54: വില്ലൂർ ശിവക്ഷേത്രം

56: ചാലിശ്ശേരി പ്രാണിയിൽ മഹാദേവ ക്ഷേത്രം
June 30, 2023
53: തലക്കാട് അയ്യപ്പക്ഷേത്രം
June 30, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 54

മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലാണ് വില്ലൂർ ശിവക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. വെങ്കടക്കോട്ട എന്നതാണ് കോട്ടക്കലിൻ്റെ പഴയ കാലത്തെ പേര്. കോഴിക്കോട് സാമൂതിരി കോവിലകത്തിൻ്റെ ഒരു ശാഖ കോട്ടക്കലാണ്. ചേരമാൻ പെരുമാളിൻ്റെ ഭരണം അവസാനിച്ചതിനു ശേഷം കോട്ടക്കൽ പ്രദേശം വള്ളുവക്കോനാതിരിക്ക് ലഭിച്ചു. വള്ളുവക്കോനാതിരിയുടെ സചിവൻ കരുവായൂർ മൂസ്സിൻ്റെ ആസ്ഥാനമായിരുന്നു വെങ്കിടക്കോട്ട. ഇപ്പോഴത്തെ കോട്ടക്കൽ സാമൂതിരി കോവിലകം കരുവായൂർ മൂസിൻ്റെ കോവിലകമായിരുന്നു. വേട്ടക്കൊരു മകനാണ് കരുവായൂർ മൂസ്സ്മാരുടെ പര ദൈവം. കോഴിക്കോട്ട് സാമൂതിരിയുടെ പര ദൈവവും വേട്ടക്കൊരുമകനാണ്. കരുവായൂർ മൂസിൻ്റെ കോവിലകം പിൽക്കാലത്ത് സാമൂതിരി പിടിച്ചടക്കുകയായിരുന്നു.

സാമൂതിരി കോവിലകത്ത് രണ്ട് വേട്ടക്കൊരു മകനു പൂജ ചെയ്തു വരുന്നുണ്ട്. കോട്ടക്കലിൽ ഇന്ത്യന്നൂർ ഗണപതി ക്ഷേത്രം എന്ന പേരിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട്. പെരുമാൾ ഭരണകാലത്ത് ഇന്ദുക്കോത ചേരമാൻ പെരുമാൾ ഈ ക്ഷേത്രം നേരിട്ടു ഭരിച്ചിരുന്നു. ഇവിടെ നിന്നും ഇന്ദുക്കോത ശാസനം ലഭിക്കുകയുണ്ടായി. ഇത് കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം സംരക്ഷിച്ചു വരുന്നു. ഇന്ദിനൂരാണ് പിൽക്കാലത്ത് ഇന്ത്യന്നൂർ ആയത്. ഇന്ത്യന്നൂരിന് സമീപത്ത് വില്ലൂർ വട്ടപ്പാറയിലാണ് വില്ലൂർ ശിവക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ഇത് കോട്ടക്കൽ നഗരസഭ പന്ത്രണ്ടാം വാർഡിലാണ്. വില്ലൂർ ശിവക്ഷേത്രഭൂമിയടക്കം പ്രദേശത്തെ ഭൂമികളെല്ലാം കോട്ടക്കൽ കോവിലകത്തിൻ്റെ ഉടമസ്ഥതയിലായിരുന്നു. കോവിലകത്തിൻ്റെ ഭാഗമായി ഒരു പുരാതന വീടും ഈ പ്രദേശത്തുണ്ട്. ചക്കുങ്ങൽ തൊടി, തമാഞ്ചേരി തൊടി ,ചീരങ്കൻ,പൂവൻ മഠത്തിൽ തുടങ്ങിയ വീട്ടുപേരോടു കൂടിയ നിരവധി ഹിന്ദു തറവാട്ടുകാർ വില്ലൂർ ശിവക്ഷേത്ര പരിസരത്തു താമസിച്ചിരുന്നു. പിൽക്കാലത്ത് ഇവരെല്ലാം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. 

