113: തത്തനം പുള്ളി മഹാവിഷ്ണു ക്ഷേത്രം

112: ആലത്തിയൂർ ശ്രീ വൈദ്യൻ തൃക്കോവിൽ മഹാശിവക്ഷേത്രം
May 4, 2023
114: വാരിയത്തൊടി വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും
May 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 113

പാദങ്ങൾ വേർപെട്ട മഹാവിഷ്ണു വിഗ്രഹം പീഠത്തിനു താഴെ തകർന്നു കിടക്കുന്നു. അതിനു സമീപത്തായി മന്ത്രജപത്തോടെ പൂജ ചെയ്തിരുന്ന ശാന്തിക്കാരന് ഇരിപ്പിടമായ ആവണിപ്പലക ചിതലരിച്ചു കൊണ്ടിരിക്കുന്നു. മുമ്പെങ്ങോ എരിഞ്ഞടങ്ങിയ ദീപനാളങ്ങളുടെ പുകച്ചുരുളുകളേറ്റ കരിപുരണ്ട നിലവിളക്കുകൾ അങ്ങിങ്ങു വീണു കിടക്കുന്നു. ശ്രീകോവിലിനകത്തെ ഇളകി ഉതിർന്ന മണ്ണിനടിയിൽ പെരുച്ചാഴികൾ വാസമുറപ്പിച്ചിട്ടുണ്ടെന്നു തോന്നും. ഒരു സാങ്കൽപ്പിക കഥയുടെ രത്നച്ചുരുക്കമല്ല മുകളിലുദ്ധരിച്ചത്. പഴമയുടെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന അനുഭവത്തിൻ്റെ നേർസാക്ഷ്യങ്ങളാണ്.

പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തത്തനം പുള്ളി മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ വർത്തമാനകാല ചിത്രം ഏതൊരു ഭക്തനേയും വേദനിപ്പിക്കുന്നതാണ്. പടിഞ്ഞാട്ട് ദർശനമായുള്ള വിഷ്ണു ക്ഷേത്രം ഓടുമേഞ്ഞതാണ്. അതാകട്ടെ ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ശ്രീകോവിലിനകത്തുനിന്നുള്ള കരിങ്കല്ലിൻ്റെ ഓവ് തകർന്ന നിലയിൽ കിടക്കുന്നു. തീർത്ഥക്കിണറിൻ്റെ പവിത്രത നഷ്ടപ്പെട്ടിട്ട് പതിറ്റാണ്ടുകളേറെ കഴിഞ്ഞു. സ്ഫടിക സമാനമായ ആ ജലാശയം ഇന്ന് കാളകൂടം കലങ്ങിയ നിലയിൽ ഇരുണ്ടിരിക്കുന്നു. അടുത്തിടെ നിർമ്മിച്ചതായി കരുതുന്ന ചെറിയ തിടപ്പള്ളിയെ പാഴ്ച്ചെടികൾ വിഴുങ്ങിത്തുടങ്ങി. ക്ഷേത്രഭൂമി തന്നെ കാടുകയറി കിടക്കുകയാണ്. തെക്കുപടിഞ്ഞാറെ മൂലയിലുള്ള തീർത്ഥക്കുളം ഉപയോഗശൂന്യമായി കിടക്കുന്നു. കുളത്തിലേക്കുള്ള കൽപ്പടവുകൾ പുല്ലു മൂടി മറഞ്ഞിരിക്കുന്നു. ചതുര ശ്രീകോവിലോടെയുള്ള തത്തനംപുള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് 1500 വർഷത്തെ പഴക്കമുണ്ട്. ചുറ്റമ്പലത്തോടു കൂടിയ ഒരു ക്ഷേത്രമായിരുന്നു ഇത്. ചുറ്റമ്പലത്തിൻ്റെ തറയുടെ ഭാഗത്ത് കാടു മൂടി കിടക്കുകയാണ്. ശക്തമായ ഒരു അക്രമത്തിൻ്റെ ലക്ഷണങ്ങളാണ് ക്ഷേത്രത്തിലെ വിഗ്രഹവും ചുറ്റമ്പലത്തിൻ്റെ അവശിഷ്ടങ്ങളും നൽകുന്ന സൂചന.

