
74: കുഞ്ഞുകുളങ്ങര ശിവക്ഷേത്രം
June 22, 2023
59: എരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
June 29, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 160
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് പൂർണ്ണമായും അടിച്ചു തകർത്ത ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ ചേലേമ്പ്ര പഞ്ചായത്ത് ഏഴാം വാർഡിലുള്ള വെണ്ണായൂർ ശ്രീ സുബ്രഹ്മണ്യ – മഹാവിഷ്ണു ക്ഷേത്രം. 2 ഏക്കർ 22 സെൻ്റ് ഭൂമിയിൽ ആനപ്പള്ളമതിലോടു കൂടി നൂറ്റാണ്ടുകൾക്കു മുമ്പ് പ്രസിദ്ധിയാർജ്ജിച്ച് നിന്നിരുന്ന ഈ ക്ഷേത്രസമുച്ചയത്തിലേക്ക് ഇരച്ചു കയറിയെത്തിയ ടിപ്പുവിൻ്റെ സൈന്യം രണ്ട് ക്ഷേത്രങ്ങളുടെയും ചുറ്റമ്പലവും നമസ്കാര മണ്ഡപവും തകർത്തു. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റി. സുബ്രഹ്മണ്യ വിഗ്രഹവും വിഷ്ണുവിഗ്രഹവും അടിച്ചുടച്ചു. ബലിക്കല്ല് കമ്പിപ്പാര കൊണ്ട് മറിച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ കമ്പിപ്പാര പൊട്ടിപ്പോയി. ബലിക്കല്ലിൻ്റ വിടവിൽ അന്നു പൊട്ടിയ ഇരുമ്പുപാരയുടെ ക്ഷണം ഇന്നുമുണ്ട്. ടിപ്പു തകർത്ത ഈ ക്ഷേത്രത്തെ പഴയ പ്രൗഢിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ഭഗീരഥ യത്നത്തിലാണ് വെണ്ണായൂർ ക്ഷേത്ര പരിപാലനക്കമ്മിറ്റി.
തലമുറകളായി വാമൊഴിയായി പകർന്നുനിൽക്കുന്ന ചരിത്രമാണ് വെണ്ണായൂർ ശ്രീ സുബ്രഹ്മമണ്യ – മഹാവിഷ്ണു ക്ഷേത്രത്തിനുള്ളത്. ക്ഷേത്ര ചരിത്രമോ, ടിപ്പുവിൻ്റെ അക്രമത്തെക്കുറിച്ചോ ഉള്ള ലിഖിത ചരിത്രങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അതേസമയം, ക്ഷേത്രത്തിനു നേരെ അക്രമം നടന്നു എന്നതിൻ്റെ ശക്തവും വ്യക്തവുമായ തെളിവുകൾ ക്ഷേത്രത്തിലുണ്ട്. മലബാർ മേഖലയിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും 1921 ലെ മാപ്പിള കലാപകാലത്തുമാണ് ഹിന്ദു ക്ഷേത്രങ്ങൾ അക്രമിക്കപ്പെട്ടത്. മാപ്പിള കലാപ കാലത്ത് തിരൂരങ്ങാടി, തേഞ്ഞിപ്പലം മേഖലകളിൽ കൊലയും കൊള്ളിവെപ്പും മതം മാറ്റലും സ്ത്രീകളെ തട്ടിക്കൊണ്ടുപോകലുമൊക്കെ വ്യാപകമായി നടന്നിട്ടുണ്ട്. എന്നാൽ ഈ ക്ഷേത്രസമുച്ചയം അക്കാലത്ത് അക്രമിക്കപ്പെട്ടതായി എവിടേയും പറഞ്ഞു കാണുന്നില്ല. അതിനാൽ മാപ്പിള കലാപകാലത്തിനു മുമ്പു തന്നെ ഈ ക്ഷേത്രം അക്രമിക്കപ്പെട്ടുവെന്നും അത് ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണെന്നും വാമൊഴി ചരിത്രത്തിൻ്റെ കൂടി ബലത്തിൽ ഉറപ്പിച്ചു പറയാവുന്നതാണ്.

