42: പനച്ചിത്തറ ശിവക്ഷേത്രം

43: അത്ഭുത കുളങ്ങര എടവന മഹാവിഷ്ണു നരസിംഹ ക്ഷേത്രം
July 5, 2023
41: കൈതൃക്കോവിൽ ഗുഹാ ക്ഷേത്രം
July 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 42

ഉറക്കം തൂങ്ങുന്ന കണ്ണുകൾ പൊടുന്നനെ പിടയുന്നത് രാത്രിയുടെ നിശ്ശബ്ദതയിൽ പോലീസിൻ്റെ ആക്രോശവും ബൂട്സിൻ്റെ ശബ്ദവും കേൾക്കുമ്പോഴാണ്‌. നിരവധി പേർ ജയിലിലായി. ഇനിയും ആരെ വേണമെങ്കിലും പോലീസിന് പിടികൂടി കൊണ്ടു പോകാം. ഇടിവണ്ടി സഹിതം പോലീസുകാർ രാപകലില്ലാതെ കാവലാണ്. അതിനിടക്കാണ് പോലീസിൻ്റെ നേർ വാഴ്ച . ഭീതി നിറഞ്ഞ രാപകലുകൾ. എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഹിന്ദുക്കൾ മാസങ്ങളോളം അനുഭവിച്ച ദുരിതങ്ങളുടെ ചിത്രം ഇന്നും മായാതെ അവരുടെ മനസ്സിലുണ്ട്. മറുഭാഗത്ത് മുസ്ലീങ്ങളാണ്. ഇവിടെ ഹിന്ദു മുസ്ലീം സംഘർഷമാണെന്ന വാർത്ത കാട്ടുതീ പോലെ പരക്കുന്നു. ഹിന്ദുക്കൾക്ക് തൊഴിൽ നിഷേധവും തുടങ്ങി. പനച്ചിത്തറ തത്തംകുളം ശിവക്ഷേത്രത്തെക്കുറിച്ചുള്ള വിവരം ശേഖരിക്കാൻ ചെന്നപ്പോൾ ഒരു വേള തങ്ങളിലുണ്ടാക്കിയ നടുക്കങ്ങളുടെ വേദനകളുടെ അനുഭവങ്ങളാണ് പ്രദേശത്തുള്ള ഹിന്ദുക്കൾക്ക് ആദ്യമേ പറയാനുണ്ടായിരുന്നത്. മാസങ്ങളോളം ദുരിതപർവ്വത്തിൽ കഴിയാൻ ഇവിടുത്തെ ഹിന്ദുക്കൾ എന്തു പിഴച്ചുവെന്നു ചോദിച്ചാൽ, നിത്യവും വിളക്കുവെച്ച് ആരാധിച്ചിരുന്ന ശിവക്ഷേത്രത്തിൻ്റെ തറ കൊത്തിയിളക്കി കൃഷി ഭൂമിയാക്കി മാറ്റാൻ ശ്രമിച്ചത് തടഞ്ഞതായിരുന്നു അവർ ചെയ്ത അപരാധം. മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലെ വാള മരുതൂരുള്ള പനച്ചിത്തറ ശിവക്ഷേത്രത്തെക്കുറിച്ചുള്ള വിവരം ശേഖരിക്കാൻ ചെന്നപ്പോഴാണ് കാൽ നൂറ്റാണ്ടു മുമ്പ് തങ്ങളനുഭവിച്ച യാതനകളെക്കുറിച്ച് ഭക്തജനങ്ങൾ പറഞ്ഞത്. നിരവധി ഭക്തജനങ്ങൾ ജയിലിൽ അടയ്ക്കപ്പെടാനും ശക്തമായ പോലീസ് നടപടിക്കും ആധാരമായ ക്ഷേത്രഭൂമിയിലെത്താൻ വാള മരുതൂരിലെ വിഷ്ണുവിൻ്റെ സഹായമുണ്ടായി. കൃഷി ചെയ്യാതെ മുട്ടോളം വളർന്ന മുട്ടിപ്പുല്ലുകൾ നിറഞ്ഞ വയലിനു മദ്ധ്യേ കാടുകയറിയ ഉയർന്ന പ്രദേശമാണ് ക്ഷേത്രഭൂമി 1990 വരെ കിഴക്കോട്ട് ദർശനമായി ഒരു ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലും അഞ്ചടി ഉയരമുള്ള