45: പേരശ്ശന്നൂർ പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം

46: പുറമണ്ണൂർ ഗണപതിയൻകാവ് നരസിംഹമൂർത്തിക്ഷേത്രം
July 4, 2023
44: ചെറുപുന്ന മഹാശിവക്ഷേത്രം
July 5, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 45

“ഞങ്ങളുടെ തറവാടിൻ്റെ ഊരായ്മയിലുള്ള പത്ത് ക്ഷേത്രങ്ങളിലൊന്നാണ് പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തു. വിഗ്രഹം അടിച്ചുടച്ചതായാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഏറെക്കാലം കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഞങ്ങളുടെ കാരണവർ വാസുണ്ണി നമ്പിടിയാണ് ആദ്യം രംഗത്തുവന്നത്. തകർന്നു കിടന്നിരുന്ന ക്ഷേത്രത്തിൽ വിഗ്രഹമുണ്ടായിരുന്നില്ല. ജ്യോതിഷ പ്രശ്നത്തിൽ ചൈതന്യം നശിക്കാതെ വിഗ്രഹം ജലത്തിനടിയിൽ ഇപ്പോഴുമുണ്ടെന്നു കണ്ടെത്തി. തെരച്ചിൽ നടത്തിയത് ക്ഷേത്രത്തിൻ്റെ പിറകിലുള്ള ഭാരതപ്പുഴയിലാണ്. അവിടെയുള്ള കയത്തിൽ മുങ്ങി തെരഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെടുത്തു. വിഗ്രഹം ഒമ്പത് കഷണങ്ങളായിട്ടാണ് കിട്ടിയത്. വിഗ്രഹഭാഗങ്ങൾ ചൈതന്യവത്താണെന്നും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കേണ്ടതില്ലെന്നും പ്രശ്ന വിധിയിൽ കണ്ടു. ഇതിനെ തുടർന്ന് പീഠത്തോടു കൂടി തകർന്ന ഭാഗങ്ങൾ ഒട്ടിച്ച് ഗോളകയിറക്കി. അതാണ് ഇപ്പോഴും പൂജിക്കുന്നത്. ” വയ്യാവിനാട്ട് കിഴക്കെപ്പാട്ട് ഉമാദേവി കോവിൽ ഗതകാല ഓർമ്മകൾ ഹ്രസ്വമായി പങ്കുവെച്ചു.

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിൽ പതിനാലാം വാർഡിൽ പേരശ്ശന്നൂർ എന്ന സ്ഥലത്താണ് തകർക്കപ്പെട്ട പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തിൻ്റെ ഊരാളൻമാർ വയ്യാവിനാട്ട് സ്വരൂപമാണ്. സാമൂതിരി രാജാവിൻ്റെ സൈന്യസഞ്ചയത്തിൻ്റെ നിയന്ത്രണം വയ്യാവിനാട്ടിനായിരുന്നു. വയ്യാവിനാട്ട് മുപ്പതിനായിരവും നെൻമിനി ചാത്തിരുടെ അകമ്പടിയുമാണ് സാമൂതിരി രാജാവിൻ്റെ സൈന്യബലം. മുപ്പതിനായിരം ഭടൻമാരുള്ള സൈന്യത്തിൻ്റെ നിയന്ത്രണം വയ്യാവിനാട്ടുകാർക്കായിരുന്നുവെന്ന് ചുരുക്കം. വയ്യാവിനാട്ട് സ്വരൂപത്തിന് നാടുവാഴി സ്ഥാനമുണ്ടായിരുന്നതായും എൺപത്തിനാലു വയസ്സുള്ള ഉമാദേവി കോവിൽ തലമുറകൾ കൈമാറിയ അറിവു വച്ച് പറഞ്ഞു. വയ്യാവിനാട്ടുകാരുടെ ഊരായ്മയിൽ പേരശ്ശന്നൂർ ദുർഗ്ഗാക്ഷേത്രത്തിനു പുറമെ ഉമ്മത്തൂർ ശിവക്ഷേത്രം, എടച്ചലം സുബ്രഹ്മണ്യ ക്ഷേത്രം, കാങ്കുന്ന് അയ്യപ്പക്ഷേത്രം അടക്കം ഒമ്പത് ക്ഷേത്രങ്ങൾ കൂടി ഉണ്ടായിരുന്നു. മൈസൂർ സൈന്യം പേരശ്ശന്നൂരിലേക്ക് വന്നത് അക്കാലത്തെ കാരണവരെ പിടികൂടി വധിക്കുന്നതിനായിരുന്നു. സൈന്യം തന്നെ തേടിയെത്തുമെന്നറിഞ്ഞ കാരണവർ പലായനം ചെയ്തു. കാരണവരെ തിരക്കി ടിപ്പു തറവാട്ടിൽ വന്നിരുന്നതായി പറഞ്ഞു കേട്ട അറിവുണ്ട്. തറവാട്ടിലേക്ക് ടിപ്പുവിൻ്റെ അക്രമം ഉണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ ദുർഗ്ഗാക്ഷേത്രം തകർത്തത് ടിപ്പുവിൻ്റെ സൈന്യമാണെന്ന് പഴമക്കാർ പറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ മറുകരയുള്ള ഉമ്മത്തൂർ ശിവക്ഷേത്രവും ടിപ്പു അക്രമിച്ചു. ഉമാദേവി കോവിൽ പറഞ്ഞു.

