158: പാക്കം കോട്ട ക്ഷേത്രസമുച്ചയം

157: സീതാദേവി ലവ കുശ ക്ഷേത്രം
June 20, 2023
74: കുഞ്ഞുകുളങ്ങര ശിവക്ഷേത്രം
June 22, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 158

ആനച്ചൂരുള്ളവനാന്തരത്തിൽ തകർക്കപ്പെട്ട ഒരു ക്ഷേത്ര സമുച്ചയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനത്തിലാണ് വയനാട്ടിലുള്ള കുറുവ വനത്തിലെ കാട്ടുനായ്ക്കരും കുറുമരുമായ ചെറിയാമല വനവാസികൾ. മതപരിവർത്തനത്തിന് ചൂണ്ടയിട്ടു നടക്കുന്ന മത പ്രചാരകരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴാതെ  പ്രവർത്തി പഥത്തിലൂടെ സ്വന്തം അസ്തിത്വത്തെ ദൃഢപ്പെടുത്തുന്നതിന്, പണ്ട് ടിപ്പു തകർത്ത് മുച്ചൂടും മുടിച്ച  ക്ഷേത്രസമുച്ചയം പുനഃസ്ഥാപിക്കാൻ യത്നിക്കുന്ന ഈ മനുഷ്യരുടെ സ്വധർമ്മത്തോടുള്ള വികാര വിചാരങ്ങളുടെ മുന്നിൽ  മുഴുവൻ ഹൈന്ദവരും കൈതൊഴണം. പാക്കം കോട്ടയിലെ ദൈവങ്ങൾ  ചെറിയാമല ഊരിൻ്റെ ശക്തിയും ചൈതന്യവുമായി നില നിൽക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ആവശ്യമാണെന്ന ബോധം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. സാമ്പത്തിക വിഷമം കാരണം ക്ഷേത്ര പുനരുദ്ധാരണം നിർത്തിവെച്ചിരിക്കുകയാണ്. അഞ്ച് ചെറിയ ക്ഷേത്രങ്ങളാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.           

വയനാട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കുറുവ ദ്വീപ്. കബനീനദിയാൽ ചുറ്റപ്പെട്ട വനമേഖല. ദ്വീപിൽ കാണാൻ തക്കതൊന്നുമില്ല. ദ്വീപും അനുബന്ധ പ്രദേശങ്ങളുമൊക്കെ വനമാണ്. കബനി ഒഴുകുന്നത് കുറുവയിലെ ചെറിയ മലയക്ക് അരഞ്ഞാണം ചാർത്തിക്കൊണ്ടാണ്. കുറുമ വിഭാഗക്കാരായ വനവാസികൾ ധാരാളമുള്ള ദ്വീപ് വനമേഖല കുറുമരുടെ ദ്വീപെന്ന് അറിയപ്പെട്ടു. കുറുമ പ്രദേശം പിൽക്കാലത്ത് ” കുറുവ ” എന്നപേരിൽ അറിയപ്പെട്ടു. കേരളത്തിൽ കുറുവ എന്നു പേരുള്ള ഒരു സ്ഥലം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്താണ്. ഇവിടെ കുറുവ എന്ന പേരിൽ ഒരു ഗ്രാമപ്പഞ്ചായത്ത തന്നെയുണ്ട്. പഴയ കാലത്ത് ഇവിടെയുള്ള മലകളിൽ ആദിവാസി വിഭാഗമായ കുറുമർ വസിച്ചിരുന്നുവെന്നും പിൽക്കാലത്ത് ഇവർ അന്യം നിന്നുപോവുകയോ പശ്ചിമഘട്ടമലനിരകളിലെ വനങ്ങളിലേക്ക് പലായനം ചെയ്യുകയോ ആണ് ഉണ്ടായത്. കുറുമരുടെ ദേശം ഇവിടേയും പിൽക്കാലത്ത് കുറുവ ആവുകയാണുണ്ടായത്.

