139: തൃപ്രങ്ങോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 26, 2023141: ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം
May 30, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 140
തകർക്കപ്പെടലിൻ്റെ നടുക്കം വിട്ടുമാറാത്ത ഒരു ക്ഷേത്രമാണ് മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പരുതൂർ വില്ലേജിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊളമുക്ക് – ഭാരതപ്പുഴ റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്ത് റോഡോരം ചേർന്നുള്ള മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്താം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് അടിച്ചു തകർത്ത ഒരു ക്ഷേത്രമാണിത്. നെടുങ്ങേതിരിപ്പാടും നമ്പ്യാതിരിപ്പാടും ഭരിച്ചിരുന്ന നെടുങ്ങനാട് എന്ന പഴയ നാട്ടു രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായിരുന്നു ഈ സുബ്രഹ്മണ്യ ക്ഷേത്രം.
നെടുങ്ങനാട് കോവിലകം ഇന്ന് കാണാനാവില്ലെങ്കിലും കോവിലകം സ്ഥിതി ചെയ്തിരുന്ന ഭൂമി ഇക്കാലത്തുമുണ്ട്. 150 ദേശങ്ങൾ അടങ്ങുന്ന ഭൂപ്രദേശമാണ് നെടുങ്ങനാട്. പെരുമ്പ്രനായരായിരുന്നു നെടുങ്ങനാടിൻ്റെ സേനാനായകൻ. ഇതു കൂടാതെ കവളപ്പാറ നായർ ,തൃക്കിടീരിനായർ, പ്ലാപ്പറ്റ നായർ എന്നിവരും നെടുങ്ങനാടിൻ്റെ സൈന്യാധിപൻമാരായിരുന്നു. കുറുപ്പത്ത് നായർ നെടുങ്ങനാടിൻ്റെ മറ്റൊരു സൈനികനാണെന്ന് വിശ്വസിക്കപ്പെട്ടു വരുന്നുണ്ട്.
കവളപ്പാറ നായർ സ്വതവേ ധനാഢ്യനായിരുന്നു. നെടുങ്ങനാടിൻ്റെ ഏതാനും ഭാഗം വള്ളുവക്കോനാതിരി കയ്യടക്കിയിരുന്നു. എ.ഡി. പതിനാലാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി നെടുങ്ങനാട് കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിച്ചു. ഇങ്ങനെ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് നെടുങ്ങനാടിൻ്റെ 96 ദേശങ്ങൾ ചേർത്ത് ക
വളപ്പാറ നായർ സ്വതന്ത്രമായ നാട്ടുരാജ്യം സ്ഥാപിച്ച് ഭരണാധികാരിയായി. നെടുങ്ങനാട് സാമൂതിരിയുടെ കീഴിൽ വന്നതോടെ നെടുങ്ങേതിരിപ്പാട് നാട് വിട്ടുപോയി. നെടുങ്ങനാട് രാജകുടുംബത്തിൻ്റെ ക്ഷേത്രങ്ങളിലൊന്നായിരുന്നു ദേവസേനാധിപ ഭാവത്തിൽ പ്രതിഷ്ഠയുള്ള മുടപ്പക്കാട് സുബ്രഹ്മണ്യ ക്ഷേത്രം. മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ സംരക്ഷണച്ചുമതല കുറുപ്പത്ത് നായരെ ഏൽപ്പിച്ചിട്ടാണ് നെടുങ്ങേതിരിപ്പാട് രാജ്യം വിട്ടതെന്നാണ് വാമൊഴി ചരിത്രം.
ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തെ റോഡിനും പടിഞ്ഞാറെ ഓരത്തുള്ള പറമ്പ് കുറുപ്പത്ത് നായരുടെ തറവാട് സ്ഥിതി ചെയ്തിരുന്ന ഭൂമിയാണ്. കാവും അയോധനക്കളരിയും ശാക്തേയ വിധിപ്രകാരമുള്ള ആചരണങ്ങളും കുറുപ്പത്ത് നായർ തറവാട്ടിലുണ്ടായിരുന്നു. അയോധന യുദ്ധവിദ്യകളിൽ അഗ്രഗണ്യനായിരുന്നു കുറുപ്പത്ത് നായർ. അസാമാന്യ ധീരനുമായിരുന്നു അദ്ദേഹം.
