136: തലവിൽ മഹാവിഷ്ണു ക്ഷേത്രം
May 24, 2023138: അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രം
May 25, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 137
എട്ട് ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്തിരുന്ന ഒരു തളി മഹാശിവക്ഷേത്രം തകർന്ന് മണ്ണ് മൂടി കിക്കുകയാണ്. ക്ഷേത്രഭൂമിയും തീർത്ഥക്കുളങ്ങളും ഇന്ന് തെങ്ങിൻ തോപ്പുകളായി രൂപാന്തരപ്പെട്ടു. അവശേഷിക്കുന്നത് പ്രധാന ശ്രീകോവിൽ തറയുടെ അവശിഷ്ടവും പ്രതിഷ്ഠയില്ലാത്ത പീഠവുമാണ്. ആരും കാണാതിരിക്കാൻ ഈ അവശിഷ്ടം ഒരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞുവെച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള നെടുവ വില്ലേജിലെ ചെറമംഗലത്തുള്ള പരപ്പനാട് തളി ക്ഷേത്രത്തിൻ്റെ വർത്തമാനകാല ചിത്രത്തിൻ്റെ രത്നച്ചുരുക്കമാണ് മുകളിൽ വിവരിച്ചത്.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിലൊന്നാണ് പരപ്പനാട് തളി മഹാദേവ ക്ഷേത്രം. ഇന്നത്തെ പരപ്പനങ്ങാടി പഴയ കാലത്ത് പരപ്പനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഏറനാടും വടക്ക് സാമൂതിരിനാടും തെക്ക് പൂരപ്പുഴയും പടിഞ്ഞാറ് കടലുമാണ് പരപ്പനാടിൻ്റെ അതിരുകൾ. കോഴിക്കോട് സാമൂതിരിയുടെ സാമന്ത പദവി അംഗീകരിച്ചിരുന്നവരാണ് നാടുഭരിച്ചിരുന്ന പരപ്പനാട് രാജവംശം. ഹൈദരാലിയുടേയും ടിപ്പുവിൻ്റേയും പടയോട്ടക്കാലത്ത് പരപ്പനാട് കോവിലകത്തെ അംഗങ്ങൾ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. തിരുവിതാംകൂർ രാജവംശവുമായി പിൽക്കാലത്ത് പരപ്പനാട് രാജവംശത്തിന് ബന്ധമുണ്ടായി. പൂരപ്പഴയുടെ തെക്കുഭാഗം പഴയകാല വെട്ടത്തുനാടാണ്. പരപ്പനാടിനും വടക്കു ഭാഗത്താണ് കോഴിക്കോട് സാമൂതിരിയുടെ സാമ്രാജ്യം. സാമൂതിരി പലതവണ വെട്ടത്തു നാടിനെ അക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. സാമൂതിരിയുടെ ശക്തിക്ക് മുന്നിൽ പരപ്പനാട് രാജാക്കൻമാർ മൗനം പാലിച്ചു നിന്നതിനാൽ അനായാസം പൂരപ്പുഴ കടന്ന് വെട്ടത്തു നാട്ടിലേക്ക് പ്രവേശിക്കാൻ സാമൂതിരിയുടെ സൈന്യത്തിന് സാധിച്ചിരുന്നു. മൂന്ന് തീർത്ഥക്കുളങ്ങളോടുകൂടി നെടുവ വില്ലേജിൽ റീ.സ.461 ൽ 3,463 ൽ 1A, 1B 473 ൽ 4,5 എന്നീ സർവ്വെ നമ്പറുകളിലായി പരപ്പനാട് തളി മഹാദേവ ക്ഷേത്രം 7 ഏക്കർ 47 സെൻ്റിലാണ് സ്ഥിതി ചെയ്തിരുന്നത്. വടക്ക് ചാലിയം ക്ഷേത്രം മുതൽ തെക്ക് പുത്തൻ തെരു മഹാദേവ ക്ഷേത്രം വരെയുള്ള പ്രദേശങ്ങൾ പരപ്പനാട് തളി മഹാദേവൻ്റെ കണ്ണോട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. ആനപ്പള്ളമതിലും പ്രധാന ശ്രീകോവിലും പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി എന്നീ ഉപപ്രതിഷ്ഠകളോടുകൂടിയ ഒരു വലിയ ക്ഷേത്രസമുച്ചയമാണ് തളി.
