47: പൂക്കാട്ടിയൂർ ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം
July 4, 202345: പേരശ്ശന്നൂർ പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം
July 5, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 46
“ഇത് കാടുമൂടിക്കിടന്നിരുന്ന ഒരു ക്ഷേത്രഭൂമിയായിരുന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ക്ഷേത്രഭൂമിയിലൂടെ ആളുകൾ വഴി നടക്കാറുണ്ട്. പഴയ കാലത്ത് ഒരു മഹാക്ഷേത്രമായിരുന്നു ഇത്. ” അറുപത്തെട്ടുകാരിയായ കലയത്ത് പടി കാളി ഓർമ്മിച്ചെടുത്തു പറഞ്ഞു. മലപ്പുറം ജില്ലയിൽ ഇരുമ്പിളിയം പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുറമണ്ണൂർ ഗണപതിയൻ കാവ് നരസിംഹ ക്ഷേത്രത്തിൻ്റെ ഭൂതകാലത്തെ ഓർമ്മകളിലേക്കും അമ്മ കോച്ചി പറഞ്ഞ നാട്ടറിവുകളിലേക്കുമാണ് കാളി ഇറങ്ങിച്ചെന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും 1921 ൽ നടന്ന മലബാർ കലാപകാലത്തും ക്ഷേത്രത്തിനു നേരെ അക്രമം ഉണ്ടായെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. പിൽക്കാലത്തു കണ്ടെത്തിയ തകർക്കപ്പെട്ട വിഗ്രഹവും ക്ഷേത്രാവശിഷ്ടങ്ങളും ഒരു തകർക്കപ്പെടലിൻ്റെ വ്യക്തമായ സൂചന നൽകുന്നു.
കിഴക്കുഭാഗമുള്ള തൂതപ്പുഴയിലേക്ക് ദർശനമായി ഇരുമ്പിളിയം വില്ലേജ് റീസ: 342 ൽ 5 എന്ന സർവ്വെ നമ്പറിൽ 85 സെന്റിലാണ് ഗണപതിയൻ കാവ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. കിഴക്കുഭാഗത്ത് തൂതപ്പുഴയിലെക്ക് പുരാതന പാതയും അതിനൊടുവിൽ കൽപ്പടവുകളുമുണ്ട്. ആറാട്ടുകടവ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ നിന്നും ഈ ക്ഷേത്രം കൊടിമരവും ഉൽസവവും ആറാട്ടുമൊക്കെ പഴയ കാലത്തു നടന്നിരുന്ന ഒരു മഹാക്ഷേത്രമായിരുന്നുവെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം കരുതാവുന്നതാണ്. ക്ഷേത്രഭൂമിയോടു ചേർന്ന് പുറമനയൂർ, കാലടി എന്നീ പേരുകളുള്ള മനകളുണ്ടായിരുന്നു. വേറേയും മനകളുണ്ടായിരുന്നുവെന്നും അവയുടെ പേരുകളൊന്നും ഓർമ്മയിൽ വരുന്നില്ലെന്നും പുനരുദ്ധാരണ കമ്മിറ്റി കൺവീനർ ചേർക്കാപറമ്പിൽ ഗോപാലകൃഷ്ണൻ പറഞ്ഞു. വിഷ്ണുനരസിംഹമാണ് പ്രതിഷ്ഠയെങ്കിലും ഉപദേവനായ ഗണപതിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ വിധത്തിൽ ഉപപ്രതിഷ്ഠയിലൂടെ അറിയപ്പെടുന്ന വേറേയും ക്ഷേത്രങ്ങളുണ്ട്. ആലത്തിയൂർ ഗരുഡൻ കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. വെള്ളാമശ്ശേരി മഹാവിഷ്ണു ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്താണ് ഗരുഡ പ്രതിഷ്ഠയുണ്ടായത്. ഇത് പെരുന്തച്ചൻ്റെ കാലഘട്ടത്തിലാണെന്നാണ് ഐതിഹ്യം. ഗരുഡ പ്രതിഷ്ഠ വന്നതോടെ ഗരുഡ ക്ഷേത്രമായി അറിയപ്പെട്ടു. ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീരാമനാണ്. എന്നാൽ ഈ ക്ഷേത്രം ശ്രീരാമഭക്തനായ ഹനുമാൻ സ്വാമിയിലൂടെ അറിയപ്പെട്ടു. ഇത്തരം ക്ഷേത്രങ്ങളിലെ ഉപപ്രതിഷ്ഠകൾക്ക് പ്രത്യേകം ചൈതന്യമുള്ളതും പ്രാർത്ഥനാ ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. വിഘ്നങ്ങൾ, വിദ്യാഭ്യാസം, ഋണബാദ്ധ്യത, മംഗല്യഭാഗ്യമില്ലായ്മ, കുടുംബ കലഹം എന്നിവക്കെല്ലാം പുറമണ്ണൂർ ഗണപതിയെ പ്രാർത്ഥിച്ച് വഴിപാടു നടത്തുന്നത് ശ്രേയസ്ക്കരമായിരിക്കും. വിഷ്ണുനരസിംഹമാകട്ടെ അഭീഷ്ട വരദായകനുമാണ്. രണ്ടു ദേവചൈതന്യങ്ങളും ഒരിടത്തുവിളങ്ങുന്ന ക്ഷേത്രം അപൂർവ്വമായ ദേവഭൂമിയായി കരുതപ്പെടുന്നു .