കബനിയുടെ തീരത്തെ നിബിഡവനമായ ഒരു മലയാണ് ചെറിയാമല. ശരിയായ പേര് ചെറിയ മല എന്നായിരിക്കണം. വനവും നദിയും ചേരുന്നിടത്ത്‌ പൊതുവെ മനുഷ്യവാസം ഉണ്ടാകാറുണ്ട്. വനവാസികൾക്കു പുറമെ മറ്റ് ആദിമ നിവാസികളും താപസ ശ്രേഷ്ഠൻമാരുമാണ് ഉണ്ടാകാറുള്ളത്. ചെറിയാമലയ്ക്ക് അമ്പത് ഏക്കർ വിസ്തൃതിയാണുള്ളത്. ഇവിടെ മുമ്പുണ്ടായിരുന്ന പാറകളിൽ വൃത്താകാരത്തിലും ചതുരത്തിലുമുള്ള കുഴികൾ ഉണ്ടായിരുന്നതായി വനവാസികൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് അത്തരം കുഴികളൊന്നും കാണുന്നില്ല. അവർ തന്ന വിവരം ശരിയാണെങ്കിൽ ചെറിയാമലയുടെ ഉപരി പ്രദേശത്ത് പഴയ കാലത്ത് ഇരുമ്പു യുഗത്തിലെ ജനങ്ങൾ അധിവസിച്ചിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടെ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ പ്രതിഷ്ഠകൾ മഹാവിഷ്ണുവും, ശിവനും, ദുർഗ്ഗയും, ഭദ്രകാളിയും, ഗണപതിയുമാണ്.

ഇരുമ്പു യുഗത്തിലും പൂർവ്വിക കാലത്ത് ആദിവാസികളിലും ഈ ദൈവങ്ങളെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന പതിവില്ല. വൃക്ഷങ്ങളേയും ഈശ്വര സങ്കൽപ്പത്തിൽ കല്ലുകളിൽ ശാക്തേയ പൂജകളുമൊക്കെയാണ് നടത്തിവന്നിരുന്നത്. വളരെ കാലത്തിനു ശേഷമാണ് ഇതിനെല്ലാം ഒരു മാറ്റം വന്നത്. ഈ സാഹചര്യത്തിൽ ഇവിടെയുള്ള വിഗ്രഹ സങ്കൽപ്പങ്ങൾ പല ഘട്ടങ്ങളിലായി ചെറിയാമലയിൽ വസിച്ചിരുന്ന സന്ന്യാസിശ്രേഷ്ഠൻമാർ പ്രതിഷ്ഠിച്ചതാവണം. ആദിമകാലത്ത് ഇവിടെ ഭദ്രകാളിയെ ഇരുമ്പു യുഗത്തിലെ മനുഷ്യർ പൂജിച്ചിട്ടുണ്ടാവണം. പിൽക്കാലത്തു വന്ന ശാക്തേയോപാസകരായ സന്ന്യാസിമാർ ഈ ശക്തി ചൈതന്യങ്ങളെ തിരിച്ചറിയുകയും ആ തേജസ്സുകളെ തുടർന്ന് ആരാധിച്ചു വന്നിരുന്നതായും അനുമാനിക്കേണ്ടതുണ്ട്. ശൈവാരാധകരും വൈഷ്ണവാരാധകരും ആയ ഋഷീശ്വരൻമാർ പല ഘട്ടങ്ങളിലായി ഇവിടെ തപസ്സു ചെയ്തതിനാലാണ് പിന്നീട് ഒരേ സ്ഥലത്തു തന്നെ ശിവനും, വിഷ്ണുവും, ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ടത്.

ക്ഷേത്രഭൂമിയിൽത്തന്നെ തീർത്ഥച്ചിറയും ഉണ്ട്. ഋഷീശ്വരൻമാരുടെ കാലത്തു തന്നെ ഈ ക്ഷേത്രസമുച്ചയം വനവാസികൾക്കു പരിചിതമായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. അവർ ക്ഷേത്രസമുച്ചത്തിലെ ദേവചൈതന്യങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിൽക്കാലത്ത് ഋഷീശ്വരൻമാർ ഇല്ലാത്ത ഘട്ടത്തിൽ വനവാസികളാണ് ഈ ക്ഷേത്രസമുച്ചയം പരിപാലിച്ചു വന്നത്. വനവാസികൾ പരമ്പരാഗതമായി ആരാധന നടത്തിവന്നിരുന്ന മലദേവതകൾ ഈ ക്ഷേത്രസമുച്ചയത്തിൽ പ്രതിഷ്ഠിച്ചിട്ടില്ല എന്നതിൽ നിന്നു തന്നെ ഈ ക്രമം സാധൂകരിക്കപ്പെടുന്നതാണ്. മാത്രമല്ല ഗുളികൻ തറ ക്ഷേത്രഭൂമിയിൽ നിന്നും മാറി ഇരുനൂറ് മീറ്ററോളം അകലെയാണ്.

