
149: മുതുതല നരസിംഹ ക്ഷേത്രം
June 9, 2023
151:പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രം
June 10, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 150
ഹിന്ദു ക്ഷേത്രങ്ങളുടെ ശ്രീകോവിലിനകത്ത് സ്വർണ്ണവും പണവും നിക്ഷേപമുണ്ട് എന്ന ഒരു ധാരണ പഴയ കാലം മുതൽ നിലവിലുണ്ട്. അധിനിവേശ ശക്തികൾ ഇന്ത്യയുടെ ഏതു ഭാഗം കയ്യേറുമ്പോഴും ആദ്യം തകർക്കുന്നത് ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങൾ കൊള്ളയടിച്ച് ധനസമാഹരണം നടത്തുന്ന ഇവർ അതിനു ശേഷം ക്ഷേത്രം തകർക്കും. കൊള്ളയടിയിലൂടെ ധനസമാഹരണവും ക്ഷേത്രം തകർക്കുന്നതിലൂടെ ഹിന്ദു പരമ്പര്യത്തെ പിഴുതെറിയലുമാണ് അവരുടെ ലക്ഷ്യം.
അധിനിവേശ ശക്തികൾ നടത്തിയ ക്ഷേത്ര ധ്വംസനത്തിൻ്റെയും തകർക്കലിൻ്റേയും ചരിത്രമുറങ്ങുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. പ്രത്യേകിച്ച് മലബാർ മേഖലയിൽ. ഹൈദരാലിയുടേയും ടിപ്പുവിൻ്റേയും പടയോട്ടക്കാലത്താണ് മലബാറിൽ ആയിരക്കണക്കിനു ക്ഷേത്രങ്ങൾ തകർത്തത്. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സാന്നിദ്ധ്യകാലത്തും ക്ഷേത്രങ്ങൾക്ക് മരണവാറൻ്റ് പുറപ്പെടുവിച്ചിരുന്നു. നമ്പൂതിരിമാരായ ഊരാള കുടുംബങ്ങൾ കമ്യൂണിസ്റ്റാവണമെങ്കിൽ തൊഴിലാളിയാവണം. തൊഴിലാളിയായി കമ്മ്യൂണിസ്റ്റാവാൻ ഇറങ്ങിപ്പുറപ്പെട്ട നമ്പൂതിരിമാർ തങ്ങൾ ഊരാളരായ ക്ഷേത്രങ്ങളിലെ പൂജ നിർത്തി ക്ഷേത്രം അടച്ചിട്ടു. ഈക്ഷേത്രങ്ങളൊക്കെ പിന്നീട് തകർന്നു. ക്ഷേത്രങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദയാവധമാണിത്.
മേൽ പ്രകാരം തകർത്തതും, ദയാവധത്തിനു വിധേയമായി തകർന്ന് കാടുമൂടിയതുമായ ക്ഷേത്രങ്ങളിൽ അമ്പലക്കള്ളൻമാർ കയറി നിധി കിട്ടുമെന്ന പ്രതീക്ഷയിൽ കുഴിക്കാറുണ്ട്. അതാണ് ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത്. അത്തരത്തിൽ തകർന്ന് കാട് മൂടി കിടക്കുകയും ശിവലിംഗം പുഴക്കിനിധിക്ക് വേണ്ടി പരതുകയും ചെയ്ത ഒരു ക്ഷേത്രമാണ് കാരക്കുന്ന് മഹാദേവ ക്ഷേത്രം. മൂന്ന് നൂറ്റാണ്ടിലേറെക്കാലം തകർന്ന് കാടുമൂടിക്കിടന്ന ഈ ക്ഷേത്രമിപ്പോൾ പുനരുദ്ധാരണ പ്രക്രിയയിലാണ്. തകർക്കപ്പെട്ട കാരക്കുന്ന് മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്.

