148: ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം

146: വള്ളൂർ ദുർഗ്ഗാക്ഷേത്രം ചെറുകുടങ്ങാട്
June 5, 2023
149: മുതുതല നരസിംഹ ക്ഷേത്രം
June 9, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 148

മുമ്പൊരിക്കൽ ഒരു ക്ഷേത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങും മുമ്പ് ആമുഖമായി ഞാനെഴുതിയിരുന്നു, തകർന്നു പോയ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അനുകൂല സാഹചര്യങ്ങൾ ഒത്തു വരാൻ ഒരു കാലമുണ്ടാവുമെന്നും അപ്പോൾ മാത്രമേ പുനരുദ്ധാരണം യാഥാർത്ഥ്യമാവുകയുള്ളുവെന്ന്. അതിൻ്റെ ഉദാഹരണമായി ചില ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രം കൂടി എനിയ്ക്ക് കാണാൻ സാധിച്ചു. ഉറുമ്പ് അമ്പലം എന്നുകൂടി അറിയപ്പെടുന്ന ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രമാണത്. 2022 ഫിബ്രവരി മൂന്നിന് ഞാൻ ഈ ക്ഷേത്രത്തിലെത്തുമ്പോൾ പുന:പ്രതിഷ്ഠാകർമ്മങ്ങൾ പൂർത്തിയായിട്ട് മണിക്കൂറുകൾ മാത്രമെ പിന്നിട്ടിരുന്നുള്ളു.

നൂറ്റാണ്ടുകളായി തകർന്ന് കാടുകയറിക്കിടന്നിരുന്ന ക്ഷേത്രം ഭക്തജനങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തെ തുടർന്ന് അഞ്ചു വർഷം കൊണ്ടാണ് പുനരുദ്ധാരണം ചെയ്തത്. തകർന്ന ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ പ്രദേശവാസികളുടെ കൂട്ടായ്മ രൂപപ്പെട്ടാൽ സാദ്ധ്യമാവുമെന്ന മറ്റൊരു ഉദാഹരണം കൂടിയാണ് ഈ ക്ഷേത്രം. പൂർണ്ണ പുനരുദ്ധാരണം കഴിഞ്ഞിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി തകർന്ന് കാട് മൂടിക്കിടന്നിരുന്ന ഒരു പുരാതന ക്ഷേത്രം തങ്ങളാൽ ആവുംവിധം പുനരുദ്ധരിച്ച് നിത്യപൂജ തുടങ്ങാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയാണ് ക്ഷേത്ര വിശ്വാസികളുടെ മുഖത്തുള്ളത്. തകർന്ന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന മറ്റു പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാതൃകയാണ് ഈ ക്ഷേത്രവും ഇവിടുത്തെ ഭക്തജനങ്ങളും.

ഞാൻ ഈ ക്ഷേത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങളും ചരിത്രവും അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളോട് അന്വേഷിച്ചറിഞ്ഞു. ക്ഷേത്രം സംബന്ധിച്ചുള്ള രേഖകളൊന്നും കാണാൻകഴിഞ്ഞില്ല. പുരാതന ക്ഷേത്രങ്ങളിൽ പലതിനും ലിഖിത ചരിത്രമോ മറ്റു പ്രമാണങ്ങളോ ഉണ്ടാകാറില്ല. ക്ഷേത്രത്തിലെ കൊത്തുപണികൾ, ശ്രീകോവിലിൻ്റെ ആകൃതി, താംബൂല പ്രശ്നമോ സ്വർണ്ണ പ്രശ്നമോ നടത്തിയ കുറിപ്പുകൾ തലമുറകളായി പകർന്നു നിൽക്കുന്ന വാമൊഴി ചരിത്രം എന്നിവയൊക്കെയാണ് ഇത്തരം ക്ഷേത്രങ്ങളുടെ ചരിത്ര രചനാ രൂപീകരണത്തിനും ഭൂതകാലത്തെ മനസ്സിലാക്കുന്നതിനും ഉപയുക്തമാക്കാവുന്ന സാമഗ്രികൾ. വാമൊഴി ചരിത്രവും ദൈവജ്ഞർ നടത്തിയ സ്വർണ്ണ പ്രശ്നത്തിൽ കണ്ട കുറിപ്പുളുമാണ് ഞാനിവിടെ ആധാരമാക്കിയിരിക്കുന്നത്.

