136: തലവിൽ മഹാവിഷ്ണു ക്ഷേത്രം

135: ശിവമല
May 23, 2023
137: പരപ്പനാട് തളി മഹാദേവ ക്ഷേത്രം
May 25, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 136

കാലത്തിൻ്റെ കനിവും ഈശ്വരാനുഗ്രഹവും സമ്മേളിക്കുമ്പോൾ മാത്രമാണ് ചിറകു മുളച്ച സങ്കൽപ്പങ്ങൾ, അഥവ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്നത്. പരീക്ഷിക്കാനെന്നവണ്ണം, തുടക്കത്തിൽ വിഘ്നങ്ങൾ പലതും വന്നു ചേർന്ന് കരിനിഴൽ വീഴ്ത്തുമെങ്കിലും ഇച്ഛാഭംഗമില്ലാതെ പ്രതീക്ഷകൾ കൈവിടാതെ പ്രാർത്ഥനയോടെ കാത്തു നിന്നാൽ കാലവും കനിയും ദുരിതത്തിൻ്റെ കരിനിഴൽ നീങ്ങുകയും ചെയ്യും. പ്രത്യേകിച്ച്, മഹാവിഷ്ണു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രക്രിയകളിലാണ്, ഇത്തരം പരീക്ഷണങ്ങൾ കാണാറുള്ളത്. ഭഗവാൻ ആദ്യമൊന്നു പരീക്ഷിക്കും. അത്, ശരണം പ്രാപിച്ചു വന്ന ഭക്തനായാൽ പോലും. മേൽപ്പുത്തൂർ ഭട്ടതിരിയുടെ നാരായണീയ രചനാകാലം തന്നെ പ്രഥമ അനുഭവസാക്ഷ്യമാണല്ലോ. ഇത്തരത്തിൽ, കാലത്തിൻ്റേയും ഭഗവാൻ്റെയും അനുഗ്രഹം കാത്ത് ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയയിൽ പ്രതീക്ഷയോടെ പ്രവർത്തന പഥത്തിലാണ് തലവിൽ ഗ്രാമത്തിലെ ഭക്തജനങ്ങൾ. ഇവിടെ തകർന്ന് കാട് മൂടിക്കിടന്നിരുന്ന ഒരു ക്ഷേത്രമുണ്ട്. തലവിൽ മഹാവിഷ്ണു ക്ഷേത്രം.

ബാലാലയം

കണ്ണൂർ ജില്ലയിലെ, എരുവാട്ടി തപാൽ പരിധിയിൽ പെട്ട തലവിൽ മഹാവിഷ്ണു ക്ഷേത്രമാണ് പുരുദ്ധാരണ പ്രക്രിയയിൽ സകലരുടേയും കനിവുതേടുന്നത്. തലവിൽ ഒരു മലയോര ഗ്രാമമാണ്. ഇരുനൂറോളം ഹിന്ദു ഭവനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ഒരു കാലത്ത് ഈ ഗ്രാമം പൂർണ്ണമായും ചിറക്കൽ രാജവംശത്തിൻ്റെ അധീനതയിലായിരുന്നു. പുരാതന കാലത്ത് തലവിൽ ഗ്രാമം വന മേഖലയായിരുന്നു. ഋഷീശ്വരൻമാർ തപസ്സു ചെയ്തിരുന്ന ശാന്ത ഗംഭീര പ്രദേശവുമായിരുന്നു. തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാന്ത ഭാഗങ്ങളിൽ നിരവധി മുനിയറകൾ കാണാം. ഋഷീശ്വരൻമാർ തപസ്സു ചെയ്തിരുന്ന മുനിയറകളാണിത്. മൂന്ന് മുനിയറകൾ എനിക്ക് കാണാൻ സാധിച്ചു. എന്നാൽ ഏഴു മുനിയറകൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ മുനിയറകൾ മെഗലിത്തിക്ക് കാലഘട്ടത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇവിടെ കാണുന്ന മുനിയറകൾ തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഉൽപ്പത്തി ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആ ചരിത്രം ഇങ്ങനെയാണ് –

കാലാതീത കണക്കുകൾ കരണീയമായ സിദ്ധയോഗികളുടെ കർമ്മ ഭൂമിയാണ് ശിവൻ മല സ്ഥിതി ചെയ്യുന്നത്. സന്താനഭാഗ്യമില്ലാതിരുന്ന ഒരു രാജാവ് ശിവൻ മലയിലെത്തി പുത്ര ഭാഗ്യത്തിനുള്ള മാർഗ്ഗം തേടി. മോക്ഷദായകനായ മഹാവിഷ്ണുവിനെ ഉപാസിക്കാനായിരുന്നു നവയോഗികളുടെ ഉപദേശം. അതനുസരിച്ച് രാജാവ് മഹാവിഷ്ണുവിനെ ഉപാസിക്കുകയും പുത്രഭാഗ്യം നേടുകയും ചെയ്തു. തുടർന്ന് അദ്ദേഹം തലവിൽ ഗ്രാമത്തിൽ മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. 1500 വർഷം മുമ്പു നടന്ന അലിഖിതചരിത്രമാണിത്. കിഴക്കോട്ടു ദർശനമായ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗണപതി, വന ശാസ്താവ്, ചാമുണ്ഡി എന്നിവയാണ് ഉപപ്രതിഷ്ഠകൾ. ക്ഷേത്രത്തോടനുബന്ധിച്ച ഭൂമികളെല്ലാം ചിറക്കൽ കോവിലകത്തിൻ്റേതാകയാൽ ക്ഷേത്രം നിർമ്മിച്ചത് ചിറക്കൽ രാജാവാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