പഴയ കാലത്ത് മേൽ വിവരിച്ച മനക്കാരുടെ ഊരായ്മയിലുള്ള ഒരു ക്ഷേത്രമായിരിക്കണം ഇത്. മനകളൊന്നും ഇപ്പോൾ നിലവിലില്ല. പുഴയുടെ കിഴക്കെ കരയിൽ പാറമന എന്നു പേരുള്ള ഒരു മനയാണ് ഇപ്പോഴുള്ളത്. രേഖകളിലൊന്നും ഊരാള മനയെക്കുറിച്ച് പരാമർശമോ നാട്ടറിവുകളോ ഇല്ല. ഒടുവിൽ ഒരു വാര്യർ കുടുംബത്തിലേക്ക് ഊരായമാവകാശം വന്നതായി സൂചനയുണ്ട്. അത് ശരിയായിരിക്കാം. ഈ ക്ഷേത്രത്തിൻ്റെ ഏതാണ്ട് ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് തകർന്നു നാമാവശേഷമായ ഒരു ശിവക്ഷേത്ര ഭൂമിയുണ്ട്. ഒടപൊളി അമ്പലം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മതിൽക്കെട്ടിൻ്റെ ഒരു തറയും ഒരു ആലും മാത്രമാണ് അവിടെ ഇപ്പോഴുള്ളത്. ഈ ക്ഷേത്രം കാലടി മനയുടെ ഊരായ്മയിലുള്ളതാണ്. ഇതു വച്ചു നോക്കിയാൽ പുറമണ്ണൂർ ഗണപതിയൻ കാവ് പൂർവ്വകാലത്ത് നമ്പൂതിരി മനകളുടെ ഊരായ്മയിൽ ഉണ്ടായിരുന്നതാണെന്ന് വ്യക്തമാണ്. എന്തോ കാരണത്താൽ പലായനം ചെയ്യേണ്ടി വന്ന ഊരാളരായ നമ്പൂതിരി കുടുംബം ക്ഷേത്ര പരിപാലനവും സംരക്ഷണവും അക്കാലത്ത് ക്ഷേത്രത്തിൽ കഴകപ്പണി എടുത്തിരുന്നവരോ, മനയിലെ കാര്യസ്ഥരോ ആയ വാര്യർ കുടുംബത്തെ ഏൽപ്പിച്ചിരിക്കാനാണ് സാദ്ധ്യത. മേൽപ്പറഞ്ഞ വാര്യർ കുടുംബം പറവൂരിലാണ് ഇപ്പോഴുള്ളത്. അതിനു ശേഷം ക്ഷേത്രഭൂമി കലയത്ത് നായർ തറവാട്ടുകാരുടെ മേൽനോട്ടത്തിലേക്ക് വന്നതായും പറയുന്നു. പടയോട്ടക്കാലത്തായിരിക്കാം ഇവിടെ ഉണ്ടായിരുന്ന നമ്പൂതിരി കുടുംബങ്ങൾ സർവ്വതും ഉപേക്ഷിച്ച് ദേശാന്തരം പോയത്. ഗണപതിയൻ കാവ്, ഒടപൊളി അമ്പലം എന്നറിയപ്പെടുന്ന ശിവക്ഷേത്രം, കൊടുമുടി അയ്യപ്പക്ഷേത്രം എന്നിവ മൈസൂർ സൈന്യം തകർത്തതായാണ് ഓറൽ ഹിസ്റ്ററി. 1921 ൽ മാപ്പിള ലഹളക്കാലത്ത് ക്ഷേത്രം പൂർണ്ണമായി നശിപ്പിച്ചുവെന്ന് വിശ്വസിക്കുന്ന വരുണ്ടെങ്കിലും ഏതു വിധത്തിലുള്ള അക്രമമായിരുന്നുവെന്ന് പറയാൻ ആർക്കും കഴിഞ്ഞില്ല. ഗണപതിയൻ കാവിന് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഇന്നത്തെ തലമുറയിലെ പ്രായം ചെന്നവരുടെ ഓർമ്മയിൽ കാട് മൂടിക്കിടന്ന ഒരു ക്ഷേത്രഭൂമി മാത്രമാണ്. വട്ട ശ്രീകോവിലാണ് നരസിംഹമൂർത്തിക്കുണ്ടായിരുന്നത്. ഭിത്തി തകരാതെ മേൽക്കൂരയോടു കൂടിയ കാടു