പുനരുദ്ധാരണം പൂർത്തിയായ മഹാദേവ ക്ഷേത്രം

ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ്റ പേര് അങ്ങാടിപ്പറമ്പ് എന്നാണ്. ക്ഷേത്രത്തിൻ്റെ പേര് ഉരപ്പുരങ്ങാടെന്നും. പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്ത് അഞ്ചാം വാർഡ് പൂർണ്ണമായും അങ്ങാടിപ്പറമ്പ് ആണ്. അങ്ങാടി എന്ന പേരിന് വ്യാപാര വിപണന കേന്ദ്രമായാണ് ബന്ധം. പഴയ കാലത്ത് പ്രസിദ്ധമായ ഒരു വ്യാപാര കേന്ദ്രം ഇവിടെ ഉണ്ടായിരുന്നു. ഇക്കാലത്തും കാർഷിക മേഖല ആയതിനാൽ ഇവിടെ നെല്ലുമായോ അരിയുമായോ ബന്ധപ്പെട്ട വിപണനത്തിൻ്റെ അങ്ങാടി ആയിരുന്നിരിക്കണം. ഈ നിഗമനത്തെ സാധൂകരിക്കുന്നതാണ് ക്ഷേത്രഭൂമിയുടെ പേര്.

ഉരപ്പരങ്ങാട് എന്നാണല്ലോ ക്ഷേത്രഭൂമിയുടെപേര്. നെല്ലു കുത്തി അരിയാക്കുന്ന പ്രക്രിയക്ക് യന്ത്രസംവിധാനമില്ലാത്ത കാലത്ത് നെല്ല് കുത്തിയിരുന്നതും ധാന്യങ്ങൾ പൊടിച്ചിരുന്നതും ഉരലിൽ ആയിരുന്നു. പഴയ കാലത്ത് ധാരാളം നെൽകൃഷിയുള്ള വീടുകളിൽ ഉരപ്പുരകളുണ്ടായിരുന്നു. ഇപ്പോഴും പഴയ കാല ഉരപ്പുരകൾ ഉള്ള ഭവനങ്ങൾ കാണാം. ഉരൽപ്പുരയാണ് ഉരപ്പുര എന്നറിയപ്പെടുന്നത്. നാല് അടിയോളം ഉയരമുള്ള പ്ലാവിൻ്റെ വലിയ തടിയുടെ മദ്ധ്യഭാഗം കുഴിയുള്ളതാണ് ഉരൽ. ഉരപ്പുരകളിൽ തന്നെ കുഴി ഉരലുകളും കാണാം. നിലത്ത് കുഴിച്ചിട്ട നിലയിലുളള ഇവ ഇരുമ്പിലോ കരിങ്കല്ലിലോ നിർമ്മിച്ചതായിരിക്കും. മേൽപ്രകാരം ഒരു നെല്ലു കുത്തുപുര അഥവാ ഉരൽപ്പുര ഉണ്ടായിരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.

അഗ്നിഹോത്രികൾ നടത്തിയ 99 യാഗങ്ങൾക്കും അരിക്ക് വേണ്ടി നെല്ലു കുത്തിയിരുന്നത് ഇവിടുത്തെ ഉരപ്പുരയിൽ നിന്നായിരുന്നുവത്രെ. അപ്രകാരം കുത്തിയ നെല്ലിൻ്റെ ഉമി കൊണ്ടുപോയി കൂട്ടിയ കുന്ന് ഉമിക്കുന്ന് എന്ന പേരിൽ അറിയപ്പെടുന്നു. പട്ടാമ്പിയിലാണ് ഐതിഹ്യ പ്രാധാന്യമുള്ള ഉമിക്കുന്ന് സ്ഥിതി ചെയ്യുന്നത്. ഉരപ്പുര സ്ഥിതി ചെയ്തിരുന്നിടത്ത് സ്ഥാപിച്ച ശിവക്ഷേത്രത്തിന് ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രമെന്ന പേരും സിദ്ധിച്ചു.

തകർക്കപ്പെട്ട ബലിക്കല്ല്

ഉരപ്പുരങ്ങാട് ക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ച് തലമുറകളായി പകർന്നു നിൽക്കുന്ന വാമൊഴി അറിവുകളും സ്വർണ്ണ പ്രശ്നത്തിൽ തെളിഞ്ഞ നിഗമനങ്ങളും മാത്രമാണുള്ളത്. ഇവരണ്ടും പരസ്പര പൂരകങ്ങളുമാണ്. ക്ഷേത്രത്തിൻ്റെ പഴക്കം നിർണ്ണയിക്കാൻ പര്യാപ്തമായതൊന്നും ക്ഷേത്രഭൂമിയിൽ കാണാൻ കഴിഞ്ഞിട്ടില്ല. 5000 കൊല്ലത്തെ പഴക്കമുണ്ടെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. അഗ്നിഹോത്രികളുടെ യാഗവുമായി ബന്ധപ്പെട്ട അനുബന്ധ ഐതിഹ്യമുള്ളതിനാൽ ആയിരത്തിലേറെവർഷത്തെ പഴക്കമുള്ള പുരാതന ക്ഷേത്രമാണെന്ന് തീരുമാനിക്കാവുന്നതാണ്. ക്ഷേത്രോത്ഭവത്തിൻ്റെ ചരിത്രമിങ്ങനെയാണ് –

