155: കിടങ്ങനാട് ബസ്തി ജൈനക്ഷേത്രം

154: ഓടപ്പള്ളം കിരാത ശിവപാർവ്വതി ക്ഷേത്രം
June 16, 2023
156: സീതാദേവി ലവകുശ ക്ഷേത്രം
June 19, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 155

മലബാറിലേക്ക് പടനയിച്ച ടിപ്പു മൈസൂരിൽ നിന്നും താമരശ്ശേരി ചുരം തേടിനീങ്ങി. കർണ്ണാടകയിൽ നിന്നും വയനാടൻ മേഖലയിൽ എത്തിയതോടെ ടിപ്പുവിൻ്റെ മട്ടു മാറി. കണ്ണിൽക്കണ്ട ക്ഷേത്രങ്ങൾ മുഴുവൻ തകർത്തു. ഗണപതി വട്ടത്തെ മഹാഗണപതി ക്ഷേത്രമാണ് ആദ്യം തകർത്തത്. ഹിന്ദു ക്ഷേത്രങ്ങൾ മാത്രമല്ല നിരവധി ജൈനക്ഷേത്രങ്ങളും ടിപ്പു തകർത്തിട്ടുണ്ട്. പ്രവേശനത്തിന് നിയന്ത്രണമുള്ള വയനാടൻ വനങ്ങളിൽ തകർക്കപ്പെട്ട് കാട് മൂടിക്കിടക്കുന്ന അനവധി ക്ഷേത്രങ്ങളുണ്ട്. കുറച്ചു ഭാഗം തകർക്കുകയും തുടർന്ന് തൻ്റെ ആയുധപ്പുരയാക്കുകയും ചെയ്ത ഒരു ജൈനക്ഷേത്രമാണ് കിടങ്ങനാട് ബസ്തി എന്ന പേരിൽ അറിയപ്പെടുന്ന ഗണപതി വട്ടത്തെ ബത്തേരി ജൈന ക്ഷേത്രം.

കൊള്ളയടിക്കാൻ അകത്തു കയറിയ ടിപ്പുവിൻ്റെ സൈന്യം ശ്രീകോവിലിലെ വിഗ്രഹം പുഴക്കിയെറിഞ്ഞു. ശ്രീകോവിലിനകം കുഴിച്ചു നോക്കി. അവിടെ നിന്നും വിലപിടിച്ച രത്നങ്ങളും മറ്റും കൊള്ളയടിച്ചു. തുടർന്ന്  ആ ക്ഷേത്രം ടിപ്പു ആയുധപ്പുരയാക്കി. ടിപ്പുവിൻ്റെ കോട്ട എന്ന പേരിലും ഈ ജൈനക്ഷേത്രം അറിയപ്പെടുന്നു. ഇന്നത്തെ സുൽത്താൻ ബത്തേരി നഗരഹൃദയത്തിൽ മൈസൂർ – താമരശ്ശേരി റോഡരുകിലാണ് ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കിടങ്ങനാട് ബസ്തി ജൈനക്ഷേത്രം

 കിടങ്ങനാട് ബസ്തി ജൈനക്ഷേത്രവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിൽ നിക്ഷിപ്തമാണ്. ചരിത്ര പ്രാധാന്യമേറിയ ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയാണ് സംരക്ഷിച്ചു വരുന്നത്. മേൽവിവരിച്ച പ്രകാരമുള്ള ജൈനക്ഷേത്രത്തിൻ്റെ ചരിത്രം വയനാട്ടിലേക്കുള്ള ജൈനമതസ്ഥരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനമതാനുയായികൾ കേന്ദ്രീകരിച്ചിരുന്ന പ്രദേശമാണ് വയനാട് . വയനാട്ടിലേക്കുള്ള ജൈനരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട ശിലാശാസനങ്ങൾ വയനാട്ടിലെ പല പ്രദേശങ്ങളിലും കാണാവുന്നതാണ്. ചരിത്രകാരൻമാർ ഇവ കണ്ടെത്തി നേരത്തെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

വരദൂർ ജലധാരാ ലിഖിതം, കിറ്റൂർ ലിഖിതം, മാരിയമ്മൻകോവിൽ ശാസനം, തിരുനെല്ലി ലിഖിതങ്ങൾ, മൂല കാവ് ശിലാലിഖിതം തുടങ്ങിയവയിൽ ജൈനമതക്കാരുടെ കൂടിയേറ്റവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് സ്വീകരിക്കാവുന്ന തെളിവു സാമഗ്രികളാണ്. മൂലകാവ് ശിലാലിഖിതത്തിൽ പതിനേഴ് വരികളിലായി ഷെം തീർത്ഥങ്കരൻമാർ ഇവിടെ വസിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശിലാലിഖിതത്തിൽ കണ്ട ചില അടയാളങ്ങൾ ഇങ്ങനെയാണ് -ലിഖിതത്തിൻ്റെ മദ്ധ്യഭാഗത്ത് മുക്കുട. ഇരുഭാഗത്തും സൂര്യചന്ദ്രൻമാരും തുറന്നുവെച്ചിരിക്കുന്ന ഗ്രന്ഥവും വെൺചാമരവുമാണ്. മൂലങ്കാവ് ലിഖിതത്തിൻ്റെ രചന പ്രാചീന കന്നഡയായ ഹോള കന്നഡയിൽ രചിക്കപ്പെട്ടതാണ്. നാലാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീന ജൈന ക്ഷേത്രം കൂടിയാണിത്.   

