108: ചേറോട്ടുകാവ് അയ്യപ്പക്ഷേത്രം

107: ഉരിയരി തേവർ ക്ഷേത്രം
April 28, 2023
109: മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രം
May 2, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 108

എൺപത്തഞ്ച് സെൻ്റ് ഭൂമി. അതിൽ  തകർന്നു കിടക്കുന്ന ഒരു അയ്യപ്പക്ഷേത്രം. ഈ ക്ഷേത്രവും ക്ഷേത്രഭൂമിയും ഭക്തരുടെ ആശ്രയ കേന്ദ്രമാക്കി പരിവർത്തനപ്പെടുത്താനുള്ള വലിയൊരു സ്വപ്നം ഏറെക്കാലമായി കൊണ്ടു നടക്കുന്നവരാണ് ക്ഷേത്ര പരിസരത്തുള്ള ഭക്തജനങ്ങൾ .

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിലുള്ള ചെറോട്ടുകാവ് അയ്യപ്പക്ഷേത്രഭൂമിയുടെ പരിസരത്തുള്ളവരാണ് ഗ്രാമത്തിൻ്റെ സമഗ്രമായ വികസനത്തിന് ക്ഷേത്രഭൂമിയെ ആധാരമാക്കാൻ ആഗ്രഹിച്ചു കഴിയുന്നത്.

ചേറോട്ടുകാവ് അയ്യപ്പക്ഷേത്രം

കരിമ്പുഴ (ഒന്ന്) വില്ലേജിലാണ് അയ്യപ്പക്ഷേത്രം. കരിമ്പുഴയുടെ വടക്കേ കരയിൽ കിഴക്കോട്ടു ദർശനമായുള്ള ക്ഷേത്രം നെടിയേടത്തു മനയുടെ ഊരായ്മയിലുണ്ടായിരുന്നതാണ്. കുന്നേക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, വേട്ടക്കൊരുമകൻ ക്ഷേത്രം എന്നിവയുടെ കീഴേടമായാണ് ചെറോട്ടുകാവ് അയ്യപ്പക്ഷേത്രത്തെ കരുതിപ്പോരുന്നത്. കുന്നേക്കാട്ട് മഹാവിഷ്ണു ക്ഷേത്രം പരിപാലന കമ്മിറ്റി എന്ന പേരിൽ രൂപീകരിച്ച ഒരു കമ്മിറ്റിയാണ് മൂന്നു ക്ഷേത്രത്തിൻ്റേയും ഭരണം നിർവ്വഹിക്കുന്നത്. ആയിരത്തോളം ഏക്കർ ഭൂമിയുണ്ടായിരുന്ന നെടിയേടത്തു മനക്കാർ ഇവിടം ഉപേക്ഷിച്ച് പോയതോടെ ക്ഷേത്രങ്ങൾ നോക്കി നടത്താൻ ആളില്ലാതെ നശിക്കുകയുമായിരുന്നു. മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത നിലയിൽ കാടുമൂടി കിടന്നു. 1995 കാലഘട്ടത്തിലാണ് വിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്. നിത്യപൂജ നടക്കുന്ന വിഷ്ണു ക്ഷേത്രവും വേട്ടക്കൊരുമകൻ ക്ഷേത്രവും പുനരുദ്ധരിച്ചുവെങ്കിലും ചെറോട്ടുകാവ് അയ്യപ്പക്ഷേത്രം പുനരുദ്ധാരണം നടത്താനായില്ല. മേൽക്കൂരയില്ലാത്തതായിരുന്നു അയ്യപ്പക്ഷേത്രം. ചതുര ശ്രീകോവിലോടെയുള്ള ശ്രീകോവിലിലേക്ക് പ്രവേശിച്ചിരുന്ന സോപാനം അതേ പ്രകാരം തന്നെയുണ്ട്.

തകർന്ന അയ്യപ്പക്ഷേത്രം പഴയ രീതിയിൽ പുനർ നിർമ്മിക്കണമെന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഒന്നും നടന്നില്ല. എല്ലാ മാസവും മുപ്പെട്ട് ശനിയാഴ്ചയും മഹാവിഷ്ണു ക്ഷേത്രത്തിലെ നമ്പൂതിരി വന്ന് പൂജ നടത്താറുണ്ട്. പ്രകാശൻ കിഴക്കേക്കര പ്രസിഡൻ്റും, ശശി ആറങ്ങോട്ടിൽ സെക്രട്ടറിയും, പ്രശാന്ത് ഖജാഞ്ചിയുമായ  ഒരു കമ്മിറ്റിയാണ് നിലവിലുള്ളത്. ഉദാരമനസ്കരായ അയ്യപ്പഭക്തരുടെ സഹായത്തോടെ ഈ ക്ഷേത്രം പുനർനിർമ്മിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ക്ഷേത്രത്തിന് 85 സെൻ്റ് വിസ്തൃതിയുള്ളതിനാൽ ഇവിടെ ഒരു ഗോശാല തുടങ്ങാനും ആഗ്രഹിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. രണ്ടു പേർക്ക് അധികമായി ജോലി ലഭിക്കുകയും അതോടൊപ്പം ഗോശാലയിലൂടെ പാൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്തു കിട്ടുന്ന തുക ക്ഷേത്രങ്ങളുടെ ക്ഷേമത്തിനും നിലനിൽപ്പിനും ഉപകരിക്കുമെന്നും ഇവർ കരുതുന്നു. കരിമ്പുഴ (ഒന്ന്) വില്ലേജ് റീ.സ.49 ൽ 5 ലാണ് നികുതി കെട്ടാൻ പാടില്ലാത്ത ചെറോട്ടുകാവ് അയ്യപ്പക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്.

ചേറോട്ടുകാവ് അയ്യപ്പക്ഷേത്രത്തിൻ്റെ സോപാനം

Leave a Comment