110: മലയിൽ ഭഗവതി ക്ഷേത്രം

109: മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രം
May 2, 2023
111: പെരിന്തിരുത്തി ദേവീക്ഷേത്രം
May 4, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 110

” ഞാൻ ഈ മലമുകളിൽ ഇരുപത്തഞ്ച് വർഷം മുമ്പാണ് ആദ്യമായി വന്നത്. ആരും തിരിഞ്ഞു നോക്കാത്ത കാട്ടുപ്രദേശത്ത് തകർന്ന ക്ഷേത്രാവശിഷ്ടമാണുള്ളത്. ഇടക്കെല്ലാം വന്ന് വിളക്കു വെക്കും. മാട്ടുമ്മൽ ഗോപാലൻ എന്നൊരാൾ വന്ന് പൂജ കഴിക്കാറുണ്ട്.”

പൊതോത്തുമല കയറുന്നതിനിടയിൽ കൊടുന്നോട്ടിൽ അയ്യപ്പൻ പറഞ്ഞു തുടങ്ങി. സമതലത്തിൽ നിന്നും 200 അടി ഉയരമുള്ള പൊതോത്തുമലയുടെ മുകളിലുള്ള മലയിൽ ഭഗവതി ക്ഷേത്രം കാണാനായിരുന്നു ആ മലകയറ്റം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ പഞ്ചായത്ത് നാലാം വാർഡിലാണ് പൊതോത്തുമലയും അതിൻ്റെ നിറുകയിൽ ഭഗവതി ക്ഷേത്രവുമുള്ളത്.

തകർന്നു കിടക്കുന്ന മലയിൽ ഭഗവതി ക്ഷേത്രം

പൊതു ഓത്തുമല എന്ന പേരു ലോപിച്ചാണ് പൊതോത്തുമല എന്ന പേരിൽ അറിയപ്പെട്ടത്. ബ്രാഹ്മണരുടെ വേദപാഠശാലയുമായി ബന്ധപ്പെട്ട പേരാണത്. ഇവിടെ വേദപാഠശാല ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടു വരുന്നു. പൊതോത്തുമലയുടെ ചുറ്റുഭാഗവും അന്യകൈവശമാണ്. മലയുടെ നിറുകൊഴികെ മറ്റെല്ലാ ഭാഗവും റബർ എസ്റ്റേറ്റാണ്. എസ്റ്റേറ്റിലൂടെ കുത്തനെയുള്ള കയറ്റമാണ് ക്ഷേത്രത്തിലേക്കുള്ള വഴി. ആറ് അടി വീതിയിൽ വഴിവിട്ടുകിട്ടുമെന്നാണ് കരുതുന്നതെന്ന് അയ്യപ്പൻ പറഞ്ഞു. ചവിട്ടുപടികൾ നിർമ്മിച്ചാൽ അനായാസം മലമുകളിലെത്താം. വളരെ സൂക്ഷിച്ച് സാവധാനം മലകയറിയാൽ ക്ഷീണം തോന്നുകയില്ല. കാട്ടു പക്ഷികളുടേയും മയിലുകളുടെയും കരച്ചിൽ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ടിരുന്നു. പൊതു ഓത്തുമല അടക്കം ധാരാളം ഭൂമിയുണ്ടായിരുന്ന തേഞ്ചേരിമന കോലകക്കാർ വലിയ ജൻമിമാരായിരുന്നു.