നിറഞ്ഞ ശ്രീകോവിലിൽ വിഗ്രഹത്തിൻ്റെ പാദമൊഴികെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ആൾ ഇരുന്നാലത്തെ ഉയരമുള്ള ഗണപതിയുടെ വിഗ്രഹം കാട്ടിനകത്തുണ്ടായിരുന്നു. പീഠം നശിപ്പിക്കപ്പെട്ട നിലയിലുമായിരുന്നു. പ്രദേശവാസികൾ അമ്പലക്കാട്ടിലൂടെ നടന്നുപോകാറുണ്ട്. ചില ദിവസങ്ങളിൽ ഗണപതിവിഗ്രഹം മറിച്ചിട്ട നിലയിൽ കാണും. അത് നേരെ വച്ചാൽ വീണ്ടും മറിച്ചിട്ട നിലയിൽ കാണും. ഒരു ദിവസം ഗണപതി വിഗ്രഹം അപ്രത്യക്ഷമായി. ഈ വിഗ്രഹം സമീപത്തെ ഒരു പറമ്പിലുണ്ടായിരുന്ന കിണറ്റിൽ കൊണ്ടു കളഞ്ഞതായാണ് കരുതുന്നത്. കിണർ പിന്നീട് മണ്ണു നിറച്ചു നികത്തി. അടുത്ത കാലത്താണ് ഇതെല്ലാം സംഭവിച്ചത്. നശിച്ചു കിടക്കുന്ന ക്ഷേത്രഭൂമിയെ സംബന്ധിച്ച് പലർക്കും അത്ഭുതകരമായ അനുഭവങ്ങളുണ്ട്. ഇതു കൊണ്ടെല്ലാമായിരിക്കാം കാടുവെട്ടിത്തെളിയിച്ച് വിളക്കു വെക്കാൻ ഭക്തജനങ്ങൾക്കു തോന്നിയത്. പുറമണ്ണൂരിലെ മണ്ണീറ്റിതൊടി രാധാകൃഷ്ണനാണ് പാദം മാത്രമുള്ള ശ്രീകോവിലിൽ നൂറ്റാണ്ടുകൾക്കു ശേഷം ആദ്യമായി വിളക്കു വെച്ചത്. ഇത് 1977 ലാണ്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ചിന്ത സജീവമായതും ഈ സമയത്താണ്.
കോഴിക്കാട്ടിൽ ഹരിദാസൻ, പി.സി.രാജൻ, തച്ഛറതൊടി ദാസൻ, ചേർക്കാപറമ്പിൽ ചക്കു, ചോലക്കാട്ടിൽ രാജൻ തുടങ്ങി നാട്ടിലുള്ള കുറേയേറെ ഭക്തജനങ്ങൾ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിനെത്തുടർന്നാണ് 25 അംഗ കമ്മിറ്റി രൂപീകരിച്ച് മലബാർ ദേവസ്വം ബോർഡിൽ റജിസ്റ്റർ ചെയ്തത്. ആർ.കെ.പറങ്ങോടൻ ഫിറ്റ് പേഴ്സൺ, കെ.സജികുമാർ പ്രസിഡന്റ്, എ.പി.ശിവ പ്രകാശ് സെക്രട്ടറി, പി.വിജയകൃഷ്ണൻ മാഷ് ട്രഷറർ ആയുമുള്ള കമ്മിറ്റി കുറേയേറെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. എടപ്പാൾ ശൂലപാണി വാര്യരുടെ നേതൃത്വത്തിൽ താംബൂലപ്രശ്നം നടത്തിയതിനു ശേഷം 2017 ൽ മാർഗ്ഗദർശിയായ എൻ.എൻ.രാജീവ്ജി അഗസ്ത്യമലയുടെ സാന്നിദ്ധ്യത്തിൽ സ്വർണ്ണ പ്രശ്നം നടത്തി. കാടുവെട്ടിത്തെളിയിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തീർത്ഥക്കിണർ വൃത്തിയാക്കുമ്പോൾ പാദമില്ലാത്ത കഴുത്തും കൈകാലുകളൂം വെട്ടിയ നിലയിൽ വിഗ്രഹത്തിൻ്റെ ശേഷിച്ച ഭാഗം ലഭിച്ചു .
