
54: വില്ലൂർ ശിവക്ഷേത്രം
June 30, 2023
52: തൃക്കൈകടവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രം
July 1, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 53
ഹൈദരാലിയുടെ പടയോട്ടക്കാലത്ത് വെട്ടത്തു നാട്ടിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തലക്കാട് അയ്യപ്പക്ഷേത്രം. നൂറ്റാണ്ടുകൾക്കു മുമ്പു നടന്ന അക്രമങ്ങളുടെ അവശേഷിപ്പുകൾ ഇപ്പോഴും ക്ഷേത്രഭൂമിയിൽ കാണാമെങ്കിലും ഈ അയ്യപ്പക്ഷേത്രം ഭക്തജനങ്ങളുടെ നിരന്തര പരിശ്രമത്തെ തുടർന്ന് ഗോപുരത്തോടെ പുനർനിർമ്മാണം നടത്തിയിട്ടുണ്ട്. നെയ്യഭിഷേകം വഴിപാടു ചെയ്യുന്ന മലബാറിലെ ഏക അയ്യപ്പക്ഷേത്രമാണ്. ഹൈദറിൻ്റെ പടയോട്ട ചരിത്രത്തിൽ ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശമായ തലക്കാട് പഞ്ചായത്തിൽ വെട്ടത്ത് പുതിയങ്ങാടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തലക്കാട് എന്ന സ്ഥലപ്പേരിനും കൗതുകം ഏറെയുണ്ട്. ഗ്രാമത്തിൻ്റെ പടിഞ്ഞാറെ അതിര് പൊന്നാനി പുഴയാണ്. വെട്ടത്ത് രാജാവ് വധശിക്ഷയ്ക്ക് വിധിച്ചാൽ പുഴയ്ക്ക് അക്കരെയുള്ള കഴൂപ്പാടത്തു വെച്ചാണ് ശിക്ഷ നടപ്പാക്കുക. വെട്ടേറ്റു വീഴുന്ന തല പുഴയിലൂടെ ഒഴുകുമത്രെ. തല വന്ന് അടിയുന്ന കാടിനെയാണ് തലക്കാട് എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം. ചില തലകൾ കുറേ ഒഴുകി അക്കരെ ചെന്നടിയും. ഈ സ്ഥലത്തിന് തലേക്കരെ എന്നും പറഞ്ഞു വന്നു. തലേക്കരെ ഇപ്പോൾ തലൂക്കര എന്ന പേരിലാണ് അറിയപ്പെടുന്നത്.
തലക്കാട് ഗ്രാമത്തിന് ഹൈദരാലിയുടെ പടയോട്ടവുമായുള്ള ബന്ധം ചരിത്രപരമാണ്( വില്യം ലോഗൻ്റെ മലബാർ മാന്വൽ പേ. 274, 275 അനുബന്ധം ). മലബാർ പ്രവിശ്യയിൽ അധീശത്വം സ്ഥാപിച്ച ഹൈദരാലി കോയമ്പത്തൂരിലേക്ക് മടങ്ങി. സൈന്യാധിപനായ റാസാ സാഹിബിൻ്റെ നായകത്വത്തിൽ 3000 പേരടങ്ങുന്ന കാലാൾപടയെ അദ്ദേഹം കാവൽ നിർത്തിയിരുന്നു. ഹൈദരാലി തിരിച്ചു പോയതോടെ മൈസൂർ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ അതാത് നാട്ടുരാജ്യങ്ങളിലെ നായർ പടയാളികൾ രംഗത്തിറങ്ങി. ഇത് വലിയ കലാപത്തിനു വഴിതെളിയിച്ചു.