ശിവലിംഗവും പീഠവും ഈ കോവിൽത്തറയിലുണ്ടായിരുന്നതായി വാലിൽ ഹരിദാസനും പ്രദേശത്തെ പ്രായം ചെന്നവരും പറഞ്ഞു. ശ്രീകോവിൽ ചതുരത്തിലുള്ളതും അഞ്ചടി ഉയരത്തിൽ കരിങ്കല്ലിൽ നിർമ്മിച്ചതുമായിരുന്നു. കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രഭൂമിയിൽ ഇപ്പോൾ ശ്രീകോവിൽത്തറ ഇല്ല. ശിവലിംഗവും പീഠവും രാത്രിയുടെ മറവിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒമ്പത് സെൻ്റ് വിസ്തൃതിയിലായിരുന്നു ക്ഷേത്രം സ്ഥിതി ചെയതിരുന്നത്. തകർത്ത ശ്രീകോവിൽ തറയുടെ പഴകിയ കല്ലുകൾ അങ്ങിങ്ങു കൂട്ടിയിട്ട നിലയിലുണ്ട്. ക്ഷേത്രഭൂമിയോടു ചേർന്ന് പഴയ ഒരു കിണറിൻ്റെ അവശിഷ്ടം കാണാം. ഇത് തീർത്ഥക്കിണറായിരുന്നു. വാള മരുതൂർ ഒരു കാർഷിക ഗ്രാമമാണ്.

കോഴിക്കോട് സാമൂതിരി രാജ വംശത്തിൽ നിന്നും ക്ഷേത്രഭൂമിയും അനുബന്ധമായി അഞ്ച് ഏക്കർ വയലും തേലപ്പുറത്ത് എന്ന തറവാട്ടുകാർക്ക് ലഭിച്ചു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് വയലിനു മദ്ധ്യേയോ, സമീപത്തായോ ക്ഷേത്രങ്ങൾ നിർമ്മിക്കാറുള്ളത് മലബാറിൽ പലയിടങ്ങളിലും സാധാരണമാണ്. ശിവൻ അല്ലെങ്കിൽ ദേവി പ്രതിഷ്ഠകളാണ് ഇവിടെ ഉണ്ടാകാറുള്ളത്. ഇത്തരം ചില ക്ഷേത്രങ്ങൾ മലബാറിൽ പലയിടത്തും ഉണ്ടാകാറുണ്ട്. അങ്ങനെ നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രമാണ് ഇതെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. വയലുകൾ വിൽപ്പന നടത്തി ഊരാളൻ ഇല്ലാത്ത അവസ്ഥയുണ്ടാകുമ്പോൾ ഇങ്ങനെയുള്ള ക്ഷേത്രങ്ങൾ ഗ്രാമ ക്ഷേത്രങ്ങളായി പരിവർത്തനപ്പെടാറാണ് പതിവ്. കാർഷിക രംഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ പിൽക്കാലത്ത് ഗ്രാമക്ഷേത്രമായി മാറുന്നതു വരെ അവ സ്വകാര്യ ക്ഷേത്രങ്ങളായിട്ടാണ് നിലനിൽക്കുക. ഭൂമിയുടെ ആധാരത്തിൽ ക്ഷേത്രം സംബന്ധിച്ച സൂചന ഉണ്ടായിക്കൊള്ളണമെന്നില്ല. പനച്ചിത്തറ ശിവക്ഷേത്രഭൂമിക്ക് പനച്ചിത്തറ പറമ്പ് എന്നാണു പേര്. ഇത് മംഗലം വില്ലേജിൽ റീ.സ.198ൽ 4 ൽ സ്ഥിതി ചെയ്യുന്നു. രേഖാമൂലം ക്ഷേത്രഭൂമിയുടെ അളവ് 12 സെന്റാണ്. പനച്ചി എന്നു പേരുള്ള ഒരു പുരാതന വൃക്ഷം ക്ഷേത്രത്തിലുണ്ടായിരുന്നതിനാലാണ് ക്ഷേത്രത്തിന് പനച്ചിത്തറ ശിവക്ഷേത്രം എന്ന പേരു വന്നത്.

ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ

ഇതിനു ചുറ്റിലുമുള്ള വയലിൻ്റെ പേര് തത്തംകുളം നിലം എന്നുമാണ്. മംഗലം വില്ലേജ് റി. സ.198ൽ 1 സി ആണ് വയലിൻ്റെ സർവ്വെ നമ്പർ. പഴയ കാലത്ത് പ്രൗഢിയോടെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമായിരിക്കണം ഇതെന്നു കരുതുന്നു. പ്രദേശത്തു കണ്ട ചതുരക്കല്ലുകളുടെ പഴക്കം പരിശോധിച്ചാൽ ഇവിടെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രത്തിന് 1500 ലേറെ വർഷത്തെ പഴക്കമുണ്ടന്നു നിർണ്ണയിക്കാവുന്നതാണ്. ക്ഷേത്രത്തിൻ്റെ ആദ്യ തകർച്ചയുണ്ടായത് ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണെന്നു വിശ്വസിക്കുന്നവരുണ്ട്. അതേ സമയം കേടുവരാത്ത വലിയ ശിവലിംഗവും പീഠവും കൊത്തി നിരത്തുന്നതു വരെ ശ്രീകോവിൽത്തറയിൽ കണ്ടവർ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ശിവലിംഗം തകർക്കപ്പെടാത്തതിനാൽ ക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്തതാണെന്ന വിശ്വാസത്തോട് പൂർണ്ണമായും യോജിക്കാൻ കഴിയുന്നില്ല. ക്ഷേത്രം പരിപാലിക്കേണ്ട തറവാട്ടുകാർ കർഷക കുടിയാൻമാർക്ക് വയൽ പാട്ടത്തിനു നൽകി. കുടിയാൻമാരാകട്ടെ മുസ്ലീം വിഭാഗക്കാരായതുകൊണ്ട് അവർ ക്ഷേത്രത്തിൻ്റെ കാര്യത്തിലേക്ക് നോക്കാതിരിക്കുകയും ക്രമേണ ക്ഷേത്രം തകർന്നു പോവുകയും ചെയ്തു. ഇതിനിടയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പല ഘട്ടങ്ങളിലായി തീർത്ഥക്കിണറിൽ കൊണ്ടുവന്നിട്ടതും ആരും അറിയാതെയാണ്. ശിവലിംഗം പിടിച്ചുയർത്താൻ കഴിയാത്തതിനാലാകണം ശിവലിംഗം കിണറ്റിലെറിയാതിരുന്നത്. പിൽക്കാലത്ത് തീർത്ഥക്കിണർ പൂർണ്ണമായും മണ്ണു നിറഞ്ഞ് ഭൂമിയോടൊപ്പം സമനിരപ്പായി. പനച്ചി മരം കടപുഴകി വീണു.

ഈ വൃക്ഷത്തിന് ദേവചൈതന്യമുണ്ടായിരുന്നുവെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. മരം കടപുഴകി വീഴുമ്പോൾ അലറുന്ന ശബ്ദം കേട്ടതായി പഴമക്കാർ പറഞ്ഞു. 1990 കളിലാണ് കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ വിളക്കു വെക്കാൻ ഭക്തജനങ്ങൾക്കു തോന്നിയത്. തുടർന്ന് എല്ലാ ദിവസവും ശിവലിംഗത്തിനു മുന്നിൽ ഭക്തജനങ്ങൾ വിളക്കു വെക്കാൻ തുടങ്ങി. ഇത് ചിലരെ അലോസരപ്പെടുത്തി. ക്ഷേത്രഭൂമിയുടെ സമീപത്തെ വയൽ മുസ്ലീം കുടുംബത്തിൻ്റെ കയ്‌വശത്തിലാണ്. 