അതിൽപ്പിന്നെ കോഴിക്കാട്ടിൽ ഹരിദാസൻ പ്രസിദ്ധന്റായും തച്ചു തൊടി മോഹൻദാസ് സെക്രട്ടറിയായും ക്ഷേത്ര പരിപാലന കമ്മിറ്റി രൂപീകരിച്ചു. 1994 ൽ ക്ഷേത്ര സംരക്ഷണ സമിതിയിൽ രജിസ്റ്റർ ചെയ്തു. അരി, നെല്ല്, വരിസംഖ്യ എന്നിവ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചു കൊണ്ടാണ് കമ്മിറ്റി പ്രവർത്തനത്തിനുള്ള ധനം കണ്ടെത്തിയിരുന്നത്.രാജീവ്ജിയുടെ പതിവു സാന്നിദ്ധ്യവും മാർഗ്ഗ നിർദ്ദേശങ്ങളും പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
ചോലക്കാട്ടിൽ ഉണ്ണികൃഷ്ണൻ പ്രസിഡന്റും, തച്ചർ തൊടി മോഹൻദാസ് സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. പുനരുദ്ധാരണ കമ്മിറ്റി നിലവിൽ വന്നത് 2017 ലാണ്. ടി.പി.രാധാകൃഷ്ണൻ ചെയർമാനും, ചേർക്കാ പറമ്പിൽ ഗോപാലകൃഷ്ണൻ കൺവീനറുമായ പുനരുദ്ധാരണ കമ്മിറ്റിയാണുള്ളത്. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി നാലമ്പലസ്ഥാനത്തിൻ്റെ വെളിയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു. പുതിയ ശ്രീകോവിലിൽ പുതിയ നരസിംഹ വിഗ്രഹവും പ്രതിഷ്ഠിച്ചു. അതിനു ശേഷമുണ്ടായ നിമിത്തങ്ങളെത്തുടർന്നു നടത്തിയ സ്വർണ്ണ പ്രശ്നത്തിലാണ് ശ്രീകോവിൽ പഴയ അളവിലല്ല നിർമ്മിച്ചതെന്നു തെളിഞ്ഞത്. തുടർന്ന് നരസിംഹ വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ശ്രീകോവിൽ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ്.
അയ്യപ്പസാന്നിദ്ധ്യം തെളിഞ്ഞതിനെത്തുടർന്ന് പടിഞ്ഞാറോട്ട് ദർശനമായി അയ്യപ്പന് ഉപക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. എ.പി.പരമേശ്വരൻ തറയും, പടിഞ്ഞാക്കര ഇടുകുഴിയിൽ ബിജു എന്ന ഭക്തൻ ഭിത്തിയും, ലൈജു, വാസു, വിജിൻ എന്നിവർ വിഗ്രഹവും, ടി.പി.രാധാകൃഷ്ണൻ കട്ടിളയും സ്പോൺസർ ചെയ്തു. പന്തളം മഹാരാജാവ് ശ്രീ പൂരുരുട്ടാതി തിരുനാൾ വേണുഗോപാലവർമ്മ രാജയാണ് അയ്യപ്പക്ഷേത്രത്തിൻ്റെ കട്ടിളവെപ്പുനടത്തിയത്. ഭക്തജനങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും യോജിച്ച പ്രവർത്തനവും കൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ടു ദർശനമായി ഉപപ്രതിഷ്ഠയായി ദുർഗ്ഗാക്ഷേത്രവും വടക്കുഭാഗത്ത് ബ്രഹ്മരക്ഷസ്സുമുണ്ട്. നാഗ സങ്കൽപ്പമുണ്ടെങ്കിലും പൂർണ്ണമായ പുനരുദ്ധാരണ പ്രവർത്തനത്തോടെ നാഗ സങ്കൽപ്പവും യാഥാർത്ഥ്യമാക്കാനുണ്ട്. 2017 ജനുവരി 14 ന് നടന്ന ലക്ഷം നെയ്യ്ദീപ സമർപ്പണം എടുത്തു പറയാവുന്ന ഭക്തജന കൂട്ടായ്മയായിരുന്നു. അന്നു ലഭിച്ച പണം ഉപയോഗിച്ച് അഗ്രശാല നിർമ്മിച്ചു. ശ്രീകോവിൽ നിർമ്മാണം, ചുറ്റമ്പല നിർമ്മാണം, കൊടിമരം സ്ഥാപിക്കൽ എന്നിവയൊക്കെ ഇനി ബാക്കിയുണ്ട്. ഗണപതിക്ക് തുല്യപ്രാധാന്യം കണ്ടെത്തിയതിനാൽ പ്രത്യേകം ശ്രീകോവിലിലേക്ക് മാറ്റാനുണ്ട്. പ്രതിഷ്ഠാദിനം മേടമാസത്തിലെ രോഹിണി നാളിലാണ് കൊണ്ടാടുന്നത്.