നായർ പടയാളികൾ മലബാർ തിരിച്ചുപിടിക്കാൻ രക്തരൂഷിത പോരാട്ടം നടത്തുന്ന സമയത്താണ് രണ്ടു സ്ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന ഫ്രഞ്ചുകാർ ഹൈദരാലിയുടെ സൈന്യത്തിൽ ചേരാൻ മാഹിയിൽ നിന്നും തെക്കോട്ടു യാത്ര ചെയ്തത്. തലക്കാട് ഗ്രാമത്തിൽ എത്തിയ ഇവരെ വെട്ടത്തു പുതിയങ്ങാടിയിൽ വെച്ച് നായർ ഭടൻമാർ വെട്ടിക്കൊന്നു. ഇത് ഫ്രഞ്ചുകാരെ ചൊടിപ്പിച്ച അവസരം കൂടിയായിത്തീർന്നു. മലബാറിലെ പരക്കെയുള്ള അക്രമം ഹൈദരാലി അറിഞ്ഞിരുന്നില്ല. മടക്കരയിൽ നിലയുറപ്പിച്ചിരുന്ന റാസാ സാഹിബിനും ഇതിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഒരു പോർച്ചുഗീസ് നാവിക നാണ് രഹസ്യമായി പൊന്നാനി തുറമുഖത്തു വന്ന് അവിടെ നിന്നും മടക്കരയിലെത്തി റാസാ സാഹിബിനെ മലബാറിലെ സ്ഥിതിഗതികൾ അറിയിച്ചത്. കടുത്ത കാലവർഷത്തിൻ്റെ സമയമായിരുന്നു അപ്പോൾ. വിവരം അറിഞ്ഞ റാസാ സാഹിബ് കാലാൾപടയുമായി മലബാറിലേക്ക് തിരിച്ചു. ഈ സൈന്യവ്യൂഹത്തിൽ കുതിരപ്പട ഉണ്ടായിരുന്നില്ല. നദികളും തോടുകളും കരകവിഞ്ഞൊഴുകിയതിനാൽ സൈന്യത്തിൻ്റെ യാത്ര ദുഷ്ക്കരമായിരുന്നു.
തുടാക്കൽ – പൊന്നാനി നദികളുടെ സംഗമസ്ഥാനത്ത് എത്തിച്ചേർന്നെങ്കിലും പ്രതികൂല കാലാവസ്ഥയിൽ മുന്നോട്ടും പിറകോട്ടും പോകാനാവാതെ ഒറ്റപ്പെട്ടു തുടർന്ന് റാസാ സാഹിബ് മലബാറിലെ സംഭവങ്ങളും താനും സൈന്യവും ഒറ്റപ്പെട്ടെന്നും ദൂതൻ മുഖേന ഹൈദരാലിയെ അറിയിച്ചു. വിവരം അറിഞ്ഞ ഹൈദരാലി 3000 കുതിരപ്പട, 10,000 കാലാൾപ്പട ഇതിനു പുറമെ 300 പേരടങ്ങുന്ന യൂറോപ്യൻ സൈന്യം എന്നിവരുമൊത്ത് മലബാർ മേഖല ലക്ഷ്യം വച്ചു നീങ്ങി.
തലക്കാട് ഗ്രാമത്തിൻ്റെ കേന്ദ്ര ഭാഗമാണ് വെട്ടത്തു പുതിയങ്ങാടി. ഇവിടെയാണ് കിടങ്ങുകളും രക്ഷാ ഭിത്തികളുമൊക്കെയുള്ള നായർ പടയാളികളുടെ സൈന്യസങ്കേതമുണ്ടായിരുന്നത്. ഹൈദറും പടയും വരുന്നതറിഞ്ഞ് തലക്കാട്ടെ നായർ സൈന്യം ജാഗരൂകരായി. വെട്ടത്തു പുതിയങ്ങാടിയിൽ നായർ സൈന്യം ശക്തമായ അക്രമത്തിന് നിലയുറപ്പിച്ചത് മനസ്സിലാക്കിയ ഹൈദരലിയും യുദ്ധതന്ത്രം മെനഞ്ഞു. മൂന്ന് ഭാഗങ്ങളിൽ നിന്നായി നായർ സൈന്യത്തിൻ്റെ താവളം അക്രമിക്കാനായിരുന്നു ഹൈദരാലിയുടെ പദ്ധതി. 6000 സിപ്പായികൾ ഉൾപ്പെടുന്ന വലതു വശത്തെ അക്രമ നിരയുടെ നേതൃത്വം ഒരു പോർത്തുഗീസ് ലെഫ്റ്റനൻ്റ് കേണലിനായിരുന്നു. ഇടത് വശത്തുകൂടിയുള്ള അക്രമണ നിര ടൊപ്പാസുകൾ ഉൾപ്പെട്ട സൈന്യവുമായിരുന്നു.
