117: കീഴ്ത്തളി മഹാദേവ ക്ഷേത്രം

116: കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം
May 6, 2023
118: തൃശ്ശൂർ തളി ഗ്രാമം
May 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 117

കാറ്റിൽ ആടിയുലയുന്ന നെല്ലോലകളുടെ പഞ്ചാക്ഷരി ജപവും കാർമേഘങ്ങൾ ഉരഞ്ഞുയരുന്ന തുടികൊട്ടും മേഘപാളികൾ പൊഴിയ്ക്കുന്ന ജലധാരയുമേറ്റു വാങ്ങി കൊച്ചു കുന്നിൻ്റെ നിറുകയിൽ ഒരു മഹാശിവലിംഗം സ്ഥിതി ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഋതുക്കളാൽ മാത്രം പൂജിക്കപ്പെട്ടു കിടന്നത് മൂന്ന് നൂറ്റാണ്ടിലേറെയാണ്. തകർക്കപ്പെട്ട വലിയ പീഠത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ശക്തമായ പ്രഹരങ്ങൾക്ക് ചെറിയൊരു പരിക്കു പോലുമേൽപ്പിക്കാനാവാതെ ആ ശിവലിംഗം ആരാലും ശ്രദ്ധിക്കപ്പെടാതെ ഋതുഭേദങ്ങളേറ്റുവാങ്ങി കാലത്തെ അതിജീവിച്ചു കൊണ്ടിരുന്നു. കാലഗതിക്കിടയിലെപ്പോഴോ ശിവലിംഗത്തിൻ്റെ പിറകിൽ ഒരു കരിമ്പന മുളച്ചുപൊങ്ങി. ശിവലിംഗത്തിന് കുട ചൂടി മഹേശ്വരൻ്റെ കാവലാളായി ആ കരിമ്പന വളർന്നുയർന്നു. വൃക്ഷമാണെങ്കിലും ഈ കരിമ്പനയുടെ ജൻമമാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നിമിത്തമായത്.

കീഴ്ത്തളി മഹാദേവ ക്ഷേത്രം

തൃശൂർ ജില്ലയിൽ വരവൂർ പഞ്ചായത്ത് മൂന്നാം വാർഡിലുള്ള തളി എന്ന ഗ്രാമത്തിലാണ് ഇരുപത്തിനാല് അടി ഉയരമുള്ള കുന്നിൻ നിറുകയിൽ എട്ടടി ഉയരവും ഏഴര അടി ചുറ്റളവുമുള്ള ശിവലിംഗവും അതിനോടു ചേർന്ന് കരിമ്പനയുമുണ്ടായിരുന്നത്. ഓല വെട്ടാൻ തമിഴുനാട്ടുകാരനായ ഒരാൾ ഒരിക്കൽ ഈ കരിമ്പനയിൽ കയറി. കരിമ്പനത്തലപ്പിൽ കയറിയെത്തിയ അയാൾ കണ്ടത് ഫണം വിടർത്തി നിൽക്കുന്ന നാഗത്തെയാണ്. ഭയചകിതനായി വേഗം താഴേക്കിറങ്ങി. എന്നാൽ, അയാൾക്ക് ഭൂമിയിൽ കാൽ കുത്താനായില്ല. കരിമ്പനച്ചുവട്ടിലുമുണ്ടായിരുന്നു ഫണം വിടർത്തി നിൽക്കുന്ന മറ്റൊരു നാഗത്താൻ. കരിമ്പനയിൽ കയറാനും ഇറങ്ങാനുമാവാതെ ഭയചകിതനായി നിലവിളിച്ച അയാളുടെ കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടി. നാഗം പിൻവലിഞ്ഞതോടെയാണ് ഇറങ്ങാനായത്. ഈ സംഭവം നാട്ടുകാരിൽ അത്ഭുതവും അമ്പരപ്പുമുളവാക്കി. ശിവചൈതന്യത്തെക്കുറിച്ച് നാട്ടുകാരിൽ വിശ്വാസമുണർന്നു. ഇനി ഈ മഹാശിവലിംഗം അനാഥമായി കിടന്നു കൂടാ. കുന്നിൻ മുകളിൽ ക്ഷേത്രമുണ്ടാക്കണമെന്ന തീരുമാനം ആദ്യമായി ഉണ്ടായത് അങ്ങനെയാണ്. അങ്ങനെ, 2002 ജനുവരിയിൽ കീഴ്ത്തളി ശ്രീ മഹാദേവ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. 1657/2002 നമ്പറായി ട്രസ്റ്റ് റജിസ്റ്റർ ചെയ്തു. വീരേന്ദ്രൻ പ്രസിഡൻ്റും, ഒ. വാസു സെക്രട്ടറിയുമായ ഒരു ഭരണ സമിതിയാണ് ആദ്യമുണ്ടായത്.

വരവൂർ – ദേശമംഗലം പഞ്ചായത്തുകളിലായി മൂന്നു കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന 108 ശിവാലയങ്ങളിലൊന്നാണ് കീഴ്ത്തളി മഹാദേവ ക്ഷേത്രം. താംബൂല പ്രശ്നത്തിൽ ക്ഷേത്രം സ്ഥാപിച്ചത് ഒരു മുനിവര്യനാണെന്നാണ്. സഞ്ചാര പഥത്തിനിടയിൽ ഭാരതപ്പുഴയോരത്തെ കുന്നിൻ മുകളിൽ എത്തിയ ശിവഭക്തനായ മുനിവര്യൻ ക്ഷേത്രം നിർമ്മിച്ച് ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. ഭാരതപ്പുഴ പൂർവ്വിക കാലത്ത് ഈ ഗ്രാമത്തിൻ്റെ സമീപത്തുകൂടി ഒഴുകിയിരുന്നതായി വാമൊഴി ചരിത്രം പറയുന്നു. ഇവിടെ അടുത്ത പ്രദേശമായ ‘ആറങ്ങോട്ടുകര ‘എന്ന സ്ഥലത്തിന് ആ പേരു വരാനുണ്ടായ കാരണം ഭാരതപ്പുഴയുമായി ബന്ധപ്പെട്ടതാണത്രെ. ഭാരതപ്പുഴ ഗതി മാറി ഒഴുകിയിരുന്നുവെന്ന ഒരു വിശ്വാസം പന്നിയൂർ ഗ്രാമത്തിലുമുണ്ട്. അവിടെയുള്ള ദീർഘചതുരാകൃതിയിലുള്ള ജലാശയം ഭാരതപ്പുഴയുടെ അവശേഷിപ്പാണെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. കീഴ്ത്തളി മഹാശിവക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

ചേരമാൻ പെരുമാക്കൻമാർ നിത്യദർശനം നടത്തിയിരുന്ന മൂന്ന് ശിവക്ഷേത്രങ്ങളിലൊന്നാണ് കീഴ്ത്തളി മഹാദേവ ക്ഷേത്രം. നെടുമ്പ്രയൂർ തളിക്ഷേത്രമാണ് ഇതിൽ പ്രധാനമായത്. പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലാണ് നെടുമ്പ്രയൂർ തളി. മറ്റൊന്ന് പിണ്ഡാലിക്കുന്ന് ശിവക്ഷേത്രമാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഇവിടെയുണ്ടായിരുന്ന സകല ക്ഷേത്രങ്ങളും തകർത്ത കൂട്ടത്തിലാണ് കീഴ്ത്തളി ശിവക്ഷേത്രവും തകർത്തത്. ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം നശിപ്പിക്കാനായിരുന്നു പടയോട്ടക്കാലത്തെ ക്ഷേത്ര ധ്വംസനങ്ങളെന്ന് കീഴ്ത്തളി ശിവക്ഷേത്രത്തിൻ്റെ അക്കാലത്തെ കിടപ്പ് വ്യക്തമാക്കുന്നു. ശിവലിംഗം പ്രതിഷ്ഠിച്ച പീഠത്തിൻ്റെ ചുവട്ടിൽ നിധിയുണ്ടെന്നു കരുതി പീഠം അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പീഠത്തിൻ്റെ അടിഭാഗം തുരന്നു നോക്കി. തുരന്നു നോക്കിയതിൻ്റെ അടയാളം പുനരുദ്ധാരണത്തിൻ്റെ തുടക്കം വരെ ഉണ്ടായിരുന്നു. താംബൂലപ്രശ്നത്തിനു ശേഷം ആദ്യത്തെ കമ്മിറ്റി കുന്നിൻ നിറുകയിൽ ശ്രീകോവിൽ നിർമ്മിച്ച് പുന:പ്രതിഷ്ഠ നടത്തി. മേടത്തിലെ പുണർതം നക്ഷത്രത്തിലായിരുന്നു പുന:പ്രതിഷ്ഠ. തുടർന്നുളള പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടന്നു. 2011 ഒക്ടോബറിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. ചങ്ങരത്ത് ചന്ദ്രൻ പ്രസിഡൻ്റും, ഏറത്ത് ഗോവിന്ദൻ കുട്ടി നായർ സെക്രട്ടറിയും, മണികണ്ഠൻ ഖജാഞ്ചിയുമായ 30 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്.

