49: പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രം

50: കടപ്പറമ്പിൽ ശ്രീ പാർത്ഥസാരഥി ക്ഷേത്രം
July 3, 2023
48: ഞാളൂർച്ചിറ മഹാദേവക്ഷേത്രം
July 4, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 49

രാമഗിരിയിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. ഏതാണ്ട് മൂന്നു കിലോമീറ്റർ അകലമേയുള്ളു. വലിയ കുന്നുകളിലൊന്നാണ് രാമഗിരി. രാമായണ കഥയുമായി ബന്ധമുള്ള ഗിരി പ്രദേശമാണ് അതെന്നു പറയുന്നവരുമാണ്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ, പട്ടാമ്പി, കൊപ്പം, വല്ലപ്പുഴ, ഓങ്ങല്ലൂർ എന്നീ ഗ്രാമങ്ങളുടെ മടിത്തട്ടിലാണ് രാമഗിരി. സമതലത്തിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാമഗിരിയിൽ നിന്നു നോക്കിയാൽ ചുറ്റു ഭാഗത്തേക്കും അനന്തമായ നോട്ടമാണ്. ഹൈദരാലിയുടേയും ടിപ്പുവിൻ്റെയും പടയോട്ടക്കാലത്ത് രാമഗിരി കയ്യേറി താവളമാക്കിയത് ഈയൊരു സൗകര്യം കൊണ്ടു തന്നെയാവണം. രാമഗിരിയുടെ മുകൾ ഭാഗം വിശാലമായ സമതലമാണ്. ഇവിടെ രാമായണകാലവുമായി ബന്ധപ്പെട്ട ക്ഷേത്രമോ മറ്റോ ഉണ്ടായിരുന്നിരിക്കണം. സൈന്യത്തിൻ്റെ കേന്ദ്രമാക്കാൻ അനുയോജ്യമായ സ്ഥലം ക്ഷേത്രഭൂമിയാണെങ്കിൽ ക്ഷേത്രം ഇടിച്ചു നിരപ്പാക്കി സൈന്യസങ്കേതമൊരുക്കാൻ മൈസൂർ ഭരണാധികാരികൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കൂറ്റനാട് രുധിര മഹാകാള ക്ഷേത്രം തകർത്ത് കിടങ്ങു നിർമ്മിച്ച് താവളമുണ്ടാക്കിയത് ഒരു ഉദാഹരണം മാത്രം. രാമഗിരി ഹൈദർ പിടിച്ചടക്കിയ ശേഷം കോട്ട കെട്ടി. ചുറ്റുഭാഗവും ശത്രുക്കൾ കടന്നു വരാതിരിക്കാൻ വലിയ കിടങ്ങുകൾ നിർമ്മിച്ചതും സമാന രീതിയിലായിരുന്നു. കാടുമൂടിക്കിടക്കുന്ന രാമഗിരിയിൽ ശിൽപ്പ ചാരുതയുള്ള കൽത്തൂണുകളും കുളവുമൊക്കെയുണ്ട്. രാമഗിരിയെക്കുറിച്ച് വിശദമായി വേറെ എഴുതുന്നതിനാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിൽ വിവരിക്കുന്നില്ല. മൈസൂർ ഭരണാധികാരികൾ പിടിച്ചടക്കി കോട്ട കെട്ടിയതിനാൽ രാമഗിരി പിൽക്കാലത്ത് രാമഗിരി കോട്ട എന്ന പേരിലാണ് അറിയപ്പെട്ടത്.