നടുവിൽക്കൂടിയുള്ള അക്രമണത്തിൻ്റെ നേതൃത്വം ഹൈദരാലി നേരിട്ട് ഏറ്റെടുത്തു. യൂറോപ്യരുടെ 300 അംഗ സൈന്യത്തെ കരുതലായി വച്ചു. ഇതിൻ്റെ നായകത്വം ഒരു ഫ്രഞ്ച് കമാൻഡറിനായിരുന്നു. ഹൈദരാലിയുടെ സൈന്യത്തിനു നേർക്ക് നായർ പാളയത്തിൽ നിന്നും രക്ഷാ ഭിത്തികളിലെ ദ്വാരങ്ങളിൽ കൂടി ഒളിച്ചിരുന്നു നടത്തിയ വെടിവെപ്പിൽ മൈസൂർ സൈന്യത്തിൻ്റെ സിപ്പായികൾ ഒന്നൊഴിയാതെ മരിച്ചുവീണു. ഹൈദരാലി നായർ പടയുടെ പോരാട്ട വീര്യത്തിൽ അടിപതറി. തൻ്റെ സൈന്യം ഒന്നൊഴിയാതെ മരിച്ചു വീഴുന്നതു കണ്ട് ഹൈദരാലി ഭയപ്പെട്ടിരിക്കണം. ഇവിടെ വച്ച് നായർ സൈന്യം തന്നെ ബന്ധിയാക്കാനോ വധിക്കാനോ സാദ്ധ്യതയുള്ളതായും അദ്ദേഹം സംശയിച്ചിട്ടുണ്ടാവാം. അത്രമേൽ പരാജയം ഹൈദറിനുണ്ടായി.
നേരത്തെ സൂചിപ്പിച്ച പ്രകാരം ഫ്രഞ്ചുകാരെ വധിച്ച നായർ സൈന്യത്തിനു നേരെ പ്രതികാരം ചെയ്യാൻ കൈവന്ന അവസരമായി ഹൈദറിൻ്റെ കരുതൽ സൈന്യത്തിൻ്റെ നായകനായ ഫ്രഞ്ച് കമാണ്ടറും കരുതി. നായൻമാരെ വകവരുത്തുവാൻ തനിക്ക് അവസരം തരണമെന്ന് ആ ഉദ്യോഗസ്ഥൻ ഹൈദരാലിയോട് ആവശ്യപ്പെട്ടു. അനുമതി കിട്ടേണ്ട താമസം വാളും കുന്തവും മാത്രം ആയുധങ്ങളുള്ള യൂറോപ്യൻ സൈന്യം കിടങ്ങുകൾ ഭേദിച്ച് നായർ സൈന്യത്തിൻ്റെ താവളത്തിലേക്ക് ഇരച്ചുകയറി. തോക്കിൻ്റെ കാഞ്ചി വലിക്കുന്നതിനു മുമ്പ് മിന്നൽ വേഗത്തിൽ യൂറോപ്യൻ സൈന്യം നായർ ഭടൻമാരെ അരിഞ്ഞു വീഴ്ത്തി. യൂറോപ്യൻമാരുടെ കരുതൽ സേന കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ തലക്കാട് ഗ്രാമത്തിൽ വെച്ചു തന്നെ നായർ സൈന്യം ഹൈദറിനെ അവസാനിപ്പിക്കുമായിരുന്നു. തലക്കാട് ഗ്രാമം കത്തിച്ചാമ്പലാക്കിയ ശേഷമാണ് ഹൈദരാലിയും സംഘവും വടക്കോട്ടു നീങ്ങിയത്

.
