143: മാത്തൂർ ലക്ഷ്മീ നരസിംഹ ക്ഷേത്രം

142: അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം
May 31, 2023
144: കുപ്പാടിത്തറ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
June 2, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 143

ഒരു ക്ഷേത്രം നശിച്ചാൽ നാട് നശിച്ചു വന്നത് ഒരു വായ് മൊഴിയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് ഞാൻ സഞ്ചരിച്ച ഗ്രാമങ്ങളിലൊക്കയും അതിൻ്റെ ദൃഷ്ടാന്തങ്ങളുണ്ട്. ഗ്രാമ പുനരുദ്ധാരണങ്ങളുടെ അടിത്തറ ക്ഷേത്ര പുനരുദ്ധാരണമായിരിക്കണം. ഉറങ്ങിക്കിടക്കുകയോ ഉറക്കം നടിച്ചു കിടക്കുകയോ ചെയ്യുന്ന ഹിന്ദു സമൂഹത്തെ ഉണർത്തി ക്ഷേത്ര പുനരുദ്ധാരണത്തിലൂടെ കെട്ടുറപ്പുള്ള ഹിന്ദു സമൂഹത്തെ വാർത്തെടുക്കുക കൂടിയാണ് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തേടിയുള്ള എൻ്റെ യാത്രയുടെ ലക്ഷ്യം.

മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലുള്ള മാത്തൂർ നരസിംഹ ക്ഷേത്രത്തിലെ കാഴ്ചകൾ ഏതൊരു ഭക്തനേയും വേദനിപ്പിക്കുന്നതാണ്. നേരിയ ചാറ്റൽ മഴയുള്ള സമയത്താണ് മാത്തൂർ ലക്ഷ്മീനരസിംഹ ക്ഷേത്രഭൂമിയിലെത്തിയത്. ക്ഷേത്രഭൂമി അടക്കമുള്ള സ്വത്തുക്കൾ കയ് വശം വെക്കുന്ന മേലേപ്പാട്ട് വാരിയത്ത് വളപ്പിൽ എന്ന നായർ തറവാട്ടുകാർ അവരുടെ കുടുംബത്തിലുണ്ടായ വസ്തു വീതം വെക്കലിൽ അഞ്ച് സെൻ്റ് ഭൂമി നരസിംഹമൂർത്തിക്ക് മാറ്റി വെച്ചു. തുടർന്ന് കുടുംബത്തിലെ കാരണവരായ സുനിൽ മാത്തൂരിൻ്റ നേതൃത്വത്തിൽ ക്ഷേത്ര പരിപാലനത്തിനു വേണ്ടി ഒരു കുടുംബട്രസ്സും രൂപീകരിച്ചു.

പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി തകർന്ന് കാട് മൂടിക്കിടന്നിരുന്ന ശ്രീകോവിൽ പൊളിച്ചുമാറ്റി തകർന്ന വിഗ്രഹം ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൻ്റെ തറ നില ദാനത്തിൽ വരെ പടുത്തുവെച്ചെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുടങ്ങി. എൻ്റെ മുന്നിലുണ്ടായിരുന്ന ദൗത്യങ്ങളിലൊന്ന് മാത്തൂർ ലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൻ്റെ യഥാർത്ഥ ഉടമസ്ഥർ ആരെന്നു കണ്ടെത്തുകയായിരുന്നു. ഇത് തങ്ങളുടെ കുടുംബ ക്ഷേത്രമാണെന്നാണ് സുനിൽ മാത്തൂർ പറഞ്ഞത്. അത് വസ്തുതാ വിരുദ്ധമാണെന്ന് എനിക്ക് തോന്നിയിരുന്നു. രണ്ടാമത്തെ ദൗത്യം എന്നത് ട്രസ്റ്റ് രൂപീകരിച്ചിട്ടും ക്ഷേത്ര പുനരുദ്ധാരണം മുടങ്ങിയതിൻ്റെ കാരണം കണ്ടെത്തുക എന്നതായിരുന്നു. മൂന്നാമത്തേത് പ്രസ്തുത ക്ഷേത്രത്തെ എങ്ങനെ സനാതനമാക്കാം എന്ന വിചിന്തനവും.

തകർക്കപ്പെട്ട നരസിംഹ വിഗ്രഹം

മേലേപ്പാട്ട് വാരിയത്ത് വളപ്പിലെ വീടിനു പിറകുവശത്തായാണ് ക്ഷേത്ര ഭൂമിയുള്ളത്. മൂന്ന് അടിയോളം ഉയരത്തിൽ ചതുരാകൃതിയിൽ ടിൻ ഷീറ്റ് മറച്ചുകെട്ടിയിട്ടുണ്ട്. അതിന് മേൽക്കൂരയോ മറ്റോ ഇല്ല. ബാലാലയം എന്നു വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഞാൻ അതിനകത്തേക്ക് നോക്കി. ദൈവ വിശ്വാസിയായ ഒരാൾക്കും ദീർഘനേരം ആ കാഴ്ച കണ്ടു നിൽക്കാനാവില്ല. കാരണം ലക്ഷമീ നരസിംഹ വിഗ്രഹം അടിച്ചു തകർത്ത നിലയിൽ കുറേകഷണങ്ങളായി കിടക്കുകയാണ്. അതിനകത്ത് ഒരു നിലവിളക്കുമുണ്ട്.