പഴയ കാലത്ത് തളിയിൽ വച്ചാണ് ബ്രാഹ്മണ ഭരണാധികാരികൾ രാജ്യത്ത് നടപ്പിലാക്കണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിച്ചിരുന്നത്. കോഴിക്കോട് തളി, അഴിഞ്ഞിലം തളി, രാമനാട് പരിഹാരപുരം തളി, തിരുന്നാവായ തളി, അങ്ങാടിപ്പുറം തളി തുടങ്ങിയവയൊക്കെ ഈ രീതിയിലുണ്ടായിരുന്ന തളി ക്ഷേത്രങ്ങളാണ്. പൂർവ്വിക കാലത്ത് ബ്രാഹ്മണരാൽ നിയന്ത്രിക്കപ്പെട്ടിരുന്ന ക്ഷേത്രമാണ് പരപ്പനാട് തളി ക്ഷേത്രം. പരപ്പനാട് രാജവംശത്തിനും തളിയുമായി ബന്ധമുണ്ട്. അതേ സമയം തളി ക്ഷേത്രഭൂമിയുടെ റെവന്യു രേഖകളിൽ തൃക്കൈക്കാട്ട് മഠമാണ് ജൻമി. ഇത് പിൽക്കാലത്ത് വന്ന രേഖയായിരിക്കണം. ഭൂമിക്ക് സർക്കാർ നികുതിയും വാങ്ങുന്നതായി രേഖകളിൽ കാണുന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തളി ക്ഷേത്രസമുച്ചയം ടിപ്പുവിൻ്റെ സൈന്യം താവളമാക്കി. ഈ താവളം വിട്ടു പോകുന്നതിനു മുമ്പ് ക്ഷേത്രം പൂർണ്ണമായും തകർത്തു. പിന്നീട് ക്ഷേത്രഭൂമി കാട് മൂടിക്കിടന്നു. പിൽക്കാലത്താണ് തളി ക്ഷേത്രഭൂമി പലരുടേയും കൈകളിലെത്തിയത്.
ശങ്കരാചാര്യരുടെ ശിഷ്യൻ തോടകാചാര്യർ സ്ഥാപിച്ചതാണ് താനൂർ പരിയാപുരത്തുള്ള തൃക്കൈക്കാട്ട് മഠം. മഠത്തിന് മലപ്പുറത്ത് വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഉണ്ടായിരുന്നു. മഠത്തിൻ്റെ ഭൂമികളൊക്കെ കാര്യസ്ഥൻമാരിലൂടെ അന്യാധീനപ്പെട്ടു. പരപ്പനാട് തളിക്ഷേത്രഭൂമിയും ഈ വിധത്തിലാണ് അന്യാധീനപ്പെട്ടത്. ഹിന്ദുക്കളുടേയും മുസ്ലീംങ്ങളുടേയും കൈവശത്തിലാണ് ഭൂമിയെല്ലാം. താനൂർ പരപ്പനങ്ങാടി റെയിൽവെ ലൈൻ കടന്നു പോകുന്നത് തളിക്ഷേത്രഭൂമിയിലൂടെയാണ്. ക്ഷേത്രസമുച്ചയത്തിൽ പെട്ട ഭദ്രകാളി ക്ഷേത്രം റെയിലിനു കിഴക്കുഭാഗത്താണ്. താനൂർ പരപ്പനങ്ങാടി സംസ്ഥാന പാതകടന്നു പോകുന്നതും തളിക്ഷേത്രഭൂമിയിലൂടെയാണ്. പുരാതനമായ ഈ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ശ്രീരാമ ക്ഷേത്രമുണ്ട്. രാമേശ്വരം ക്ഷേത്രമെന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമാണ് പരപ്പനാട് രാമേശ്വരം ക്ഷേത്രമെന്ന ഒരു വിശ്വാസവുമുണ്ട്. ക്ഷേത്രഭൂമിയോടു ചേർന്നൊഴുകുന്ന പുഴക്ക് പൂരപ്പുഴ എന്ന പേരും അതിനു കിഴക്കു ഭാഗത്തെ വലിയ മൈതാനത്തിന് പൂരപ്പറമ്പ് എന്ന പേരും വന്നത് തളി മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രവും പൂരപറമ്പും അനുബന്ധമായി ചിന്തിക്കേണ്ടതാണ്. പരപ്പനാട് തളി മഹാദേവ ക്ഷേത്രത്തിൻ്റെ പ്രധാന ശ്രീകോവിൽ സ്ഥിതി