ഹൈദരാലിയുടെ ഈ അക്രമ സമയത്താണ് തലക്കാട് അയ്യപ്പക്ഷേത്രവും തകർത്തതെന്നാണ് തലമുറകൾ കൈമാറിയ നാട്ടറിവ്. വടക്കെ കൂട്ടുപറമ്പ് എന്ന ഒരു ഭൂമി ക്ഷേത്രത്തിൽ നിന്നും ഏതാനും മീറ്റർ വടക്കു കിഴക്കു ഭാഗത്തായുണ്ട്. വെട്ടത്തു രാജ്യത്തിൻ്റെ ഭടൻമാരുടെ ഒരു സങ്കേതം ഇവിടെയായിരുന്നു. വടക്കെ കൂട്ട് എന്ന പേരിൽ ഒരു തറവാട് ഉണ്ടായിരുന്നുവെന്നും അവരാണ് ക്ഷേത്രത്തിൻ്റെ ഉടമസ്ഥരെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. വെള്ളിക്കുളങ്ങര ദേവസ്വത്തിൻ്റെ കീഴിലാണ് ഈ ക്ഷേത്രമുണ്ടായിരുന്നതെന്നതിനു രേഖയുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.വി.യങ്കി പറഞ്ഞു. കിഴക്കോട്ട് ദർശനമായുള്ള അയ്യപ്പക്ഷേത്രത്തിന് ഒരു ഏക്കർ ആറ് സെൻ്റ് വിസ്തീർണ്ണമാണുള്ളത്. ഈ ക്ഷേത്രഭൂമി കാടുമൂടി കിടക്കുകയായിരുന്നു. ക്ഷേത്രത്തിൻ്റെ മുൻവശത്ത് തെക്കും വടക്കുമായി രണ്ട് തീർത്ഥക്കുളങ്ങളുണ്ട്. ആരും തിരിഞ്ഞു നോക്കാതെ മലമൂത്ര വിസർജ്ജനം നടത്താനും സാമൂഹ്യ വിരുദ്ധർക്ക് താവളമടിക്കാനുമാണ് ക്ഷേത്രഭൂമി ഉപയോഗപ്പെടുത്തിയിരുന്നത്.
ഹൈദറിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രം നൂറ്റാണ്ടുകളോളം അനാഥാവസ്ഥയിൽ കിടന്നു. സമീപത്തെ മുസ്ലീം സ്ത്രീകൾ തീർത്ഥക്കുളത്തിൽ കുളിക്കുമായിരുന്നു. ഒരിക്കൽ പ്രദേശത്തുകാരനായ കോൽക്കളിക്കാരൻ അയ്യപ്പൻ അതുവഴി പോകുമ്പോൾ ഈ സ്ത്രീകൾ അയാളെ വഴക്കു പറഞ്ഞു. സ്ത്രീകൾ കുളിക്കുന്നത് കാണുന്നില്ലേ എന്നു ചോദിച്ചായിരുന്നു വഴക്കിട്ടത്. ഭക്തനായ ഇദ്ദേഹത്തിന് അവരുടെ ശകാരം ഇഷ്ടപ്പെട്ടില്ല. ഞങ്ങളുടെ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതും പോരാ, വഴക്കും പറയുന്നോ- എന്നാൽ നോക്കിക്കോ നിങ്ങടെ കുളിക്കൽ ഞാൻ നിർത്തിത്തരാം എന്നു തിരിച്ചും പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഇദ്ദേഹം മൺവെട്ടിയും വെട്ടുകത്തിയുമായി ക്ഷേത്രവളപ്പിലെത്തി പുല്ലു ചെത്താനും കാടുവെട്ടാനും തുടങ്ങി. പതിവുപോലെ കുളിക്കാൻ വന്ന സ്ത്രീകൾ ഇയാളെ കണ്ട് തിരിച്ചു പോയി. ഇത് അടുത്ത ദിവസങ്ങളിലും ആവർത്തിച്ചതോടെ തീർത്ഥക്കുളത്തിൽ മുസ്ലീം സ്ത്രീകൾ കുളിക്കുന്നത് നിർത്തി.