കാരക്കുന്ന് മഹാദേവ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിത ചരിത്രങ്ങളോ വാമൊഴി ചരിത്രമോലഭിച്ചിട്ടില്ല. ക്ഷേത്രത്തിൽ കണ്ട ശിലകളിൽ ശാസനങ്ങളോ മററു വിധത്തിലുള്ള രേഖപ്പെടുത്തലുകളോ ഇല്ല. ഞാൻ ഈക്ഷേത്രത്തിലെത്തുമ്പോൾ പുനരുദ്ധാരണ പ്രക്രിയയുടെ പ്രാരംഭ ഘട്ടമായിരുന്നു. തകർന്ന ശ്രീകോവിലും തറയും നീക്കി അവിടെ പുതിയ ശ്രീകോവിലിനുള്ള പാദുനിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുമ്പുള്ള അവസ്ഥ മനസ്സിലാക്കാൻ ഭക്തർ ചിത്രീകരിച്ച ഫോട്ടോകളും വീഡിയോകളും ഉപയുക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിലാണ് കാരക്കുന്ന് മഹാദേവ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. വലിയൊരു കുന്നിൻ്റെ മുകൾ പരപ്പിലാണ് ഈ ക്ഷേത്രം. മുതുതല പഴയകാല വള്ളുവനാടിൻ്റെ പടിഞ്ഞാറെ അതിർത്തിയിലുള്ളതും തന്ത്രപ്രധാന്യമേറിയ പ്രദേശവുമായിരുന്നു. മുതുതല നരസിംഹ ക്ഷേത്രം എന്ന അദ്ധ്യായത്തിൽ മുതുതലയുടെ സ്ഥലനാമ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.
ക്ഷേത്രഭൂമിക്ക് കാരക്കുന്ന് എന്ന പേരിന്നാധാരം കാരമുൾച്ചെടികൾ നിറഞ്ഞ ഒരു കുന്ന് ആയതിനാലാണ്. കുരുമുളകിൻ്റെ നാല് ഇരട്ടി വലിപ്പത്തിൽ മധുരമുള്ള ഉരുണ്ടപഴം കായ്ക്കുന്ന ഉയരം കുറഞ്ഞ ഒരു കാട്ടുചെടിയാണ് കാരച്ചെടി. ഇതിൻ്റെ പഴത്തിന് കാരപ്പഴമെന്നും കാറപ്പഴമെന്നും പറയും. ചെടിയിൽ രണ്ട് ഇഞ്ചു വരെ വലിപ്പത്തിൽ അനവധി മുള്ളുകളുണ്ടാവും. കാരമുള്ള കുത്തിയാൽ അസഹനീയ വേദനയും കടച്ചിലുമാണ് ഉണ്ടാവുക. ഇപ്രകാരം ചുറ്റിലും കാരച്ചെടികൾ നിറഞ്ഞ ഒരു കുന്നിൻ്റെ മുകൾ പരപ്പ് എക്കാലവും സുരക്ഷിതമായിരിക്കും. തിടുക്കത്തിലും എളുപ്പത്തിലും ആർക്കും കുന്നിൻ്റെ മുകൾ പരപ്പിൽ എത്താൻ സാധിക്കില്ല. ഇത്തരം കുന്നുകൾ നാട്ടുരാജ്യങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗപ്പെടുത്തി വന്നിരുന്നു. കേരളത്തിൽ “കാരക്കുന്ന്” എന്നു പേരുള്ള വേറേയും കുന്നുകളുണ്ട്. മലബാറിൽ പ്രസിദ്ധമായ രണ്ട് കാരക്കുന്നുകളിൽ ഒന്ന് മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് പഞ്ചായത്തിലും കണ്ണൂർ ജില്ലയിൽ കണ്ണപുരം പഞ്ചായത്തിലെ കീഴറയിലുമാണ് കാരക്കുന്നുകൾ ഉള്ളത്. തൃക്കലങ്ങോട്ടെ കാരക്കുന്നിൽ ഒരു ഭഗവതി ക്ഷേത്ര മുണ്ട്. കാരക്കുന്ന് ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
കാരക്കുന്നിനു മുകളിൽ ഒരു ശിവക്ഷേത്രം നിർമ്മിക്കാനിടയായ സാഹചര്യം മനസ്സിലാക്കാൻ പര്യാപ്തമായരേഖകളോ തെളിവുകളോ വാമൊഴി ചരിത്രങ്ങളോ ഇല്ല. ഏകദേശം ഇരുനൂറിലേറെമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ്റെ മുകൾ പരപ്പിൽ നിന്നു നോക്കിയാൽ താഴെ ചുറ്റുഭാഗവും കിലോമീറ്ററുകൾ അകലെ വരെ കാണാമായിരുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ വള്ളുവനാടിൻ്റെ പടിഞ്ഞാറെ അറ്റത്തുള്ള തന്ത്രപ്രദേശത്തിൻ്റെ സുരക്ഷക്കായി ഈ കുന്നിൻ്റെ മുകളിൽ സൈന്യത്തിൻ്റെ നിരീക്ഷണകേന്ദ്രം ഉണ്ടായിരുന്നിരിക്കണം.
ശൈവാരാധകരായ നമ്പൂതിരി കുടുംബത്തിൻ്റെ നിയന്ത്രണത്തിലാണ് ഈ നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. അപ്രകാരം ശൈവ പൂജ കുന്നിൻ പരപ്പിൽ പതിവായി. പിൽക്കാലത്ത് അവിടെ ഒരുക്ഷേത്രവും നിർമ്മിച്ചു. മേൽപ്പറഞ്ഞ നമ്പൂതിരി കുടുംബം മൂത്തേടത്ത് എന്നു പേരുള്ള കുടുംബമാണെന്നാണ് വിശ്വസിക്കപ്പെട്ടുവരുന്നത്. പ്രദേശത്ത്അങ്ങനെയൊരു നമ്പൂതിരി ഭവനം ഇക്കാലത്ത് ഇല്ല. ഈ കുടുംബത്തിൻ്റെവേരുകൾ പൂർണ്ണമായും ഇല്ലാതായി എന്നു കരുതാനാവില്ല. മൂത്തേടം എന്ന വീട്ടു പേരോടെ മുസ്ലീം തറവാട്ടുകാർ മലബാറിൻ്റെ ചിലയിടങ്ങളിലുണ്ട്. മൂത്തേടത്ത് മനക്കാർ വിപരീത സാഹചര്യത്തിൽ മതപരിവർത്തനത്തിന് വിധേയരായിട്ടുണ്ടെന്ന് കരുതുന്നു.

ആയിരം വർഷത്തിലേറെ പഴക്കമാണ്‌കാരക്കുന്ന് മഹാദേവ ക്ഷേത്രത്തിനു കണക്കാക്കുന്നത്. ചതുരത്തിലാണ് ശ്രീകോവിലിൻ്റെ നിർമ്മാണം. കിഴക്കോട്ടുദർശനമുള്ള ക്ഷേത്രമാണ്. ക്ഷേത്രം തകർന്ന നിലയിലുള്ള ഒരു ഫോട്ടോ കണ്ടപ്പോൾ ഭക്ത കവി പൂന്താനം വൈക്കത്തപ്പനെ സ്തുതിച്ചെഴുതിയ കീർത്തനമാണ് ഓർമ്മ വന്നത്. ശ്രീകോവിലേക്ക് കരിങ്കല്ലിൽ ആറ് ചവിട്ടുപടികളുണ്ട്. നാല് അടി 4×2 അളവിലുള്ള ഈ ആറ് പടികളും കയറിച്ചെന്നാൽ ശ്രീകോവിലിനകത്ത് വിരാജിക്കുന്ന ശിവനെ കാണാം.”നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ…” എന്നു തുടങ്ങുന്ന കീർത്തനത്തിൽ, മുക്തി ലഭിക്കണമെങ്കിൽ ആറ് പടികൾ കയറണമെന്നും”പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവപാദം കാണാ” മെന്നുമാണ് പൂന്താനം പറഞ്ഞിരിക്കുന്നത്.
ആറ് പടികൾ എന്നത് ജീവിതത്തിലെ ആറ് ഘട്ടങ്ങളാണ്. പതിനെട്ട് ഈ മലകളുടെ പ്രതീകമായ ശബരിമലയിലെ പതിനെട്ടുപടികൾ പോലെ ആറ് ഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഇവിടുത്തെപടികൾ. ഗണപതിയും ശാസ്താവും പാർവ്വതിയും ക്ഷേത്രപാലകനും നാഗങ്ങളും ഇവിടെ ഉപപ്രതിഷ്ഠകളായി ഉണ്ടായിരുന്നതായും നിഗമനമുണ്ട്. ചുറ്റമ്പലവും തീർത്ഥക്കിണറും ഒക്കെ ഉണ്ടായിരുന്ന ഈ ക്ഷേത്രം അനവധി നൂറ്റാണ്ടുകൾ വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു.