കുമ്പിടി വഴിയാണ് ടിപ്പുവിൻ്റെ സൈന്യം വന്നത്. കൂറ്റനാട് ഗുരുവായൂർ റോഡിലുള്ള ഒരു ക്ഷേത്രം കയ്യേറി അവിടെ ടിപ്പുവിൻ്റെ സൈന്യം തമ്പടിച്ചു. പ്രസ്തുത ക്ഷേത്രഭൂമി ചുറ്റിലും വലിയ കിടങ്ങുകളോടെ ഇക്കാലത്തും അനാഥമായി കിടക്കുകയാണ്. ആ ക്ഷേത്രഭൂമി മുമ്പൊരിക്കൽ സന്ദർശിച്ച സമയത്ത് ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. കൂറ്റനാട് കേന്ദ്രീകരിച്ച് വ്യാപകമായ ക്ഷേത്രധ്വംസനങ്ങളാണ് ടിപ്പുവും സൈന്യവും നടത്തിയത്. കൂടല്ലൂർ ഭട്ടിയിൽ ശിവക്ഷേത്രം, തൃത്താല യജ്ഞേശ്വരം ക്ഷേത്രം, തൃത്താല മഹാദേവ ക്ഷേത്രം, നെടുങ്ങനാട് തളി, കൊടിക്കുന്നത്ത് ക്ഷേത്രം തുടങ്ങിയവയൊക്കെ തകർത്തു.
പന്നിയൂർ ഗ്രാമക്കാർ വരാഹ വിഗ്രഹം കുഴിച്ചിട്ട് ക്ഷേത്രത്തെ രക്ഷിച്ചു. ഈ സമയത്താണ് മുടപ്പക്കാട് ക്ഷേത്രവും തകർത്തത്. മുടപ്പക്കാട് ക്ഷേത്രം തകർക്കുന്നതിനു മുമ്പ് ടിപ്പുവിന് പരുതൂരിൽ ശക്തമായ പ്രതിരോധം നേരിടേണ്ടി വന്നു. കുറുപ്പത്ത് നായരും കളരി സംഘവുമാണ് ടിപ്പുവിനോട് ഏറ്റുമുട്ടിയത്. കളരിക്കാരെ തോൽപ്പിക്കുക എന്നത് ടിപ്പുവിൻ്റെ സൈന്യത്തിന് ശ്രമകരമായ ദൗത്യമായിരുന്നു. ദീർഘ നേരത്തെ പോരാട്ടത്തിനൊടുവിൽ കുറുപ്പത്ത് നായർ ശത്രു സൈന്യത്തിൻ്റെ സംഘം ചേർന്നുള്ള അക്രമത്തിൽ വീരമൃത്യുവരിച്ചു. തുടർന്ന് ടിപ്പുവിൻ്റെ സൈന്യം മുടപ്പക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ഇരച്ചു കേറി. കൊടിമരവും ചുറ്റമ്പലവും തകർത്തു. ശ്രീകോവിലിനുള്ളിൽ കയറി സുബ്രഹ്മണ്യ വിഗ്രഹം അടിച്ചു തകർത്തു. അതിനു ശേഷം ക്ഷേത്രഭൂമി കാടുമൂടിക്കിടന്നു. തുടർന്ന് കുറുപ്പത്ത് നായർ കുടുംബം പരുതൂരിൽ നിന്നും പലായനം ചെയ്തു.
