43: അത്ഭുത കുളങ്ങര എടവന മഹാവിഷ്ണു നരസിംഹ ക്ഷേത്രം

44: ചെറുപുന്ന മഹാശിവക്ഷേത്രം
July 5, 2023
42: പനച്ചിത്തറ ശിവക്ഷേത്രം
July 5, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 43

തകർക്കപ്പെടലിനും പിടിച്ചടക്കലിനുമൊക്കെ വിധേയമായിട്ടും നാമാവശേഷമാവാതെ ഇച്ഛാശക്തിയുള്ള ഭക്തജനങ്ങളുടെ സംഘശക്തിയിൽ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രമാണ് അത്ഭുത കുളങ്ങര എടവന മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രം. തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ താഴേക്കാട് കണ്ണിക്കരയിലാണ് ഭൂതകാലത്തേയും വർത്തമാനകാലത്തേയും അത്ഭുത വിശേഷങ്ങളും ഒട്ടേറെ പ്രത്യേകതകളുമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നെ സ്വാഗതം ചെയ്‌തത്‌ ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന എല്ലാ മതസ്ഥർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ് എന്ന ബോർഡാണ്. മനോഹരമായ രീതിയിൽ പുനർനിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിൻ്റെ ദർശനം പടിഞ്ഞാട്ടാണ്. വട്ട ശ്രീകോവിലിൽ ശിവനും നരസിംഹഭാവത്തിൽ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ദക്ഷിണ ഭാഗത്ത് ഗണപതിയുമുണ്ട്. കിഴക്കോട്ടു ദർശനമായി ഭദ്രകാളിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു പിറകിൽ നാഗപ്രതിഷ്ഠയും ദമ്പതിരക്ഷസ്സിൻ്റെ പ്രതിഷ്ഠയുമുണ്ട്. ഉയർന്ന പ്രദേശത്താണ് ക്ഷേത്രഭൂമി. കിഴക്കും വടക്കും കൃഷി നിലങ്ങളാണ്. ക്ഷേത്രത്തിൻ്റെ മുൻവശത്ത് വടക്കു മാറിയാണ് തീർത്ഥക്കിണറുള്ളത്. തകർക്കപ്പെടലിൻ്റെ അവശിഷ്ടങ്ങളായി കൊത്തുപണികളുള്ള കരിങ്കൽ തൂണുകളുടെ അവശിഷ്ടങ്ങൾ അങ്ങിങ്ങു കൂട്ടിയിട്ടിരിക്കുന്നു .വീതിയുള്ള വലിയ കരിങ്കൽ പാളിയും കാണാൻ കഴിഞ്ഞു. വടക്കുഭാഗത്തുള്ള പടവുകൾ ഇറങ്ങിച്ചെന്നത് ചെറിയ തീർത്ഥക്കിണറിൻ്റെയും വലിയ കുളത്തിൻ്റെയും മദ്ധ്യേയുള്ള വരമ്പിലാണ്. ചെറിയ തീർത്ഥക്കുളത്തിന് സ്വയം രൂപീകൃതമായ ഒരു ചരിത്രമാണുള്ളത്. അതിലേക്ക് പിന്നീടു കടന്നു വരാം. വലിയ കുളമെന്ന് പറയുമെങ്കിലും നമുക്ക് അത് കുളമാണെന്നു തോന്നില്ല. ചുറ്റുഭാഗവും നാലടി ഉയരത്തിൽ ഭിത്തി കെട്ടി സംരക്ഷിച്ച ഈ കുളം പുല്ലു വളർന്നു നിൽക്കുന്ന വിളയിറക്കാത്ത കൃഷിഭൂമിയാണെന്നേ തോന്നുകയുള്ളു. സംഗതി അതല്ല. കടുത്ത വേനലിൽ പോലും പതിനഞ്ച് അടിയിലേറെ വെള്ളമുണ്ടാകുന്ന ജലസംഭരണിയാണിത്. ഏതാണ്ട് നാൽപ്പതു സെന്റോളം വിസ്തൃതിയുള്ള കുളത്തിനു മീതെ പടർ പുല്ലുകളുടെ പരവതാനിയാണ്. ഇതിനു മീതെ ഒരേ സമയം എത്ര പേർക്കു വേണമെങ്കിലും നടക്കാം. ഈ കുളം അത്ഭുതക്കുളം എന്ന പേരിലാണ് അറിയപ്പെടുന്നത്. കുളത്തെക്കുറിച്ചു പഠിക്കാൻ ആളുകൾ എത്താറുണ്ടത്രെ. കുളത്തിലെ പുൽപ്പരപ്പിൽ കന്നുകാലികളും നടക്കാറുണ്ട്. ഇതിൻ്റെ യാഥാർത്ഥ്യം ബോദ്ധ്യമാവാൻ കുളത്തിലെ പുൽപ്പരപ്പിലൂടെ ഞാനും നടന്നു. കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വലിയ മുള കൊണ്ടുവന്ന് കുളത്തിലിറക്കി. ചെളി നിറഞ്ഞു കിടക്കുന്നതല്ലെന്നും രണ്ട് ആളിൻ്റെ ആഴത്തിൽ താഴെ ജലസംഭരണിയാണെന്നും കാണിച്ചു തന്നു.

