119:കീഴ്പ്പാടം ശിവക്ഷേത്രം
May 8, 2023121: പത്തീശ്വരം ശിവക്ഷേത്രം തിരുമിറ്റക്കോട്
May 10, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 120
മലബാർ പഴനി എന്നറിയപ്പെടുന്ന പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള യാത്ര അവിസ്മരണീയ അനുഭവം തന്നെയാണ്. തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൻ്റെ വടക്കും പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറും തിരുമിറ്റക്കോട് പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശവുമായ ഇട്ടോണം, വിരുട്ടാണം, ചേലൂർ, പെരിങ്കന്നൂർ എന്നീ നാലു ദേശങ്ങളുടെ മദ്ധ്യഭാഗത്തായിട്ടാണ് പിണ്ടാലിക്കുന്ന് സ്ഥിതി ചെയ്യുന്നത്. പിൻതളിക്കുന്ന് എന്ന ഒരു പേരും ഇതിനുണ്ട്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മീറ്റർ ഉയരമാണ് പിണ്ടാലിക്കുന്നിനുള്ളത്. കൊട്ട കമഴ്ത്തിക്കുന്ന് എന്നാണ് ഈ കുന്നിൻ്റെ ഗ്രാമ്യ പദം. ഇപ്രകാരം പിണ്ടാലിക്കുന്ന് അറിയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു ഐതിഹ്യമാണുള്ളത്.
പിണ്ടാലിക്കുന്നിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കു മാറി തളി എന്ന പേരിൽ ഒരു ദേശമുണ്ട്. ഇവിടെയുള്ള ഒരേക്കറിലേറെ വിസ്തൃതിയുള്ള ജലാശയം അരകുളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൂതഗണങ്ങൾ ഒരു രാത്രിയിൽ നിർമ്മിച്ച കുളമാണ് ഇതെന്നാണ് വിശ്വാസം. കുളം നിർമ്മാണം പൂർത്തി ആയപ്പോഴേക്കും നേരം വെളുക്കാൻ തുടങ്ങി. ഭൂതഗണങ്ങൾ കുളം നിർമ്മാണം നിർത്തിക്കൊണ്ട് ഒരു കൊട്ടമണ്ണ് പിണ്ടാലിക്കുന്നിൻ്റെ മുകളിൽ തട്ടിയിട്ട് അപ്രത്യക്ഷമായി. അങ്ങനെ മൺ കൊട്ട കമിഴ്ത്തിയ കുന്നിൻ നിറുകായതുകൊണ്ടാണ് കുന്നിന് കൊട്ട കമഴ്ത്തിക്കുന്ന് എന്ന പേരുകൂടി വന്നത്. കുന്നിനു മീതെ ചെറിയൊരു കുന്ന്. അതിനു മീതെയാണ് സുബ്രഹ്മണ്യ ക്ഷേത്രമുള്ളത്. കഴങ്കോടത്ത് തറവാടിൻ്റെ ഉടമസ്ഥതയിലായിരുന്നു പിണ്ടാലിക്കുന്നും അനുബന്ധ ഭൂമികളും. പിണ്ടാലിക്കുന്നിൽ സുബ്രഹ്മണ്യ ക്ഷേത്രം ഒരു നൂറ്റാണ്ടു മുമ്പാണ് നിർമ്മിച്ചത്. കഴങ്കോടത്ത് എച്ചു മേനോനുണ്ടായ സ്വപ്നദർശനമാണ് സുബ്രഹ്മണ്യ ക്ഷേത്ര നിർമ്മാണത്തിന് ഇടയാക്കിയത്. പഴനിയിലെ സുബ്രഹ്മണ്യ സ്വാമി പിണ്ടാലിക്കുന്നിൻ്റെ മുകളിൽ വേൽ പിടിച്ചു നിൽക്കുന്ന