ത്രികാലജ്ഞാനിയായ ഒരു സംന്യാസി ദേശാന്തര യാത്രക്കിടയിൽ ഈ പ്രദേശത്തു വന്നു. ഉയരമില്ലാത്ത കുന്നിൻ പരപ്പും പരിസരവും അദ്ദേഹത്തിന് ഇഷ്ടമായി. കുറച്ചു കാലം ഈ അന്തരീക്ഷത്തിൽ ജീവിക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും ആശ്രമം കെട്ടി വസിച്ചുവരികയും ചെയ്തു. ശൈവ ഭക്തനായ ഒരു സംന്യാസിയായിരുന്നു അത്. ഉരപ്പുരക്കുന്നിൽ അദ്ദേഹത്തിന് ശൈവ സാന്നിദ്ധ്യം അനുഭവപ്പെട്ടു. പ്രദേശവാസികൾ പതിവായി സംന്യാസിയെ കാണാൻ വരികയും ജ്ഞാനോപദേശം തേടുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ദേശത്തെ ഒരു പ്രമുഖ മനയിലെ നമ്പൂതിരി ദമ്പതികൾ സന്താനഭാഗ്യമില്ലാത്ത സന്താപവുമായി സംന്യാസിയെ സമീപിച്ചു. ഈ കുന്നിൻ പരപ്പിൽ ഉമാമഹേശ്വരൻമാരുടെ സാന്നിദ്ധ്യമുണ്ടെന്നും ഇവിടെ ഒരു മഹാദേവ ക്ഷേത്രം നിർമ്മിച്ച് ഉമാമഹേശ്വരൻമാരെ പൂജിച്ചാൽ സന്താനഭാഗ്യമുണ്ടാവുമെന്നും പ്രവചിച്ചു.

സംന്യാസിയുടെ നിർദ്ദേശപ്രകാരം ഉരപ്പുര പ്രദേശത്ത് മഹാദേവ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. സംന്യാസിശ്രേഷ്ഠൻ തന്നെയാണ് പ്രതിഷ്ഠ നടത്തിയതെന്നും വിശ്വാസമുണ്ട്. ക്ഷേത്ര സ്ഥാപനത്തോടെ സംന്യാസിവര്യൻ അവിടെ നിന്നും പോവുകയും ചെയ്തു. അങ്ങാടിപ്പറമ്പ് പ്രദേശം അഴകത്ത് മന എന്ന ജൻമി കുടുംബത്തിൻ്റെ അധീനതയിലായിരുന്നു. ഈ വസ്തുത പരിശോധിച്ചാൽ അഴകത്ത് മനയിലെ ദമ്പതികളാണ് സന്താനഭാഗ്യത്തിനുള്ള മാർഗ്ഗം തേടി സംന്യാസിയെ കണ്ടതെന്നും ക്ഷേത്രം നിർമ്മിച്ചതെന്നും കരുതാവുന്നതാണ്. ഊരാള കുടുംബം ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രത്തിൻ്റെ ഊരായ്മ സ്ഥാനം അഴകത്ത് മനയ്ക്കായിരുന്നു. പൂർവ്വിക കാലത്ത് അഞ്ച് പ്രമുഖ നമ്പൂതിരി മനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ശ്രീധരഞ്ചുമരത്ത് മന, കുഴിക്കോട്ടീരി മന, അഴകത്ത്മന, തോട്ടപ്പായ മന, ഊക്കാട്ട് മന എന്നിവയാണത്. ഈ ക്ഷേത്രത്തിൽ അഞ്ച് മനക്കാർക്കും ഊരായ്മയുണ്ടെന്ന ഒരു അഭിപ്രായമുണ്ട്. ശ്രീധരഞ്ചുമരത്ത് മനയ്ക്കാണ് നിലവിൽ തന്ത്രാധികാരം. ഇതിൽ കുഴിക്കോട്ടിരി മനയും തോട്ടപ്പായ മനയും ഇന്നില്ല.