ക്ഷേത്രത്തിലെ അത്ഭുതകുളം

ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി ക്ഷേത്ര വിമോചനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച നടുവത്തറ ശ്രീധരൻ, വെട്ടിയാട്ടിൽ ജനാർദ്ദനമേനോൻ, പീടിക പറമ്പിൽ ജയറാം എന്നിവരെ സമീപിച്ചു. അവരിൽ നിന്നാണ് ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായത്. ക്ഷേത്രഭൂമി ഉൾപ്പെടെയുള്ള പ്രദേശം പഴയ കാലത്ത് വനമേഖലയായിരുന്നു. ഇവിടെ ഋഷീശ്വരൻമാരായ എട്ടു പേർ തപസ്സു ചെയ്തിരുന്നതായാണ് വിശ്വാസം. ഇപ്പോൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൻ്റെ മുൻഭാഗത്തെ മതിലിനുമപ്പുറം ഒരു ശിവക്ഷേത്രവും വ്യാസം കുറഞ്ഞ ഒരു തീർത്ഥക്കിണറും ഉണ്ടായിരുന്നു. പിൽക്കാലത്ത് ക്ഷേത്രം തകർന്നു നാമാവശേഷമായി. വിഷ്ണു നരസിംഹ പ്രതിഷ്ഠയും, ശിവക്ഷേത്ര പ്രതിഷ്ഠയും, ഉപപ്രതിഷ്ഠകളും നടത്തിയത് ഈ ഋഷീശ്വരൻമാരായിരിക്കാമെന്നും കരുതുന്നു. എടവന മനക്കാരാണ് ക്ഷേത്രസഞ്ചയത്തിൻ്റെ ഊരാളൻമാരായി ഉണ്ടായിരുന്നത്.(എടമന എന്ന പേരുള്ള നമ്പൂതിരി കുടുംബങ്ങൾ കേരളത്തിലുടനീളമുണ്ട്. എടമന എന്ന ഇല്ലപ്പേര് പിൽക്കാലത്ത് എടവന എന്ന പേരിൽ പറയപ്പെട്ടതു കൊണ്ടാവാം ഈ ക്ഷേത്രത്തിൻ്റെ ഊരാളൻമാർ എടവന എന്ന് അറിയപ്പെടാനിടയായതെന്നു കരുതുന്നു – ഗ്ര: ക.) ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർക്കപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. എടവന മനയുടെ കുടുംബക്ഷേത്രമായതുകൊണ്ടാവാം തകർക്കപ്പെടലിനു ശേഷം നൂറ്റാണ്ടുകളോളം അന്തിത്തിരി കത്തിക്കാൻ പോലും ആരും വരാതെ ക്ഷേത്രഭൂമി കാടുകയറിക്കിടന്നു. ഇപ്പോഴുള്ള ക്ഷേത്രഭൂമിയുടെ വിസ്തൃതി ഒരു ഏക്കർ നാലു സെന്റാണ്. ഇതിനോട് അനുബന്ധമായ മൂന്ന് ഏക്കർ ഭൂമി കണ്ണംപള്ളി ക്രിസ്ത്യൻ കുടുംബം മനയിൽ നിന്നും കച്ചീട്ടു പ്രകാരം പാട്ടത്തിന് ഏറ്റെടുത്തു. ഈ മൂന്ന് ഏക്കർ അതിനു ശേഷം പറമ്പിൽ പ്രേംരാജ് എന്നയാളാണ് വാങ്ങിയത്. ഈ ആധാരത്തിൽ ഒരു ഏക്കർ നാലു സെന്റുള്ള ക്ഷേത്രഭൂമിയുടെ സർവ്വെ നമ്പർ കൂടി ഉൾപ്പെടുത്തി. ചില ഇടനിലക്കാരാണ് ക്ഷേത്രഭൂമി കൂടി ആധാരത്തിൽ ചേർക്കാൻ തന്ത്രം മെനഞ്ഞതെന്ന് ഭക്തജനങ്ങൾ പിന്നീടു തിരിച്ചറിഞ്ഞു. പടിഞ്ഞാറു ഭാഗത്തെ ശിവക്ഷേത്രത്തിൻ്റെ കിണർ മൂടി തെങ്ങു വെച്ചത് ഈ സമയത്താണത്രെ. കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ ചിലർക്കുണ്ടായ അനുഭവങ്ങളാണ് 1992 ൽ ഭക്തജനങ്ങളുടെ കണ്ണുതുറപ്പിച്ചത്. തുടർന്നുണ്ടായ പല ഘട്ടങ്ങളിലായി നടുവത്ത് ശ്രീധരൻ, വെട്ടിയാട്ടിൽ ജനാർദ്ദന മേനോൻ, പീടിക പറമ്പിൽ ജയറാം തുടങ്ങിയവരൊക്കെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃനിരയിൽ വന്നു. കമ്മിറ്റി രൂപീകരിച്ച് പന്തൽ കെട്ടി ഭദ്രകാളിയുടെ ഫോട്ടോ വച്ച് ഭജന തുടങ്ങിയത് 1995 ലാണ്. ദിവാകരൻ, സുകുമാരൻ, കുട്ടൻ, കരുണൻ തുടങ്ങിയ ചെറുപ്പക്കാരുടെ നേതൃത്വത്തിലായിരുന്നു ഭജന. ഇതോടെ ക്ഷേത്രഭൂമിയിൽ അവകാശവാദമുന്നയിച്ച് പ്രേംരാജ് ഇരിങ്ങാലക്കുട മുൻസിഫ് കോടതിയെ സമീപിച്ചു. ഭൂമി കയ്യേറി പന്തൽ കെട്ടി ഭജന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട ഹർജിയിൽ കോടതി നിരോധന ഉത്തരവും നൽകി.

പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുന്ന അത്ഭുതകുളങ്ങര എടവന മഹാവിഷ്ണു ക്ഷേത്രം

ഇതിൻ്റെ ബലത്തിൽ പന്തൽ തകർത്തെങ്കിലും വെല്ലുവിളി നേരിടാൻ തയ്യാറായ ഭക്തജനങ്ങൾ പന്തൽ വീണ്ടും കെട്ടി ഭജന പുനരാരംഭിച്ചു. ഇതോടെ കോടതിയലക്ഷ്യത്തിന് ഭക്തജനങ്ങളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മറ്റൊരു ഹർജിയും ഫയൽ ചെയ്തു. ക്ഷേത്രഭൂമിമേലുണ്ടായ നിരോധന ഉത്തരവിനെതിരെ ഭക്തജനങ്ങൾ കേരളാ ഹൈക്കോടതിയെ സമീപിച്ചു. ആധാരത്തിൽ അന്യായമായി സർവ്വെ നമ്പർ ചേർത്ത് ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമത്തെ പ്രാഥമിക വാദം കൊണ്ടു തന്നെ കോടതിയെ ബോദ്ധ്യപ്പെടുത്താൻ ഭക്തജനങ്ങൾക്കു സാധിച്ചു. ഇതിനെത്തുടർന്ന് മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് ഭക്തജനങ്ങളുടെ വിജയമായി. തുടർന്ന് ഇരുകക്ഷികളും തമ്മിലുണ്ടായ അദാലത്തിൽ നിയമ സഹായ സമിതി മുഖേന കേസ് ഒത്തു തീരുകയായിരുന്നു. ആദ്യം ക്ഷേത്രഭൂമിയിൽ നിന്നും പത്തു സെൻ്റ് വിട്ടു നൽകാമെന്നാണ് ക്ഷേത്രഭൂമിയിൽ അവകാശവാദമുന്നയിച്ച കക്ഷി പറഞ്ഞത്. ക്ഷേത്രഭൂമി പൂർണ്ണമായും വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഭക്തജനങ്ങളും ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ ക്ഷേത്രഭൂമിയിലുള്ള അവകാശവാദം ഉടമയായി വന്നയാൾ ഉപേക്ഷിക്കുകയും ഭക്തജനങ്ങൾക്ക് ക്ഷേത്രഭൂമി വിട്ടുകിട്ടുകയും ചെയ്തു. അതിനു ശേഷം അത്ഭുതക്കുളം കൂടി കമ്മിറ്റിക്ക് വിട്ടുകിട്ടി. കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രഭൂമി ലഭിച്ചെങ്കിലും പുനരുദ്ധാരണത്തിന് പണമുണ്ടായിരുന്നില്ല. ഭജന