മാപ്പിള ലഹളക്കാലത്ത് തകർക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതെന്ന് സുനിൽ മാത്തൂർ പറഞ്ഞു. എന്നാൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തവനൂർ മേഖലയിൽ നിരവധി ക്ഷേത്രങ്ങൾ തകർത്തതായി അന്ന് അതിൻ്റെ ദൃക്സാക്ഷിയായ വെള്ള നമ്പൂതിരി തൻ്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തവനൂരിൽത്തന്നെ മാത്തൂർ ശിവക്ഷേത്രം, തവനൂർ ശിവക്ഷേത്രം, ബ്രഹ്മാവിൻ്റെ ക്ഷേത്രം തുടങ്ങിയവയൊക്കെ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ടതാണ്. മാത്തൂർ ലക്ഷ്മീനരസിംഹ ക്ഷേത്രവും അക്കാലത്താണ് തകർക്കപ്പെട്ടതെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. മാപ്പിള ലഹളക്കാലത്തും ക്ഷേത്രത്തിനു നേരെ അക്രമം ഉണ്ടായിട്ടുണ്ടാവണം.

ഏതായാലും ശക്തമായ അക്രമത്തിന് ഇരയായ ഒരു ക്ഷേത്രമാണിത്. ബാലാലയം പേരിനുമാത്രം ഉണ്ടാക്കിയ ഒരു മറയാണ്. ഞാൻ ചെല്ലുമ്പോൾ “ബാലാലയ “ത്തിൽ വിഗ്രഹക്കഷണങ്ങൾ മഴയേററുകൊണ്ടിരിക്കുകയായിരുന്നു. തകർന്ന ശ്രീകോവിലിലെ തകർന്ന വിഗ്രഹത്തിന് മാത്തൂർ ശിവക്ഷേത്രത്തിലെ ശാന്തിക്കാരൻ അവിടെ നിന്നും നിവേദ്യം കൊണ്ടുവന്ന് കുറച്ചു കാലം പൂജിച്ചിരുന്നു. 2010 കാലഘട്ടം വരെ പൂജയുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. പുനരുദ്ധാരണത്തിൻ്റെ ഭാഗമായി തകർന്ന ശ്രീകോവിൽ പൊളിച്ചതിൻ്റെ കല്ലുകൾ ക്ഷേത്രഭൂമിയിൽ കൂട്ടിയിട്ടിരിക്കുന്നു. തീർത്ഥക്കിണർകാട് മൂടി കിടക്കുകയാണ്. ചുറ്റുഭാഗവും കാട് മൂടിയതറ കാണുന്നതിനാൽ പഴയ കാലത്ത് ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാണ്. ചുറ്റമ്പലം തകർന്നു പോയിരിക്കുന്നു. ഭദ്രകാളിയും നാഗങ്ങളും ഉപ പ്രതിഷ്ഠകളായ ഒരു ക്ഷേത്രമാണിത്. അവയുടെ സ്ഥാനങ്ങളെല്ലാം കാട് മൂടി കിടക്കുകയാണ്. ക്ഷേത്രത്തിൻ്റെ മുൻവശത്ത് ഏതാണ്ട് 20 മീറ്റർ അകലെ ദീർഘചതുരാകൃതിയിൽ ഒരു ജലാശയമുണ്ട്. ചെങ്കൽപ്പാറ വെട്ടിയിറക്കി നിർമ്മിച്ച പുരാതന ജലാശയമാണത്. ഈ ജലാശയം ക്ഷേത്രത്തിൻ്റെ അനുബന്ധമായതിനാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഉഗ്രഭാവത്തിലുള്ളതാണെന്നു വ്യക്തമാണ്.

തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ

മേലേപ്പാട്ട് വാരിയത്ത് വളപ്പിൽ തറവാട്ടുകാരുടെ കുടുംബക്ഷേത്രമാണ് ഇതെന്ന് പറയുന്നുണ്ടെങ്കിലും അതിൻ്റെ ശരിയായ പുരാവൃത്തം വേറെയാണ്. ക്ഷേത്രഭൂമിയുടെ സമീപത്തെ ഭൂമികളുടെ പേര് ഇല്ലപ്പറമ്പ് ,വാരിയത്ത് പറമ്പ് എന്നെല്ലാമാണ്. ഇവിടെ വാരിയർ സമുദായത്തിൻ്റെ ഭവനവും ഉണ്ടായിരുന്നു. മാത്തൂർ ശിവക്ഷേത്രവും ലക്ഷമീ നരസിംഹ ക്ഷേത്രത്തിൻ്റെ ഭാഗമാണ്.

