118: തൃശ്ശൂർ തളി ഗ്രാമം

117: കീഴ്ത്തളി മഹാദേവ ക്ഷേത്രം
May 8, 2023
119:കീഴ്പ്പാടം ശിവക്ഷേത്രം
May 8, 2023

തകർക്കപ്പെട്ട ശിവലിംഗങ്ങളുടെ ഗ്രാമം

ഒരു കൊച്ചുഗ്രാമത്തിൽ 118 ശിവക്ഷേത്രങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ, ഭാവനയാണെന്നു കരുതി അവഗണിക്കാൻ വരട്ടെ. എ.ഡി. 1766 കാലഘട്ടം വരെ മാനത്ത് താരക വ്യൂഹമെന്ന പോലെ ശൈവ തേജസ്സുകളായി നൂറ്റിയെട്ടു ശിവാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമമുണ്ട് കേരളത്തിൽ. ‘തളി’ എന്ന പേരിലാണ് ഈ ശിവ ചൈതന്യഗ്രാമം അറിയപ്പെടുന്നത്.

തൃശ്ശൂരിൽ നിന്നും മുപ്പത് കിലോമീറ്റർ വടക്കാഞ്ചേരി വഴി വടക്കോട്ടു സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. വർത്തമാനകാലത്ത് തളിയിൽ ചെന്നാൽ ഈ ക്ഷേത്രങ്ങളൊന്നും കാണാനാവില്ല. പുരാവസ്തു വകുപ്പിൻ്റെ അധീനതയിലുള്ള പ്രധാന തളിയായ നെടുമ്പ്രയൂർ തളി മഹാദേവ ക്ഷേത്രവും കീഴ്ത്തളി മഹാദേവ ക്ഷേത്രവും കടുകശ്ശേരി മഹാദേവ ക്ഷേത്രവും മാത്രമെ കാണാൻ കഴിയുകയുള്ളു. പിണ്ഡാലിക്കുന്ന് ശിവക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും മലബാർ പഴനി എന്ന പേരിൽ പ്രസിദ്ധമായ ഒരു സുബ്രഹ്മണ്യ ക്ഷേത്രമാണ് അവിടെ കാണാൻ കഴിയുക. മറ്റു ശിവക്ഷേത്രങ്ങളൊക്കെ ഗ്രാമത്തിൽ എവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്നു വ്യക്തമല്ല. വില്ലേജ് ഓഫീസ് രേഖകളിൽ ക്ഷേത്രഭൂമികൾ ഒതുങ്ങി. തളി ഗ്രാമത്തിൽ പ്രവേശിച്ചാൽ നിലത്ത് പാദമൂന്നാൻ ഭയം തോന്നും. പാദം വെക്കുന്ന ഏതൊക്കെ ഭാഗത്ത് മണ്ണിനടിയിൽ ശിവലിംഗങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് അറിയില്ല.

തിരുന്നാവായയിൽ നവയോഗികൾ സ്ഥാപിച്ച ഒമ്പത് സാളഗ്രാമങ്ങളിൽ എട്ടെണ്ണവും ഭൂമിയിൽ താഴ്ന്നു പോയ ഐതിഹ്യമാണ് തളിയിലെത്തിയപ്പോൾ ഓർമ്മ വന്നത്. ഈ സാളഗ്രാമങ്ങൾ ഏതു ഭാഗത്താവും മണ്ണിൽ ആഴ്ന്നിറങ്ങി കിടക്കുന്നത് എന്നറിയാതെ മുട്ടിൽ ഇഴഞ്ഞാണത്രെ ശങ്കരാചാര്യസ്വാമികൾ നാവാമുകുന്ദ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അങ്ങനെയൊരവസ്ഥയാണ് തളിയിലുമുള്ളത്. ചവിട്ടേൽക്കുന്ന ഭൂമിക്കടിയിൽ ശിവലിംഗമുണ്ടാവാം. ഏതെങ്കിലും പറമ്പിൽ അല്ലെങ്കിൽ ആരുടേയെങ്കിലും കിണറ്റിൽ ശിവലിംഗങ്ങൾ കിടപ്പുണ്ടാവും. മൂന്നോ നാലോ ശിവലിംഗങ്ങൾ ഈ വിധത്തിൽ കിടക്കുന്ന പറമ്പുകൾ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് ഇവ കണ്ടവർ പറഞ്ഞു. അത്തരത്തിലുള്ള ശിവലിംഗങ്ങൾ കാണാനോ അവ വീഡിയോവിൽ പകർത്താനോ ഉള്ള ശ്രമം വിജയിച്ചില്ല. മുസ്ലീം മതസ്ഥരുടെ പറമ്പുകളിലാണ് അവയുള്ളത്. അടുത്ത കാലത്ത് ഇത്തരത്തിലുള്ള ഒരു ശിവലിംഗം അടിച്ചു തകർത്തതായും അങ്ങനെ ശിവലിംഗം തകർത്ത വ്യക്തിക്ക് ചിത്തഭ്രമം പിടിപെട്ടുവെന്നും ഗ്രാമത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. തങ്ങളുടെ പറമ്പിലുള്ള ശിവലിംഗം എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിൽ കഴിയുന്നവരുമുണ്ട്. ടിപ്പു സുൽത്താൻ്റെ പടയോട്ടക്കാലത്താണ് തളി ഗ്രാമത്തിലെ ശിവക്ഷേത്രങ്ങൾ തകർത്തത്.