പുരാതനമായ ഈ ക്ഷേത്രം ഇങ്ങനെ തകരുവാനെന്താണ് കാരണം. എന്തു കൊണ്ടിങ്ങനെ തകർന്ന നിലയിൽത്തന്നെ ഈ ക്ഷേത്രം കിടക്കുന്നു. ഇതിനെക്കുറിച്ചെല്ലാം മനസ്സിലാക്കാൻ തക്ക രേഖകളൊന്നും ലഭിക്കുകയുണ്ടായില്ല. വാമൊഴിയായി പകർന്നു കിട്ടിയ വിവരങ്ങൾ മാത്രമെ ലഭ്യമായിട്ടുള്ളു. പാലക്കാട്, മലപ്പുറം ജില്ലകളെ വേർതിരിച്ചു കൊണ്ടൊഴുകുന്ന തൂതപ്പുഴയുടെ തെക്കുഭാഗത്തെ ഒരു കാർഷിക ഗ്രാമമാണ് തത്തനം പുള്ളി. ഈ ഗ്രാമത്തിലെ വലിയൊരു ഭാഗം ഭൂമിയും ഏലംകുളം മനയുടേതാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ തറവാട്ടു പേരാണ് ഏലംകുളം മന. ഈ ഗ്രാമത്തിലായിരുന്നു ആദ്യ കാലത്ത് ഇ.എം.എസിൻ്റെ മന. . ടിപ്പുവിൻ്റെ പഠാണി സൈന്യം കേന്ദ്രീകരിച്ചിരുന്നത് തത്തനം പുള്ളിയിൽ നിന്നും ഏറെ അകലെയല്ലാത്ത പട്ടാമ്പിക്കടുത്ത് ചെറുകോട് ഗ്രാമത്തിലാണ്. വലിയൊരു കുന്ന് ഇവിടെയുണ്ട്. രാമഗിരിക്കോട്ട എന്ന പേരിലാണ് ഈ കുന്ന് അറിയപ്പെടുന്നത്. ടിപ്പുവിൻ്റെ സൈന്യം രാമഗിരി കോട്ടയുടെ മുകൾ പരപ്പിലായിരുന്നു തമ്പടിച്ചിരുന്നത്. 1765-66 കാലഘട്ടത്തിൽ രാമഗിരിക്കോട്ട ടിപ്പുവിൻ്റെ സൈന്യത്തിൻ്റെ അധീനതയിലായിരുന്നു. ഈ ഘട്ടത്തിലാണ് ടിപ്പുവിൻ്റെ പഠാണി സൈന്യം തത്തനം പുള്ളി ഗ്രാമം അക്രമിച്ചത്. ഇവിടെയുണ്ടായിരുന്ന ക്ഷേത്രങ്ങൾ തകർത്തു. വിഗ്രഹങ്ങൾ അടിച്ചുടച്ചു. പ്രസ്തുത അക്രമത്തിൽ തകർത്തതാണ് ഈ ക്ഷേത്രവും. ചുറ്റമ്പലം തകർത്ത് അകത്തു പ്രവേശിച്ച സൈന്യം ശ്രീകോവിൽ തകർത്ത് വിഷ്ണു വിഗ്രഹം അടിച്ചുടച്ച ശേഷമാണ് മടങ്ങിയത്. തകർന്ന വിഗ്രഹത്തോടെ ക്ഷേത്രം പിൽക്കാലത്ത് കാട് മൂടിക്കിടന്നു.