ക്ഷേത്രത്തിലെ തകർക്കപ്പെട്ട ബലിക്കല്ല്

പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ രാമഗിരിയിൽ നിന്നും തുടങ്ങേണ്ടതുണ്ടായിരുന്നു. പട്ടാമ്പി താലൂക്കിൽ വല്ലപ്പുഴ വില്ലേജിലാണ് പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരന്തൊടി മനക്കാരാണ് ക്ഷേത്രത്തിൻ്റെ ഊരാള കുടുംബം. രണ്ട് ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. വിഷ്ണു ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും വരാഹമൂർത്തിയാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമാണെന്ന് ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിയിൽ സജീവമായുള്ള തെക്കേക്കര ശങ്കരൻ കുട്ടി പറഞ്ഞു. തൻ്റെ ചെറുപ്പകാലത്ത് കാടുപിടിച്ചു കിടക്കുകയായിരുന്നു ഈ ക്ഷേത്രമെന്നും അദ്ദേഹം ഓർമ്മിച്ചെടുത്തു. പന്നിയൂർ കൂറുകാരായ നമ്പൂതിരി കുടുംബമാണ് എരന്തൊടി മന. അവർ ഇവിടെ വന്ന് വാസമുറപ്പിച്ചവരാണ്. അതു കൊണ്ടാണ് അവരുടെ ഗ്രാമ ദൈവമായ വരാഹമൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചത്. എരന്തൊടി മനക്കാർക്ക് ഈ പ്രദേശത്തു തന്നെ മൂന്നു ക്ഷേത്രങ്ങൾ വേറേയുമുണ്ട്. ഇവയെല്ലാം പഴയ കാലത്ത് തകർക്കപ്പെട്ടതാണ്. രാമഗിരിയിൽ മൈസൂർ പട കോട്ട കെട്ടിയതിനു ശേഷം സമീപത്തെ ക്ഷേത്രങ്ങൾ തകർത്തുവെന്നാണ് തലമുറകൾ കൈമാറിയ നാട്ടറിവ്. പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രത്തിൻ്റെ ചുറ്റുമതിലുകൾ, ബലിക്കല്ല്, ചുറ്റമ്പലം, നമസ്ക്കാര മണ്ഡപം എന്നിവയെല്ലാം തകർത്തു. വട്ട ശ്രീകോവിലോടു കൂടിയ ക്ഷേത്രം കിഴക്കോട്ടു ദർശനമായി സ്ഥിതി ചെയ്യുന്നു. ശ്രീകോവിൽ തകർത്ത് അകത്തു കടന്നവർ വിഗ്രഹം തല്ലിയുടച്ചു. ക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തിനു ശേഷം കാടുമൂടിക്കിടന്ന ക്ഷേത്രം സമീപകാലത്താണ് പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾ രംഗത്തിറങ്ങിയത്. അവർ കാടുവെട്ടിത്തെളിയിച്ചു. തകർന്ന ക്ഷേത്രത്തിൽ നിന്നും തച്ചുടച്ച വിഗ്രഹങ്ങൾ പതിമൂന്നു കഷ്ണമായിട്ടാണ് ലഭിച്ചത്. തകർന്ന വിഗ്രഹ കഷണങ്ങൾ സിമന്റും കമ്പിയും വെച്ച് ഒട്ടിച്ചിട്ടാണ് ചെറിയ രീതിയിൽ പുനരുദ്ധാരണം ചെയ്ത ശേഷം പൂജ ചെയ്തിരുന്നത്. അതിനിടെ ശ്രീകോവിൽ നിർമ്മാണത്തിൻ്റെ അളവിൽ വ്യത്യാസം വന്നതിനെത്തുടർന്ന് പിന്നീട് ശ്രീകോവിൽ പൂർണ്ണമായും നീക്കം ചെയ്തു. ചതുരശ്രീകോവിലിൽ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാനാണ് പോകുന്നത്. ചുറ്റമ്പലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. നമസ്കാര മണ്ഡപവും പുതുക്കി പണിയാൻ അസ്തിവാരമിട്ടിട്ടുണ്ട്. ചുറ്റുമതിൽ നിർമ്മിക്കാനും ബലിക്കല്ല് പുനർനിർമ്മിക്കാനുമൊക്കെയുള്ള പ്രവർത്തനങ്ങൾ ബാക്കിയാണ്. ഒക്കത്ത് ഗണപതിയാണ് ഉപപ്രതിഷ്ഠയുള്ളത്. എരന്തൊടി മന ശ്രീധരൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ ഊരാളൻ. ശ്രീധരൻ ചുമരത്ത് ദിവാകരൻ നമ്പൂതിരി തന്ത്രിയുമാണ്. നേരത്തെ എച്ച്.ആർ.ആൻഡ്.സി യുടെ കീഴിലായിരുന്ന ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിലാണ്. ക്ഷേത്ര പുനരുദ്ധാരണത്തിന് ദേവസ്വം ബോർഡിൽ നിന്നും സഹായമൊന്നുമില്ല. ഭക്തജനങ്ങളുടെ സഹായത്താലാണ് ഇതുവരെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്.

ക്ഷേത്രം പുനരുദ്ധാരണ പ്രക്രിയയിൽ

Leave a Comment