പഴയ ക്ഷേത്രം

                                        

മേൽ വിവരിച്ച പ്രകാരം പല കാലങ്ങളിലും ഘട്ടങ്ങളിലും രൂപാന്തരം കൊണ്ട ക്ഷേത്രസമുച്ചയത്തിൻ്റെ ഉടമസ്ഥാവകാശം ഇവിടെയുള്ള മൈനർമാരായ ദേവൻമാരിൽത്തന്നെ നിക്ഷിപ്തമാണ്. ക്ഷേത്രസമുച്ചയത്തിന് ഊരായ്മാവകാശമുള്ള കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. പഴയ കാലത്ത് വയനാട് വേട രാജാക്കൻമാരുടെ അധീനതയിലുള്ളപ്പോൾ മറ്റു ക്ഷേത്രങ്ങളെ പോലെ ഈ ക്ഷേത്രസമുച്ചയവും വേടരാജാക്കൻമാരുടെ അധീനതയിലായി. പഴശ്ശിരാജ വേടരാജാക്കൻമാരിൽ നിന്നും വയനാട് പിടിച്ചെടുത്തപ്പോൾ പഴശ്ശിയുടെ അധീനതയിലുമായി. ഈ ഘട്ടത്തിൽ ക്ഷേത്രപരിപാലനത്തിന് പഴശ്ശി എല്ലാ വിധ സഹായവും നൽകിയിരുന്നു. ക്ഷയോൻമുഖമായ ഈ ക്ഷേത്രസമുച്ചയം മാറോടു മേഞ്ഞ് പുതുക്കി നിർമ്മിച്ചത് പഴശ്ശി രാജയാണ്.

ക്ഷേത്രവളപ്പിൽ തകർന്ന ക്ഷേത്രങ്ങളുടെ മാറോടുകളുടെ അവശിഷ്ടം ഇപ്പോഴും കാണാം. വീരപഴശ്ശിയെ എക്കാലവും പിന്തുണയ്ക്കുകയും യുദ്ധവേളകളിൽ പഴശ്ശിക്ക് വേണ്ടി വീരമൃത്യു വരിക്കാൻ വരെ വനവാസികൾ തയ്യാറായി കൂടെയുണ്ടാവുകയും ചെയ്തിരുന്നു. ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത് മലയുടെ മുകൾ പരപ്പിലാണെന്നു പറഞ്ഞല്ലോ. മുകൾ പരപ്പ് മാത്രം മൂന്ന് ഏക്കറിലേറെ വിസ്തൃതിയുണ്ട്. യുദ്ധവേളകളിൽ കേന്ദ്രീകരിക്കാൻ അനുയോജ്യമായ സ്ഥലമാണിത്. ടിപ്പുവിനെതിരായ പോരാട്ടത്തിലും, അതിനു ശേഷം ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിലും ക്ഷേത്രസമുച്ചയം പഴശ്ശി സൈനിക കേന്ദ്രമാക്കിയിരുന്നുവെന്ന് കരുതേണ്ടതുണ്ട്. പാക്കം കോട്ട എന്ന പേരിലാണ് ക്ഷേത്ര സമുച്ചയം അറിയപ്പെടുന്നത്. കോട്ട എന്ന പദം സൈനികത്താവളത്തെ സൂചിപ്പിക്കുന്നു. ക്ഷേത്രസമുച്ചയം ടിപ്പു തകർത്തുവെന്നാണ് തലമുറകൾ കൈമാറിയ നാട്ടു ചരിത്രം. ക്ഷേത്രം തകർത്ത ശേഷം ടിപ്പുവിൻ്റെ സൈന്യം ഇവിടെ കേന്ദ്രീകരിച്ചതിനാൽ കോട്ട എന്ന വിശേഷണം വന്നതാണോ എന്നും വ്യക്തമല്ല. ഇതെല്ലാം നിഗമനങ്ങളും വാമൊഴി ചരിത്രവുമാണ്.