തുടരുകയും ചെയ്തു. ഈ സമയത്താണ് ക്ഷേത്രഭൂമിയിൽ മറ്റൊരു അത്ഭുതവും കൂടിയുണ്ടായത്. ഭജന കഴിഞ്ഞാൽ അർച്ചന ചെയ്ത പൂക്കൾ വാരി ഒഴിവാക്കുന്നതും ഭജനപ്പന്തൽ തൂത്തുവാരി ചാണകം തളിച്ച് വൃത്തിയാക്കുന്നതും സമീപത്തെ ഭക്തയായ ഒരു വൃദ്ധയായിരുന്നു. വടക്കുവശത്തെ താഴ്ച്ചയിലേക്ക് ഒരു കുഴിയിലാണ് അർച്ചനയുടെ പൂക്കൾ കൊണ്ടു വന്നിട്ടിരുന്നത്. വേനൽക്കാലത്ത് വെള്ളം കിട്ടാതായപ്പോൾ വൃദ്ധ വല്ലാതെ വിഷമിച്ചു ദൂരെയുള്ള പൈപ്പിൽ നിന്നും വെള്ളം കൊണ്ടു വന്നാണ് ഈ സ്ത്രീ അടിച്ചു തളി നടത്തിയിരുന്നത്. ഒരു ദിവസം, ഭജനക്കായി ദിവസേന ഒരു കുടം വെള്ളം കിട്ടാൻ മാർഗ്ഗമുണ്ടാക്കണമെന്ന പ്രാർത്ഥനയും ആ ഭക്തയിൽ നിന്നുണ്ടായി. പിറ്റേ ദിവസം പൂക്കൾ കൊണ്ടുവന്നിടുമ്പോൾ കണ്ടത് കുഴിയിയിൽ ജലം കിനിഞ്ഞു നിൽക്കുന്നതാണ്. ഇതു കണ്ട ഭക്ത അമ്പരന്നു. ഈ അത്ഭുതം മറ്റുള്ളവരെ അറിയിച്ചു. അവർ ചെറിയ കുഴി വിസ്താരമാക്കി മണ്ണു നീക്കിയപ്പോൾ ജലസമ്പത്ത് ഉയർന്നു വന്നു. ഇതാണ് ഇപ്പോഴത്തെ തീർത്ഥക്കുളം. 1995 ൽ നടന്ന ഈ അത്ഭുതം കണ്ടവർ അമ്പരപ്പുമാറാതെ ഇന്നുമുണ്ട്. സ്വയംഭൂ തീർത്ഥ എന്ന പേരിലാണ് അറിയപ്പെട്ടത്. കാടുവെട്ടിത്തെളിയിച്ചപ്പോൾ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. ദേവപ്രശ്നത്തിൽ വിഗ്രഹങ്ങൾ ജലത്തിലുണ്ടെന്നും കണ്ടെത്തി. ക്ഷേത്രഭൂമിയിൽ മണ്ണു കോരുമ്പോഴാണ് മണ്ണുമൂടിയ തീർത്ഥക്കിണർ കണ്ടത്. കിണറ്റിലെ മണ്ണിൽ നിന്നും നരസിംഹഭാവത്തിലുള്ള മഹാവിഷ്ണുവിൻ്റെ വിഗ്രഹവും ലഭിച്ചു. കഴുത്തും, ഉടലും, ശിരസ്സും വെട്ടിമാറ്റിയ നിലയിൽ മൂന്നു കഷണങ്ങളാണ് കിട്ടിയത്. ഇതോടെ മറ്റൊരു രഹസ്യവും മറ നീക്കി പുറത്തുവന്നു.