തളി ആറങ്ങോട്ടുകര റോഡിൽ നിന്നും ഒരു കിലോമീറ്റർ വടക്കു മാറി റോഡരുകിൽ ഉപക്ഷിക്കപ്പെട്ട നിലയിൽ ഒരു മഹാശിവലിംഗം എനിക്ക് കാണാൻ സാധിച്ചു. ആറ് അടി ഉയരമുള്ള ശിവലിംഗം രണ്ടായി മുറിഞ്ഞ നിലയിലാണ്. മൂന്ന് അടിയിലുള്ള ശിവലിംഗ ഭാഗം തകർക്കപ്പെട്ട പീഠത്തിൽ ഇറക്കി വെച്ച രീതിയിലാണ് കണ്ടത്. ശിവലിംഗത്തിൻ്റെ ബാക്കി ഭാഗം കണ്ടെത്താനായിട്ടില്ല. ഈ ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം എവിടെയാണെന്നു നിർണ്ണയിക്കാനും കഴിഞ്ഞില്ല. ഒരു വസ്തുത വ്യക്തമാണ്. നൂറ്റെട്ട് ശിവാലയങ്ങളും അവയ്ക്ക് ഭൂമിയുമുണ്ടായിരുന്നു. ഈ ക്ഷേത്ര ഭൂമികളത്രയും അന്യാധീനപ്പെട്ടിരിക്കുകയാണ്. ശിവലിംഗങ്ങൾ കിടക്കുന്ന ഭൂമിയിലൊക്കെ ശിവക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. മുകളിൽ സൂചിപ്പിച്ച റോഡരുകിൽ കണ്ടെത്തിയ ശിവലിംഗവും പീഠവും നീക്കം ചെയ്യാനോ കുഴിച്ചുമൂടാനോ ഉള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായി. ഞാൻ ഈ ഗ്രാമത്തിൽ എത്തുന്നതിനു മുമ്പുള്ള രണ്ടു മാസം മുമ്പ് റോഡുപണിയുടെ ഭാഗമായി ലോറിയിൽ മണ്ണ് കൊണ്ടുവന്ന് ഇറക്കിയത് ഈ ശിവലിംഗത്തിൻ്റെ മുകളിലായിരുന്നു. ഭക്തർ ഇടപെട്ട് മണ്ണ് നീക്കം ചെയ്യിച്ചാണ് ശിവലിംഗത്തെ മോചിപ്പിച്ചത്. തളി ഗ്രാമത്തിൽ ഇത്രയേറെ ശിവക്ഷേത്രങ്ങൾ ആരാണ് നിർമ്മിച്ചതെന്നുള്ള അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ ഇങ്ങനെയാണ്:-

