130: ചിരുകണ്ടോത്തിടം ക്ഷേത്രം
May 18, 2023132: കൈയ്യന്നേരി ഇടം ക്ഷേത്രം
May 19, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 131
മാവിലക്കാവ് ക്ഷേത്രത്തിൻ്റെ ഭാഗമായ ഒരു ഇടമാണ് മനിയേരി ഇടം. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലാണ് പൂർണ്ണമായും തകർന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടം എന്നാൽ താവളം എന്നാണ് അർത്ഥം. താവളങ്ങളൊക്കെ ഈശ്വരാലയങ്ങളുമാണ്. അവയിൽ പ്രതിഷ്ഠകളും ആരാധനാ സമ്പ്രദായങ്ങളുമുണ്ട്. ക്ഷേത്രഭൂമി ചെറിയ മതിൽ കെട്ടി വേർതിരിച്ചിട്ടുണ്ടെങ്കിലും ഭയരഹിതമായി പ്രവേശിക്കാൻ കഴിയാത്ത വിധം കാട് മൂടി കിടക്കുകയാണ്. അതിനകത്ത് ക്ഷേത്രാവശിഷ്ടമുണ്ടെന്നറിഞ്ഞ് അത് കാണാൻ ഞാൻ ശ്രമിച്ചു. മൺപുറ്റുകൾ ശിരസ്സുയർത്തി നിൽക്കുന്ന ഒരു മീറ്റർ ഉയരമുള്ള ഒരു തറയാണ് കാണാൻ കഴിഞ്ഞത്. തറയുടെ അടിഭാഗം തുരന്ന നിലയിലാണ്. മുള്ളൻപന്നികൾ ആ മടയിൽ താവളമാക്കിയിരിക്കുന്നു. പ്രസ്തുത തറ ശ്രീകോവിലിൻ്റെ തറയാണ്. പീഠമോ വിഗ്രഹമോ കാണാൻ കഴിഞ്ഞില്ല. ചെങ്കല്ലിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് ഒരു സഹസ്രാബ്ദത്തിൻ്റെ പഴക്കമുള്ളതായി കണക്കാക്കുന്നു.
ദൈവത്താറീശ്വരനാണ് പ്രതിഷ്ഠാ സങ്കൽപ്പം. മേൽക്കൂരയോടു കൂടിയ ഒരു ക്ഷേത്രമായിരുന്നു ഇത്. മനിയേരിടം ക്ഷേത്രം തകരാനും വിഗ്രഹവും പീഠവും നഷ്ടപ്പെടുവാനും ഉണ്ടായ കാരണം എന്താണെന്നു പറയാൻ ഭക്തർക്കു കഴിഞ്ഞില്ല. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർന്നു പോയതായിരിക്കാമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. സൈകതം വിഭാഗത്തിൽ പെട്ട മണ്ണിൻ്റെ വിഗ്രഹമായിരുന്നിരിക്കണം ഇവിടേയും ഉണ്ടായിരുന്നത്. മനിയേരി ഇടം ക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ആ ഐതിഹ്യം ഇങ്ങനെയാണ്:
ഒരിക്കൽ ദൈവത്താറീശ്വരനും പരിവാരങ്ങളും കൈനിരി ഇടത്തിൽ പ്രവേശിച്ചു മടങ്ങുമ്പോൾ ശക്തമായ കാറ്റും മഴയുമുണ്ടായി. തിരികെ കൈനിരി ഇടത്തിൽ പോകാനുമാവില്ല. മഴയത്തു നിന്നും രക്ഷപ്പെടാൻ ദൈവത്താറും പരിവാരങ്ങളും ഓട്ടം തുടങ്ങി. അവർ ഓടിക്കയറിയത് മനിയേരി തറവാട്ടിലാണ്. ദൈവത്താറീശ്വരനേയും പരിവാരങ്ങളേയും മനിയേരി തറവാട്ടുകാർ സ്വീകരിച്ചു. അതിൽപ്പിന്നെയാണ്, ദൈവത്താറീശ്വരൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെട്ടു വരുന്ന മനിയേരി തറവാട്ടിൽ ദൈവത്താറീശ്വരന് ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തിയത്. മനിയേരി തറവാട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ചെറിയ വീടുണ്ട്. പ്രതീകാത്മകമായി പുതുക്കി നിർമ്മിച്ചതാണ് ഈ വീട്. മാവിലക്കാവ് ക്ഷേത്ര ഉത്സവ സമയത്ത് എട്ടിടങ്ങളിലേക്കുള്ള തെയ്യത്തിൻ്റെ വരവ് വയലിൽ എത്തിയാൽ ദൈവത്താറീശ്വര തെയ്യം ഓടുകയാണ് ചെയ്യുക. ഇത് ക്ഷേത്രോത്ഭവ ഐതിഹ്യത്തെ ബലപ്പെടുത്തുന്നതാണ്. ഓടുന്ന തെയ്യം മനിയേരി വീട്ടിൽ എത്തിയിട്ടേ നിൽക്കുകയുള്ളു. ഇവിടെ നിന്നും ദൈവത്താറീശ്വരനും കൈക്കോളൻമാരും ദാഹം തീർക്കും. അതിനു ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് യാത്ര തുടരും. സന്ധ്യ ഇരുളിനു വഴിമാറിക്കൊടുത്ത ശേഷമുള്ള വേളകളിൽ വാദ്യങ്ങളുടേയും വിളക്കുകളുടേയും അകമ്പടിയോടെയുള്ള ദൈവത്താർ ഈശ്വരൻ്റെ ആഗമനവും പാച്ചിലും ( ഓട്ടവും ) ഭക്തിനിർഭരമായ അനുഭൂതിയുളവാക്കുന്നതാണ്. ആയിരക്കണക്കിനാളുകളാണ് ദൈവത്താർ ഈശ്വരനെ അനുധാവനം ചെയ്ത് മനിയേരി ഇടത്തിൽ എത്തുക.
ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിക്കുമ്പോൾ കാടുകയറി കിടക്കുകയായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. എട്ടിടങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് മനിയേരി ഇടത്തിൽ കാട് വെട്ടിത്തെളിയിക്കാറുണ്ട്. 2020 ൽ കൊറോണ ഭീതി നിമിത്തം ഉത്സവം ഉണ്ടായില്ല. അതിനാൽ കാട് വെട്ടിത്തെളിയിക്കാനുമായില്ല. കാട് ഇത്രയേറെ വളരാൻ കാരണമായത് അതിനാലാണ്. പരബ്രഹ്മം പോലെ സർവ്വവ്യാപിയായി വിളങ്ങുന്ന ദൈവസ്വരൂപമാണ് ദൈവത്താറീശ്വരൻ എന്നാണു വിശ്വാസം. മഴയത്ത് ഓടിക്കയറിയ ദൈവത്താറീശ്വരന് ക്ഷേത്രം നിർമ്മിച്ചതും ഈ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ്. കാട് ഇല്ലാത്ത അവസരങ്ങളിൽ പ്രദേശവാസികൾ ക്ഷേത്രത്തറയിൽ വിളക്കു വെച്ച് ആരാധിക്കാറുണ്ട്. തകർന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നും നിത്യവും വിളക്കുവെപ്പും ആരാധനയും നടത്തണമെന്നും ഭക്തജനങ്ങൾ ആഗ്രഹിക്കുന്നു. ദീർഘ വർഷങ്ങളായുള്ള ഈ ആഗ്രഹം ഇതുവരെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.