സ്വപ്നമായിരുന്നു അത്. സ്വപ്നദർശനത്തെക്കുറിച്ച് എച്ചു മേനോൻ മൂത്ത സഹോദരി ലക്ഷ്മിയമ്മയോടു പറഞ്ഞു. പഴനിയിൽ പോയി ഭഗവാനെ ആവാഹിച്ചു കൊണ്ടുവന്ന് പിണ്ടാലിക്കുന്നിലെ തിരുമുടിക്കുന്നിൽ പ്രതിഷ്ഠിക്കാനായിരുന്നു സഹോദരിയുടെ ഉപദേശം. അതനുസരിച്ച് പിണ്ടാലി മനയിലെ നമ്പൂതിരിമാരുടേയും വിരുട്ടാണത്ത് ഭഗവതി ക്ഷേത്ര പൂജാരികളായ അടികൾമാരുടേയും സഹായത്തോടെ പിണ്ടാലിക്കുന്നിൽ പഴനി സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ച് നിത്യപൂജ തുടങ്ങി. പിൽക്കാലത്ത് എച്ചു മേനോന് ക്ഷേത്രം നോക്കി നടത്താൻ സാധിക്കാതെ വന്നതോടെ പെരിങ്ങോട് പി.അച്യുതാനന്ദ സ്വാമിക്ക് എഴുതി കൊടുക്കുകയും അദ്ദേഹം പതിനഞ്ചു വർഷത്തോളം പൂജ നടത്തുകയും ചെയ്തുതു. 1960 ലുണ്ടായ ശക്തമായ ഇടിമിന്നലിൽ ക്ഷേത്രം തകർന്നു. അതിൽപ്പിന്നെ ക്ഷേത്രം ഏറെക്കാലം തകർന്ന അവശിഷ്ടങ്ങളോടെ കിടക്കുകയായിരുന്നു.
പിണ്ടാലിക്കുന്നിൻ്റെ വിശാലമായ മുകൾ പരപ്പൊഴികെ കുന്നിൻ്റെ ശേഷിച്ച ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കയ്യേറി. മിച്ചഭൂമിക്കേസിൽ പിണ്ടാലിക്കുന്ന് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും അതിൽപ്പിന്നെയാണ് കയ്യേറ്റമുണ്ടായതെന്നുമാണ് മനസ്സിലാക്കാൻ സാധിച്ചത്. പിണ്ടാലിക്കുന്ന് കൈവശം വെച്ചവർക്ക് സർക്കാർ പട്ടയവും നൽകി. ഇതിനിടയിലാണ് പിണ്ടാലിക്കുന്നിൻ്റെ മുകൾ പരപ്പും ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭാഗവും കൂടി കയ്യേറാനുള്ള നീക്കമുണ്ടെന്ന് ഭക്തർ മനസ്സിലാക്കിയത്. ഇതോടെ പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രഭൂമി മോചിപ്പിക്കണമെന്ന ശക്തമായ ഒരു വികാരം രൂപപ്പെടുകയായിരുന്നു. വിരുട്ടാണത്തുള്ള വിജയനും കുടുംബവും പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രഭൂമിയിലേക്കു പോകാൻ കുന്നുകയറിയതാണ് പ്രശ്നങ്ങൾക്കു തുടക്കം. കുന്നിൻ്റെ മുകൾ പരപ്പ് അടക്കമുള്ള സ്ഥലം താൻ വാങ്ങിയതാണെന്നു പറഞ്ഞ് ഒരാൾ അവരെ തടഞ്ഞു. വിജയനും കുടുംബവും ഇക്കാര്യം കുന്നിൻ്റെ അടിവാരത്തിൽ ചിലരോടു പറഞ്ഞതോടെ ക്ഷുഭിതരായ അമ്പതോളം ഭക്തർ നാമജപത്തോടെ കുന്നുകയറി. ക്ഷേത്രഭൂമി തൻ്റെ കൈവശമാണെന്ന് അവകാശപ്പെട്ട വ്യക്തി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് നിയമനടപടികൾക്കും തുടക്കമിട്ടു.