ക്ഷേത്രത്തിലെ തകർന്നു കിടക്കുന്ന ബലിക്കല്

പേരശന്നൂർ ദുർഗ്ഗാക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചും തുടർന്നുണ്ടായ നാൾവഴികളിലേക്കും കടക്കും മുമ്പ് ടിപ്പു തന്നെയാണോ ഈ ക്ഷേത്രം തകർത്തത് എന്നു പരിശോധിക്കേണ്ടതുണ്ട്. വില്യം ലോഗൻ്റെ മലബാർ മാന്വൽ അടിസ്ഥാനപ്പെടുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകും. 1790 നവംബറിൽ ടിപ്പുവിൻ്റെ സൈന്യം ഭാരതപ്പുഴയുടെ തീരത്തുണ്ടായിരുന്നു. ഈ സംഘത്തിൽ ടിപ്പു ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ടിപ്പുവിൻ്റെ കമാണ്ടർമാരായ മർത്തബ് ഖാൻ, ഹുസൈൻ അലി ഖാൻ എന്നിവരുടെ നേതൃത്വത്തിൽ 9000 മൈസൂർ പട്ടാളവും 4000 മലബാർ മാപ്പിളമാരുമാണ് ഉണ്ടായിരുന്നത്. പൊന്നാനി പുഴയിലൂടെ എത്തിയ ഇവർ തിരുന്നാവായക്കും കുറ്റിപ്പുറത്തിനുമിടയിലുള്ള വെങ്കടക്കോട്ടയിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ സമയത്ത് കുറ്റിപ്പുറം മേഖലയിൽ വ്യാപകമായ മതപരിവർത്തനവും ക്ഷേത്രങ്ങൾക്കുനേരെ അക്രമവും ഉണ്ടായി. ഈ സമയത്തായിരിക്കാം ഉമ്മത്തൂർ ശിവക്ഷേത്രം, എടച്ചലം സുബ്രഹ്മണ്യ ക്ഷേത്രം, പേരശ്ശന്നൂർ ദുർഗ്ഗാക്ഷേത്രം എന്നിവ തകർത്തത്.

