114: വാരിയത്തൊടി വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും
May 6, 2023116: കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം
May 6, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 115
കാൽക്കീഴിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ അനക്കവും മാനം മുട്ടെ വളർന്ന മരക്കൂട്ടങ്ങളിൽ നിന്നും പക്ഷികളുടെ ചിലപ്പും, ഒപ്പം ചീവീടുകളും മുഖരിതമാക്കുമ്പോഴും ഉണ്ടാകുന്ന അന്തരീക്ഷത്തിൻ്റെ ശബ്ദ സൗകുമാര്യം നഗര ജീവിതക്കാരനിൽ ഉണ്ടാക്കുക നവ്യാനുഭവമായിരിക്കും. പ്രകൃതിയുടെ താളാത്മകമായ ഈ ശബ്ദ ഭംഗി ബാല്യകാലത്ത് അനുഭവിച്ചിട്ടുള്ളതാണെങ്കിലും ദീർഘകാലത്തിനു ശേഷം അത് വീണ്ടും ആസ്വദിക്കാനായപ്പോൾ പഴമയുടെ ഓർമ്മകളിലേക്ക് ഒരു നിമിഷാർദ്ധം അറിയാതെയൊന്നു കടന്നു പോയി. ആദ്ധ്യാത്മിക സംസ്കാരത്തിൻ്റെ വേരറുത്ത ടിപ്പുവിൻ്റെ പടയോട്ടത്തിന് ഇരയായ തത്തനം പുള്ളി ഗ്രാമത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കവെയാണ് ഞാൻ ഇവിടേയുമെത്തിയത്.
തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള പള്ളത്ത് നാരായണൻ മാഷ് വാർദ്ധക്യത്തിൻ്റെ അസ്ക്യതകൾ ഒട്ടുമില്ലാതെ വഴി കാണിച്ചു കൊണ്ട് കൂടെയുണ്ട്. അദ്ദേഹത്തിൻ്റെ മകൻ പ്രസാദും ക്ഷേത്ര ശിൽപ്പി കുറ്റിപ്പുറത്തെ നടുവട്ടം ശശിയും കൂടെയുണ്ട്. നാരായണൻ മാഷിൻ്റെ വീടിനു തെക്കുഭാഗത്തുള്ള റോഡും കടന്നാണ് വൃക്ഷ നിബിഡമായ ഉയർന്ന ആ പറമ്പിലേക്ക് കയറിച്ചെന്നത്. നാരായണൻ മാഷിൻ്റെ പത്നീ ഗൃഹക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെയാണിത്. ഈ പറമ്പിലെ കാവിനകത്ത് ആരും തിരിഞ്ഞു നോക്കാത്ത അയ്യപ്പ വിഗ്രഹമുണ്ടെന്നും ഈ പറമ്പിൽ തത്തനം പുള്ളി അയ്യപ്പക്ഷേത്രമുണ്ടായിരുന്നുവെന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അങ്ങോട്ടുള്ള പദയാത്ര. ചവിട്ടിച്ചീന്തിയ വാഴകൾ കണ്ട എന്നോട് ഇത് പന്നിക്കൂട്ടങ്ങൾ ഇന്നലെ നശിപ്പിച്ചതാണെന്ന് നാരായണൻ മാഷ് പറഞ്ഞു. ഈ പറമ്പിൻ്റെയും തത്തനം പുള്ളി അയ്യപ്പക്ഷേത്രത്തിൻ്റേയും മറ്റും ഭൂതകാലവൃത്താന്തങ്ങൾ അദ്ദേഹത്തിലൂടെയാണ് മനസ്സിലാക്കിയത്. തലമുറകൾ കൈമാറിയ നാട്ടറിവുകൾ ഓർമ്മത്തെറ്റുകളില്ലാതെയാണ് നാരായണൻ മാഷ് വിവരിച്ചത്.
ഈ ഭൂമി അറിയപ്പെടുന്നത് മനപ്പറമ്പ് എന്ന പേരിലാണ്. അവിടെയുള്ള കാടുകയറിക്കിടക്കുന്ന തറ ഒരു പൂർവ്വിക മനയുടെ അവശിഷ്ടമാണ്. ഏലംകുളം മനയാണിതെന്ന് പറയുന്നു. ആധാരങ്ങളിൽ ഏലംകുളം മന എന്നെഴുതിക്കാണുന്നതിനാൽ അത് വാസ്തവം തന്നെയാവണം. കിഴക്കോട്ട് ദർശനമായ മനയുടെ മുറ്റത്തേക്ക് വീതിയേറിയ ഒരു പാതയുണ്ടായിരുന്നു. കാളവണ്ടി ഈ വഴിയിലൂടെയാണ് മനയിൽ എത്തിയിരുന്നത്. മനപ്പറമ്പിൽത്തന്നെ വലിയൊരു കുളമുണ്ടായിരുന്നത് മണ്ണിട്ടുനികത്തിയിരിക്കുകയാണ്. മനയുടെ വടക്കുകിഴക്കെ മൂലയിലായാണ് കിണറുണ്ടായിരുന്നത്. ആ കിണറും മൂടിക്കഴിഞ്ഞു. മനയുടെ അവശിഷ്ടം സ്ഥിതി ചെയുന്ന ഭാഗത്തിൻ്റെ വടക്കുഭാഗത്തായി നിരവധി മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.