തളി ഗ്രാമത്തിന് ചീനിക്കര എന്നൊരു പേരുണ്ട്. ചീനിക്കരയുടെ ഏതാണ്ട് രണ്ടു കിലോ മീറ്റർ കിഴക്കു മാറി ഒരു കുന്നു കാണാം. തച്ചു കുന്ന് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. തച്ചു കുന്നിലായിരുന്നു ചേരവംശ രാജാക്കൻമാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട് ചീനക്കപ്പൽ ഇവിടേക്ക് വന്നിരുന്നു. ചീനക്കപ്പലിൻ്റെ വരവിനാലാണ് പ്രദേശത്തിന് ചീനിക്കര എന്ന പേരു വന്നത്. തച്ചു കുന്നിനു സമീപമുള്ള ഭാഗത്ത് ” കപ്പച്ചാൽ ” ഉണ്ട കപ്പൽ വന്നിരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. തച്ചു കുന്ന് ചേരവംശ രാജാക്കൻമാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നുവെന്ന് വിശ്വസിക്കത്തക്ക രണ്ട്
കുളങ്ങളും ഇവിടെയുണ്ട്. പാപ്പാൻ കുളവും കുതിരക്കുളവുമാണത്. ധാന്യ സൂക്ഷിപ്പു കേന്ദ്രമായ പത്തായപറമ്പ് ഇക്കാലത്തും അതേ പേരിൽത്തന്നെയുണ്ട്. നൂറ്റെട്ടു ശിവാലയങ്ങളുടെ സിരാകേന്ദ്രം നടുത്തളിയാണ്. നെടുംതളി എന്നും അറിയപ്പെടുന്ന ഈ തളി ശിവക്ഷേത്രം നെടുമ്പ്രയൂർ തളി എന്നറിയപ്പെടുന്നു. ഇതിനു കിഴക്കുവശത്തുള്ള കീഴ്ത്തളി ശിവക്ഷേത്രമാണ് മറ്റൊന്ന്. അതിനു പിറകിലെ തളിയായ പിൻതളി പിണ്ഡാലി എന്ന പേരിലും അറിയപ്പെട്ടു. പിണ്ഡാലിക്കുന്നിൽ സുബ്രഹ്മണ്യ ക്ഷേത്രമാണ്. ചില തളികളിൽ സുബ്രഹ്മണ്യ പ്രതിഷ്ഠയാണ് ഉണ്ടാവാറുള്ളത്. ഈ ക്ഷേത്രസമൂഹത്തിലെ മറ്റൊരു ശിവക്ഷേത്രമാണ് കടുകശ്ശേരി മഹാദേവ ക്ഷേത്രം. കടുകശ്ശേരി എന്ന പേരിൽത്തന്നെയാണ് പ്രദേശം അറിയപ്പെടുന്നത്. കുടക് ചേരിയായിരുന്നു ഇത്. അതിന് ഉപോൽബലകമായ ചരിത്രമിങ്ങനെയാണ്:

ചേരവംശ രാജാവായ ഉദിയൻ ചേരൻ്റെ കാലശേഷം അദ്ദേഹത്തിൻ്റെ മകൻ നെടും ചേരലാതൻ സ്ഥാനാരോഹണം ചെയ്തു. ചേരസാമ്രാജ്യം കോഴിക്കോട്ടു വരെയായിരുന്നു. കുടാക്കോ എന്നും വാനവരമ്പൻ എന്നും അറിയപ്പെട്ടിരുന്ന ഈ രാജാവ് ഏഴിമല രാജ്യവും കദംബരാജ്യവും കീഴ്പ്പെടുത്തി ഗോകർണ്ണം വരെ രാജ്യ വിസ്തൃതി വ്യാപിപ്പിച്ചു. തുടർന്ന് അക്രമാസക്തിയുള്ള ഒരു പറ്റം യവന കോളനി നിവാസികളെ ബ്രഹ്മഗിരി താഴ് വരയിൽ അധിവസിപ്പിച്ചു. അവരാണ് കുടകർ അഥവാ കുടകുദേശക്കാർ എന്നറിയപ്പെടുന്നത്. ഇവരിൽ യുദ്ധ സമർത്ഥരെ നെടുമ്പ്ര തളിയുടെ സമീപ പ്രദേശത്ത് കൊണ്ടുവന്ന് പാർപ്പിച്ചു. അതോടെ ഈ പ്രദേശം കുടകു ചേരിയെന്നും പിൽക്കാലത്ത് കടുകശ്ശേരിയെന്നും അറിയപ്പെട്ടു.


നൂറ്റെട്ട് തളികളും സ്ഥാപിച്ചത് ചേരരാജാക്കൻമാരാണെന്നും അവർ നിത്യദർശനം നടത്തിയിരുന്ന ക്ഷേത്രങ്ങളാണ് ഇതെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് തളിക്ഷേത്രങ്ങൾ തകർത്തതെന്നാണ് വാമൊഴി ചരിത്രം. എന്നാൽ, പതിമൂന്നാം ശതകത്തോടെ നമ്പൂതിരിമാർ ശക്തി പ്രാപിച്ചുവെന്നും ചേര- ചോള സാമ്രാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് നാട് അരാജകാവസ്ഥയിലായി. പിന്നീടു പരദേശികളുടെ പടയോട്ടത്താലും ക്ഷേത്രങ്ങൾ നശിച്ചു വെന്നും വിശദ വീക്ഷണം. റോഡരുകിലും പറമ്പുകളിലും ജലാശയങ്ങളിലുമൊക്കെയുള്ള ശിവലിംഗങ്ങളുടെ ചൈതന്യം ആവാഹിച്ചെടുത്ത് നൂറ്റെട്ട് ശിവാലയങ്ങളുടെ ഒരു സമുച്ചയം തീർക്കാനുള്ള ശ്രമം തുടങ്ങിയെന്നും ഗ്രാമത്തിൽ നിന്നും എനിക്ക് അറിയാൻ കഴിഞ്ഞു.

Leave a Comment