കേണൽ ഹാർട്ട്ലിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സൈന്യം 1790 ഡിസംബർ ഒന്നിന് ഭാരതപ്പുഴയുടെ തെക്കേകരയിലെത്തി. മേജർ ഡൗവിൻ്റെ നേതൃത്വത്തിലുള്ള സൈന്യവുമായി ആശയവിനിമയം നടത്താനാണ് ഹാർട്ട്ലിയുടെ നേതൃത്വത്തിലുള്ള സൈന്യം എത്തിയതെങ്കിലും കൺവെട്ടത്തു തന്നെ തങ്ങൾ തേടി നടക്കുന്ന മൈസൂർ സൈന്യത്തിൻ്റെ കമാണ്ടർ മർത്തബ്ഖാൻ ഉണ്ടെന്നു മനസ്സിലാക്കി. തുടർന്ന് ഡിസംബർ ഏഴിന് ബ്രിട്ടീഷ് സൈന്യം ഭാരതപ്പുഴ കടന്നെത്തി മൈസൂർ പടയെ തുരത്തി വെങ്കടക്കോട്ട പിടിച്ചടക്കി. ഇത് രക്തരൂഷിതമായ ഒരു പോരാട്ടമായിരുന്നുവോ എന്നു വ്യക്തമല്ല. തിരുന്നാവായയിൽ നിന്നും രക്ഷപ്പെട്ട മൈസൂർ സൈന്യവുമായി 10 ന് തിരൂരങ്ങാടിയിൽ വച്ചാണ് ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടിയത്. ആ ചരിത്രവഴികൾ അങ്ങനെ നീളുന്നു. സാമൂതിരിയോടുള്ള ശത്രുതയാവാം മൈസൂർ സൈന്യത്തെ വയ്യാവിനാട്ട് കോവിലകത്തേക്ക് വരുത്താനും ദുർഗ്ഗാക്ഷേത്രം തകർക്കാനും ഇടയാക്കിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ദുർഗ്ഗാക്ഷേത്രം പൂർണ്ണമായും തകർത്ത മൈസൂർ സൈന്യം വിഗ്രഹം ഉടച്ച് ക്ഷേത്രത്തിനു പിറകിലുള്ള ഭാരതപ്പുഴയുടെ കയത്തിലേക്ക് എറിയുകയാണത്രെ ഉണ്ടായത്. അതിനു ശേഷം ക്ഷേത്രഭൂമി കാടുകയറിക്കിടന്നു. വയ്യാവിനാട്ടു സ്വരൂപം ശാഖോപശാഖകളായി പോയതിനാൽ ഊരാളൻമാർക്ക് ക്ഷേത്രം പരിപാലിക്കാനുമായില്ല. 1957 ലാണ് വയ്യാവിനാട്ട് കിഴക്കേപ്പാട്ട് വാസുണ്ണി നമ്പിടി ക്ഷേത്ര പുനരുദ്ധാരണത്തിന് രംഗത്തു വന്നത്. ഈ സമയത്താണ് കയത്തിൽ മുങ്ങിത്തപ്പി വിഗ്രഹത്തിൻ്റെ ഒമ്പതു കഷണങ്ങൾ കണ്ടെടുത്തതെന്നാണ് വയ്യാവിനാട്ട് കിഴക്കെപ്പാട്ട് ഉമാദേവി കോവിൽ പറഞ്ഞത്. അതേ സമയം വിഗ്രഹത്തിൻ്റെ കഷണങ്ങൾ അതിനു മുമ്പു കിട്ടിയെന്നാണ് ക്ഷേത്രം മാനേജർ വില്ലങ്ങാട്ടിൽ അറമുഖൻ പറഞ്ഞത്. വാസുണ്ണി നമ്പിടി ക്ഷേത്രം ചെറിയ രീതിയിൽ ജീർണ്ണോദ്ധാരണം നടത്തി. ഗ്രാമ ക്ഷേത്രം എന്ന നിലയിലേക്ക് ക്ഷേത്രത്തെ മാറ്റിയെടുക്കാനുള്ള തീരുമാനം പിന്നീട് ഭക്തജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി.