മുവ്വായിരത്തോളം വർഷം പഴക്കമാണ് വെണ്ണായൂർ ശ്രീ സുബ്രഹ്മണ്യ – മഹാവിഷ്ണു ക്ഷേത്രത്തിന് കണക്കാക്കപ്പെട്ടിരിക്കുന്നത്. പഴയ കാലത്ത് ഒരു പ്രമുഖ മൂസ്സത് കുടുംബത്തിൻ്റെ ഊരായ്മയിലുള്ള ക്ഷേത്രസമുച്ചയമായിരുന്നു. പിൽകാലത്ത് കോഴിക്കോട് സാമൂതിരി ശാഖയായ കോട്ടയ്ക്കൽ കോവിലകത്തിന് ലഭിച്ചു. ഇപ്രകാരം ഊരായ്മ സിദ്ധിച്ചത് ഒടുവിലത്തെ ചേരമാൻ പെരുമാളിൻ്റെ കാലത്തായിരിക്കണം. കോട്ടക്കൽ കോവിലകത്തിനാണ് ഇപ്പോഴും ക്ഷേത്രത്തിൻ്റെ ഊരായ്മ സ്ഥാനം.
ബാലമുരുക ഭാവത്തിൽ മയിലിൻ്റെ പുറത്തു കയറി കുമാരൻ പ്രത്യക്ഷമായതാണ് ക്ഷേത്രോത്ഭവത്തിൻ്റെ ഐതിഹ്യം. ബാലമുരുകൻ മയിൽ വാഹനത്തിലേറി വന്ന് ഇരുന്ന ഭാഗം ശ്രീ മൂലസ്ഥാനമായി സംരക്ഷിക്കപ്പെട്ടു വരുന്നു. ക്ഷേത്രം കിഴക്കു ഭാഗത്തായി പിന്നീടു നിർമ്മിച്ചതാണ്.
ക്ഷേത്രസമുച്ചയത്തിൽ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. ഒന്ന് സുബ്രഹ്മണ്യ ക്ഷേത്രവും മറ്റൊന്ന് മഹാവിഷ്ണു ക്ഷേത്രവുമാണ്. രണ്ടു ക്ഷേത്രങ്ങളും പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഇരുപത് മീറ്റർ വടക്കുഭാഗത്താണ് മഹാവിഷ്ണു ക്ഷേത്രം. സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനേക്കാൾ ചെറുതാണ് മഹാവിഷ്ണുവിൻ്റ ശ്രീകോവിൽ. രണ്ടു ക്ഷേത്രങ്ങളും ചതുര ശ്രീകോവിലോടെയാണുള്ളത്. ഇരു ക്ഷേത്രങ്ങൾക്കും ചുറ്റമ്പലമുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദക്ഷിണാ മൂർത്തി ,ഗണപതി, ശിവൻ, വേട്ടക്കൊരുമകൻ, ദുർഗ്ഗ എന്നീ ഉപപ്രതിഷ്ഠകളുണ്ട്. മഹാവിഷ്ണു ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠകൾ ഇല്ല.
ക്ഷേത്രഭൂമിയിൽ തെക്കുഭാഗത്ത് കിഴക്കോട്ടു ദർശനത്തിൽ അയ്യപ്പനും മൂലസ്ഥാനത്തിനു തെക്കുഭാഗത്ത് നാഗ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രഭൂമിയിൽ നിന്നും ഏതാണ്ട് 200 മീറ്റർ തെക്കു കിഴക്കു ഭാഗത്തായിട്ടാണ് തീർത്ഥക്കുളം. കുളത്തിന് രണ്ട് ഏക്കർ വിസ്തൃതിയാണുള്ളത്. പെരുംകുളം എന്ന പേരിൽ ഇത് അറിയപ്പെടുന്നു. രണ്ടു ക്ഷേത്രങ്ങളിലുംതീർത്ഥക്കിണറുകളുണ്ട്. ക്ഷേത്രഭൂമിയുടെ നാലുഭാഗത്തും ആനപ്പള്ളമതിലുണ്ടായിരുന്നു. മകരമാസത്തിലെ തൈപ്പൂയ്യം വളരെ ആഘോഷത്തോടെ നടത്തിവന്നിരുന്ന ഉത്സവമാണ്. തൈപ്പൂയ്യം ഇപ്പോഴുംആഘോഷിച്ചു വരുന്നുണ്ട്. ക്ഷേത്രത്തിന് ചുറ്റുഭാഗവുമുള്ള ഭൂമികളിൽ ക്ഷേത്ര കഴകക്കാർ താമസിച്ചിരുന്നുവെന്നത് പ്രമാണരേഖകളിൽ കാണാം.