1991 ഡിസംബർ ആദ്യവാരത്തിൽ ശിവലിംഗവും പീഠവും അപ്രത്യക്ഷമായി. രണ്ടു പേർ ചേർന്ന് രാത്രിയിൽ ശിവലിംഗവും പീഠവും എടുത്തു കൊണ്ടുപോയി കുളത്തിലിട്ടുവെന്ന വിവരമാണ് ഭക്തജനങ്ങൾക്കു ലഭിച്ചത്. 1991 ഡിസംബർ എട്ടിന് ഒരു സംഘമാളുകൾ ശ്രീകോവിൽ തറ പൊളിച്ചു തുടങ്ങിയതോടെ ഭക്തജനങ്ങൾ തടയാനെത്തിയെങ്കിലും ഹിന്ദുക്കളുടെ എതിർപ്പു വകവെക്കാതെ ശ്രീകോവിൽ തറ പൂർണ്ണമായും തകർത്തു കളഞ്ഞു. ഭരണത്തിൻ്റെ തണലും പോലീസിൻ്റെ സഹായവും കൂടി ആയതോടെ ഭക്തജനങ്ങൾ ഒറ്റപ്പെടുകയായിരുന്നു. വിളക്കുവെച്ച് ആരാധിച്ചിരുന്ന ശിവക്ഷേത്രം ഭാവിയിൽ പുനരുദ്ധാരണം ചെയ്യണമെന്ന ഭക്തജനങ്ങളുടെ ആഗ്രഹം കടപുഴക്കിയെറിഞ്ഞതോടെ ഭക്തജനങ്ങൾ സംഘടിച്ചു. തകർക്കപ്പെട്ട ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം മുസ്ലീങ്ങളും അണിനിരന്നതോടെ സംഘർഷാവസ്ഥ സംജാതമായി. 1991 ഡിസംബർ ഒമ്പതിന് ഇരു വിഭാഗവും സംഘടിച്ചു. സംഘട്ടനത്തിന് സാദ്ധ്യതയുണ്ടെന്നറിഞ്ഞ് അന്നത്തെ തിരൂർ സി.ഐ: പി.രാജുവിൻ്റെ നേതൃത്വത്തിൽ വലിയൊരു സംഘം പോലീസ് കുതിച്ചെത്തി. പോലീസിനെ കണ്ട ജനക്കൂട്ടം ചിതറി ഓടി. ഇതിൽ ഹിന്ദുക്കളും മുസ്ലീങ്ങളും അടക്കം 25 പേരെ അറസ്റ്റ് ചെയ്തു.

ക്ഷേത്രഭൂമി ഉൽഖനനം ചെയ്തപ്പോൾ കണ്ടെത്തിയ പുരാതന തീർത്ഥക്കിണർ

ഒട്ടാകെ 58 പേർക്കെതിരെയാണ് കേസെടുത്തത് (തിരൂർ പി.എസ്.ക്രൈം 430/91 dt. 9.1.91. u/s 151,107 IPC). അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ പോലീസ് റിക്കാർഡുപ്രകാരം ഇങ്ങനെയാണ്. വാള മരുതൂർ സ്വദേശികളായ 1. വെളുത്താട്ടിൽ സെയ്തലവി (25), 2. ചേരിയത്ത് മുഹമ്മതുകുട്ടി (24), 3 .എടിയാടി സെയ്തലവി (47), 4. കാവുങ്ങൽ പോക്കർ (43), 5. പാതറ മുഹമ്മത് ( 45 ) വാള, 6. കൈപ്പാടത്ത് ഏന്തീൻ കുട്ടി (40), 7. എടയാടി അലി (23), 8. മാത്തൂർ മൊയ്തീൻ കുട്ടി (58), 9. കൈപ്പാടത്ത് യാഹുട്ടി (40), 10. കാവുങ്ങൽ ബഷീർ (26), 11. കൈപ്പാടത്ത് ബീരാൻ (21), 12. വാലിയിൽ ഉണ്ണി(23), 13. തൊട്ടിയിൽ ഉണ്ണി(20) കാവഞ്ചേരി, 14. ആശാരി പറമ്പിൽ ശ്രീധരൻ (31) കാവഞ്ചേരി ,15. ചാണയിൽവേലപ്പൻ എന്ന കുഞ്ഞിമോൻ (40) കാവഞ്ചേരി ,16. എണ്ണ പറമ്പിൽ ശശി (24) കാവഞ്ചേരി, 17. കളപ്പറമ്പ് ബാലൻ (32) കാവഞ്ചേരി, 18. കുന്നത്തകത്ത് വേലായുധൻ (30) വാള മരുതൂർ, 9. പുല്ലാണി അറമുഖൻ (62) വാളമരുതൂർ, 20 .