
59: എരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
June 29, 2023
56: ചാലിശ്ശേരി പ്രാണിയിൽ മഹാദേവ ക്ഷേത്രം
June 30, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 57
പ്രാണിയിൽ ശിവക്ഷേത്രത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് അര കിലോമീറ്റർ വടക്കു മാറി തകർന്ന നിലയിൽ ഒരു വിഷ്ണു ക്ഷേത്രമുള്ളതായി അറിഞ്ഞത്. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഞാൻ ആ ക്ഷേത്രഭൂമി കാണാനിറങ്ങി. റോഡിൽ നിന്നും ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കാൻ പ്രത്യേകം വഴിയൊന്നും കണ്ടില്ല. ഒരു വീടിൻ്റെ പറമ്പിലൂടെ ഇറങ്ങിച്ചെന്നത് വിശാലമായ വയലിനരികെയുള്ള പുരാതനമായ ഒരു കുളത്തിലേക്കാണ്. പന്ത്രണ്ട് അടിയോളം താഴ്ച്ചയുള്ള കുളം വരണ്ടുണങ്ങി കിടക്കുന്നു. ക്ഷേത്രാവശിഷ്ടങ്ങൾ കുളത്തിൽ അങ്ങിങ്ങു ചിതറി കിടക്കുന്നത് കാണാൻ കഴിഞ്ഞു. കരിങ്കൽ തൂണുകളോ കരിങ്കൽ പാളികളോ ആയിരുന്നു അവയൊക്കയും.
ഇരുപത്തഞ്ചു സെന്റോളം വിസ്തൃതി തോന്നിക്കുന്ന കുളം അടക്കാപുറം വിഷ്ണു ക്ഷേത്രത്തിൻ്റെ തീർത്ഥക്കുളമാണെന്ന് കൂടെയുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു. കുളം സംരക്ഷിക്കാതെ നശിച്ചു കിടക്കുകയാണ്. കുളത്തിന് കല്ലുകൊണ്ടുള്ള ഭിത്തിയും പടവുകളും ഉണ്ടായിരുന്നതായി കാഴ്ചയിൽ തോന്നിച്ചു. കല്ലുകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. കുളത്തിൻ്റെ തെക്കു കിഴക്കെ മൂലയിൽ കുളത്തിലേക്കിറങ്ങാൻ വീതിയുള്ള പഴയ ഒരു വഴി കണ്ടു. ഇത് കാടുപിടിച്ചു കിടക്കുകയാണ്. കുളത്തിൻ്റെ കിഴക്കു ഭാഗം കാടു നിറഞ്ഞ ഉയർന്ന പ്രദേശമാണ്. ഉയർന്ന ഈ ഭാഗത്തേക്ക് കയറിച്ചെന്നു. നാഗങ്ങൾ ഇണചേർന്നതു പോലെ താഴേക്ക് തൂങ്ങിയ വള്ളികളും മുൾച്ചെടികളുമൊക്കെയുള്ള കാട്ടുപ്രദേശം. ഞങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.

കാടുകയറിക്കിടന്ന പഴയ ഒരു ചുറ്റമ്പലത്തിൻ്റെ ഭാഗവും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗവും കണ്ടു. തകർന്നടിഞ്ഞ ഒരു ശ്രീകോവിൽ കാടുമൂടി കിടക്കുന്നത് കണ്ടു. മേൽക്കൂര തകർന്ന് വീണ് കിടക്കുകയാണ്. ശംഖ് ചക്രഗ്ദാ പത്മധാരിയായ മഹാവിഷ്ണുവിൻ്റെ വിഗ്രഹം അവശിഷ്ടങ്ങൾക്കിടയിലുണ്ടെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. പടിഞ്ഞാട്ട് ദർശനമായുള്ള ഒരു വിഷ്ണു ക്ഷേത്രമാണ്. ശ്രീ കോവിലിൽ നിന്നും വടക്കോട്ടേക്ക് ഒരു ഓവ് തകരാതെയുണ്ട്. പ്രാണിയിൽ ശിവക്ഷേത്രത്തിൻ്റെ ഊരാളൻമാരായ മുതുപറമ്പത്ത് മനക്കാരുടെ ഊരായ്മയിലുള്ള മറ്റൊരു ക്ഷേത്രമാണിതെന്നും ആരും തിരിഞ്ഞു നോക്കാതെ അനാഥമായി കിടക്കുകയാണെന്നും അറിയാൻ കഴിഞ്ഞു. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഇതിനു വേണ്ടി കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. ക്ഷേത്ര വളപ്പിൽ അടക്കാപുറം വിഷ്ണു ക്ഷേത്രത്തിൻ്റെ നിരവധി അവശിഷ്ടങ്ങൾ മണ്ണ് മൂടി കിടക്കുകയാണ്. ക്ഷേത്രത്തിന് 1500 വർഷത്തിലേറെ പഴക്കമുള്ളതായി തോന്നിച്ചു .ഭാവിയിൽ ക്ഷേത്രത്തിൻ്റെയും തീർത്ഥക്കുളത്തിൻ്റെയും പുനരുദ്ധാരണമുണ്ടായേക്കും.