ക്ഷേത്രത്തിലെ സ്വയംഭൂ തീർത്ഥകുളം

സ്വയംഭൂ ക്ഷേത്രക്കുളത്തിലേക്കുള്ള നീരുറവ തീർത്ഥക്കിണറിൽ നിന്നായിരുന്നു. കിണറിനടിയിൽ ഒരു ഗുഹയും മൺവെട്ടി തട്ടുമ്പോൾ നാദവും കേട്ടിരുന്ന വത്രെ. കിണറ്റിൽ നിന്നും ലഭിച്ച വലിയ തൂണുകളും മറ്റും പലയിടത്തേക്കും മാറ്റി വെച്ച ശേഷം ദേവപ്രശ്നത്തിൽ കണ്ട പ്രകാരം പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ഭക്തജനങ്ങൾ ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിൻ്റെ ഫലമായിരുന്നു അത്. തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിഗ്രഹത്തിൽ ചൈതന്യം നിലനിൽക്കുന്നതിനാൽ അതേ വിഗ്രഹഭാഗങ്ങൾ ചേർത്തു വച്ച് പഞ്ചലോഹത്തിൽ പൊതിഞ്ഞ് പ്രതിഷ്ഠിക്കുവാനായിരുന്നു ദേവഹിതമായി തെളിഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 55 കിലോ പഞ്ചലോഹത്തിൽ പൊതിഞ്ഞ് അതേ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. എടവമാസത്തിലെ മകീര്യം നാളിലാണ് പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. മേടം ഒന്നിനു തുടങ്ങി എട്ടിന് ആറാട്ടോടെ അവസാനിക്കുന്ന ഉൽസവവും നടത്തി വരുന്നുണ്ട്. ഹിന്ദുക്കൾ കുറഞ്ഞ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതര മതസ്ഥരുമെത്തി വഴിപാടുകൾ സമർപ്പിക്കാറുണ്ട്. അവർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാറില്ല. പുനരുദ്ധാരണ പ്രവർത്തനം ഇപ്പോഴും അപൂർണ്ണമാണ്. ശിവനു തുല്യ പ്രാധാന്യമുള്ളതിനാൽ പ്രത്യേകം ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിക്കേണ്ടതുണ്ട്. കുളം കല്ലു കെട്ടി സംരക്ഷിക്കണം. മതിലുപണിയും ബാക്കി കിടക്കുന്നു. ഗുരുതിക്കണ്ടം, കുരുത്തോലക്കണ്ടം എന്നീ പേരുകളുള്ള ഭൂമികൾ സമീപത്തുണ്ട്. ഇവയെല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. കൊടിമരം അടക്കമുള്ള പഴയ ക്ഷേത്രാവശിഷ്ടങ്ങൾ അത്ഭുതക്കുളത്തിലുണ്ടെന്നും കുളത്തിൻ്റെ മുകൾ പരപ്പിലുള്ള പച്ചപ്പരപ്പ് ഇവയുടെ പ്രകൃത്യാ രൂപപ്പെട്ട സംരക്ഷണ കവചമാണെന്നു വിശ്വസിക്കുന്ന ഭക്തരും കുറവല്ല.

Leave a Comment