കണ്ണത്തു തുളസീദാസൻ (25) വാള മരുതൂർ, 21. അരോളിത്തറയിൽ മാധവൻ (28) വാള മരുതൂർ, 22. ആശാരിപറമ്പിൽ ഗംഗാധരൻ (35) വാളമരുതൂർ, 23. വാലിയിൽ ഹരിദാസ് (25) കാവഞ്ചേരി, 24. വലിയ വീട്ടിൽ സഹദേവൻ (31) കാവഞ്ചേരി, 25. വാലിയിൽ അറമുഖൻ (66) കാവഞ്ചേരി. അതിനു ശേഷം പെരിന്തൽമണ്ണ സമ്പ് ഡിവിഷണൽ മജിസ്ട്രേട്ടു മുമ്പാകെ സി.ആർ.പി.സി. 107 വകുപ്പു പ്രകാരം ബോധിപ്പിച്ച റിപ്പോർട്ടിൽ കേസിലെ മുഴുവൻ പ്രതികളുടേയും പേരും മേൽവിലാസവും സമർപ്പിച്ചു. ആ ലിസ്റ്റിൽ ക്രമപ്രകാരം പറയുന്ന പേരുകളിങ്ങനെയാണ്. 1. വെളുത്താട്ടിൽ സെയ്താലിക്കുട്ടി വാള മരുതൂർ, 2. ചേരിയത്ത് മുഹമ്മദ് വാള മരുതൂർ, 3. എടയാടി സെയ്തലവി വള മരുതൂർ, 4. കാവുങ്ങൽ പോക്കർ വാള മരുതൂർ, 5. പാന്തറ മുഹമ്മദ് വാള മരുതൂർ, 6. കൈ പാടത്ത് ഏന്തീൻ കുട്ടി വാള മരുതൂർ, 7.എടയാടി അലി, 8. മാത്തൂർ മൊയ്തീൻ കുട്ടി ചമ്രവട്ടം, 9. കൈ പാടത്ത് യാഹുട്ടി, 10. കാവുങ്ങൽ ബഷീർ, 11. കൈ പാടത്ത് ബഷീർ, 12. മാത്തൂർ വീട്ടിൽ കുഞ്ഞിമുഹമ്മത് ചമ്രവട്ടം, 13. മാത്തൂർ വീട്ടിൽ ബാവ (അബൂബക്കർ) കാവഞ്ചേരി, 14. മാത്തൂർ വീട്ടിൽ വീരാൻ കുട്ടി, 15. മാത്തൂർ വീട്ടിൽ കുഞ്ഞുട്ടി, 16. തൊട്ടിയിൽ മൊയ്തീൻകോയ, 17. കൈപ്പാടത്ത് മൊയ്തീൻ കുട്ടി, 18. കൈ പാടത്ത് അസൈനാർ, 19. കല്ലിങ്ങലകത്ത് കടകശ്ശേരി മുഹമ്മദാലി, 20. തുപ്പത്ത് മുഹമ്മദ്, 21. കല്ലിങ്ങലകത്ത് ആദം മോൻ എന്ന മുഹമ്മദ്, 22. കൈ പാടത്ത് ഹൈദ്രു, 23. കല്ലിങ്ങലകത്ത് കുഞ്ഞാപ്പു, 24. എറക്കാട്ട് വീട്ടിൽ മുഹമ്മദ് കുട്ടി, 25 .മീനടത്തൂർ വീട്ടിൽ അബ്ദുള്ളക്കുട്ടി, 26. മീനടത്തൂർ വീട്ടിൽ കുഞ്ഞാപ്പു, 27. വലിയ വീട്ടിൽ ബാവ ഹാജി, 28. കാവുങ്ങൽ വീട്ടിൽ അലിക്കുട്ടി, 29. മുളക്കൽ വീട്ടിൽ ബാപ്പു, 30. മുളക്കൽ വീട്ടിൽ മാനു എന്ന പക്കിക്കുട്ടി, 31. വാലിൽ ഉണ്ണി, 32. തൊട്ടിയിൽ ഉണ്ണി, 33. ആശാരി പറമ്പിൽ ശ്രീധരൻ, 34 . ചാണയിൽ വേലപ്പൻ എന്ന കുഞ്ഞിമോൻ, 35. എള്ളു പറമ്പിൽ ശശി, 36. കളപ്പറമ്പിൽ ബാലൻ, 37. കുന്നനകത്ത് വേലായുധൻ, 38. പുല്ലാണി അറമുഖൻ, 39. കണ്ണത്ത് തുളസീദാസ്, 40. ആശാരി പറമ്പിൽ ഗംഗാധരൻ, 41. വാലിൽ ഹരിദാസൻ, 42. വലിയ വീട്ടിൽ സഹദേവൻ, 43. വാലിയിൽ അറമുഖൻ, 44. തുമ്പാര പറമ്പിൽ കേശവൻ, 45. തുമ്പാര പറമ്പിൽ ജനാർദ്ദനൻ, 46. പടന്നപ്പാട്ട് ബാലൻ, 47. ആറോളി തറയിൽ വീട്ടിൽ വേലായുധൻ, 47. പടന്നപ്പാട്ട് ഷൺമുഖൻ, 48. പുല്ലാണിവീട്ടിൽ ദാസൻ, 49. വടക്കയിൽ വീട്ടിൽ ദാസൻ, 50. നല്ലൊട്ടുപടിക്കൽ മണിയൻ, 51. കോരോത്ത് വളപ്പിൽ അപ്പുണ്ണി, 52. കോരോത്ത് വളപ്പിൽ രാജൻ, 53. കോരോത്തു വളപ്പിൽ നാരായണൻ, 54. തുമ്പയൂർ വീട്ടിൽ വേലായുധൻ, 55. തുമ്പയൂർ വീട്ടിൽ മാനുക്കുട്ടി, 56. എടവനത്ത് വളപ്പിൽ കുമാരൻ, 57. മലയത്ത് വളപ്പിൽ ബാബു, 58. പറന്നപടിക്കൽ ചന്ദ്രൻ തുടങ്ങി 59 പേരെയാണ് പ്രതി ചേർത്തത്. ഈ കേസിൽ പ്രതികളെ എല്ലാവരേയും വെറുതെ വിട്ടു. പ്രദേശത്ത് ദീർഘകാലം നിരോധനാജ്ഞയും പോലീസ് കാവലും ഉണ്ടായിരുന്നു.

ക്ഷേത്രഭൂമിയിൽ അവകാശം സ്ഥാപിക്കാൻ രംഗത്തുണ്ടായത് കൈപ്പാടത്ത് മൊയ്തീൻ കുട്ടി, മാത്തൂർ ചെറിയ കുഞ്ഞിമുഹമ്മത് എന്നിവരാണെന്ന് ഇതു സംബന്ധിച്ച രേഖയിലുണ്ട്. തർക്കത്തിലുള്ള ഭൂമി പനച്ചിത്തറ ശിവക്ഷേത്രഭൂമിയാണെന്നു സ്ഥാപിക്കാൻ വാലിയിൽ ഹരിദാസൻ തിരൂർ മുൻസിഫ് കോടതിയിൽ ഒ.എസ്.203/1991 ആയി ഡിക്ലറേഷൻ സ്യൂട്ട് ഫയൽ ചെയ്തു. കൈപ്പാടത്ത് മൊയ്തീൻ കുട്ടിയും മാത്തൂർ ചെറിയ കുഞ്ഞിമുഹമ്മതുമായിരുന്നു കേസിലെ പ്രതികൾ. അതിനു പിന്നാലെ മാത്തൂര് ചെറിയ കുഞ്ഞിമുഹമ്മത് വാലിയിൽ ഹരിദാസിനെ പ്രതിചേർത്ത് തിരൂർ മുൻസിഫ് കോടതിയിൽ ഒ.എസ്.242/91 നമ്പറായി മറ്റൊരു കേസും ഫയൽ ചെയ്തു. ശാശ്വതനിരോധന ഉത്തരവു ലഭിക്കാനായിരുന്നു പ്രസ്തുത കേസ്. തേലപ്പുറത്ത് അമ്മാളുക്കുട്ടിയമ്മ എന്ന മാധവി അമ്മയിൽ നിന്നും 98 സെൻ്റ് സ്ഥലം വാലിയിൽ ഹരിദാസൻ ഫയൽ ചെയ്ത കേസിലെ ഒന്നാം പ്രതിയായ മൊയ്തീൻ കുട്ടിയുടെ ബാപ്പ കൈപ്പാടത്ത് കമ്മാലു 1943 ൽ 1970-ാം നമ്പർ വെറും പാട്ട ശീട്ടു പ്രകാരം വാങ്ങിയതാണെന്നും ഭൂമിയിൽ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നുമാണ് എതിർകക്ഷികൾ വാദിച്ചത്. ഭൂമിക്ക് തിരൂർ ലാൻറ് ട്രൈബ്യുണലിൽ നിന്നും പട്ടയവും വാങ്ങി. ക്ഷേത്രം ഉണ്ടെന്നു പറയുന്ന സ്ഥലത്ത് ഒരു പനച്ചി മരം മാത്രമേയുള്ളു. കമ്മാലുവിൻ്റെ മരണാനന്തരം വസ്തുക്കൾ അവകാശികൾ ഭാഗിക്കുകയും തർക്കമുന്നയിച്ച ഭൂമി പള്ളിക്ക് വഖഫ് ചെയ്തുതു കൊടുത്തെന്നും വാദിച്ചു. ക്ഷേത്രഭൂമി മുസ്ലീം പള്ളിക്ക് വഖഫ് ചെയ്തു കൊടുത്തതായി രേഖയുണ്ടാക്കിയെന്ന വസ്തുത അപ്പോൾ മാത്രമാണ് ഭക്തജനങ്ങൾ മനസ്സിലാക്കിയത്. അതേ സമയം തങ്ങൾ വിളക്കു വെച്ച് ആരാധിച്ചിരുന്ന ശിവലിംഗം എങ്ങോ കൊണ്ടു കുഴിച്ചുമൂടിയാലും സത്യം പുറത്തു വരുമെന്നും ഭക്തജനങ്ങൾ വിശ്വസിച്ചു. തിരൂർ മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണർ എ.സുബ്രഹ്മണ്യൻ 1991 ഒക്ടോബർ 11 ,1991 ഡിസംബർ 10, 1992 ഫിബ്രവരി 11, ഫിബ്രവരി 25, 1992 മാർച്ച്നും 28, 1992 മെയ് 9, 1992 മെയ് അഞ്ച് എന്നീ തിയ്യതികളിൽ ക്ഷേത്രഭൂമിയിൽ പരിശോധന നടത്തി. ഭൂമി ഉൽഖനനം ചെയ്ത് കിണറു കണ്ടെത്തിയത് ഈ സമയത്താണ്. കിണറ്റിൽ നിന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുത്തു. ശ്രീകോവിലിൽ നിന്നുള്ള ഓവും കണ്ടെടുത്തതിൽപെടുന്നു. പനച്ചി മരത്തിൻ്റെ കെട്ടു കണക്കിന് ഇലകൾ കാലപ്പഴക്കം ചെന്നിട്ടും ഉണങ്ങാതെ കിണറ്റിൽ നിന്നു കുഴിച്ചെടുത്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട കരിങ്കല്ലുകളും കല്ലുകളും ക്ഷേത്രഭൂമിയിൽ കണ്ടെത്തി. ഈ സംഗതികളെല്ലാം കമ്മീഷണർ കോടതിയിൽ റിപ്പോർട്ടും ചെയ്തിരുന്നു. അഞ്ചു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ രണ്ടു കേസുകളും കോടതി ഒരുമിച്ച് വിചാരണക്കെടുത്തു. 1995 ഒക്ടോബർ 24 ന് അന്നത്തെ മുൻസിഫ് കെ.സത്യൻ രണ്ടു കേസിലും വിധി പറഞ്ഞു. ക്ഷേത്രഭൂമിയാണെന്നന്ന് സ്ഥാപിച്ചു കിട്ടാനുള്ള കേസു തള്ളുകയും ഭക്തജനങ്ങൾ ക്ഷേത്രഭൂമിയിൽ പ്രവേശിക്കുന്നത് സ്ഥിരമായി തടഞ്ഞു കൊണ്ട് കുഞ്ഞിമുഹമ്മതിൻ്റെ കേസ് അനുവദിക്കുകയും ചെയ്തു. തുടർന്ന് രണ്ടു വിധിക്കുമെതിരെ തിരൂർ സബ് കോടതിയിൽ വാലിൽ ഹരിദാസൻ എ.എസ്.5/96, എ.എസ്.7/96 എന്നീ നമ്പറുകളായി അപ്പീൽ ഫയൽ ചെയ്തു. എട്ടുവർഷമാണ് അപ്പീൽ കേസ് കോടതിയിൽ കെട്ടിക്കിടന്നത്.

