126: കുന്നോത്ത് ഇടം ക്ഷേത്രം

125: കച്ചേരിക്കാവ് ക്ഷേത്രം കാടാച്ചിറ
May 15, 2023
127: പഴയിടം ഇടം ക്ഷേത്രം
May 16, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 126

കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്ത് പതിനേഴാം വാർഡിലെ ഒരു പുരാതന ക്ഷേത്രമാണ് കുന്നോത്ത് ഇടം ക്ഷേത്രം. മാവിലായി ദൈവത്താറീശ്വരൻ്റെ എട്ട് ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ് കുന്നോത്ത് ഇടം. താവളം എന്ന അർത്ഥമാണ് ഇടം എന്ന പദത്തിൻ്റെ ആന്തരാർത്ഥം. എട്ടിടവും മഠവും കുന്നോത്തിലും എന്നു ചൊല്ലുള്ള ഈ ക്ഷേത്രങ്ങളിലെയെല്ലാം പ്രധാന പ്രതിഷ്ഠാ സങ്കൽപ്പം ദൈവത്താറീശ്വരനാണ്. വേട്ടക്കൊരു മകൻ പ്രധാന ഉപപ്രതിഷ്ഠയും. സാധാരണ കാണാറുള്ള ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥതയാണ് ദൈവത്താറീശ്വരൻ്റെ ക്ഷേത്രങ്ങൾക്കുള്ളത്. ഗർഭഗൃഹമില്ല. ദീർഘചതുരത്തിലുള്ള ഒരു ശ്രീകോവിലും കയറാനുള്ള സോപാനവുമാണുള്ളത്. ക്ഷേത്രങ്ങളുടെ തറയും ഭിത്തിയുമൊക്കെ ചെങ്കല്ലിൽ നിർമ്മിച്ചതായിരിക്കും. ആയിരത്താണ്ടുകൾ പഴക്കമുള്ള കുന്നോത്തിടം ക്ഷേത്രം തകർന്നു കിടക്കുകയാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ദൈവത്താറീശ്വരൻ്റെ ക്ഷേത്രങ്ങളൊക്കയും തകർത്തുവെന്നാണ് വാമൊഴിചരിത്രം. ക്ഷേത്രത്തിൻ്റെ ഉള്ളിൽ മൺപുറ്റുകൾ വളർന്നു കൊണ്ടിരിക്കുന്നു. ഇളകിക്കിടക്കുന്ന ചെങ്കല്ലുകളുടെ വിടവിൽ സർപ്പം ഊരിയ വള കാണാം. തെക്കുവടക്കും കിഴക്കുപടിഞ്ഞാറുമായി മൂല തിരിച്ചാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പീഠം സ്ഥാപിച്ചിട്ടുള്ളത്. ചെങ്കല്ലിൽ നിർമ്മിച്ച പീഠത്തിനു മീതെ വിഗ്രഹമില്ല. ക്ഷേത്രം അക്രമിക്കപ്പെട്ടപ്പോൾ വിഗ്രഹവും നശിച്ചു പോവുകയായിരുന്നു. അതിനു ശേഷമുണ്ടായ നാശം പരിരക്ഷിക്കാത്തതിനാൽ സംഭവിച്ചതാണ്. ക്ഷേത്രവളപ്പിൽ മാറോടിൻ്റെ കഷണങ്ങൾ കാണപ്പെടുന്നതിൽ നിന്നും ഈ ക്ഷേത്രം ഓടുമേഞ്ഞതായിരുന്നുവെന്ന് തീർച്ചയാക്കാം.

