122: കുമരപ്പനാൽ ശിവക്ഷേത്രം
May 11, 2023124: ശിവകുന്നത്ത് ശിവക്ഷേത്രം
May 11, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 123
ഇടവഴിയിലൂടെ തോട് മുറിച്ചുകടന്ന് പോകുമ്പോൾ തോട്ടുവക്കിൽ തകർന്നു കിടക്കുന്ന ശിവക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ തലമുറകളായി കാണുന്ന ഒരു കാഴ്ചയാണ് പീഠത്തോടെ പടിഞ്ഞാട്ട് ചെരിഞ്ഞു കിടക്കുന്ന ശിവലിംഗമാണ് ഉയർന്ന ശ്രീകോവിൽത്തറയിലുണ്ടായിരുന്നത്. ഓർമ്മവെച്ച കാലം മുതൽക്കുതന്നെ കാണുന്ന കാഴ്ച ആയതിനാലാവണം അതാതുകാലങ്ങളിൽ ജീവിച്ചിരുന്നവർ ആരും ഈ ക്ഷേത്രാവശിഷ്ടത്തെ ഗൗനിച്ചിരുന്നില്ല. മേൽപ്പറഞ്ഞ ക്ഷേത്രാവശിഷ്ടം ഇന്നു കാണാനാവില്ല. ഇടവഴിയും കാണില്ല. ഇടവഴി റോഡായി. തോടിനു കുറുകെ പാലവും വന്നു. മഴയും വെയിലുമേറ്റ് തോട്ടുവക്കിൽ കിടന്നിരുന്ന ശിവലിംഗം ഇന്ന് ഉപപ്രതിഷ്ഠാ സമേതം ശ്രീകോവിലിനകത്ത് കുടികൊള്ളുകയാണ്. ഭക്തജനങ്ങളുടെ ഭഗീരഥ യത്നത്തിൻ്റെ ഫലമായാണ് ക്ഷേത്ര പുനരുദ്ധാരണം നടന്നത്. തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ ഇച്ഛാശക്തിയുള്ള ഭക്തരുടെ കൂട്ടായ്മയിൽ എങ്ങനെ പുനരുദ്ധാരണം ചെയ്ത് സജീവമാക്കാം എന്നതിന് ഉത്തമ മാതൃകയാണ് ഈ ക്ഷേത്രം. തൃശൂർ ജില്ലയിൽ വടക്കഞ്ചേരി ബ്ലോക്കിൽ വരവൂർ പഞ്ചായത്ത് മൂന്നാം വാർഡിലുള്ള തേവർ ഇരുത്തി പറമ്പ് ശിവക്ഷേത്രത്തിൻ്റെ ഭൂതകാലത്തിൻ്റേയും വർത്തമാനകാലത്തിൻ്റേയും രത്നച്ചുരുക്കമാണ് മേലുദ്ധരിച്ചത്.
വരവൂർ പഞ്ചായത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നൂറ്റിയെട്ട് ശിവാലയങ്ങൾ ഉണ്ടായിരുന്നതായാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. റോഡോരങ്ങളിലും പല പറമ്പുകളിലും ശിവലിംഗങ്ങൾ കിടക്കുന്നതിൽ നിന്നും ഈ പ്രദേശങ്ങളിൽ ധാരാളം ശിവക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ചേരമാൻ പെരുമാളിൻ്റെ കാലത്ത് ശിവക്ഷേത്ര സഞ്ചയം തന്നെ ഉണ്ടായിരുന്നതായും പിന്നീട് ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് നെടുമ്പ്രയൂർ തളി ശിവക്ഷേത്രം ഒഴികെ മറ്റു ക്ഷേത്രങ്ങളൊക്കെ തകർക്കപ്പെട്ടതായാണ് വാമൊഴി ചരിത്രം. അക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് തേവർ ഇരുത്തി പറമ്പ് ശിവക്ഷേത്രമെന്നും വിശ്വസിക്കുന്നവരുണ്ട്. പുനരുദ്ധാരണം ചെയ്ത് ഇപ്പോൾ നിലവിലുള്ള ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗം തെക്കുപടിഞ്ഞാറായി ഒഴുകുന്ന വീതിയുള്ള ഒരു തോടാണ്. തോടിനു കുറുകെ പാലം നിർമ്മിച്ച് ഇപ്പോൾ റോഡായിരിക്കുന്നു. നടുവട്ടം -പിലാക്കാട് റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്. റോഡ് നിർമ്മിക്കുന്നതിനു മുമ്പ് ഇവിടം ഒരു ഇടവഴിയായിരുന്നു. ഇടവഴിയിലൂടെ വരുന്നവർ തോട് മുറിച്ചുകടന്ന് മറുകരയിലെത്താറാണ് പതിവ്. തോടിൻ്റെ കിഴക്കുവശത്ത് ഉയർന്ന കരയിലാണ് പുരാതന ശിവക്ഷേത്രത്തിൻ്റെ അവശിഷ്ടമുണ്ടായിരുന്നത്.
1995-96 കാലഘട്ടത്തിലാണ് തകർന്നു കിടക്കുന്ന ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായത്. കൂടിയേടത്ത് ബാബു നായർ, വെട്ടിയംകുന്ന് ശ്രീധര പണിക്കർ, പ്രഭാകരൻ നമ്പ്യാർ, കെ.സി.പ്രഭാകരൻ തുടങ്ങിയവരിലാണ് ക്ഷേത്ര പുനരുദ്ധാരണ വിചാരത്തിൻ്റ മുള പൊട്ടിയത് എന്നാൽ തോട്ടുവക്കിൽ ക്ഷേത്ര പുനരുദ്ധാരണം അസാദ്ധ്യമായിരുന്നു. തുടർന്ന് ക്ഷേത്രാവശിഷ്ടം കിടന്നിരുന്ന ഭാഗത്തിൻ്റെ കിഴക്കു ഭാഗത്തെ പറമ്പിൽ ദേവഹിത പ്രകാരം ക്ഷേത്രം മാറ്റി പുനർനിർമ്മിക്കാൻ തീരുമാനിച്ചു. ഭക്തരുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ക്ഷേത്രഭൂമി ലഭിച്ചത്. തേവർ ഇരുത്തി പറമ്പ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച ശേഷം 1998 ൽ ക്ഷേത്ര നിർമ്മാണം തുടങ്ങി. ഒരു വർഷം കൊണ്ട് പൂർത്തിയാക്കുകയും ചെയ്തു. 1999 ൽ മിഥുനത്തിലെ തിരുവോണം നക്ഷത്രത്തിൽ പ്രതിഷ്ഠയും നടത്തി. കിഴക്കോട്ടു ദർശനമായ ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠകളായ ഭഗവതിയേയും ഗണപതിയേയും ക്ഷേത്ര മതിലകത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. നാഗരാജാവും രക്ഷസ്സും ക്ഷേത്രമതിൽ കെട്ടിനു വെളിയിൽ തെക്കുഭാഗത്തായും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾക്കു പുറമെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു വരുന്നു. കക്കാട് വാസുദേവൻ നമ്പൂതിരിയാണ് തന്ത്രി. തേവർ ഇരുത്തി പറമ്പ് ക്ഷേത്ര ക്ഷേമസമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്. പി.അശോകൻ പ്രസിഡൻ്റും, ചങ്ങരത്ത് രാജു സെക്രട്ടറിയും, സി.സുനീഷ് ഖജാഞ്ചിയുമായ ഒരു കമ്മിറ്റിയാണ് ഇപ്പോൾ ക്ഷേത്ര പരിപാലനത്തിനു മേൽനോട്ടം വഹിക്കുന്നത്.