ക്ഷേത്രത്തിൻ്റെ ഊരാളരും മനക്കാർ തന്നെ. പിൽക്കാലത്ത് മനയിലുള്ളവർ ഭൂമിയൊക്കെ വിറ്റു. അവർ നാട്ടിൽ നിന്നു തന്നെ പോയി. ഇതിനിടെ മനയുടെ ഭൂമികൾ മിച്ചഭൂമിക്കേസിലും പെട്ടു. അങ്ങനെ സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി പതിച്ചു വാങ്ങിയ ഭൂരഹിതനാണ് അയ്യപ്പൻ. മല കയറി ചെന്നപ്പോൾ വൃക്ഷ നിബിഡമായ പരന്ന പ്രദേശവും അവിടെ തകർന്ന ഒരു ക്ഷേത്രാവശിഷ്ടവും കണ്ടു. കിഴക്കോട്ടു ദർശനമായുള്ള വനദുർഗ്ഗാക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളായിരുന്നു അത്. മേൽക്കൂരയില്ലാതെ ചുറ്റമ്പലവും സോപാനവുമൊക്കെ ഒരു കാലത്ത് ഈ ക്ഷേത്രത്തിനുണ്ടായിരുന്നുവെന്ന് അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചുറ്റമ്പലത്തിൻ്റെ തറ ഇപ്പോഴുമുണ്ട്. സോപാനം തകർന്ന നിലയിലാണ്. ചതുരശ്രീകോവിലാണ്. അതിൻ്റെ തറ കരിങ്കല്ലിലാണ് നിർമ്മിച്ചിട്ടlള്ളത്. എട്ടു വരി കല്ലിൽ ഭിത്തിയുണ്ട്. ശ്രീകോവിലിനകത്തെ തകർന്ന പീഠത്തിൽ വിഗ്രഹമില്ല. രണ്ട് കരിങ്കൽ ശിലയാണ് ദേവീ സങ്കൽപ്പത്തിലുള്ളത്. പഴയ കാലത്ത് ഐശ്വര്യത്തോടെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമായിരുന്നുവെന്നാണ് ക്ഷേത്രം സംബന്ധിച്ച വാമൊഴി ചരിത്രം. യഥാവിധി പരിപാലനമില്ലാതെ സ്വാഭാവികമായി തകർന്ന ക്ഷേത്രമാണ്. മലയുടെ താഴെയുള്ള കുന്നൻ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ കീഴേടമാണ് മലയിൽ ഭഗവതി ക്ഷേത്രം. കുന്നൻ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പരിപാലന കമ്മിറ്റി തന്നെയാണ് മലയിൽ ഭഗവതി ക്ഷേത്രത്തിൻ്റേയും സംരക്ഷണ ചുമതല നിർവ്വഹിക്കുന്നത്. അയ്യപ്പൻ പ്രസ്തുത കമ്മിറ്റിയിലെ അംഗമാണ്.

മലയിൽ ഭഗവതി ക്ഷേത്ര ശ്രീകോവിലിൻ്റെ ഉൾവശം

മകരച്ചൊവ്വ ദിവസം സ്ത്രീകളടക്കം നൂറുകണക്കിനു ഭക്തർ മലകയറിയെത്തും. അന്ന് വിശേഷാൽ പൂജകളുണ്ടാവും. കുന്നൻ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷിക്കുന്ന മകരച്ചൊവ്വ ആഘോഷം തന്ത്രിയുടെ മേൽനോട്ടത്തിലാണ് നടത്താറുള്ളത്. അഭിഷേകം, മുട്ടറുക്കൽ തുടങ്ങിയ വഴിപാടുകൾ അന്നു നടത്തും. ക്ഷേത്രത്തിലേക്ക് പടിക്കെട്ടുകൾ നിർമ്മിച്ച് ചെയ്ത് മലമുകളിലെ ദേവീക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ഭക്തജനങ്ങളുടെ ആഗ്രഹത്തിന് ഏറെ പഴക്കമുണ്ട്. കരിമ്പുഴ (ഒന്ന്) വില്ലേജിൽ റീ.സ.6 ൽ 1 എ സർവ്വെ നമ്പറിൽ 40 സെൻ്റ് വിസ്തീർണ്ണമാണ് ക്ഷേത്രഭൂമിക്കുള്ളത്.

മലയിൽ ഭഗവതി ക്ഷേത്രത്തിൻ്റെ മുൻവശം

Leave a Comment