ഇത് കാവ് ആണെന്ന നിഗമനത്തിലാണ് നാട്ടുകാർ. കണ്ടാൽ വലിയൊരു സർപ്പക്കാവാന്നെന്നു തോന്നും. ഒരിക്കലും ഗൃഹത്തോടു ചേർന്ന് കാവുകൾ ഉണ്ടാകാറില്ല. ഏതായാലും ഞാൻ ആ വൃക്ഷ സഞ്ചയത്തിനിടയിൽ പ്രാഥമിക പരിശോധന നടത്തി. കാവിൻ്റേതായ യാതൊരു അവശിഷ്ടവും അതിനകത്തു കണ്ടെത്താനായില്ല. ഇത് കാവ് അല്ലെന്ന് സംശയലേശമെന്യെ കരുതാവുന്നതാണ്. അതേ സമയം ഈ മരക്കാട്ടിനകത്ത് ഒരു പീഠത്തിലുറപ്പിച്ച മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തുകയുണ്ടായി. ശിവലിംഗാകൃതിയിലുള്ള രണ്ട് ചെറിയ വിഗ്രഹങ്ങളും അതിനു നടുവിൽ രണ്ട് അടി ഉയരത്തിൽ മുകളിലേക്ക് ‘കൂർത്ത’ ഭാഗത്തോടെ മറ്റൊരു വിഗ്രഹവുമാണ് പീഠത്തിലുള്ളത്. പൂർണ്ണ, പുഷ്ക്കക്കലമാരോടൊപ്പമുള്ള അയ്യപ്പ പ്രതിഷ്ഠയാണിത്. മദ്ധ്യഭാഗത്തുള്ള വിഗ്രഹത്തിൻ്റെ രൂപത്തിന് ഏറെ അപൂർവ്വതയുണ്ട്. ഇന്ന് കാണുന്ന പൂർണ്ണ, പുഷ്ക്കലമാരോടൊപ്പമുള്ള അയ്യപ്പ വിഗ്രഹത്തിൽ നിന്നും തികച്ചും വിഭിന്നമായതാണ് ഈ വിഗ്രഹങ്ങൾ. മനയിൽ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് അയ്യപ്പക്ഷേത്രമായിരുന്നുവെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. തകർക്കപ്പെട്ട തത്തനം പുള്ളി അയ്യപ്പക്ഷേത്രം തന്നെയാണിത്.
എ.ഡി. 1765-66 കാലഘട്ടത്തിൽ രാമഗിരി കോട്ടയിൽ കേന്ദ്രീകരിച്ചിരുന്ന ടിപ്പു സുൽത്താൻ്റെ സൈന്യം തത്തനം പുള്ളി ഗ്രാമം അക്രമിച്ചു. മനകളും ഇതര ഹിന്ദു ഭവനങ്ങളും അക്രമിച്ചു. ഒരു ശിവക്ഷേത്രം ഉൾപ്പെടെ അഞ്ചു ക്ഷേത്രങ്ങൾ പൂർണ്ണമായും തകർത്തു. അക്കൂട്ടത്തിൽ തകർക്കപ്പെട്ടതാണ് തത്തനം പുള്ളി അയ്യപ്പക്ഷേത്രവും ഏലംകുളം മനയും. മനപ്പറമ്പിൽ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത് ഏതു ഭാഗത്താണെന്ന് വ്യക്തമല്ല. ഒരു ദേവ പ്രശ്നത്തിലൂടെ മാത്രമേ അതിനു സ്ഥിരീകരണമുണ്ടാക്കാൻ കഴിയുകയുള്ളു. മലപ്പുറം ജില്ലയിലെ ഏലംകുളത്താണ് ഇ.എം.എസ്.നമ്പൂതിരിപ്പാടിൻ്റെ ഏലംകുളം മനയുള്ളത്. മന വരുന്നതിനു മുമ്പ് പ്രദേശത്തിന് ഏലംകുളം എന്നു പേരുണ്ടായിരുന്നുവെന്നും മന സ്ഥാപിച്ച ശേഷം സ്ഥലപ്പേര് മനയുടെ പേരായി സ്വീകരിച്ചതാണെന്നും അഭിപ്രായമുണ്ട്.