ചെയ്തിരുന്ന പറമ്പിൽ ഇപ്പോൾ ഒരു വീടുണ്ട്. ഇതിൻ്റെ തെക്കുഭാഗത്ത് ഒരു പീഠവും ശ്രീകോവിൽ തറയുടെ അവശിഷ്ടങ്ങളും മാത്രമാണുള്ളത്. ഇവിടെ ഭക്തർ വിളക്കുവെച്ച് തൊഴുതിരുന്നു. ക്ഷേത്രത്തിൻ്റെ സോപാനം, ശ്രീകോവിലിൻ്റെ ഓവ് എന്നിവ അടുത്ത കാലത്താണ് എടുത്തു കൊണ്ടു പോയി ഉപേക്ഷിച്ചത്. എന്നാൽ ക്ഷേത്രസമുച്ചയത്തിൻ്റെ മറ്റവശിഷ്ടങ്ങളും മതിലിൻ്റെ തറയുമൊക്കെ ഇപ്പോഴും ഭൂമിക്കടിയിലാണ്. പരപ്പനാട് തളിക്ഷേത്രത്തിൽ ശിവലിംഗമായിരുന്നില്ല നടരാജ വിഗ്രഹമാണ് പൂജിക്കപ്പെട്ടിരുന്നത്.
തകർന്നു നാമാവശേഷമായ ക്ഷേത്രഭൂമി കൈവശം വെക്കുന്ന പ്രദേശത്തുകാർ ഒട്ടേറെ ദുരിതം അനുഭവിച്ചു വരുന്നതിനാൽ പരിഹാരമായി തളിക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ നാട്ടുകാർ തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2008 ഫിബ്രവരി 23 ന് തറയിൽ ചായിച്ചൻ്റെ വീട്ടിൽ ടി.വി.രാമൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പരപ്പനങ്ങാടി തളിക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് വെറ്റില പ്രശ്നം നടത്തി. പരിഹാര കർമ്മങ്ങളും ചെയ്തു. തളിക്ഷേത്രത്തിൻ്റെ അവശിഷ്ടമുള്ള പറമ്പിലാണ് ഇതെല്ലാം ചെയ്തത്. എന്നാൽ പുനരുദ്ധാരണ കമ്മിറ്റിക്ക് തുടർന്ന് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ക്ഷേത്രാവശിഷ്ടമുള്ള ഭൂമിയുടെ ഉടമസ്ഥൻ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് റിലയൻസ് കമ്പനിക്ക് അനുവാദം നൽകി. ടവറിനു വേണ്ടി മണ്ണു നീക്കിയപ്പോൾ നിരവധി ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. തുടർന്ന് പുനരുദ്ധാരണ കമ്മിറ്റി റിലയൻസുമായി ബന്ധപ്പെട്ട് തളിക്ഷേത്രഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പരാതിപ്പെടുകയും റിലയൻസ് തങ്ങളുടെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. പരപ്പനാട് തളി മഹാദേവൻ ഇന്ന് ആലയരഹിതനും ഭൂരഹിതനുമാണ്. ദേവൻ്റെ ഭൂമി കൈവശം വെക്കുന്ന എത്ര പേർ ക്ഷേത്ര പുനർനിർമ്മാണത്തിന് ഭൂമി വിട്ടു നൽകുമെന്ന് പുനരുദ്ധാരണ കമ്മിറ്റിക്ക് അറിയില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠ എക്കാലവും മൈനറാണ്. മൈനർ ഭൂമിയുടെ ആധാരങ്ങൾക്കും പട്ടയങ്ങൾക്കും നികുതി രശീതികൾക്കും യാതൊരു നിയമസാധുതയുമില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന് ആഗ്രഹിക്കുന്നവരുടെ പക്കൽ തന്നെയാണ് ദേവഭൂമിയുള്ളത് എന്നതാണ് ഇവിടുത്തെ പ്രത്യേകത.