കുന്നോത്ത് ഇടം ക്ഷേത്രം

തകർക്കപ്പെടലിനു ശേഷം മേൽക്കൂരയെല്ലാം തകർന്ന് മഴയും വെയിലുമേറ്റ് കാടുമൂടി കിടക്കുകയായിരുന്നു. ഉത്സവകാലമാവുമ്പോൾ കാട് വെട്ടിത്തെളിയിക്കും. സമീപകാലത്താണ് മഴയും വെയിലു മേൽക്കാതിരിക്കാൻ ഇരുമ്പു തൂൺ നാട്ടി മീതെ ഷീറ്റ് വിരിച്ചിരിക്കുന്നത്. വലിയ വീട്ടിൽ തറവാട്ടുകാരാണ് കുന്നോത്തിടത്തിൻ്റെ ഊരാളൻമാർ. മാവിലായി ക്ഷേത്ര സംരക്ഷണ സമിതിയാണ് ഉത്സവാദികൾക്ക് മേൽനോട്ടം വഹിക്കുന്നത്. പതിനഞ്ച് അടി നീളവും ഒമ്പത് അടി വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള ഈ ക്ഷേത്രം മാവിലായി ദൈവത്താറീശ്വര ക്ഷേത്രം നിർമ്മിക്കുന്നതിനും മുമ്പുള്ള ഒരു ക്ഷേത്രമാണ്. ദൈവത്താറീശ്വരൻ്റെ ആദ്യത്തെ ക്ഷേത്രം കുന്നോത്തിടത്തിലായിരുന്നു. ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രമായിരുന്നു ഇത്. തകർന്നു പോയ ചുറ്റമ്പലത്തിൻ്റെ തറ ഇപ്പോഴുമുണ്ട്. ചുറ്റമ്പലത്തിനുള്ളിൽ വടക്കു കിഴക്കെ മൂലയിൽ ആൾമറയില്ലാത്ത ഒരു കിണർ ഗ്രില്ലു വച്ച് മൂടിവച്ചിരിക്കുന്നു. നേരത്തെ ആൾമറയുണ്ടായിരുന്ന കിണറായിരുന്നിരിക്കണമിത്. പിൽക്കാലത്ത് ആൾമറ നഷ്ടപ്പെട്ടതായിരിക്കണം. ഈ കിണർ തീർത്ഥക്കിണറാണെന്ന് ഭക്തർ പറഞ്ഞു. തീർത്ഥ കിണറുള്ളതിനാൽ പഴയ കാലത്ത് നിത്യപൂജ ഉണ്ടായിരുന്ന ക്ഷേത്രമാവണം. അങ്ങനെ വിശ്വസിക്കാൻ തക്ക ഒരു ഐതിഹ്യവുമുണ്ട്.

ഇക്കാലത്ത് വലിയ വീട് എന്ന പേരിൽ അറിയപ്പെടുന്ന ആയില്യത്ത് മേലേ വീട് വലിയ വീട്ടിൽ കാരണവർ ദൈവത്താറീശ്വരൻ്റെ വലിയ ഭക്തനായിരുന്നു. അദ്ദേഹം തറവാട്ടിലെ മച്ചകത്ത് ദൈവത്താറീശ്വരനെ പ്രതിഷ്ഠിച്ച് ഉപാസിച്ചു വന്നു. ദൈവത്താറീശ്വരൻ്റെ അനുഗ്രഹം തൻ്റെ നാട്ടുകാർക്കും ഉണ്ടായിത്തീരണമെന്ന ആഗ്രഹത്താൽ അദ്ദേഹം കുന്നോത്തിടത്തിൽ ക്ഷേത്രം നിർമ്മിച്ച് വിധിയാം വണ്ണം പ്രതിഷ്ഠിച്ചു. ദൈവത്താറീശ്വരനും വേട്ടക്കൊരുമകനുമാണ് പ്രതിഷ്ഠാ സങ്കൽപ്പം. കുറച്ചു കാലം കഴിഞ്ഞപ്പോൾ കുന്നോത്തിടത്തിലെ ക്ഷേത്രം ജീർണ്ണാവസ്ഥയിലായി. ക്ഷേത്രം പുനരുദ്ധാരണം നടത്താൻ കല്ലും മരവുമൊക്കെ സംഭരിച്ചു വച്ചു. പുനരുദ്ധാരണം തുടങ്ങാൻ നോക്കിയപ്പോൾ ഇവയെല്ലാം അപ്രത്യക്ഷമായിരുന്നു. തുടർന്നുള്ള തെരച്ചിലിൽ ഈ സാധന സാമഗ്രികളെല്ലാം മാവിലക്കുന്നിലാണ് കണ്ടെത്തിയത്. ഇതെങ്ങനെ ഇവിടെ എത്താനിടയായി എന്ന് പ്രശ്നം വെച്ചപ്പോൾ മാവിലക്കുന്നിൽ ദൈവത്താറീശ്വരൻ്റെ ക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു വിധി.