മാത്തൂർ ഇല്ലം എന്നു പേരുള്ള പ്രമുഖമായ നമ്പൂതിരി കുടുംബത്തിൻ്റെ ഊരായ്മയിലുണ്ടായിരുന്ന ഒരു ക്ഷേത്രമാണിത്. അവർക്ക് ഭൂമിയും ഇവിടെ ഉണ്ടായിരുന്നു. പൊന്നാനി താലൂക്കിലെ കാലടി പഞ്ചായത്തിലെ കാടഞ്ചേരിയിലാണ് മാത്തൂർ ഇല്ലം സ്ഥിതി ചെയ്തിരുന്നത്. മാത്തൂർ ഇല്ലത്തുള്ളവർ സ്വതവേ നരസിംഹ ഉപാസകരാണ്. കാടഞ്ചേരിയിലെ ചെറു പൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മാത്തൂർ ഇല്ലക്കാരുടേതാണ്. ലക്ഷ്മീ നരസിംഹ പ്രതിഷ്ഠയാണ് ഇവിടെ യുള്ളത്. “തകർക്കപ്പെട്ട ക്ഷേത്രങ്ങൾ ” പുസ്തക പരമ്പരയിലെ മൂന്നാം വാല്യത്തിൽ അറുപത്തി ആറാമത്തെ ക്ഷേത്രമായി ചെറുപൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

എ.ഡി. 1908 കാലഘട്ടത്തിലാണ് കർണ്ണാടകത്തിലെ ദൊഡ്ഢഇല്ലത്തെ നാരായണൻ എമ്പ്രാന്തിരി ഉപജീവനാർത്ഥം കേരളത്തിലെത്തിയത്. ഈ സമയത്ത് മാത്തൂർ ഇല്ലം വിൽക്കാൻ തീരുമാനിച്ചിരുന്നു. ചെറു പൊയിലം മഹാവിഷ്ണു ക്ഷേത്രം പരിപാലിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു കൊണ്ട് നാരായണൻ എമ്പ്രാന്തിരി മാത്തൂർ ഇല്ലവും അനുബന്ധ ഭൂമിയും വിലയ്ക്ക് വാങ്ങുകയും നാരായണൻ എമ്പ്റാന്തിരി മാത്തൂർ ഇല്ലത്തേക്ക് താമസം മാറ്റുകയും ചെയ്തു. മാത്തൂർ ഇല്ലം പിൽക്കാലത്ത് പൊളിച്ചുമാറ്റി. ഇല്ലത്തുള്ളവർ ശാഖോപശാഖകളായി വഴി പിരിഞ്ഞു. ഇതേ കാലഘട്ടത്തിലായിരിക്കണം തവനൂരിലെ മാത്തൂർ ഇല്ലപ്പറമ്പും ലക്ഷ്മീ നരസിംഹ ക്ഷേത്രവും കൈമാറ്റം ചെയ്യപ്പെട്ടത്. 1500 ലേറെ വർഷം പഴക്കമാണ് മാത്തൂർ ലക്ഷ്മീ നരസിംഹക്ഷേത്രത്തിനു കണക്കാക്കുന്നത്. തവനൂരിൽ മാത്തൂർ ഇല്ലം എന്ന പേരിൽ ഒരു ഇല്ലമുണ്ടായിരുന്നതായും പഴമക്കാർ പറയുന്നുണ്ട്.

ഏതായാലും മാത്തൂർ ലക്ഷ്മീ നരസിംഹ ക്ഷേത്രം പരിപാലിച്ചുകൊള്ളാമെന്ന വ്യവസ്ഥയോടെ മാത്തൂർ ഇല്ലത്തുള്ളവർ ചെറു പൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം കൈമാറിയതു പോലെ ഈ ക്ഷേത്രവും അനുബന്ധ ഭൂമിയും വാരിയർ കുടുംബത്തിന് കൈമാറി. ഈ വാരിയർ കുടുംബം ഹരിഹര മംഗലത്തുവാര്യർ ആണെന്ന് കരുതുന്നു. പൊന്നാനി താലൂക്കിൽ ഹരിഹര മംഗലത്ത് വാര്യർ കുടുംബം ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിൻ്റെ നടത്തിപ്പിന് വേറേയും ഭൂമി വാര്യർ മാർക്കു കൈമാറിയിട്ടുണ്ടാവണം. ഇപ്പോൾ ഈ ഭൂമി കയ് വശം വെച്ചിരിക്കുന്നവർ ഗുരുവായൂർ കോട്ടപ്പടി കിഴക്കയിൽ എന്ന സ്ഥലത്തുള്ള ” മേലേപ്പാട്ട് ” എന്ന വീട്ടുകാരാണ്. സുനിൽ മാത്തൂരിൻ്റെ അമ്മാവനാണ് ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഭൂമി വിലയ്ക്ക് വാങ്ങി പറമ്പിൽ വീടുവെച്ച് പരമ്പരകളായി താമസിച്ചു വരുന്നത്.