പിണ്ടാലിക്കുന്നിൻ്റെ മുകൾ പരപ്പിലുള്ള ക്ഷേത്രഭൂമി കയ്യേറ്റക്കാരനിൽ നിന്നും ഒഴിപ്പിച്ചെടുത്ത് ക്ഷേത്രഭൂമി ഭക്തർക്കു കൈമാറണമെന്ന ആവശ്യത്തിൽ ഹിന്ദുക്കൾ ഉറച്ചു നിന്നു. ക്ഷേത്രഭൂമിയിൽ അവകാശവാദമുന്നയിച്ച വ്യക്തിയുടെ സ്വാധീനശക്തി ഒട്ടും ചെറുതുമായിരുന്നില്ല. കുന്നിൻ്റെ മുകൾ പരപ്പിലേക്ക് പോകാൻ സുഗമമായ വഴി ഉണ്ടായിരുന്നില്ലെങ്കിലും 1992 ഒക്ടോബർ ആദ്യവാരത്തിൽ ക്ഷേത്രഭൂമിയിലേക്ക് സ്ത്രീകളടക്കം 150 പേരടങ്ങുന്ന ഭജനഘോഷയാത്ര നടത്തി. ഈ സമയത്ത് ക്ഷേത്രഭൂമിയിൽ ചെങ്കല്ലുകൊണ്ടുള്ള ഒരു തറയും ഒരു കിണറും പ്രദക്ഷിണ വഴിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. 1992 ഒക്ടോബർ 30 ന് വിപുലമായ രീതിയിൽ ഷഷ്ഠി ആഘോഷിക്കാൻ തീരുമാനിച്ചു. അതിനു വേണ്ടി ക്ഷേത്രത്തിലേക്ക് കയറാൻ കുന്നിൻ വഴി അനുവദിച്ചു കൊണ്ട് തൃശൂർ ആർ.ഡി.ഒ. ഉത്തരവായെങ്കിലും സമ്മർദ്ദത്തെ തുടർന്ന് ഉത്തരവു റദ്ദാക്കി. ഭക്തരെ തടയാനും അറസ്റ്റ് ചെയ്യാനും പോലീസ് പട തന്നെ നിലയുറപ്പിച്ചു. പിണ്ടാലിക്കുന്ന് ക്ഷേത്രത്തിലേക്ക് വന്ന ഭക്തരെ പോലീസ് തടഞ്ഞു. അതോടെ ഭക്തർ നിലത്തിരുന്ന് നാമം ചൊല്ലി. പതിനഞ്ചു ദിവസത്തിനകം ക്ഷേത്രഭൂമിയും ക്ഷേത്രത്തിലേക്കുള്ള വഴിയും ഭക്തജനങ്ങൾക്ക് നൽകാമെന്ന് ആർ.ഡി.ഒ ഉറപ്പു നൽകി. ഈ ആർ.ഡി.ഒ.യെ സ്ഥലം മാറ്റുകയാണ് ചെയ്തത്.
1993 മാർച്ച് മൂന്നിന് പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്ര പുനരുദ്ധാരണ കർമ്മസമിതി രൂപീകരിച്ചു. കേരളാ ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലായിരുന്നു പ്രക്ഷോഭങ്ങൾ . പിണ്ടാലിക്കുന്നിൽ ക്ഷേത്രമില്ലെന്നായിരുന്നു കയ്യേറ്റക്കാരൻ്റെ വാദം. തൃശൂർ കലക്ടർ ഹിന്ദു സംഘടനാ പ്രതിനിധികളെ ചർച്ചക്ക് വിളിച്ചു. ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്ന അച്ചുതൻ പൂജാരിയടക്കം നിരവധിയാളുകൾ ക്ഷേത്രമുണ്ടെന്നു സാക്ഷി പറഞ്ഞു. ഈ ചർച്ചയിലും യാതൊരു പരിഹാരവുമുണ്ടായില്ല. സമരം സംസ്ഥാന തലത്തിൽ നടത്താനുള്ള തീരുമാനമുമുണ്ടായി. ക്ഷേത്ര മോചനത്തിന് സ്കന്ദ സേനകളുടെ രൂപീകരണവും നടന്നു. തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ പതിനാറ് കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തു. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനു ഭക്തരാണ് കേസുകളിലൊക്കെ പ്രതികളായത്. സ്ത്രീകളടക്കമുള്ളവർ ജയിലിൽ അടയ്ക്കപ്പെട്ടു. പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്ര വിമോചന പ്രക്ഷോഭത്തിൻ്റെ നാൾവഴികളിലൂടെ കണ്ണോടിക്കാൻ അക്കാലത്തെ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. പത്രവാർത്തകൾ ഇങ്ങനെ:
” വരവൂർ പഞ്ചായത്തിലെ തളി, കൊട്ട കമഴ്ത്തിത്തിക്കുന്ന് ക്ഷേത്ര സ്ഥാനത്തേക്കുള്ള വഴികയ്യേറിയവരെ ഒഴിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം നൂറോളം പേർ തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് രണ്ടാഴ്ചക്കകം വഴി തുറന്നുകൊടുക്കാമെന്ന് ആർ.ഡി.ഒ.യും തഹസിൽദാരും നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ക്ഷേത്ര പുനരുദ്ധാരണ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച്. സ്വകാര്യ വ്യക്തി വഴി അടച്ചു കെട്ടിയതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ മൂന്നിന് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയിരുന്നു. പിന്നീട് ഒക്ടോബർ 30 ന് ഷഷ്ഠി ദിവസം ക്ഷേത്രത്തിലേക്കുള്ള കാവടി ആഘോഷം തടഞ്ഞു പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് ആർ.ഡി.ഒ.യും തഹസിൽദാരും ഇടപെട്ട് 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇനില്ലം വഴി
തുറന്നില്ലെങ്കിൽ ബലമായി അകത്തു കയറുമെന്ന് സമര സമിതി മുന്നറിയിപ്പു നൽകി. കർമ്മസമിതി പ്രസിഡൻ്റ് വിശ്വംഭരൻ നേതൃത്വം നൽകി.”
( എക്സ്പ്രസ്സ്1992 ഡിസം 22)
“തളി പിണ്ടാലിക്കുന്നിലേക്ക് കാവടിയുമായി യെറാൻ വന്ന ഭക്തജനങ്ങളെ സബ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ പോലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ നാമജപമുമായി കാവടിയാട്ടത്തോടെ തളി, വിരുട്ടാണം ക്ഷേത്രത്തിൽ നിന്നു പിണ്ടാലിക്കുന്നിലേക്ക് തിരിച്ചു. സബ് കലക്ടർ ഡി.കെ.സിംങ്ങ്, തഹസിൽദാർ പി.ആർ.പോൾ, ഡി.വൈ.എസ്.പി.മാരായ വിജയൻ ഏറാത്ത്, സുബ്രഹ്മണ്യൻ, സി.ഐ.മാരായ പി.കേശവൻ, ജെ.ജോയ് എന്നിവരുടെ നേതൃത്വത്തിൽ സുശക്തമായ പോലീസ് സേന കുന്നിൻ്റെ അടിവാരത്തിൽ വിവാദ ഭൂമിയിലേക്കുള്ള യാത്ര തടയാൻ രാവിലെ മുതൽ സന്നദ്ധരായി നിലയുറപ്പിച്ചിരുന്നു. കാവടിയാത്രക്ക് മുമ്പിലായി ആർ.എസ്.എസിൻ്റെ ജില്ലയിലെ പ്രമുഖ നേതാവ് പി.പി.ഗോപാലകൃഷ്ണൻ, ബി.ജെ.പി.ജില്ലാ സെക്രട്ടറി ഇ.ചന്ദ്രൻ, വിശാല ഹിന്ദു കൺവീനർ കുന്നത്ത് സുന്ദര മേനോൻ, ഷഷ്ഠി ആഘോഷസമിതി ഭാരവാഹി പ്രസന്നൻ എന്നിവർ നീങ്ങി. അടിവാരത്തിലെ കുന്നിൻ മുകളിലേക്കുള്ള വഴിയിൽ കാവടിയാത്ര പോലീസ് തടഞ്ഞു.