കിഴക്കോട്ടു ദർശനമായ ക്ഷേത്രമാണ് ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം. ശ്രീപാർവ്വതിയും ഗണപതിയും മഹാദേവനോടൊപ്പമുണ്ടെന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ഉമാമഹേശ്വര ക്ഷേത്രം എന്ന വീക്ഷണമുണ്ട്. നാലമ്പലത്തിനുള്ളിൽത്തന്നെ കിഴക്കോട്ടു ദർശനമായി തുല്യ പ്രാധാന്യത്തോടെ വിഷ്ണു ക്ഷേത്രവുമുണ്ട്. ശിവക്ഷേത്രം സ്ഥാപിച്ച് പിൽക്കാലത്തെങ്ങോ വിഷ്ണു പ്രതിഷ്ഠ നടത്തിയതാണ്. അന്യം നിലച്ച ഏതെങ്കിലും മനയിലെ പൂജാവിഗ്രഹമായ വിഷ്ണുവിനെ ഇവിടെ പ്രതിഷ്ഠിച്ചതാവണം. അതല്ലെങ്കിൽ വൈഷ്ണവ – ശൈവ വിഭാഗങ്ങൾ തമ്മിലുണ്ടായ അന്തഃസംഘർഷങ്ങൾക്കു പരിഹാരമായി വിഷ്ണുക്ഷേത്രം സ്ഥാപിച്ചതാവാനുമിടയുണ്ട്.

മിക്ക ശിവക്ഷേത്രങ്ങളിലും വിഷ്ണുപ്രതിഷ്ഠയും വിഷ്ണു ക്ഷേത്രങ്ങളിൽ ശിവപ്രതിഷ്ഠയും കണ്ടു വരുന്നത് മേൽപറഞ്ഞ പരിഹാര തീരുമാനപ്രകാരം പ്രതിഷ്ഠിച്ചതിനാലാണ്. ഈ വിവരണങ്ങളുടെ തുടക്കത്തിൽ ഉറുമ്പ് അമ്പലം എന്ന പേരിൽക്കൂടി ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം അറിയപ്പെടുന്നതായി പറഞ്ഞുവല്ലോ. ഇവിടുത്തെ വഴിപാടുകളിലൊന്ന് അരി സമർപ്പണമാണ്. ഉറുമ്പു ശല്യം തീരാൻ അരി വഴിപാടു നേർന്നാൽ ഫലിക്കുമത്രെ.

തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ

ആയിരത്താണ്ടുകളായി നിത്യപൂജയോടെ നിലനിന്നിരുന്ന ഈ ക്ഷേത്രത്തിൻ്റെ തകർച്ചയ്ക്ക് കാരണമായതിൻ്റെ വസ്തുതകളാണ് തുടർന്നന്വേഷിച്ചത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രം തകർന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ട് വരുന്നത്. മഹാവിഷ്ണുവിൻ്റെ വിഗ്രഹം കാണാതായതും അത് ജലാശയത്തിലുണ്ടെന്ന പ്രശ്ന വിധിയും ക്ഷേത്രാവശിഷ്ടങ്ങളിൽ കണ്ട പരിക്കുകളും ഒരു തകർക്കലിൻ്റെ സൂചന തന്നെയാണ് ലഭിക്കുന്നത്. എന്നാൽ ഊരാളൻമാർ പരിപാലിക്കാതെ തകർന്നതാണെന്ന മറ്റൊരു വിവരവുമുണ്ട്. ഏതായാലും ചുറ്റമ്പലവും ശ്രീകോവിലുമാക്കെ തകർന്ന് നൂറ്റാണ്ടുകളോളം കാട് മൂടി കിടക്കുകയായിരുന്നു. പതിനെട്ടു സെൻ്റ് വിസ്തൃതിയാണ് ക്ഷേത്ര ഭൂമിക്ക് നിലവിലുള്ളത്.

പുതുപ്പറമ്പിൽ പത്മനാഭൻ (കുട്ടപ്പ) പ്രസിഡൻ്റായി ആദ്യത്തെ പുനരുദ്ധാരണ കമ്മിറ്റി നിലവിൽ വന്നു. കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് തകർന്ന ശ്രീകോവിലുകളും ക്ഷേത്രാവശിഷ്ടങ്ങളും ലഭിച്ചത്. ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രസംരക്ഷണ സമിതി എന്ന പേരിലാണ് കമ്മിറ്റി. പ്രസ്തുത കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡൻ്റ് കോട്ടയിൽ സുമേഷും സെക്രട്ടറി സുരേഷ് കല്ലേപ്പുള്ളിയുമാണ്. 2017 മാർച്ച് 25 ശനിയാഴ്ച ദൈവജ്ഞരെ കൊണ്ടുവന്ന് സ്വർണ്ണ പ്രശ്നം നടത്തി. അതേവർഷം തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങളും തുടങ്ങി. 2022 ജനുവരി 31, ഫിബ്രവരി ഒന്നു മുതൽ മൂന്നു കൂടി ദിവസങ്ങളിലായി കലശവും പ്രതിഷ്ഠാകർമ്മവും നടത്തിക്കൊണ്ട് നൂറ്റാണ്ടുകളുടെ ശനിദശ തീർത്ത് മഹാദേവഭൂമിയിൽ ആരാധനയും പൂജയും പുന:സ്ഥാപിച്ചിരിക്കുന്നു.

Leave a Comment