ക്ഷേത്രം തകർന്ന നിലയിൽ

വില്ലൂർ എന്ന സ്ഥലനാമത്തിന് ഒരു ഐതിഹ്യമുണ്ടെന്നു വ്യക്തം. എന്നാൽ അതെന്താണെന്നു പറഞ്ഞു തരാൻ പ്രായമായവർക്കുപോലും അറിയില്ലെന്നത് അതിശയം ജനിപ്പിച്ചു. വട്ടപ്പാറ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ കിഴക്കു മാറിയാണ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പൂവൻ മഠത്തിൽ മുഹമ്മദ് ഹാജിയുടെ കൈവശത്തിലാണ് . ഇവിടെ ഇദ്ദേഹത്തിൻ്റെ വീടുണ്ട്. കോട്ടക്കൽ കോവിലകത്തിൻ്റെ ഭൂമി കാര്യസ്ഥനിൽ നിന്നും പാട്ടത്തിനെടുത്ത് സ്വകാര്യ വ്യക്തികൾ പിൽക്കാലത്ത് പട്ടയം വാങ്ങുകയായിരുന്നു. വീടിൻ്റെ കിഴക്കുഭാഗത്തായിരുന്നു ക്ഷേത്രമുണ്ടായിരുന്നത്. അവിടേക്ക് ഒരു ഇടവഴിയുണ്ടെങ്കിലും ആരും വഴി നടക്കാതെ കാടുകയറി കിടക്കുകയാണ്. ഇടവഴി ചാടിക്കടന്നാണ് ഞാൻ ക്ഷേത്രഭൂമിയിലെത്തിയത്. തെങ്ങിൻ തോപ്പിനുള്ളിൽ തകർന്നു കിടക്കുന്ന ക്ഷേത്രത്തിൻ്റെ ശ്രീകോവിൽത്തറയും ഓവും മാത്രമെ കാണാൻ സാധിച്ചുള്ളു. ഭൂമി മറ്റു മതസ്ഥരുടെ ഉടമസ്ഥതയിലെത്തിയതോടെ പരിരക്ഷയും പൂജയും ഇല്ലാതെ കാലപ്പഴക്കത്താൽ തകർന്നു പോയതായാണ് മനസ്സിലായത്. ശ്രീകോവിലിൻ്റെ ഭിത്തിയുടെ കല്ലുകൾ എവിടേയും കണ്ടില്ല. അവ മതിൽ നിർമ്മാണത്തിന് കൊണ്ടുപോയതായി കരുതേണ്ടിയിരിക്കുന്നു. ഇടവഴിയുടെ രണ്ടു ഭാഗവും പഴയ കൽക്കെട്ടുകളാണ്. ക്ഷേത്രാവശിഷ്ടമുള്ള ഭാഗത്ത് പുതിയ കല്ലുകൾ വച്ച് കെട്ടിയടച്ചിരിക്കുന്നു. ഇതിൻ്റെ നിർമ്മാണത്തിനു വേണ്ടി ക്ഷേത്രാവശിഷ്ടങ്ങൾക്കു സമീപം മണ്ണു കിളച്ചപ്പോൾ ഗിരീഷ് എന്ന ജോലിക്കാരയുണ്ടായി.

2006ലാണ് ശിവലിംഗം കണ്ടെത്തിയത്. നാട്ടിൽ പ്രശ്നങ്ങളുണ്ടാകുമെന്നു കരുതി വീണ്ടും കുഴിച്ചുമൂടി. ക്ഷേത്രാവശിഷ്ടങ്ങൾക്കു സമീപം കുഴിച്ചുമൂടിയ നിലയിൽ വില്ലൂർ ശിവക്ഷേത്രത്തിലെ ശിവലിംഗം ഇപ്പോഴുമുണ്ട്. കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്തിരുന്ന ഈ ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ളതായി കരുതേണ്ടതുണ്ട്. ക്ഷേത്രത്തിൻ്റെ തെക്കുവശത്തെ പറമ്പിൽ ദീർഘചതുരത്തിൽ ഒരു കുളം കണ്ടു. ഇത് ക്ഷേത്രക്കുളമായിരുന്നുവെന്നും മണ്ണ് മൂടി അരികു കെട്ടി കുളത്തിൻ്റെ വീതി കുറച്ചതാണ്. കുളം സ്ഥിതി ചെയ്യുന്ന ഭൂമിയും ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെന്ന് ഭക്തർ പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങൾ കുളത്തിലുണ്ടെന്നും അവർ വിശ്വസിക്കുന്നു. ഈ ഭൂമിയും സ്വകാര്യ വ്യക്തിയുടെ കൈവശത്തിലാണ്. കുളമുള്ള ഭൂമിയുടെ പടിഞ്ഞാറു ഭാഗത്തെ പറമ്പിൽ തകർക്കപ്പെട്ട ഒരു ബലിക്കല്ലും എനിക്ക് കാണാൻ കഴിഞ്ഞു. വില്ലൂർ ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ട്. ക്ഷേത്രഭൂമി അന്യമതക്കാരൻ്റെ കയ്യിലായതിനാൽ ഭക്തജനങ്ങൾ നിസ്സഹായാവസ്ഥയിലുമാണ്.

ക്ഷേത്രഭൂമിയോടു ചേർന്നുള്ള കുളം

Leave a Comment