പിണ്ടാലിക്കുന്നിൻ്റെ നെറുകെ സുബ്രഹ്മണ്യ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെച്ചെന്ന് അഭിഷേകം നടത്താൻ അനുവദിക്കണമെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ക്ഷേത്രം നിന്നിരുന്നതായി പറയപ്പെടുന്ന സ്ഥലം ഒരു സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുകയാണ്. കുന്നിൻ്റെ നിറുകെ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് ബോദ്ധ്യമായതായി റെവന്യു അധികൃതർ പറഞ്ഞു. പതിനഞ്ചു ദിവസത്തിനുള്ളിൽ
പുറമ്പോക്ക് ഒഴിപ്പിക്കാൻ കലക്ടറുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് സബ് കലക്ടർ ഉറപ്പു
നൽകി. പിന്നീട് അടിവാരത്തിൽ സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം സ്ഥാപിച്ച് അതിനെ പ്രദക്ഷിണം ചെയ്ത്
പ്രസാദം വിതരണം ചെയ്ത് ഭക്തജനങ്ങൾ പിരിഞ്ഞു പോയി. “
– മാതൃഭൂമി 1992 നവംബർ ഒന്ന്.
“തളി, കൊട്ട കമഴ്ത്തിക്കുന്ന് ക്ഷേത്രഭൂമി സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന ജോ: കൺവീനറുമായ തിരുവഞ്ചൂർ വിപിന ചന്ദ്രൻ പ്രസ്ഥാവനയിൽ പറഞ്ഞു. മലബാർ പഴനി എന്ന പേരിൽ അറിയപ്പെടുന്ന കൊട്ട കമഴ്ത്തിക്കുന്ന്
സുബ്രഹ്മണ്യ ക്ഷേത്രം സ്വകാര്യ വ്യക്തി കയ്യേറി ക്ഷേത്രം പൊളിച്ചുമാറ്റുകയും സ്ത്രീകളും കുട്ടികളും തുടങ്ങിയ നൂറുകണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്തു വരികയാണെന്ന് വിപിന ചന്ദ്രൻ ആരോപിച്ചു. “
( എക്സ്പ്രസ്സ്, 1993 ഏപ്രിൽ 11 )
“തളി പിണ്ടാലിക്കുന്നിലേക്ക് ഭജന ഘോഷയാത്ര നടത്താൻ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്റി മുപ്പത്തിനാല് പേർക്ക് ശനിയാഴ്ച ശിവരാത്രിയായി. കൊട്ട കമഴ്ത്തിക്കുന്ന് എന്നു വിളിക്കുന്ന പിണ്ടാലിക്കുന്നിലേക്ക് ശനിയാഴ്ച സന്ധ്യക്ക് ഭജനയുമായി വന്ന സംഘത്തെ വടക്കാഞ്ചേരി സി.ഐ: കേശവൻ, എരുമപ്പെട്ടി, വടക്കാഞ്ചേരി, ചെറുതുരുത്തി സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരെ എരുമപ്പെട്ടി സ്റ്റേഷനിൽ കൊണ്ടുവന്ന് പേരും മേൽവിലാസവും എടുത്ത് കേസ് എഴുതി തയ്യാറാക്കിയപ്പോഴേക്കും സമയം രാത്രി 10 മണി. പിന്നീട് അവരെ തൃശൂരിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. കുന്നംകുളം മജിസ്ട്രേറ്റ് അവധി ആയതിനാൽ തൃശൂർ മജിസ്ട്രേറ്റിനായിരുന്നുവത്രെ ചാർജ്ജ്. അർദ്ധരാത്രി മജിസ്ട്രേറ്റിൽ നിന്നും റിമാൻ്റ് ചെയ്യിക്കാനുള്ള ഉത്തരവ് വാങ്ങി. ചാവക്കാട് സബ് ജയിലിലേക്കായിരുന്നു റിമാൻ്റ് ഉത്തരവ്. അവിടെ ചെന്നപ്പോൾ ഇത്രയും പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇല്ലെന്ന് ജയിൽ അധികൃതർ. വിയ്യൂർക്ക് കൊണ്ടു പോകുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. ഞായറാഴ്ച പുലർച്ചെ വിയ്യൂർ ജയിലിൽ വന്നു. നേരം പുലർന്ന് ആറു മണിയാവാതെ തുറക്കില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയതോടെ വാഹനത്തിലിരുന്ന് നേരം വെളുപ്പിക്കാൻ എല്ലാവരും തീരുമാനിച്ചു. അറസ്റ്റ്
ചെയത 134 പേരിൽ 60 പേർ സ്ത്രീകളാണ്. 39 പേർ പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും ബാക്കി 35 പേർ പുരുഷൻമാരുമായിരുന്നു.”