1980 കാലഘട്ടം വരെ ക്ഷേത്രത്തിനു തെക്കുഭാഗത്ത് ഊരാള കുടുംബം താമസിച്ചിരുന്നു. പൂർവ്വിക ഊരാള കുടുംബത്തിനു വന്ന ഋണ ബാദ്ധ്യതയെത്തുടർന്ന് ഉണ്ടായ നിയമ നടപടികളിൽ ക്ഷേത്രഭൂമിയടക്കം ഊരാള കുടുംബത്തിൻ്റെ ഭൂമികളത്രയും ലേലത്തിനു വെച്ചു. തിരുനാരായണപുരത്തുള്ള കുറുങ്ങാട്ട് ഇല്ലക്കാരാണ് ലേലത്തിനെടുത്തത്. ഇല്ലത്തു നിന്നും കിഴക്കെപ്പാട്ട് മീനാക്ഷിയമ്മക്കാണ് വസ്തുവഹകൾ ലഭിച്ചത്. വയനാട്ടുകാരാണ് കിഴക്കെപ്പാട്ടു തറവാട്ടുകാർ. ക്ഷേത്രഭൂമിയോടു ചേർന്നുള്ള പൂർവ്വിക ഊരാള തറവാട്ടു ഭവനത്തിൽ വടക്കേപ്പാട്ടു തറവാട്ടുകാർ താമസിച്ചിരുന്നു. 1980 കളിലാണ് വടക്കേപ്പാട്ടു തറവാടുകാർ ഇവിടം വിട്ടു പോയത്. തറവാട്ടു ഭവനവും പൊളിച്ചു നീക്കിയതോടെ അനാഥമായി ഒറ്റപ്പെട്ടത് ആയിരത്താണ്ടുകൾ പൂജിച്ചുപാസിച്ച മഹാവിഷ്ണു ക്ഷേത്രമാണ്. തകർന്ന് കാടുമൂടിക്കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഭിത്തി നിർമ്മിച്ച് ഓടുമേഞ്ഞ് തകർന്ന വിഗ്രഹം പീഠത്തിൽ ചാരിവെച്ച് നിത്യപൂജ തുടങ്ങിയത് 1975-80 കാലഘട്ടത്തിലാണ്.

ഊരാള കുടുംബത്തിൻ്റെ താൽപ്പര്യപ്രകാരം രൂപീകരിച്ച ഭക്തജനങ്ങളുടെ ഒരു കമ്മിറ്റിയാണ് നിത്യപൂജ പുനരാരംഭിച്ചത്. തകർക്കപ്പെട്ട വിഗ്രഹത്തിൽ തന്നെയായിരുന്നു പൂജ. വടക്കേതിൽ കുട്ടൻ പ്രസിഡൻ്റായും, ദേവ പ്രകാശ് സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് അന്നുണ്ടായിരുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് ക്രമാതീതമായതോടെ 1995 ഓടെ നിത്യപൂജ നിലച്ചു. അങ്ങാടിപ്പുറം തളിക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി കേളപ്പജിയോടൊപ്പം സമരമുഖത്തുണ്ടായിരുന്ന ആളാണ് പള്ളത്ത് നാരായണൻ മാഷ്. ക്ഷേത്രത്തിൽ നിന്നും ഏറെ ദൂരെയല്ലാത്ത സ്ഥലത്താണ് അദ്ദേഹത്തിൻ്റെ താമസം. ഇതെഴുതുന്ന സമയത്ത് 93 വയസ്സുള്ള നാരായണൻ മാഷ് ക്ഷേത്രത്തിലെത്തി വിളക്കുതെളിയിക്കാൻ തുടങ്ങി. തളിക്ഷേത്ര പ്രക്ഷോഭത്തിലെ ആവേശവും ഊർജ്ജവും നശിക്കാത്ത അദ്ദേഹം തത്തനം പുള്ളി വിഷ്ണു ക്ഷേത്രത്തിൻ്റെ ചൈതന്യം എന്നും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. അതിനെത്തുടർന്ന് എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ഒരു ദിവസത്തെ പൂജ നടത്തുവാൻ നാരായണൻ മാഷ് ഉൽസാഹിച്ചു. അദ്ദേഹം തന്നെയാണ് തകർന്ന ക്ഷേത്രത്തിൻ്റെ മേൽപ്പുര ഓടുമേഞ്ഞതും ചെറിയൊരു തിടപ്പള്ളി നിർമ്മിച്ചതും. പിന്നീട് അതും നിലച്ചു. തകർക്കപ്പെട്ട ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു കാണാൻ ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ട്. ഇരുപത്തിമൂന്നു സെൻ്റ് വിസ്തൃതിയിലാണ് ക്ഷേത്രഭൂമിയുള്ളത്. തീർത്ഥക്കുളവും ഇതിൽ ഉൾപ്പെടും. ഭക്തജനങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് നിത്യപൂജ ആരംഭിക്കണമെന്നാണ് ഊരാള കുടുംബത്തിൻ്റെ ആഗ്രഹം. സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് തകർക്കപ്പെട്ട ക്ഷേത്രം അതേ നിലയിൽ കിടക്കുന്നതെന്നാണ് ഊരാള കുടുംബാംഗമായ ഗോപാകൃഷ്ണൻ പറഞ്ഞത്.

