്നു. കഷണങ്ങൾ അടുക്കി വെച്ചാണ് പൂജ നടത്തുന്നത്. ഇടതു വശത്തെ കമാനം കടന്നു ചെന്നാൽ നമസ്കാര മണ്ഡപത്തോടു കൂടിയ ചെറിയൊരു ക്ഷേത്രം കാണാം. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിൻ്റെ വിഗ്രഹവും മൂന്നു കഷണമാക്കിയ നിലയിലാണ്. മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പ്രത്യേക വഴിയുണ്ട്. ഇവിടെ ബലിക്കൽ പുരയുടെ തറ മാത്രമേയുള്ളു. മേൽക്കൂരയും തൂണുമില്ല. ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം പൂർണ്ണമായും നാമാവശേഷമാണ്. അതിൻ്റെ തറയുണ്ട്. ക്ഷേത്രങ്ങളുടെയെല്ലാം മേൽക്കൂര ഓടുമേഞ്ഞതാണ്. സുബ്രഹ്മണ്യൻ്റെയും മഹാവിഷ്ണുവിൻ്റെയും വിഗ്രഹങ്ങൾ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്തതാണെന്ന് തലമുറകൾ കൈമാറിയ നാട്ടറിവു വച്ച് ഉണ്ണികൃഷ്ണൻ പറഞ്ഞു. നമസ്ക്കാര മണ്ഡപവും ബലിക്കൽ പുരയും ചുറ്റമ്പലവും ഊരാളൻ പൊളിച്ചുമാറ്റിയതാണെന്നും ടിപ്പു തകർത്തതല്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പിറകിലായി കൽപ്പടവുകളുള്ളതും ദീർഘചതുരത്തോടു കൂടിയതുമായ ചെറിയ ഒരു കുളമാണെന്നു തോന്നിക്കുന്ന ജലാശയമുണ്ട്. ഇത് തീർത്ഥക്കിണറാണ്. ഈ കിണർ ദേവ നിർമ്മിതമാണെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. അതുമായി ബന്ധപ്പെട്ട ഐതിഹ്യമിങ്ങനെ:

ക്ഷേത്രത്തിലെ സുബ്രഹ്മണ്യ ക്ഷേത്രം

കൈതൃക്കോവിൽ ക്ഷേത്രത്തിൽ പുരാതന കാലത്ത് തീർത്ഥക്കിണറുണ്ടായിരുന്നില്ല. മൂന്നു കിലോമീറ്റർ അകലെയുള്ള ഭാരതപ്പുഴയിൽ നിന്നും മേൽശാന്തി കുടത്തിൽ കൊണ്ടുവരുന്ന ജലമാണ് ജലാഭിഷേകത്തിനും ഇതര പൂജാദികൾക്കും ഉപയോഗിച്ചിരുന്നത്. ഒരിക്കൽ ഭാരതപ്പുഴയിൽ നിന്നും ജലം ശേഖരിച്ച് ക്ഷേത്രത്തിലെത്തിയ മേൽശാന്തി പൂജക്കായി കുടത്തിൽ നോക്കിയപ്പോൾ ജലം മലിനമായി കണ്ടു. മലിനജലം കൊണ്ടു പൂജ ചെയ്യാൻ അദ്ദേഹത്തിന് മനസ്സു വന്നില്ല. ഭാരതപ്പുഴയിൽ നിന്നും വീണ്ടും ജലം കൊണ്ടുവന്ന് പൂജ നടത്താനുള്ള സമയവുമില്ല. അന്ന് പൂജ ചെയ്യാതെ ദു:ഖിതനായി അദ്ദേഹം മടങ്ങി. കൈതൃക്കോവിലപ്പന് നിവേദ്യം നൽകാനാവാത്തതിൽ അദ്ദേഹം വലുതായി ദു:ഖിച്ചിരുന്നു. പിറ്റേ ദിവസം ഏഴരവെളുപ്പിന് ഉണരാതെ അദ്ദേഹം അതേ കിടപ്പു കിടന്ന് ഉറങ്ങിപ്പോയി. ഈ സമയത്ത് ശിവഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് എന്തേ ഉണരാത്തത്, എനിക്കിന്ന് അഭിഷേകവും നിവേദ്യവുമാന്നുമില്ലേയെന്നു ചോദിച്ചു. നമ്പൂതിരിയാകട്ടെ തലേ ദിവസം പൂജ മുടങ്ങിയ സംഭവം വേദനയോടെ പറഞ്ഞു. ഇക്കാര്യത്തിൽ ഇനി മനോദുഃഖം അനുഭവിക്കേണ്ടതില്ല. ക്ഷേത്രത്തിൽ യഥേഷ്ടം ജലമുണ്ട്. ചെന്ന് നോക്കൂ എന്നു പറഞ്ഞു. സ്വപ്നദർശനത്തിനു ശേഷം ഉണർന്ന നമ്പൂതിരി ക്ഷേത്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതമായിരുന്നു. വലിയൊരു പാറ അടർത്തിമാറ്റി ഒരു ജലാശയമുണ്ടാക്കിയിരിക്കുന്നു. അതിനു ശേഷം ഈ ജലാശയം തീർത്ഥക്കിണറായി പരിഗണിക്കപ്പെട്ടു വന്നു. കടുത്ത വേനലിലും ഈ തീർത്ഥക്കിണർ ജലസമ്പുഷ്ടമായിരിക്കും. കരിങ്കൽമലയിൽ ജലാശയത്തിനു സമീപത്തായി ശിവൻ്റെ ഭൂതഗണങ്ങൾ അടർത്തിമാറ്റിയ വലിയ കരിങ്കൽ പാറ ചാരി വെച്ച നിലയിൽ കാണാം. ഇത് ഐതിഹ്യമാണെങ്കിലും അടർത്തിമാറ്റിയതെന്ന് കരുതുന്ന പാറയും ജലാശയവും ആരിലും കൗതുകം ജനിപ്പിക്കുന്നതാണ്. ക്ഷേത്രത്തിന് മുൻവശത്ത് പറമ്പും അതിനപ്പുറം വിശാലമായ വയലുമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമൊന്നും പ്രചാരത്തിലില്ല. മലപ്പുറം ജില്ലയിൽ താനൂരിനടുത്ത് തൃക്കൈക്കാട്ട് ശിവക്ഷേത്രം എന്ന പേരിൽ ഒരു ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി താരതമ്യം ചെയ്യുമ്പോൾ കൈ തൃക്കോവിൽ ഗുഹാക്ഷേത്രത്തിന് ഒരു ഐതിഹ്യമുണ്ടെന്ന് ഉറപ്പിച്ചു പറയാവുന്നതാണ്. പണ്ട് താനൂർ പരിയാ പുരത്ത് ഒരു ശിവഭക്തൻ തൃക്കുളം ശിവക്ഷേത്രത്തിൽ പതിവായി ദർശനത്തിനു പോയിരുന്നു. വാർദ്ധക്യത്തിലെ ശാരീരിക വിഷമം നിമിത്തം പിന്നീട് ക്ഷേത്ര ദർശനത്തിന് പോകാനായില്ല. ഇതിൽ ഏറെ ദു:ഖിതനായ ഭക്തന് തൃക്കുളത്തപ്പൻ ദർശനം നൽകിയിട്ടു പറഞ്ഞു, എന്നെ ദർശിക്കാൻ കഴിയാത്തതിൽ ദു:ഖം വേണ്ട. ഞാൻ ആ ഭാഗത്ത് നിനക്കു ദർശിക്കാനായി ഉണ്ടാകും എന്നരുളി. ശിവഭഗവാൻ തൃക്കൈകാട്ടിയഭാഗത്ത് ഒരു പറമ്പാണ്. അവിടെ പുല്ല് അരിയാൻ വന്ന ഒരു സ്ത്രീ പറമ്പിൽ കണ്ട കരിങ്കല്ലിൻമേൽ അരിവാൾ മൂർച്ച കൂട്ടിയപ്പോൾ രക്തം പൊടിഞ്ഞുവത്രെ. ഭയചകിതയായ സ്ത്രീ നാട്ടുകാരോട് വിവരം പറഞ്ഞു. തുടർന്നു നടത്തിയ ജ്യോതിഷ വിചാരത്തിലാണ് പറമ്പിൽ ശിവചൈതന്യമുള്ളതായി കണ്ടത്. അതിനു ശേഷം ക്ഷേത്രം നിർമ്മിച്ചു. ഇതാണ് തൃക്കൈക്കാട്ട് ശിവക്ഷേത്രത്തിൻ്റെ ഐതിഹ്യം. പേരിലെ സാമ്യമാണ് സമാന നാമമുള്ള കൈതൃക്കോവിലിനുമുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയുടെ പേര് വെട്ടിക്കാട് പറമ്പ് എന്നാണ്. കാടു നീക്കിയ പറമ്പ് എന്നൊരു ധ്വനി ഈ പേരിൽ കാണാം. വെട്ടിക്കാട് എന്ന പേരിൽ ഒരു നായർ തറവാടും ക്ഷേത്രസമീപത്തുണ്ട്. പഴയ കാലത്ത് കാടു നിറഞ്ഞ പ്രദേശമായിരുന്നു ഇതെന്നും ഒരു ഉപാസകന് ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് സ്വയംഭൂ ആയ ഒരു ഐതിഹ്യം ഇതിനു പിറകിലുണ്ടെന്നും കരുതേണ്ടതുണ്ട്. വലിയ ബലിക്കല്ലുകളും മറ്റുമുള്ളതിനാൽ ഈ ക്ഷേത്രം ഒരു കാലഘട്ടത്തിൽ പ്രൗഢിയോടെ നിലനിന്നിരുന്ന മഹാക്ഷേത്രമായിരുന്നുവെന്ന് ഉറപ്പിച്ചു പറയാവുന്നതാണ്‌. ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ക്ഷേത്രത്തിൻ്റെ ഊരാളൻ.