ബാലാലയം

         

പാക്കം കോട്ട ക്ഷേത്രസമുച്ചയത്തിനു നേർക്ക് ശക്തമായ അക്രമം നടന്നുവെന്നത് വസ്തുതയാണ്. വാമൊഴി ചരിത്ര പ്രകാരം ടിപ്പുവാണ് തകർത്തത്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രായമുള്ളവർ പറഞ്ഞത് അവരുടെ കുട്ടിക്കാലത്ത് തകർന്ന് കാട് മൂടി കിടക്കുന്ന ക്ഷേത്രഭൂമിയായിരുന്നുവെന്നാണ്. ഇടയ്ക്ക് എപ്പോഴോ തകർന്ന ഒരു ശ്രീകോവിൽ തറയിൽ ഇരുന്നു തകിടുകൾ വെച്ച് സംരക്ഷിച്ചു വന്നു. ചെറിയാമലയുടെ താഴെയാണ് ചെറിയാമല ഊര്. കാട്ടുനായ്ക്കരും കുറുമരും അടങ്ങുന്ന ആദിവാസി ഗോത്ര സമൂഹമാണിത്. നാൽപ്പത്തഞ്ച് വീടുകളാണുള്ളത്. ചെറിയാമല ആദിവാസി കോളനിയിലെ ഇപ്പോഴത്തെ മൂപ്പൻ 90 വയസ്സു കഴിഞ്ഞ “വെളുത്ത ” ആണ്. തങ്ങളുടെ ഐശ്വര്യവും കാവലും പാക്കം കോട്ടയിലെ ദൈവങ്ങളാണെന്ന് ഇവർ വിശ്വസിക്കുന്നു.

തകർന്ന് കാടുമൂടിയ ക്ഷേത്രസമുച്ചയം പുനരുദ്ധാരണം ചെയ്യാൻ തീരുമാനിച്ചത് 2020 ലാണ്. സാമ്പത്തികമായി യാതൊരു കഴിവുമില്ലാത്ത ഇവർ സ്വന്തം സമ്പാദ്യവും മനുഷ്യ ശേഷിയും ഉപയോഗിച്ച് ക്ഷേത്രസമുച്ചയം പുന:സ്ഥാപിക്കാൻ ചെറിയ ക്ഷേത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. കൊടും വനത്തിലൂടെ തലച്ചുമടായാണ് വനവാസികൾ നിർമ്മാണ സാമഗ്രികൾ ക്ഷേത്രസമുച്ചയത്തിൽ എത്തിക്കുന്നത്. ബാലാലയത്തിൽ ദേവൻമാരെയെല്ലാം പ്രതിഷ്ഠിച്ചിട്ടുണ്ട്. ആദിവാസികളുടെ പാക്കം ദൈവം മഹാവിഷ്ണുവാണ്. ശിവൻ അവർക്ക് പൂതാടിയും. ദുർഗ്ഗയും ഭദ്രകാളിയും തമ്പുരാട്ടിയും മകളും. ക്ഷേത്രസമുച്ചയം സിമൻ്റിൽ വാർപ്പിട്ട നിലയിലാണ്. അഞ്ച് ചെറിയ ക്ഷേത്രങ്ങളാണ് നിർമ്മിക്കുന്നത്. സാമ്പത്തിക വിഷമം നിമിത്തം ജോലിയെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ളവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. 

പക്കം കോട്ട ക്ഷേത്രസമുച്ചയം

               

ക്ഷേത്ര പരിപാലന കമ്മിറ്റിയും വനവാസികൾ തന്നെയാണ്. ചെറിയാമല വേണു പ്രസിഡൻ്റും ചെറിയാമല രാധാകൃഷ്ണൻ സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് നിലവിലുള്ളത്. കമ്മിറ്റിക്ക് ബാങ്ക് അക്കൗണ്ടുമുണ്ട്. കാട്ടാമ്പൊയിൽ മനയിലെ കണ്ണനാണ് തന്ത്രി. എല്ലാ മലയാള മാസവും രണ്ട്, പതിനഞ്ച് തിയ്യതികളിൽ പൂജയുണ്ട്. വനവാസി ഗോത്രസംസ്കാര പ്രകാരമുള്ള ചടങ്ങുകളാണ് ഇവിടെ നടക്കാറുള്ളത്. തുലാപ്പത്ത്, ഏഴാം വിഷു, ഏഴാം ഓണം എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നുണ്ട്. കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത അത്രയും പഴക്കം ചെറിയാമല പാക്കം കോട്ട ക്ഷേത്രസമുച്ചയത്തിനുണ്ട്.

Leave a Comment