അരിത്തറ

നേരത്തെ മാവിലക്കുന്നിൻ്റെ തെക്കു കിഴക്കെ കോണിൽ സഹോദരികളായ ഒരു ഉഗ്രരൂപിണി ദേവതയുടേയും അത്യുഗ്രരൂപിണി ദേവതയുടേയും പ്രതിഷ്ഠകൾ പൂജിക്കപ്പെട്ടു വന്നിരുന്നു. ഈ ദേവതാ സങ്കൽപ്പത്തിന് മുവ്വായിരം വർഷത്തെ പഴക്കമുണ്ട്. അതിനു ശേഷം ദൈവത്താറീശ്വരന് മാവിലക്കുന്നിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു. നിത്യപൂജയുള്ള ഒരു വലിയ ക്ഷേത്രമാണിത്. മാവിലക്കുന്നിലെ പ്രതിഷ്ഠക്ക് ശേഷം കുന്നോത്തിടത്തിൽ നിത്യപൂജ ആവശ്യമില്ലെന്നു കണ്ടിരിക്കണം. ചുറ്റമ്പലത്തിനു വെളിയിലാണ് അരിത്തറയുളളത്. നിലവിളക്കു കൊളുത്തി നാളികേര മുറികൾ, പഴം, അരി എന്നിവ വെച്ച് ഇവിടെ ആരാധിക്കുന്നു. അരിത്തറയിൽ അരി ഇടാനുള്ള അധികാരം താണിച്ചേരി കോലോത്ത് കാരണവർക്കാണ്. ചിറക്കൽ രാജാവ് കൽപ്പിച്ചു നൽകിയതാണ് ഈ അധികാരം. എട്ട് ഇടങ്ങളിലും (ക്ഷേത്രങ്ങളിലും) അരിത്തറകളുണ്ട്. മേടമാസം ഒന്നു മുതൽ ആറ് വരെയാണ് മാവിലക്കാവ് ഉത്സവം. ഇതിൽ അഞ്ചു ദിവസവും ദൈവത്താറീശ്വരൻ്റെ എട്ടിടങ്ങളിലെ കൂടി ഉത്സവമാണ്. തെയ്യം കെട്ടുന്ന പെരുവണ്ണാൻ ദൈവത്താറീശ്വരൻ്റെ മുടിവെപ്പ് നടത്തുന്നത് കുന്നോത്തിടം, കുനിമൽ ഇടം, പാറേത്ത് ഇടം എന്നിവിടങ്ങളിലാണ്. രണ്ടാം ദിവസത്തെ ഉൽസവത്തിൻ്റെ തുടക്കം കുറിക്കുക കുന്നോത്തിടത്തിൽ വച്ചാണ്. നാലാം ദിവസം കുന്നോത്തിടത്തിൽ മുടിയേറ്റു നടക്കും. ദൈവത്താറീശ്വരൻ്റെ പ്രധാന ഉപദേവൻ വേട്ടക്കൊരു മകനാണെന്ന് നേരത്തെ സൂചിപ്പിച്ചു വല്ലോ. ഉത്സവത്തിന് ദൈവത്താറീശ്വരൻ്റെ തെയ്യത്തിനൊപ്പം മുൻകാലങ്ങളിൽ വേട്ടക്കൊരുമകൻ്റെ തെയ്യവുമുണ്ടായിരുന്നു.

ഒരിക്കൽ രണ്ടു തെയ്യങ്ങളും പെരളശ്ശേരി മമ്പറം പാലത്തിനടുത്തുള്ള കോട്ടത്തുള്ള ഇടത്തിൽ വച്ച് ദേശവാസികളാൽ അപമാനിക്കപ്പെട്ടു. അവർ കല്ലും മണ്ണും വേട്ടക്കൊരു മകനു നേരെ എറിയുകയായിരുന്നു. ഈ സംഭവത്തിനു ശേഷം വേട്ടക്കൊരുമകൻ തെയ്യം ഉണ്ടാവാറില്ല. ദൈവത്താറീശ്വര തെയ്യം കോട്ടത്തുള്ള ഇടത്തിൽ പോകാറുമില്ല. കുന്നോത്തിടം ക്ഷേത്രത്തിന് ആയിരത്തോളം വർഷത്തെ പഴക്കമുണ്ട്. ഒരു കാലഘട്ടത്തിൽ വളരെ നല്ല നിലയിലുണ്ടായിരുന്ന ഈ ക്ഷേത്രം അടക്കമുള്ള ദൈവത്താറിടങ്ങൾ പുനരുദ്ധാരണം ചെയ്യാൻ കമ്മിറ്റിക്കും ഭക്തജനങ്ങൾക്കും ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാൽ അത് നടക്കാത്ത സ്വപ്നമായിരിക്കുകയാണ്. പൂർവ്വാചാരം പരിപാലിച്ചു വരുന്ന ഈ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യാൻ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള സുമനസുകളുടെ സഹായം തേടുകയാണ് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ.

തകർന്ന സ്വപാനം

Leave a Comment