ക്ഷേത്ര ശ്രീകോവിൽ

       

ഗണപതി വട്ടം എന്ന സ്ഥലത്താണ് കിടങ്ങനാട് ബസ്തി ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ന് സുൽത്താൻ ബത്തേരി എന്നറിയപ്പെടുന്ന പ്രദേശം പ്രാചീനകാലത്ത് ഗണപതി വട്ടം ആയിരുന്നു. ഇവിടെ ഒരു മഹാഗണപതി ക്ഷേത്രമുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് ജൈനമതക്കാരുടെ പലായനമുണ്ടായത് മൂന്നാം നൂറ്റാണ്ടിലാണ്. അവർ കർണ്ണാടകയിലെ കഴുക മലയിൽ കേന്ദ്രീകരിച്ചു. ഈ പ്രദേശം ജൈനരുടെ ആധിപത്യത്തോടെ ‘ശ്രാവണ ബൽഗോള ‘ എന്നറിയപ്പെട്ടു. നാലാം നൂറ്റാണ്ടോടെയാണ് ശ്രാവണ ബൽ ഗോളയിൽ നിന്നും ജൈന മതക്കാർ വയനാട്ടിലേക്ക് കുടിയേറുന്നത്.

ബി.സി. കാലഘട്ടത്തിനു മുമ്പു തന്നെ ഒരുമിച്ചു കടന്നു പോയിരുന്ന വാണിജ്യപാതകളുണ്ടായിരുന്നു. അതു കൊണ്ടുതന്നെ വാണിജ്യ പരമായ ഏറെ പ്രത്യേകതകൾ പൂർവ്വിക കാലത്തു തന്നെ വയനാടിനുണ്ടായിരുന്നു. വേട രാജാക്കൻമാരുടെ ഭരണ ഭൂപ്രദേശമായിരുന്നു വയനാട്. പഴശ്ശിരാജ വയനാട് വേടരാജാക്കൻമാരിൽ നിന്നും പിടിച്ചെടുത്തു. അതിനു ശേഷമാണ് കുടിയിരിപ്പു രേഖ എന്ന നിലയിൽ കുടിയേറിയ ജൈനമതക്കാർക്ക് പഴശ്ശിരാജ ” തരക്” നൽകുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടതാണ് ഇവിടെ കാണുന്ന ശിലാലിഖിതങ്ങൾ അഥവാ ശിലാശാസനങ്ങൾ. 

ജൈനരുടെ ആധിപത്യം വന്നതോടെ പ്രാചീനമായി ഉണ്ടായിരുന്ന സ്ഥലനാമങ്ങൾക്ക് ഭേദഗതി വരുത്തുകയും പുതിയ സ്ഥലനാമങ്ങൾ രേഖപ്പെടുത്തുകയും ചെയതിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന പ്രമുഖ ജൈന തറവാട്ടുകാർ നിർമ്മിച്ചതാണ് കിടങ്ങനാട് ബസ്തി ജൈന ക്ഷേത്രം. ഗണപതി വട്ടത്തിൽ ജൈനരുടെ ഒരു വലിയ വ്യാപാര കേന്ദ്രം രൂപീകൃതമായതോടെ ഗണപതി വട്ടത്തിന് “ഹന്നരുഡു ബീഥി ” എന്ന പേരുണ്ടായി. പന്ത്രണ്ട് വഴികൾ കൂടിച്ചേർന്ന പ്രദേശമായിരുന്നുവത്രെയിത്. ഇവിടെ വാസമുറപ്പിച്ച കൊങ്ങുച്ചെട്ടി മാർക്ക് ഹന്നരുഡു ബീഥി “പതിരണ്ട് ചാലത്തങ്ങാടി”യായി. പടനയിച്ചെത്തിയ ടിപ്പു ആധിപത്യം സ്ഥാപിച്ച പ്രമുഖ സ്ഥലങ്ങളുടെയൊക്കെ പേരുകൾ മാറ്റിയിട്ടുണ്ട്. ആദ്യം പേരു മാറ്റാൻശ്രമിച്ച പ്രദേശം ഗണപതി വട്ടമാണ്. എന്നാൽ ആ ശ്രമം എന്തുകൊണ്ടോ വിജയിച്ചില്ല. പിന്നീട് ഗണപതി വട്ടത്തിൻ്റെ പേരുമാറ്റിയത് ബ്രിട്ടീഷുകാരാണ്. അവർ “സുൽത്താൻസ് ബാറ്ററി ” എന്നാണ് പേരു പരിഷ്കരിച്ചത്. ബ്രിട്ടീഷുകാർ നൽകിയ പേര് പിൽക്കാലത്ത് സുൽത്താൻ ബത്തേരിയുമായി.

