132: കൈയ്യന്നേരി ഇടം ക്ഷേത്രം

131: മനിയേരി ഇടം ക്ഷേത്രം
May 19, 2023
133: കരിമ്പിലാട്ടിടം ക്ഷേത്രം
May 20, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 132

കണ്ണൂർ ജില്ലയിലെ മാവിലക്കാവ് ക്ഷേത്രത്തിനോട് അനുബന്ധമായ മനിയേരി ഇടത്തിൽ നിന്നും ഞാൻ നേരെ പോയത് കൈയ്യന്നേരി ഇടം ക്ഷേത്രഭൂമിയിലേക്കാണ്. വയലുകന്നുകയറി ചെന്നത് ഒരു പറമ്പിലേക്കാണ്. ഈ പറമ്പിൽ പുരാതനമായ ഒരു നടവഴിയും അതിന് ഇടയ്ക്ക് പടിക്കെട്ടുകളുമുണ്ട്. ഈ വഴി എത്തിച്ചേരുന്നത് കൈയ്യന്നേരി ഇടം ക്ഷേത്രഭൂമിയിലാണ്. കരിയിലകളും അടിക്കാടും നിറഞ്ഞ ഈ വഴികളെല്ലാം മാവിലക്കാവിൻ്റേയും എട്ടിടങ്ങളിലേയും ഉത്സവക്കാലത്ത് വൃത്തിയാക്കും. ദൈവത്താർ ഈശ്വരൻ്റെ തെയ്യം നടന്നു പോകുന്ന പരമ്പരാഗത പാതയാണിത്. ദൈവത്തിന് അനായാസം സഞ്ചരിക്കുന്നതിനു വേണ്ടിയാണ് വഴി വൃത്തിയാക്കാറുള്ളത്. നേരത്തെ മറ്റ് ഇടങ്ങളിൽ കണ്ടതുപോലെ മേൽക്കൂരയില്ലാതെ ശ്രീകോവിൽ ഭിത്തി മാത്രമുള്ള തകർന്ന ഒരു ക്ഷേത്രമായിരിക്കും എന്ന നിഗമനത്തോടെയാണ് ക്ഷേത്രഭൂമിയിൽ പ്രവേശിച്ചത്. എന്നാൽ അവിടെ എത്തിയ ഞാൻ കണ്ടത് പഴയ ക്ഷേത്രത്തിൻ്റെ നഷ്ടപ്പെട്ട ശ്രീകോവിൽ തറയുടെ അവശിഷ്ടമാണ്. തറ നിരപ്പിൽ നിന്നും രണ്ടു വരി കല്ല് കാട് മൂടി കിടക്കുന്ന നിലയിലാണ് കാണാൻ കഴിഞ്ഞത്. അരിത്തറ കല്ല് ഒന്നിനു മീതെ ഒന്നായി വെച്ച നിലയിലാണ്. ചുറ്റുഭാഗവും കാട് നിറഞ്ഞിരിക്കുന്നു. ഇത് വനത്തിൽ തകർന്നു കിടക്കുന്ന ഒരു ക്ഷേത്രത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്നതാണ്.

പാറപ്പളള്യത്ത് എന്ന തറവാട്ടുകാരുടെ ഊരായ്മയിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണിത്. ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. ദൈവത്താർ ഈശ്വരൻ ഈ ക്ഷേത്രത്തിൽ വന്ന് പോവുകയാണ് പതിവ്. മാവിലക്കാവ് ക്ഷേത്രോത്സവം കൈയ്യന്നേരി ഇടം ക്ഷേത്രത്തിൻ്റെയും ഉത്സവമാണ്. ദൈവത്താർ ഈശ്വരനാണ് ഇവിടുത്തേയും പ്രതിഷ്ഠാ സങ്കൽപ്പം. ദൈവത്താർ ഈശ്വരൻ്റെ എട്ട് ഇടങ്ങളിൽ ഒരു പ്രധാന ക്ഷേത്രമാണിത്. മറ്റ് ഇടങ്ങളിലേതുപോലെത്തന്നെ മണ്ണു കൊണ്ട് നിർമ്മിച്ച പ്രതിഷ്ഠയും മേൽക്കൂരയോടു കൂടിയ ശ്രീകോവിലും ഉണ്ടായിരുന്നു. നിത്യപൂജ ഇല്ലെങ്കിലും പൂർവ്വിക കാലത്ത് ഭക്തജനങ്ങൾ വിളക്കു വെച്ച് ആരാധിച്ചു വന്നിരുന്ന ഒരു ഇടമായിരുന്നു കൈയ്യന്നേരി ഇടം ക്ഷേത്രം. നേരത്തെ അദ്ധ്യായത്തിൽ വിവരിച്ച ക്ഷേത്രമാണിത്. ദൈവത്താർ ഈശ്വരനും പരിവാരങ്ങളും കൈയ്യന്നേരി ഇടത്തിൽ വന്ന് മടങ്ങുമ്പോഴാണ് കനത്ത മഴയുണ്ടായത്. മഴ നനഞ്ഞ ദൈവത്താർ ഈശ്വരനും പരിവാരങ്ങളും മനിയേരി തറവാട്ടിലേക്ക് ഓടിക്കയറിയെന്നാണല്ലോ മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചത്. മൈസൂർ അധിനിവേശക്കാലത്ത് തകർത്ത ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. അതിൽപ്പിന്നെ കാടുകയറിക്കിടന്ന ക്ഷേത്രഭൂമിയിൽ ഉത്സവക്കാലത്തു മാത്രമെ ഭക്തജനങ്ങൾ ആരാധനക്കായി വന്നിരുന്നുള്ളു.