ക്ഷേത്രഭൂമിയുടെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ വിശാലമായ കൃഷിഭൂമിയാണ്. കിഴക്കുഭാഗത്ത് റബ്ബർ എസ്റ്റേറ്റും തെക്കു ഭാഗത്ത് ഊരാള കുടുംബത്തിൻ്റെ തറവാടു വീട് സ്ഥിതി ചെയ്തിരുന്ന ഉയർന്ന പറമ്പുമാണ്. കിഴക്കുഭാഗത്തെ റബ്ബർ എസ്റ്റേറ്റിൻ്റെ കിഴക്കു ഭാഗം ടാർ ചെയ്ത റോഡാണ്. ഈ റോഡും ക്ഷേത്രവും തമ്മിൽ 50 മീറ്റർ അകലമുണ്ട് . ശനി ദശ അവസാനിച്ച് ഗതാഗത സൗകര്യത്തോടെ നിത്യപൂജ നടക്കുന്ന ഒരു ക്ഷേത്രമായി ഇതിനെ മാറ്റേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. കാർഷിക വൃത്തിയെടുത്ത് ഉപജീവനം നടത്തുന്ന ഗ്രാമീണർക്ക് ക്ഷേത്ര പുനരുദ്ധാരണം നടക്കാത്ത സ്വപ്നമാണ്. സാമ്പത്തിക ഭദ്രതയുള്ള വിശാലമനസ്ക്കരായ ഭക്ത ജനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളിയാവാൻ വന്നാൽ മാത്രമേ തത്തംപുള്ളി മഹാവിഷ്ണു ക്ഷേത്രം സനാതനമാവുകയുള്ളു. ശ്രീ കോവിൽ പുതുക്കിപ്പണിയണം, ബിംബം മാറ്റിവെക്കണം, ചുറ്റമ്പല നിർമ്മാണം നടത്തണം, തീർത്ഥക്കിണർ റിംങ്ങ് ഇറക്കി ഉപയോഗ യോഗ്യമാക്കണം, തിടപ്പള്ളി നിർമ്മിക്കണം, ക്ഷേത്രത്തിലേക്ക് റോഡ് സൗകര്യമേർപ്പെടുത്തണം. ഊരാള കുടുംബം റോഡ് സൗകര്യം ഏർപ്പെടുത്തി തരാമെന്നു പറയുകയുണ്ടായി. തീർത്ഥക്കുളം നവീകരിക്കണം ഇതൊക്കെയാണ് തത്തനം പുള്ളിമഹാവിഷ്ണു ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തികൾ.

Leave a Comment