പുനരുദ്ധാരണം നടക്കുന്ന പിഷാരിയ്ക്കൽ ദുർഗ ക്ഷേത്രം

1973 കാലഘട്ടത്തിൽ വടക്കെപ്പാട്ട് ദാമോദരൻ മാഷിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടായിരുുന്നു. അതിൽപ്പിന്നെ 1979 ൽ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. പൂർണ്ണമായ ഒരു ജീർണ്ണോദ്ധാരണ പ്രവർത്തനമാണ് സമിതി ഏറ്റെടുക്കേണ്ടി വന്നത് . വില്ലങ്ങാട്ടിൽ അറമുഖൻ അക്കാലം മുതൽ പുനരുദ്ധാരണ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ച് ഒപ്പമുണ്ട്. 2000 ത്തിൽ ശ്രീവിദ്യ ടെമ്പിൾ ട്രസ്റ്റ് രൂപീകരിച്ച് ഭരണം തുടങ്ങി. മനം നൊന്തു വിളിച്ചാൽ ഓടിയണയുന്ന അമ്മയാണ് പേരശ്ശന്നൂർ ഭഗവതിയെന്ന ഒരു വിശ്വാസം അനുഭവത്തിൽ വന്നത് വെളിച്ചത്തിൽ ഭക്തർക്കുണ്ട്. അതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തങ്ങളാൽ കഴിയുന്നത് ചെയ്യാൻ പ്രദേശത്തെ ഭക്തരും ഒരുക്കമായിരുന്നു. ക്ഷേത്രത്തിൻ്റെ മാനേജിംങ്ങ് ട്രസ്റ്റി വി.കെ.ടി.ഉണ്ണികൃഷ്ണൻ ആണ്. കെ.പി.ഗോപാലൻ പ്രസിഡന്റ്, പ്രസാദ് സെക്രട്ടറിയും, അറമുഖൻ ക്ഷേത്രം ട്രസ്റ്റ് മാനേജരുമാണ്. വേഴപ്പറമ്പ് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് തകർന്ന വിഗ്രഹം പഞ്ചലോഹം കൊണ്ടുവാർത്തുകെട്ടിയത്. ശ്രീകോവിലിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞു. 2013 ലാണ് സമ്പൂർണ്ണ പുനരുദ്ധാരണത്തിൻ്റെ പ്രവർത്തി തുടങ്ങിയത്. ചതുരത്തിലു ള്ള ശ്രീകോവിൽ ഓടുമേഞ്ഞിട്ടുണ്ട്. ശ്രീകോവിൽ തറയും സോപാനവും പഴയതു തന്നെയാണ്. ചുറ്റമ്പലത്തിൻ്റെ തറ പണിതിട്ടുണ്ട്. അതിൻ്റെ ശേഷിച്ച നിർമ്മാണ പ്രവർത്തികൾ ബാക്കിയാണ്. ചുറ്റമ്പലത്തിൻ്റെ മുൻവശത്തേയും പിറകുവശത്തേയും വാതിലുകൾ സ്ഥാപിക്കാനുണ്ട്. ശ്രീകോവിലിനു മുന്നിലുള്ള തകർന്ന നമസ്കാര മണ്ഡപവും പുനരുദ്ധാരണം ചെയ്യേണ്ടതുണ്ട്. ക്ഷേത്രത്തിൻ്റെ മുഖ മണ്ഡപത്തിൽ തകർന്ന ഒരു ബലിക്കല്ലിൻ്റെ അവശിഷ്ടമാണുള്ളത്. ഇതും പുനരുദ്ധരിക്കാനുണ്ട്. ഗണപതി, അയ്യപ്പൻ എന്നീ ഉപപ്രതിഷ്ഠകൾ ഇപ്പോൾ ബാലാലയത്തിലാണ്. അവയുടെ പ്രതിഷ്ഠയും നടത്തേണ്ടതുണ്ട്. നാനൂറ്റി എൺപതോളം ഹിന്ദു കുടുംബങ്ങളുള്ള പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗ്രാമ ക്ഷേത്രമായി മാറിക്കൊണ്ടിരിക്കുന്ന പേരശ്ശന്നൂർ ദേവി ഓരോ കുടുംബത്തിൻ്റെയും നിത്യജീവിതത്തിൻ്റെ ഭാഗമായി തീർന്നിരിക്കുന്നു. രാവിലെ നിത്യവും പൂജയുള്ള ക്ഷേത്രത്തിൻ്റെ നിത്യനിദാന ചിലവുകൾ 30 പേർ മാസം തോറും 500 രൂപ വീതം നൽകിയാണ് നിർവ്വഹിച്ചു വരുന്നത്. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ക്ഷേത്രമാണിത്. ദുർഗ്ഗാദേവി എന്ന സങ്കൽപ്പമാണെങ്കിലും ഇവിടെ സംഗീത സാഹിത്യാദി കലകളുടെ ദേവിയായ മധുര മീനാക്ഷി ക്ഷേത്രത്തിലെ ശുകപാണിയായ മാതംഗി ഭഗവതിയോടു സാമ്യമുണ്ടെന്ന് പ്രശ്നവശാൽ തെളിഞ്ഞിട്ടുണ്ട്. മംഗല്യം, വിദ്യാരംഭം എന്നിവക്ക് പ്രാധാന്യമുള്ളതുമാണ്. ഷോഡ ശാക്ഷരീ ഭാവമായ തൃപുര സുന്ദരി ഭാവത്തോടും സാമ്യമേറെയുണ്ട്. പേരു തന്നെ ഷോഡശാക്ഷരിയുടെ ആദ്യത്തേയും അവസാനത്തേയും അക്ഷരമായ ഷാരിയക്കൽ എന്നു പറയപ്പെടുന്നു. ക്ഷേത്രത്തിൻ്റെ തെക്കുഭാഗം പുഴയുടെ അക്കരെ അർദ്ധനാരീശ്വര ഭാവത്തിലുള്ള ഉമ്മത്തൂർ ശിവക്ഷേത്രമാണ്. ഈ രണ്ടു ക്ഷേത്രങ്ങളും സിദ്ധയോഗീശ്വരൻമാരുടെ ഉപാസനാനുഷ്ടാനങ്ങളാൽ നിലനിന്നിരുന്നതായും ശിവ ശക്തീഭാവമായ ശ്രീചക്ര പ്രതീകമാണെന്നന്നും പ്രശ്നവശാൽ തെളിഞ്ഞിട്ടുണ്ട്.