ക്ഷേത്രഭൂമി കാട് മൂടി കിടക്കുന്നു

വാദം പൂർത്തിയാക്കി 2004 ആഗസ്ത് 13 ന് അന്നത്തെ സബ് ജഡ്ജ് കെ. അശോകൻ കേസിൽ വിധി പറഞ്ഞു. മുൻസിഫിൻ്റെ വിധിയെ നിശിതമായി വിമർശിച്ച സബ് കോടതി രണ്ട് അപ്പീലുകളും അനുവദിച്ചു. തർക്കത്തിൽ പെട്ട ഭൂമി പനച്ചിത്തറ ശിവക്ഷേത്രഭൂമിയാണെന്നു പ്രഖ്യാപിച്ച കോടതി ഭക്തജനങ്ങൾ ക്ഷേത്രഭൂമിയിൽ പ്രവേശിക്കരുതെന്ന നിരോധന വിധി റദ്ദാക്കി. കമ്മീഷണർ കണ്ടെത്തിയ വസ്തുക്കൾ ക്ഷേത്രത്തിൻ്റെതു തന്നെയാണെന്നു വിധി ന്യായത്തിൽ സബ് കോടതി സ്പഷ്ടമാക്കി. പ്രതികൾ തീരുവാങ്ങിയത് തത്തംകുളം നിലം എന്നു പേരുള്ള വയൽ മാത്രമാണ്. പനച്ചിത്തറ ശിവക്ഷേത്രഭൂമി ഈ കൈമാറ്റത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് രേഖകൾ വിശദമായി പരിശോധിച്ചു കൊണ്ട് കോടതി പറഞ്ഞു. പനച്ചിത്തറ പറമ്പിൽ ക്ഷേത്രമില്ല എന്ന എതിർവാദത്തെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ ഉദാഹരണമാക്കിക്കൊണ്ട് പനച്ചി മരത്തിനു ചുവട്ടിലെ ശിവാരാധനയെ വ്യാഖ്യാനിക്കുകയും ചെയ്തു. ഈ വിധി വന്നെങ്കിലും ക്ഷേത്രഭൂമി തകർക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സബ് കോടതി വിധിക്കെതിരെ എതിർകക്ഷികൾ കേരളാ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അവസാനിച്ചിട്ടില്ലെന്നാണ് ഈ വിവരങ്ങൾ ശേഖരിക്കുന്ന സമയത്ത് ഭക്തജനങ്ങൾ പറഞ്ഞത്. ഒരു ക്ഷേത്രത്തിനു വേണ്ടി ഭക്തജനങ്ങൾ അഭിമുഖീകരിച്ചത് അറസ്റ്റും ജയിൽവാസവും പീഡനവും അതോടൊപ്പം കാൽ നൂറ്റാണ്ടായുള്ള നിയമയുദ്ധവും. ഇനിയും അവർ കാത്തിരിക്കാൻ തയ്യാറാണ്. പനച്ചിത്തറ ശിവക്ഷേത്രത്തിൻ്റെ പുനരുദ്ധാരണമാണ് ഭക്തരുടെ ഉപാസന. തകർക്കപ്പെട്ട ക്ഷേത്രഭൂമി കണ്ടു മടങ്ങുമ്പോൾ നവാസ് എന്നു പേരുള്ള ഒരു മുസ്ലീം യുവാവ് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. സങ്കോചം മറച്ചുവെച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ മനസ്സുതുറന്നു ചോദിച്ചു, ആ ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണം. അത് ദേവൻ്റെ ഭൂമിയാണ്. അവിടെ ശിവക്ഷേത്രം ഉയരണമെന്ന് ഇപ്പോൾ എന്നെ പോലുള്ള മുസ്ലീങ്ങളും ആഗ്രഹിക്കുന്നു. കാരണം, ക്ഷേത്രത്തിൻ്റെ നാശം ഞങ്ങളുടെയൊക്കെ ജീവിതത്തേയും ബാധിച്ചിട്ടുണ്ട്. ആ യുവാവിൻ്റെ കറയില്ലാത്ത മനസ്സ് എന്നെ അതിശയിപ്പിച്ചു. ഒരു ചേരിതിരിവിൻ്റെ കണിക പോലും കണ്ടില്ല. പക്ഷെ, ഒന്നുണ്ട്. സമാധാന ഭംഗമുണ്ടാക്കാൻ അവിവേകിയായ ഒരാൾ മതിയല്ലോ. ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും അതുകൊണ്ടാണ്.ശിവൻ്റെ രൗദ്രഭാവത്തിന് തീക്ഷണത വരുവാൻ കാത്തു നിൽക്കാതെ ‘ എല്ലാവരുടേയും സഹകരണത്തോടെ പനച്ചിത്തറ ശിവക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം വേഗത്തിൽ സാദ്ധ്യമാവട്ടെ, കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നമായി കരുതി ഇരുവിഭാഗവും മറന്നിടട്ടെ എന്ന പ്രാർത്ഥനയോടെയാണ് തകർക്കപ്പെട്ട അടുത്ത ക്ഷേത്രം തേടി ഞാൻ യാത്രയായത്.

Leave a Comment