ശിവൻമലയിലെ ഒരു സിദ്ധയോഗിയാണ് തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. പിൽക്കാലത്ത് തലവിൽ ഗ്രാമം ധാരാളം ബ്രാഹ്മണർ അധിവസിക്കുന്ന പ്രദേശമായി മാറി. തലവിൽ മഹാവിഷ്ണു ക്ഷേത്രം ബ്രാഹ്മണരുടെ ഊരായ്മയിലേക്ക് മാറുകയും ചെയ്തു. ചുറ്റമ്പലവും നമസ്കാരമണ്ഡപവുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രമാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർക്കപ്പെട്ടു. തകർച്ചയുടെ ആഘാതം എത്ര കനത്തതായിരുന്നുവെന്നു മനസ്സിലാക്കാൻ തക്ക യാതൊരു തെളിവും ക്ഷേത്രത്തിൽ ഇല്ല. അതിനെക്കുറിച്ചു പറയാൻ അറിവുള്ളവരും പ്രദേശത്തില്ല. അതിനു ശേഷം ക്ഷേത്രം പുനർനിർമ്മാണം നടത്തി. തുടർന്നുണ്ടായ കാലഘട്ടത്തിൽ വേണ്ടത്ര പരിരക്ഷ കിട്ടാതെ ക്ഷേത്രം സ്വാഭാവിക തകർച്ചയും നേരിട്ടു. ബ്രാഹ്മണർ ദേശത്തു നിന്നും പലായനം ചെയ്തു. ക്ഷേത്രഭൂമിയുടെ പല ഭാഗങ്ങളും അന്യാധീനപ്പെട്ടു. ക്ഷേത്രഭൂമിയുടെ ഒരു തരിമണ്ണ് പോലും അനർഹമായി കൈവശം വെക്കരുതെന്നും ദേവഭൂമി കൈവശപ്പെടുത്തിയാൽ അതിൻ്റെ പാപവും പരിണിത ദുരിതവും തലമുറകളോളം അനുഭവിക്കേണ്ടി വരുമെന്ന വിശ്വാസവുമൊക്കെ ക്ഷണിക ലാഭ മോഹത്തിൽ തകർന്നടിഞ്ഞു.

തകർന്ന ചുറ്റമ്പലം

നൂറ്റാണ്ടുകളോളം തകർന്ന് കാട് മൂടി കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ 2019 ലാണ് ഭക്തജനങ്ങൾ തീരുമാനിച്ചത്. ടി.വി.സുരേന്ദ്രൻ, കെ.വി.കുഞ്ഞിക്കണ്ണൻ, പുല്ലായ്ക്കൊടി വീട്ടിൽ അർജുൻ തുടങ്ങിയവർ അതിന് അമരക്കാരുമായി. 2019 മെയ് 19ന് പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചു. അനായാസം ക്ഷേത്ര പുനരുദ്ധാരണം യാഥാർത്ഥ്യമാക്കാമെന്നാണ് പുനരുദ്ധാരണ കമ്മിറ്റി കണക്കു കൂട്ടിയിരുന്നത്. അതിനു വേണ്ടി തകർന്ന ക്ഷേത്രം പൊളിച്ചു നീക്കിയ അവർ ശ്രീകോവിൽ നിർമ്മാണത്തിന് കുറ്റിയടിച്ചു. മഹാവിഷ്ണുവിൻ്റെ വിഗ്രഹം ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. നാശോൻമുഖമായ തീർത്ഥക്കിണർ പുനർനിർമ്മിച്ചു. ഇതിനിടയിലാണ് കോവിഡ് ഭീതി സകല മേഖലകളേയും നിശ്ചലമാക്കിയത്. ഇതോടെ തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മുടങ്ങി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കിട്ടാതെ വിഷമിച്ച് നിൽക്കുമ്പോഴും ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ സാരഥികളുടെ ചിന്തയിൽ രൂഢമൂലമായ ഒരു ആശയമുണ്ടായിരുന്നു. ക്ഷേത്രം ഗ്രാമത്തിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായിത്തീരണം. കേവലം ആരാധനാകേന്ദ്രം മാത്രമായിരിക്കരുത് –

സമസ്ത വിഷയങ്ങളിലും തലവിൽ മഹാവിഷ്ണു ഗ്രാമീണർക്ക് തണലായിത്തീരണം .ആ ഒരു ചിന്തയാണ് കോവിഡ് ഭീതിയുടെ കാലത്ത് ഗ്രാമത്തിലെ സാധാരണക്കാർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുണ്ടായ തീരുമാനം. കോവിഡ് കാലത്ത് കേരളത്തിൽ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യക്കിറ്റു നൽകിയ ക്ഷേത്രമാണിത്. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ കോവിഡ് ഭീതിയുടെ രണ്ടാം ഘട്ടമാണ്. തലവിൽ മഹാവിഷ്ണു ഇപ്പോഴും ബാലാലയത്തിലാണ്. കോവിഡ് രോഗം ഇല്ലാതായി ജനജീവിതം സാധാരണ ഗതിയിലാവുന്നതോടെ തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാവുമെന്നു പ്രതീക്ഷിക്കാം.

മുനിയറ

Leave a Comment