മുടപ്പകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് പ്രഭാവത്തോടെ കഴിഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു. ഇവിടത്തെ തൈപ്പൂയ്യ മഹോത്സവം 15 ദിവസം നീണ്ടു നിന്നിരുന്നു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മത്സരിച്ചുള്ള നാടൻ കലകൾ അരങ്ങേറിയിരുന്നു. ക്ഷേത്രത്തിൻ്റെ വടക്കു ഭാഗത്ത് കാടുകയറിക്കിടക്കുന്ന ഒരു ഭൂമിയുണ്ട്. ഈ പറമ്പിലായിരുന്നു പൂതനും തിറയുമൊക്കെ നിറഞ്ഞാടിയിരുന്നത്. പൂതംകളി പറമ്പ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
എ.ഡി.2005 ൽ നൂറ്റി അഞ്ചാമത്തെ വയസ്സിൽ മരണപ്പെട്ട തദ്ദേശിയനായ രാമകൃഷ്ണനെഴുത്തച്ഛൻ അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്ത് പൂതൻ കളി പറമ്പിൽ പൂതനും തിറയും കളിച്ചിരുന്നതിൻ്റെ നേർക്കാഴ്ചകൾ പറഞ്ഞതു കേട്ടവർ ഇന്നുമുണ്ട്. പൂതംകളിപറമ്പ് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. കുറുപ്പത്ത് നായരുടെ തറവാടു ഭൂമിയും അന്യാധീനപ്പെട്ടു. ഇവിടെ പുതിയ വീടുവെച്ച് താമസിക്കുന്ന മുസ്ലീം വീട്ടുകാർ കളരി പൊളിച്ചു. കാവിൻ്റെ ഭാഗം നില നിൽക്കുന്നുണ്ട്. കാട് മൂടി തകർന്നു കിടക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തകർന്ന വിഗ്രഹത്തിന് നിത്യപൂജ ചെയ്യാൻ തുടങ്ങിയത് എ.ഡി.2003 ലാണ്. ഒരു മഹാക്ഷേത്രമായതിനാൽ തകർക്കുന്ന കാലത്തെ പ്രൗഢിയോടെ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള കഴിവ് നാട്ടുകാർക്കുണ്ടായിരുന്നില്ല.
2014ലാണ് ക്ഷേത്ര പുനരുദ്ധാരണ ചിന്ത ഭക്തജനങ്ങളിൽ രൂഢമൂലമായത്. തുടർന്ന് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചെങ്കിലും അത് ആരംഭശൂരത്വമായി. പിന്നീട് ചാഞ്ചേരി പറമ്പിൽ ബാബു പ്രസിഡൻ്റായും തച്ചറത്തൊടി മനോജ് സെക്രട്ടറിയുമായി പുതിയ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. പഴയപ്രൗഢിയിലും രൂപത്തിലും ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ശ്രീകോവിൽ സിമൻ്റിൽ വാർത്തു. അടിച്ചുsച്ച വിഗ്രഹം മാറ്റി പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. ശ്രീകോവിലിൻ്റെ ജോലി അപൂർണ്ണവും വൈകല്യമുള്ളതും ആയതിനാൽ വീണ്ടും പൊളിച്ച് കൃത്യതയോടെ പുനർനിർമ്മിക്കേണ്ടതുണ്ട്.
തകർന്ന നമസ്ക്കാര മണ്ഡപവും ചുറ്റമ്പലവും പുനരുദ്ധാരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. തീർത്ഥക്കുളവും പുനരുദ്ധാരണം ചെയ്യാനുണ്ട് .മേടമാസത്തിലെ ചിത്ര നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം. മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ഐതിഹ്യമോ, ചരിത്രമോ അറിയാവുന്ന ആരും ജീവിച്ചിരിപ്പില്ല. ചതുരാകൃതിയിലുള്ള ശ്രീകോവിലുള്ള ഈ ക്ഷേത്രത്തിന് 2500 വർഷത്തെ പഴക്കമാണുള്ളത്. ക്ഷേത്രഭൂമിയിൽ മാറോടിൻ്റെ ശകലങ്ങൾ കാണുന്നതിനാൽ തകർക്കപ്പെടലിൻ്റെ കാലത്തിനു മുമ്പ് ഓടുമേഞ്ഞുള്ള ഒരു പുനരുദ്ധാരണം നടന്നിട്ടുള്ളതായി മനസ്സിലാക്കാം.
ഉപപ്രതിഷ്ഠകളായി അയ്യപ്പക്ഷേത്രവും നാഗ പ്രതിഷ്ഠകളുമാണുള്ളത്. ഗണപതി ഉണ്ടെകിലും ഗണപതി പ്രതിഷ്ഠയില്ല. നരിപ്പറ്റ കേശവൻ ഭട്ടതിരിയാണ് ശാന്തിക്കാരൻ. വലിയ കുന്ന് കാലടി ശങ്കരനുണ്ണി നമ്പൂതിരിപ്പാട് തന്ത്രിയും. കോഴിക്കോട് സാമൂതിരി രാജയുടെ ട്രസ്റ്റിഷിപ്പിൻ കീഴിലുള്ള ഈ ക്ഷേത്രം വരുമാനമില്ലാത്ത ഡി ഗ്രേഡ് ക്ഷേത്രമാണ്. തൃത്താല മഹാദേവ ക്ഷേത്രത്തിൻ്റെ കീഴേടമായാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്.