ക്ഷേത്രത്തിൻ്റെ നാശം സംഭവിച്ചത് ടിപ്പുവിൻ്റെ പടയോട്ടക്കാലത്തോടെയാണ്. ആനപ്പള്ളമതിൽ ഇന്നില്ല. അത് അക്കാലത്ത് തകർത്തതാണെന്ന് കരുതുന്നു. സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം പൂർണ്ണമായും തകർത്തു. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റി. മുഖവും നെഞ്ചിന് ഭാഗവും തകർത്ത നിലയിലാണ് ഇപ്പോഴുമുള്ളത്. നമസ്കാര മണ്ഡപവും തകർത്തു. അതിൻ്റെ തറ ഇപ്പോഴുമുണ്ട്. സമാന രീതിയിൽത്തന്നെയാണ് വിഷ്ണു ക്ഷേത്രവും തകർത്തത്. ഇവിടേയും ചുറ്റമ്പലവും നമസ്കാര മണ്ഡപവും ദ്വാരപാലകരുടെ ശിൽപ്പങ്ങളും വിഷ്ണു വിഗ്രഹവും തകർത്തു. സുബ്രഹ്മണ്യ ക്ഷേത്രത്തിനു വെളിയിലുള്ളതും നാല് ഖണ്ഡങ്ങളാക്കി അടുക്കി വെച്ച നിലയിലുള്ളതുമായ നിർമ്മിതിയായ ബലിക്കല്ലിൻ്റെ രണ്ടാമത്തെ ഖണ്ഡത്തിൻ്റെ വിടവിലൂടെ ഇരുമ്പു പാരക്കോൽ തിരുകി മറിച്ചിടാൻ ശ്രമിച്ചപ്പോൾ ഇരുമ്പുപാര മുറിഞ്ഞുപോയി. പ്രസ്തുത ശ്രമം ഉപേക്ഷിച്ചു. മുറിഞ്ഞ ഇരുമ്പുപാരക്കോൽ ഇപ്പോഴും ബലിക്കല്ലിൽ കാണാം.
ടിപ്പു ക്ഷേത്രസമുച്ചയം തകർത്തെങ്കിലും തകർക്കപ്പെട്ട വിഗ്രഹ കഷണങ്ങൾ അടുക്കി വെച്ചാണ് രണ്ട് ക്ഷേത്രങ്ങളിലും പൂജ നടത്തിവന്നിരുന്നത്. എ.ഡി. 2013 ലാണ് വിഗ്രഹം മാറ്റി പുനഃപ്രതിഷ്ഠിച്ചത്. മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തെങ്കിലും പരിപാലിക്കുന്നത് വെണ്ണയൂർ ക്ഷേത്ര പരിപാലന കമ്മിറ്റിയാണ്. ചേരൂർ ഗോപിനാഥൻ നായർ പ്രസിഡൻ്റും ജയേഷ് കുമാർ ഇല്ലത്തും കണ്ടി സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. ദിവസേന പൂജയുള്ള ഈ ക്ഷേത്രസമുച്ചയത്തിൻ്റെ തന്ത്രി പൊടിയോരൻ കുബേരൻ നമ്പൂതിരിയാണ്. മലയാള മാസം ഇടവം ആറിനാണ് പ്രതിഷ്ഠാദിനം.

തീർത്ഥക്കുളം ഭിത്തി കെട്ടി സംരക്ഷിക്കാനുണ്ട്. നമസ്ക്കാര മണ്ഡപങ്ങൾ പുനരുദ്ധരിക്കണം. ദ്വാരപാലകരുടെ ശിൽപ്പങ്ങൾ നാലും അറ്റകുറ്റപണികൾ ചെയ്യണം. ആനപ്പള്ളമതിൽ പുന:സ്ഥാപിക്കണം. ഇതൊക്കെയാണ് അവശേഷിക്കുന്ന പുനരുദ്ധാരണ പദ്ധതികൾ. ഭക്തജനങ്ങളുടെ സഹായം തേടുകയാണ് പുനരുദ്ധാരണ കമ്മിറ്റി.