കീഴ്ത്തളി മഹാദേവ ക്ഷേത്രം (പഴയ ചിത്രം)

ഉപ ക്ഷേത്രങ്ങളുടെ നിർമ്മാണം അടക്കമുള്ളവയായിരുന്നു രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ. ഗണപതി, ശാസ്താവ്, നരസിംഹം, ഭഗവതി എന്നിവയും നാഗങ്ങൾ, രക്ഷസ്സ് എന്നിവയുമാണ് പ്രതിഷ്ഠിക്കേണ്ടിയിരുന്നത്. 16 സെൻ്റ് വിസ്തൃതിയാണ് കുന്നിൻ്റെ ചുറ്റളവെങ്കിലും ഉപരിതലത്തിൽ ഉപദേവ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലമുണ്ടായിരുന്നില്ല. തുടർന്ന് ആർക്കിടെക്കിൻ്റെ സഹായത്തോടെ ഇതിന് ഒരു പ്ലാൻ ഉണ്ടാക്കി. താഴെ നിന്നും 24 അടി ഉയരത്തിൽ പില്ലർ കെട്ടി അതിനു മീതെ കോൺക്രീറ്റു ചെയ്ത് സ്ഥലമുണ്ടാക്കിയിട്ടാണ് ഉപപ്രതിഷ്ഠകൾ നടത്തിയത്. രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിക്ക് തറക്കല്ലിട്ടത് ശങ്കര പരമ്പരയിലെ സന്യാസി ശ്രേഷ്ഠൻ ജയേന്ദ്ര സരസ്വതി സ്വാമികളായിരുന്നു. കുന്നിൻ മുകളിലേക്ക് മനോഹരമായ പടിക്കെട്ടുകൾ കൂടി നിർമ്മിച്ചതോടെ ക്ഷേത്രത്തിന് മാറ്റുകൂടി. ഇതിനിടെ 35 സെൻ്റ് ഭൂമി കൂടി വാങ്ങി ക്ഷേത്രസങ്കേതം വിപുലീകരിക്കുകയും ചെയ്തു. കീഴ്ത്തളി മഹാദേവ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് സംഭാവന വാങ്ങാൻ ഭക്തരുടെ അടുത്തേക്ക് പോകേണ്ടി വന്നില്ല. സംഭാവന ക്ഷേത്രത്തിലേക്ക് വന്നു ചേരുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയ കലയോടെയുള്ള മഹാദേവനാണ്. മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന മഹേശ്വര ചൈതന്യം ഗ്രാമത്തിൻ്റെ കെടാവിളക്കായി ജ്വലിക്കുന്ന ആത്മ ഹർഷമുളവാക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. തൃശൂരിൽ നിന്നും 30 കിലോമീറ്റർ വടക്കു മാറിയാണ് കീഴ്ത്തളി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കീഴ്ത്തളി മഹാദേവ ക്ഷേത്രം

Leave a Comment