(മാതൃഭൂമി 1993 മാർച്ച് 15)
പിണ്ടാലിക്കുന്ന് ക്ഷേത്രവിമോചനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി കുട്ടികളും സ്ത്രീകളും അടങ്ങുന്ന മുവ്വായിരത്തോളം വരുന്ന ഭക്തജനങ്ങൾ അഞ്ചു വർഷം നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്ന് 1996 ജനുവരി 15ന് ക്ഷേത്രഭൂമിയും വഴികളും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. തൃശൂരിൽ ചുമതലയേറ്റ അക്കാലത്തെ പുതിയ ആർ.ഡി.ഒ.യുടെ നിഷ്പക്ഷമായ ഇടപെടലാണ് ധർമ്മസമരം വിജയിക്കാനിടയാക്കിയത്. പിണ്ടാലിക്കുന്ന് ക്ഷേത്ര വിമോചന സമരത്തിൽ അനേകമാളുകളുടെ അദ്ധ്വാനവും വിയർപ്പും ഒഴുകിയിട്ടുണ്ട്. ഭക്തർ വിശ്വസിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹവും പ്രക്ഷോഭകാരികൾക്കുണ്ടായി. സമരത്തിനു പ്രചോദനമായ ഒട്ടേറെ പേർ ഇക്കാലത്തും സ്മരിക്കപ്പെടുന്നുണ്ട്. വി.എച്ച്.പി.നേതാവ് ഗോപാലകൃഷ്ണൻ, ടി.എൻ.ഭരതൻ, ആർ.വേണുഗോപാൽ, കുമ്മനം രാജശേഖരൻ, വി.കെ.വിശ്വനാഥൻ, വിനോദിനിയമ്മ, എം.എസ്.രാഘവൻ, ഇ.രഘുനന്ദനൻ, രമാ രഘുനന്ദനൻ, നാരായണചാക്യാർ, കുന്നത്ത് സുന്ദര മേനോൻ, ഇ.ചന്ദ്രൻ, അഡ്വ.വേലായുധൻ, ഡോ: അരവിന്ദാക്ഷൻ, വിനോദ് തുടങ്ങിയവരുടെ നിർലോഭമായ സഹകരണം പ്രക്ഷോഭങ്ങൾക്കുണ്ടായിരുന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സംയോജകൻ പീതാംബരൻ, കെ.പി.കുമാരൻ നായർ, വല്ലൂരത്ത് ഗോപി നായർ തുടങ്ങിയവരൊക്കെ ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയയുടെ ജീവനാഡികളാണ്.
ക്ഷേത്രഭൂമി ഹിന്ദുക്കൾക്ക് വിട്ടുകിട്ടിയ ശേഷം ഇരും കുറ്റൂർ ഉണ്ണികൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ ദേവപ്രശ്നം നടത്തി. തുടർന്ന് കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി തയ്യാറാക്കിയ പ്ലാൻ പ്രകാരം 1997 ജൂലൈ 11 ന് തൃശൂർ ശ്രീരാമകൃഷ്ണ മഠത്തിലെ തത്വമയാനന്ദ സ്വാമികളാണ് ക്ഷേത്രശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. തന്ത്ര വിദ്യാപീഠത്തിലെ തന്ത്രിമാരായ ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടേയും ശ്രീകാന്ത് നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ 1176 എടവം എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് തിയ്യതികളിലായി (2001 മെയ് 22, 23, 24,25) പ്രതിഷ്ഠാകർമ്മം നടത്തി. പഴനിയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമാനമായ ഒരു ക്ഷേത്രമാണ് പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം. പിണ്ടാലിക്കുന്ന് എന്നാണ് പേരെങ്കിലും പിണ്ടാലിമല സുബ്രഹ്മണ്യക്ഷേത്രമെന്നും അറിയപ്പെടുന്നു. പഴനിയിലേതുപോലെ മലയുടെ താഴ്വരയിൽ റോഡുകളുണ്ട്. എന്നാൽ ഒരു ഗ്രാമപ്രദേശമായതിനാൽ കച്ചവട സ്ഥാപനങ്ങളൊന്നുമില്ല.