ക്ഷേത്രത്തിലെ തകർന്ന നമസ്ക്കാര മണ്ഡപതറ

ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ മഹാഗണപതി മംഗല്യദായകനാണ്.മംഗല്യപൂജക്കാണ് ഇവിടെ പ്രധാനം.ഗണപതിക്ക് മംഗല്യപൂജ നടത്തി വിവാഹ യോഗമുണ്ടായ നിരവധി പേരുണ്ടെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.അയ്യപ്പൻ പൂർണ്ണ, പുഷ്കലമാരോടൊപ്പമുള്ളതാണ്. ക്ഷേത്രത്തിനു മുൻവശത്തുള്ള കാ വി ലെ നാഗദേവതയും ഇഷ്ട വരദായിനിയാണ്. നാഗ ദോഷങ്ങൾ അടക്കമുള്ളവക്ക് ഇവിടെ വഴിപാടു നടത്തുന്നുണ്ട്. ഇവിടെയുള്ള കാവ് വിഷഹാരിയാണ്. കാലടി പടിഞ്ഞാറേടത്ത് മനക്കാരാണ് തന്ത്രിമാർ.ബ്രഹ്മ: കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാടാണ് ഇപ്പോഴത്തെ തന്ത്രി .കർക്കിടകത്തിലും മണ്ഡലകാലത്തും രണ്ടു നേരം പൂജയുണ്ടാകാറുണ്ട്. ഇവിടെ ഗോളകസമർപ്പണ ദിനം എടവമാസത്തിലെ തിരുവോണം നാളിൽ ആഘോഷിച്ചു വരുന്നു. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്കായി ഭാരതപ്പുഴയുടെ തീരത്താണ് പേരശ്ശന്നൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Leave a Comment