127: പഴയിടം ഇടം ക്ഷേത്രം
May 16, 2023129: പാറേത്ത് ഇടം ക്ഷേത്രം
May 18, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 128
ശ്രീകോവിലിൽ പീഠത്തിനു മീതെ തകർന്നു തരിപ്പണമായ ഒരു വിഗ്രഹം. കൈകാലുകൾ വേറിട്ടും കഴുത്ത് മുറിഞ്ഞും അറ്റുപോയ കഴുത്തിനു മീതെ തല ഭാഗം ചേർത്തുവച്ചുമുള്ള ആ വിഗ്രഹത്തിന് ചൈതന്യം അറ്റുപോയിട്ടില്ലെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. അവർ നിത്യവും രാവിലേയും വൈകീട്ടും, തകർന്നു കിടക്കുന്ന ഈ ക്ഷേത്രത്തിലെത്തി വിളക്കു വെച്ച് പ്രാർത്ഥിക്കുന്നു.
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലുള്ള കുനിമ്മൽ ഇടം ക്ഷേത്രത്തിൻ്റെ വർത്തമാനകാല ചിത്രമാണിത്. മാവിലക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ദൈവത്താറീശ്വരൻ്റെ എട്ടിടങ്ങളിലൊന്നാണിത്. താനിച്ചേരി കോറോത്ത് തറവാട്ടുകാരാണ് ഈ ക്ഷേത്രത്തിൻ്റെ ഊരാളൻമാർ. കരുമാരത്ത് ഇല്ലക്കാർ തന്ത്രിയും. ദൈവത്താറീശ്വരൻ തന്നെയാണ് കുനിമ്മൽ ഇടം ക്ഷേത്രത്തിലേയും പ്രതിഷ്ഠാ സങ്കൽപ്പം. നിത്യപൂജയില്ലെങ്കിലും വിളിച്ചാൽ വിളിപ്പുറത്തണയുന്ന ദൈവത്താരീശ്വരനെ ഭക്തജനങ്ങൾ നിത്യവും വിളക്കു വെച്ച് ആരാധിച്ചു വരുന്നു. ആദ്യകാലത്ത് മാറോട് പതിച്ച മേൽക്കൂരയോടെയുളള ക്ഷേത്രമായിരുന്നു. മൈസൂരിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടു. പരിരക്ഷ ലഭിക്കാതെ കാലാന്തരത്തിൽ പൂർണ്ണമായും തകർന്നു. വിഗ്രഹം പൂർണ്ണമായും ഉടഞ്ഞിരിക്കുന്നു. സോപാനത്തോടെയുള്ള ഒരു മണ്ഡപമാണ് ശ്രീകോവിൽ തറയും ഭിത്തികളുമെല്ലാം ചെങ്കല്ലിൽ നിർമ്മിച്ചതാണ്. ദൈവത്താറീശ്വരൻ്റെ പ്രതിഷ്ഠാ സങ്കൽപ്പം ശനീശ്വരനാണ്. ദു:ഖ ദുരിത നിവാരണങ്ങൾക്ക് ദൈവത്താറീശ്വരനെ ഉപാസിക്കുന്നത് ഫലം ചെയ്യുമെന്നാണ് വിശ്വാസം. മൈസൂരിൻ്റെ അധിനിവേശക്കാലത്തെ അതിക്രമങ്ങൾക്കു ശേഷം കാട് മൂടിക്കിടന്ന ക്ഷേത്രത്തിൽ കാട് നീക്കം ചെയ്യുന്നതും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതും മേടമാസത്തിലെ ആദ്യ വാരത്തിലാണ്. മാവിലക്കാവിലേയും എട്ടിടങ്ങളിലേയും ഉത്സവം ഒന്നിച്ച് ആഘോഷിച്ചു വരുന്നു. മേടം ഒന്നു മുതൽ ആറ് വരെയാണ് ഉത്സവം. ദൈവത്താറീശ്വരൻ്റെ തെയ്യക്കോലവും കച്ചേരിക്കാവിലെ അടി ഉത്സവവുമാണ് പ്രധാനം. മേടം മൂന്നാം തിയ്യതി ഒന്നിടവിട്ട വർഷങ്ങളിൽ കുനിമ്മൽ ഇടത്തിലാണ് തെയ്യം മുടി വെക്കുന്നത്. തെയ്യം കെട്ടുന്നതിനുള്ള പുര ക്ഷേത്രവളപ്പിലുണ്ട്. മറ്റ് ഇടങ്ങളിലേതു പോലെ അരിത്തറയും ഈ ക്ഷേത്രത്തിലുണ്ട്.
തകർന്ന ക്ഷേത്രത്തിനു മഴയും വെയിലുമേൽക്കാതിരിക്കാൻ ഇരുമ്പു കാലിൽ ഷീറ്റുവിരിച്ചിരിക്കുകയാണ്. മാവിലക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയാണ് കുനിമ്മൽ ഇടം ക്ഷേത്രത്തിൻ്റേയും ഉത്സവാദികൾക്ക് നേതൃത്വം നൽകുന്നത്. തകർന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സാമ്പത്തിക ഭദ്രതക്കുറവാണ് മൈസൂർ അധിനിവേശക്കാലത്തു തകർന്ന ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാവാതിരിക്കുന്നത്.