വടക്കെ അടിവാരത്തിൽ നിന്നും തെക്കെ അടിവാരത്തിൽ നിന്നും മലമുകളിലെത്താൻ പടിക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. നൂറ്റമ്പതിലേറെ പടികൾ കയറി മലമുകളിൽ ചെന്നാൽ അതിനു മീതെ കൊട്ട കമഴ്ത്തിക്കുന്ന് അഥവാ തിരുമുടിക്കുന്നു കാണാം. തിരുമുടിക്കുന്നിലേക്കുള്ള പടിക്കെട്ടുകൾ കയറിച്ചെന്നാൽ പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്താം. മനോഹരമാണ് സുബ്രഹ്മണ്യ ക്ഷേത്രവും ചുറ്റുഭാഗവും. തിരുമുടിക്കുന്നിൽ നിന്നു നോക്കിയാൽ 60 കിലോമീറ്റർ അകലെ വരെയുള്ള പ്രകൃതി ഭംഗിയും ആസ്വദിക്കാം. പഴനിമലയിൽ നിന്നും നോക്കിയാൽ കാണുന്ന അനുഭൂതി തന്നെ. പഴനിയിലെ എല്ലാ വഴിപാടുകളും പൂജകളും പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലുള്ളതിനാൽ മലബാർ പഴനി എന്ന പേരിൽ ഈ ക്ഷേത്രം പ്രസിദ്ധമാണ്. ഒരിക്കലെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വീണ്ടും ഈ മലകയറാനുള്ള ഭാഗ്യം ആഗ്രഹിച്ചു കൊണ്ടേ ഏതൊരു ഭക്തനും മടങ്ങാനാവുകയുള്ളു. പിണ്ടാലിമലയുടെ ഉപരിതലവും അതിലേക്കുള്ള വഴിയും മാത്രമാണ് ഇപ്പോൾ ക്ഷേത്രത്തിനുള്ളത്.
അതേ സമയം ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ കഴിയുന്ന എല്ലാ സാദ്ധ്യതകളും ക്ഷേത്രത്തിനുണ്ട്. മലയുടെ ചുറ്റുഭാഗവും ഇതര മതസ്ഥരുടെ റബ്ബർ എസ്റ്റേറ്റാണ്. ഇത് പൂർണ്ണമായും ക്ഷേത്രത്തിന് കിട്ടുകയാണെങ്കിൽ ക്ഷേത്രത്തിൻ്റെ സമഗ്ര വികസനം അഭൂതപൂർവ്വമായിരിക്കും. ഒരു ഗ്രാമത്തിൻ്റെ സർവ്വതോൻ മുഖ വികസനത്തിനും അത് വഴി തെളിയിക്കും. പിണ്ടാലിക്കുന്ന് ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് പാലക്കാട് ജില്ലയും തെക്ക് തൃശൂർ ജില്ലയുമാണ്. തെക്കെ നട ഇറങ്ങുന്നത് എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലേക്കും പടിഞ്ഞാറോട്ട് ഇറങ്ങുന്നത് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലേക്കുമാണ്. ഹിന്ദു സമൂഹത്തിന് കൈവിട്ടു പോയ ഒരു മഹാക്ഷേത്രം ഭഗീരഥ യത്നത്തിലൂടെ തിരിച്ചുപിടിച്ച വീരഗാഥകളാണ് ഈ ക്ഷേത്രത്തിൻ്റെ ചരിത്ര മാഹാത്മ്യം.