ക്ഷേത്രത്തിന്റെ മുൻവശം

             

ജൈനവാസ്തു വിദ്യയുടെ സർഗ്ഗാത്മകതയും മനുഷ്യശേഷിയും ഒരുമിച്ചുചേർന്ന ചാരുതയുടെ മൂർത്തരൂപമാണ് കിടങ്ങനാടുബസ്തി ജൈന ക്ഷേത്രം. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഒരു നിർമ്മിതിയാണിത്. ദീർഘചതുരാകൃതിയിലാണ് ക്ഷേത്രം. മുഖമണ്ഡപം, ഗർഭഗൃഹം, അർദ്ധ മണ്ഡപം, മഹാമണ്ഡപം, കവാട ഗോപുരം എന്നിവയാണ് നിർമ്മിച്ചത്. കൈക്കരുത്തിലൂടെ കരിങ്കല്ലുപലക രൂപത്തിൽ വെട്ടിയെടുത്തവയാണ് ക്ഷേത്ര മേൽക്കൂര. കൊത്തുപണികളോടെ നിർമ്മിച്ച തൂണുകൾ മേൽപ്പുരകളെ താങ്ങി നിർത്തിയിരിക്കുന്നു. ഗർഭഗൃഹത്തിനകത്ത് പീഠത്തിലാണ് വിഗ്രഹം ഉറപ്പിച്ചിരുന്നത്. വയനാട്ടിൽ ജൈനമതത്തിൻ്റെ സജീവ കാലത്ത് പ്രഭാവത്തോടെ സ്ഥിതി ചെയ്തിരുന്ന ഒരു ക്ഷേത്രമാണിത്.             

ആമുഖമായി പറഞ്ഞതുപോലെത്തന്നെ ടിപ്പു പടയോട്ടക്കാലത്ത് ജൈന ക്ഷേത്രം കയ്യേറി ചില ഭാഗങ്ങൾ തകർത്തു. പിന്നീടാണ് ഈ ക്ഷേത്രം തൻ്റെ ആയുധപ്പുരയും വെടിമരുന്നു സൂക്ഷിപ്പുകേന്ദ്രവുമാക്കാൻ അനുയോജ്യമാണെന്നു മനസ്സിലായത്. ഇതിന് ക്ഷേത്രം എന്ന സങ്കൽപ്പം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ആദ്യം ചെയ്തത്. ജൈനക്ഷേത്രത്തിലെ വിഗ്രഹം പുഴക്കിയെറിഞ്ഞു. ശ്രീകോവിലിനകത്തെ ധനം കൊള്ളയടിച്ചു. അതിനു ശേഷം ഈ ക്ഷേത്രം ടിപ്പുവിൻ്റെ ആയുധങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രമാക്കി. ഗണപതി വട്ടം ഗണപതി ക്ഷേത്രം സൈന്യത്തിൻ്റെ താവളവും ചുരുക്കിപ്പറഞ്ഞാൽ, ടിപ്പുവിൻ്റെ സൈന്യത്തിൻ്റെ എനർജിയുടെ കേന്ദ്രമായിരുന്നു ഗണപതിവട്ടം. അതു കൊണ്ടാണ് ബ്രിട്ടീഷുകാർ ഗണപതി വട്ടത്തെ”സുൽത്താൻസ് ബാറ്ററി ” എന്നു വിളിച്ചുവന്നത്.               

ടിപ്പു ആയുധപ്പുരയാക്കി മാറ്റിയ ജൈനക്ഷേത്രം ആരും തിരിഞ്ഞു നോക്കാതെ കിടന്നു. അതേ സമയം ഈ ക്ഷേത്രത്തിൻ്റെ നിർമ്മാണ വൈഭവം വിദേശിയരെ അടക്കം ആകർഷിച്ചു. പിന്നീടാണ് ഈ ജൈന ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയത്. ദിവസേന ധാരാളം ആളുകൾ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണിപ്പോൾ. ഗർഭഗൃഹത്തിൽ പീഠം മാത്രമാണുള്ളത്. അതിനകത്തേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.

Leave a Comment