കാരക്കുന്ന് മഹാദേവ ക്ഷേത്രത്തിൻ്റെ താഴ് വാരത്തിൽ കിഴക്കും തെക്കുംഭാഗത്തായി നാല് ക്ഷേത്രങ്ങൾ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ടിട്ടുണ്ട്. ശിവക്ഷേത്രം, ഗണപതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, നരസിംഹ ക്ഷേത്രം എന്നിവയാണ് തകർത്തത്. അതേസമയം കാരക്കുന്ന് മഹാദേവ ക്ഷേത്രം അക്കാലത്ത് തകർക്കപ്പെട്ടിരുന്നുവോ എന്നു വ്യക്തമല്ല. ശിവലിംഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പീഠം പൊട്ടിയിട്ടുണ്ട്. ചുറ്റമ്പലം പൂർണ്ണമായും തകർന്നു. ഊരാള കുടുംബം മത പരിവർത്തനത്തിന് വിധേയമായതിനെ തുടർന്ന് നാടുവിട്ടു പോയതോ, പടയോട്ടക്കാലത്തെ അക്രമം ഭയന്ന് നാടുവിട്ടോ പോയിട്ടുണ്ടാകണം. തുടർന്ന് ആരും സംരക്ഷിക്കാനില്ലാതെ തകർന്ന് കാടുകയറികിടന്നതാകണം.
ഏതായാലും മുന്നൂറ് വർഷത്തിലേറെക്കാലം ക്ഷേത്രഭൂമികാട്കയറിക്കിടന്നു. ശിവലിംഗത്തിനു ചുവട്ടിൽ നിധിയുണ്ടെന്ന വിചാരത്തോടെ ചിലമാപ്പിളമാർ രാത്രിയിൽ കാടിനകത്തു കടന്ന് ശിവലിംഗം പുഴക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്രത്തിനു മുമ്പിലുള്ള ആൽമരം മുറിച്ചുവിൽക്കാനായി പിന്നീട് അവരുടെ നീക്കം. ആൽവെട്ടാൻ അതിനു മുകളിൽ കയറിയ ആൾഓരോ പൊത്തിലും ഫണം വിടർത്തിയനാഗങ്ങളെയാണ് കണ്ടത്. ഇതോടെ ആൽ മുറിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ക്ഷേത്രഭൂമിയിൽ കയറി എന്തും ചെയ്യാമെന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്.
മേൽ വിവരിച്ച പ്രകാരമുള്ള അതിക്രമങ്ങൾ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽമുറിവേൽപ്പിച്ചു. ക്ഷേത്രം ഇങ്ങനെ കാടു മൂടി ഇനിയും കിടന്നു കൂടെന്ന് അവർ തീരുമാനിച്ചു. 2019 ൽ ഒരു സംഘം ചെറുപ്പക്കാർ ക്ഷേത്രഭൂമിയിൽ കയറി കാട് വെട്ടിത്തെളിയിച്ചു. തകർന്ന ക്ഷേത്രവും ശിവലിംഗവും പീഠവുമെല്ലാം കണ്ടെത്തി. പഴയ ക്ഷേത്രത്തിൻ്റെ കരിങ്കൽ തൂണുകളും മണ്ണടിഞ്ഞ് കിടന്നിരുന്നു. ക്ഷേത്രഭൂമിവെട്ടിത്തെളിയിച്ച ശേഷം ഭക്തജനങ്ങൾ യോഗം ചേർന്ന് കാരക്കുന്ന് മഹാദേവക്ഷേത്രം കമ്മിറ്റി എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.
വിജയൻ കൊരട്ടിപ്പള്ളിയാലിൽ സെക്രട്ടറിയും കളരിക്കൽ ശ്രീധര പണിക്കർ പ്രസിഡൻ്റുമായ കമ്മിറ്റിയാണ് നിലവിലുള്ളത്. താംബൂല പ്രശ്നത്തിനു ശേഷം ശിവലിംഗം ബാലാലയത്തിലേക്ക് മാറ്റി നിത്യപൂജ തുടങ്ങി. ശ്രീകോവിൽ തറ നീക്കം ചെയ്ത് പുതിയ ശ്രീകോവിലിന് പാദുകം കീറി കല്ലിട്ടു നിർത്തിയിരിക്കുകയാണ്. പഴയക്ഷേത്രത്തിൻ്റെ കരിങ്കൽ തൂണുകളും മറ്റും ധാരാളമായി ക്ഷേത്രവളപ്പിൽ കിടക്കുന്നുണ്ട്. ശ്രീകോവിലിനു മുന്നിൽ വടക്കു കിഴക്കുഭാഗത്തായി സ്വയംഭൂ ശില കണക്കെ ഒരു പ്രതിഷ്ഠ കാണാൻ കഴിഞ്ഞു. ഇത് ക്ഷേത്രപാലകനായ മഹാകാളൻ്റെ താണ്. പുനരുദ്ധാരണ പ്രവർത്തികൾക്കു തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാനാവാതെയിരിക്കുന്ന സമയത്താണ് ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിച്ചത്.