തലക്കാട് അയ്യപ്പക്ഷേത്രത്തിൻ്റെ ജീർണ്ണോദ്ധാരണത്തിന് തുടക്കം കുറിച്ചത് ഈ വ്യക്തിയായിരുന്നു. ഇദ്ദേഹം നാട്ടിലെ പ്രമുഖരായ വ്യക്തികളെ കണ്ട് അയ്യപ്പക്ഷേത്രം പുനരുദ്ധരിക്കേണ്ട അവശ്യകത അറിയിച്ചു. തുടർന്ന് കേളപ്പജിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിക്കുകയായിരുന്നു . ഭക്തജനങ്ങൾ ആവേശത്തോടെയാണ് കാടുവെട്ടിതെളിയിച്ചത്. തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങൾക്കു മുന്നിൽ ആദ്യം വിളക്കു വെച്ചത് പൊയിലൂർ ശേഖരൻ നമ്പൂതിരിയാണ്. കുമാരൻ മാഷ്, ശ്രീനിവാസൻ മാഷ്, അച്ചുവേട്ടൻ, യു .വി .ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ക്ഷേത്രത്തിൻ്റെ പരിപാലനത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ചെറിയമുണ്ടത്ത് ശ്രീനിവാസനാണ്. പിൽക്കാലത്ത് കോടീരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നത്. ബക്കറ്റ് തീർത്ഥക്കിണറിൽ വീണുപോയപ്പോൾ പാതാളകരണ്ടി കൊണ്ട് നഷ്ടപ്പെട്ട ബക്കറ്റ് തിരിച്ചെടുക്കാൻ ശ്രമിച്ച നീലകണ്ഠൻ നമ്പൂതിരിക്ക് കിട്ടിയത് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ ഗണപതിയെയാണ്. ഇതേ ഗണപതി വിഗ്രഹമാണ് ക്ഷേത്രത്തിൽ ഇപ്പോഴും പൂജിച്ചു വരുന്നത്.

ക്ഷേത്ര ഭരണ സംരക്ഷണ സമിതിയിൽ റജിസ്റ്റർ ചെയ്ത ഈ ക്ഷേത്രം ഇന്നത്തെ നിലയിൽ പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾ ഒരുമിച്ചു നിന്ന് സഹായം ചെയ്തു. അയ്യപ്പക്ഷേത്രത്തിനു വടക്ക് ഭാഗത്ത് കിഴക്കോട്ടു ദർശനമായി വേട്ടക്കൊരു മകന് പ്രത്യേകം ക്ഷേത്രം നിർമ്മിച്ചു. ഇതിനു മുന്നിലെ തകർന്ന കുളം മനോഹരമായി പുതുക്കി നിർമ്മിച്ചു. ഭഗവതി, ശിവൻ, വേട്ടക്കൊരുമകൻ, ദമ്പതി രക്ഷസ്സ് എന്നിവ ഉപപ്രതിഷ്ടകളാണ്. അയ്യപ്പക്ഷേത്രത്തിൻ്റെ മുൻവശത്ത് വലതു വശത്തെ കുളം പുനരുദ്ധാരണം ചെയ്യാൻ ബാക്കിയുണ്ട്. ഈ കുളത്തിലും ക്ഷേത്രഭൂമിയുടെ ചില ഭാഗങ്ങളിലും തകർക്കപ്പെട്ട പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ഒരു കാലഘട്ടത്തിൽ കാടുപിടിച്ച് മലമൂത്ര വിസർജ്ജനം ചെയ്തിരുന്ന ഭൂമി ഇന്ന് ഭക്തി നിറഞ്ഞു നിൽക്കുന്ന ദേവാങ്കണമാണ്. സി.വി.ഉണ്ണി പ്രസിഡൻറും എടപ്പയിൽ ജയരാജൻ സെക്രട്ടറിയും കെ.വി.അരവിന്ദാക്ഷൻ ട്രഷററും ആയ 33 അംഗ കമ്മിറ്റിയാണ് ഭരണസമിതി. നിത്യപൂജയുള്ള ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രക്രിയകൾ സജീവമായത് സി.വി.ഉണ്ണി പ്രസിഡന്റായ ശേഷമാണെന്ന് ഭക്തജനങ്ങൾ പറഞ്ഞു.