ഭൂതഗണങ്ങൾ നിർമിച്ചതെന്ന് വിശ്വസിക്കുന്ന തീർത്ഥക്കിണർ

ടിപ്പുവിൻ്റെ അക്രമ ശേഷം കാടുമൂടിക്കിടന്ന ക്ഷേത്രം ഭക്തജനങ്ങൾ കാടു നീക്കി സംരക്ഷിക്കുകയായിരുന്നു. തകർന്ന വിഗ്രഹങ്ങൾക്ക് പുന:പ്രതിഷ്ഠ നടന്നിട്ടില്ല. ഈ ക്ഷേത്രം സന്ദർശിക്കുമ്പോൾ സജീവ് പുതുപറമ്പിൽ പ്രസിഡന്റും, ഷാജു പാറക്കൽ സെക്രട്ടറിയുമായി ഒരു കമ്മിറ്റിയുണ്ട്. രാവിലെ ഒരു നേരമാണ് പൂജ. മൂന്നു വർഷം മുമ്പുവരെ ശിവരാത്രി ആഘോഷിച്ചിരുന്നു. പ്രദേശത്ത് ഹിന്ദു ഭവനങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗവീടുകളിലുള്ളവരും ക്ഷേത്രത്തോട് ആഭിമുഖ്യം കാണിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഹിന്ദുക്കളെല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ ഈ അപൂർവ്വ ക്ഷേത്രത്തെ നാടിൻ്റെ ഐശ്വര്യ കേന്ദ്രമാക്കി മാറ്റാവുന്നതേയുള്ളൂ. ഈ ക്ഷേത്രത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞാൽ ഭക്തജനങ്ങൾ ഇവിടേക്ക് പ്രവഹിക്കുമെന്ന കാര്യം നിസംശയമാണ്. ക്ഷേത്രം ഊരാളൻ ഈ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും ചുറ്റമ്പലവും നമസ്കാര മണ്ഡപവും പൊളിച്ചു നീക്കിയത് ഊരാള കുടുംബത്തിലെ ഒരംഗമാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ക്ഷേത്രത്തിനു പുറത്ത് മുൻവശത്ത് ഇടതു കോണിൽ ചതുരത്തിലുള്ള ഒരു പുരാതന കിണറുണ്ട്. കിണറിനു സമീപം അഞ്ച് അടി ഉയരത്തിൽ മൺപുറ്റുമുണ്ട്. നാഗസാന്നിദ്ധ്യമാണ് ഇത് സൂചിപ്പിക്കുന്നത് എന്നു വിശ്വസിക്കുന്ന ഭക്തർ അവിടെ വിളക്കു വെച്ച് ആരാധിക്കുന്നുണ്ട്. ക്ഷേത്ര നവീകരണവും ക്ഷേത്രത്തെക്കുറിച്ചുള്ള ഖ്യാതി പെരുകി ഭക്തജന പ്രവാഹവും ഇവിടേക്ക് ഉണ്ടാകുന്ന കാലം വിദൂരമല്ല എന്നു മാത്രമേ ആശ്വസിക്കാനും ആഗ്രഹിക്കുവാനും നിവൃത്തിയുള്ളു.

Leave a Comment