ഏലംകുളം മനക്കാർ എവിടെ നിന്നു വന്ന കുടുംബമാണെന്നു വ്യക്തമല്ല. തത്തനം പുള്ളിയിലെ വസ്തു പ്രമാണങ്ങളിൽ ഏലംകുളം മന വക എന്നു തുടങ്ങിയിട്ടാണ് ഭൂമിയുടെ പേരുള്ളത്. മനയുടെ പേര് പൂർവ്വികമായി ഏലംകുളം എന്നു തന്നെയാവാനേ തരമുള്ളു. ഏലംകുളത്ത് മുതുകുറുശ്ശേരി മന, പുതുമന, ഏലംകുളം മന എന്നിവയാണ് പ്രമുഖ മനകൾ. ഇവരെ സാമൂതിരിയാണ് ഏലംകുളത്ത് കൊണ്ടുവന്നതെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. ഏലംകുളം മനയും മുതുകുറുശ്ശി മനയും ഒന്നാണെന്നും വിശ്വസിക്കുന്നുണ്ട്. ഏലംകുളം മന പഴയ കാലത്ത് ജൻമികളായിരുന്നില്ല. ഏലംകുളത്ത് ഒരു ബ്രാഹ്മണ കുടുംബവും ജൻമികളായിരുന്നില്ലത്രെ. ഭൂമി അതാത് കൈവശക്കാരുടെ ഉടമസ്ഥതയിൽത്തന്നെ ആയിരുന്നു. ഒരു കാലഘട്ടത്തിൽ ഏലംകുളത്തെ ഭൂവുടമകളായ കർഷകർക്ക് പകർച്ചവ്യാധി പിടിപെട്ടു. ഇതിനു പരിഹാരമായി കർഷകർ തങ്ങളുടെ ഭൂമിയെല്ലാം ബ്രാഹ്മണ കുടുംബങ്ങൾക്കു കൈമാറി. അത് മുതൽക്കാണ് ഏലംകുളത്ത് ബ്രാഹ്മണ ജൻമികളുണ്ടായതെന്നാണ് വാമൊഴി ചരിത്രം. വള്ളുവനാട്ടിലുള്ള ഏലംകുളം മനയിൽ പാട്ടുത്സവം നടത്തുമ്പോൾ തത്തനം പുള്ളി അയ്യപ്പന് പ്രത്യേകം പാട്ടും പൂജയും നടത്തി വരുന്നുണ്ട്. മനക്കലെ ഒരു അംഗം പുഴ കടന്ന് തത്തനം പുള്ളിയിലെത്തി ഇവിടെ കാണുന്ന പ്രതിഷ്ഠകളിൽ പൂജ ചെയ്തിരുന്നതായി പള്ളത്ത് നാരായണൻ മാഷ് പറഞ്ഞു.
ഇതിൽ നിന്നും ഇക്കാലത്ത് മലപ്പുറം ജില്ലയിലുള്ള ഏലംകുളം മന പഴയ കാലത്ത് തത്തനം പുള്ളിയിലായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. വാറോടു മേഞ്ഞ ഒരു മനയായിരുന്നു ഇതെന്ന് ഇവിടെ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ടിപ്പുവിൻ്റെ സൈന്യത്തിൻ്റെ അക്രമത്തെ തുടർന്ന് തത്തനം പുള്ളിയിലെ മനക്കാർ പുഴ കടന്ന് വടക്കേ കരയിലേക്ക് പലായനം ചെയ്തതായിരിക്കണം. തൂതപ്പുഴയുടെ തെക്കെകര പാലക്കാട് ജില്ലയും വടക്കെകര മലപ്പുറം ജില്ലയുമാണ്. മനപ്പറമ്പ് പിൽക്കാലത്ത് പള്ളത്ത് നാരായണൻ മാഷിൻ്റെ പത്നീ തറവാടായ മാമ്പ്രക്കാട്ടേക്ക് കൈമാറ്റങ്ങളിലൂടെ സിദ്ധിച്ചു. കാവ് എന്നു കരുതിയ വൃക്ഷ സഞ്ചയമൂലത്തിൽ അനാഥമായി കിടക്കുന്ന അയ്യപ്പ വിഗ്രഹത്തേയും അതിൻ്റെ ചൈതന്യത്തേയും ശ്രീകോവിൽ നിർമ്മിച്ച് നിത്യ പൂജാദികളോടെ സനാതനമാക്കാൻ നാരായണൻ മാഷിനും കുടുംബത്തിനും നാട്ടുകാർക്കും ആഗ്രഹമുണ്ട്. ഇപ്പോഴും ആ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.