ക്ഷേത്രത്തിൻ്റെ യഥാർത്ഥ ഊരാളർ മാത്തൂർ ഇല്ലക്കാരാണ്. ക്ഷേത്രം പരിപാലിക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ മേലേപ്പാട്ട് വീട്ടുകാരിലാണ് ഈ ഉത്തരവാദിത്വം വന്നു ചേർന്നത്. മേലേപ്പാട്ട് വീട്ടുകാർ ഇവിടെ താമസമാക്കിയതിൽപ്പിന്നെ വീട്ടു പേര് മേലേപ്പാട്ട് വാരിയത്ത് വളപ്പിൽ എന്നാക്കി മാറ്റി. പിൽക്കാലത്ത് മേലേപ്പാട്ട് വാരിയത്ത് വളപ്പിൽ കുടുംബാംഗങ്ങൾ വസ്തുഭാഗംവെച്ചു. ക്ഷേത്രത്തിനായി വീതം വെച്ചത് അഞ്ചു സെൻ്റാണ്. ഇതിൽ ഒരു ശ്രീകോവിൽ നിർമ്മിച്ച് പ്രതിഷ്ഠ നടത്തി പൂജിക്കാമെന്ന തീരുമാനം മാത്രമാണുണ്ടായിരുന്നത്.

തീർത്ഥ കിണർ

എന്നാൽ ക്ഷേത്രത്തിൻ്റെ അംഗങ്ങൾ അഞ്ച് സെൻ്റിൽ ഒതുങ്ങുന്നതല്ല. ഉപപ്രതിഷ്ഠകളോടെ പൂർണ്ണ അംഗങ്ങളായി ക്ഷേത്രം പഴയ രീതിയിൽ പൂർണ്ണ പുനരുദ്ധാരണം ചെയ്യണമെന്നും അതിനു കഴിയില്ലെങ്കിൽ മഴയും വെയിലുമേററ് അങ്ങനെ കിടന്നോളാമെന്നുമാണ് ദേവഹിതമായി കരുതുന്നത്. ശ്രീകോവിൽ നിർമ്മാണം തുടങ്ങിയേടത്തു തന്നെ നിലച്ചതിൻ്റെ കാരണവും മറ്റൊന്നല്ല. അവകാശികൾ വസ്തുഭാഗം ചെയ്തു വെച്ചതിനാൽ ക്ഷേത്രത്തിൻ്റെ ഭൂമി പൂർണ്ണമായും ദേവനു തന്നെ സമർപ്പിക്കാനുള്ള തീരുമാനവും ആയിട്ടില്ല. ഇനി ദേവൻ്റെ ഭൂമി മുഴുവനായും ദേവനു തന്നെ നൽകിയാലും ക്ഷേത്രം പൂർണ്ണ പുനരുദ്ധാരണം ചെയ്യാനുള്ള കഴിവും ഇവർക്കില്ല. ക്ഷേത്രം ഭക്തരുടെ ഒരു കമ്മിറ്റിക്ക് വിട്ടുകൊടുക്കാനുള്ള മാനസികാവസ്ഥയും ഇവർക്കു വന്നു ചേർന്നിട്ടില്ല. ഉഗ്രഭാവത്തിലുള്ള ഈ നരസിംഹ ക്ഷേത്രം പൂർണ്ണ പുനരുദ്ധാരണത്തോടെ സനാതനമായില്ലെങ്കിൽ ഗ്രാമത്തിന് തന്നെ വലിയ ദോഷം ചെയ്യുമെന്ന ഒരു ഭീതി പരന്നിട്ടുണ്ട്. പ്രത്യേകിച്ച് പുനരുദ്ധാരണ പ്രക്രിയക്കായി ദേവനെ ഉണർത്തിയ സാഹചര്യത്തിൽ. ഏതായാലും തകർക്കപ്പെട്ട ഈ ക്ഷേത്രം പഴയ കാലത്തുണ്ടായിരുന്നതു പോലെത്തന്നെ പൂർണ്ണ പുനരുദ്ധാരണം നടത്തി നിത്യപൂജ തുടങ്ങി ഗ്രാമത്തിൻ്റെ ഐശ്വര്യമായി വിളങ്ങാൻ ഇടയാവട്ടെ.

Leave a Comment