ദൈവത്താർ പോകുന്ന വഴി

പിൽക്കാലത്ത് ഈ ക്ഷേത്രഭൂമിയും അനുബന്ധ ഭൂമിയും ഊരാള കുടുംബം വിൽപ്പന നടത്തി. മുസ്ലീം മതക്കാരനാണ് വിലക്ക് വാങ്ങിയത്. ഇപ്പോഴും മുസ്ലീം മതക്കാരൻ്റെ കയ്യിലാണ് ക്ഷേത്രഭൂമി. എങ്കിലും, ഉത്സവകാലങ്ങളിൽ ദൈവത്താർ ഈശ്വരൻ ഈ ക്ഷേത്രഭൂമിയിൽ പ്രവേശിക്കുന്നതും പാരമ്പര്യ ആചാരങ്ങൾ നിർവ്വഹിക്കുന്നതിനും ഇതുവരെ തടസ്സമൊന്നും ഉണ്ടായിട്ടില്ല. ഒരു ഘട്ടത്തിൽ ക്ഷേത്രഭൂമി വിൽപ്പന നടത്തിയെങ്കിലും ദൈവത്താർ ഈശ്വരൻ്റെ ക്ഷേത്രഭൂമി തിരികെ ലഭിക്കാൻ പാറ പള്ള്യത്ത് തറവാട്ടിലെ പുതിയ തലമുറ ഇന്ന് ആഗ്രഹിക്കുന്നു. ആയിരത്താണ്ടുകളായി പൂർവ്വികരുടെ ഊരായ്മയിലുണ്ടായിരുന്ന ഈ ക്ഷേത്രഭൂമി വീണ്ടെടുത്ത് ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഊരാള കുടുംബത്തിൻ്റേയും ഭക്തജനങ്ങളുടേയും ആഗ്രഹം. ഇപ്പോഴത്തെ കൈവശക്കാർ വില കൊടുത്തു വാങ്ങിയ ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെങ്കിൽ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. ക്ഷേത്രഭൂമികൾ വിൽപ്പന നടത്തുന്നതും അത് സ്വകാര്യ സ്വത്താക്കി വെക്കുന്നതും തെറ്റാണെന്ന് അറിയുന്നവർ തന്നെയാണ് ക്ഷേത്രഭൂമി വിൽക്കുന്നതും വിലയ്ക്ക് വാങ്ങുന്നതും. പെരളശ്ശേരി പഞ്ചായത്തിലാണ് കൈയ്യനേരി ഇടം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈയ്യന്നേരി ഇടത്തിൽ നിന്നും കരിമ്പിലാക്കൽ ഇടം ക്ഷേത്രത്തിലേക്ക് തിരിക്കുമ്പോൾ, ഈ ക്ഷേത്രഭൂമി എത്രയും വേഗം ഊരാളൻമാർക്ക് തിരിച്ചു ലഭിക്കട്ടെയെന്നും ക്ഷേത്ര പുനരുദ്ധാരണത്തിന് വൈകാതെ വഴിയൊരുങ്ങട്ടെയെന്നുമായിരുന്നു പ്രാർത്ഥന.

അരിത്തറ

Leave a Comment