106: കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം
April 27, 2023108: ചേറോട്ടുകാവ് അയ്യപ്പക്ഷേത്രം
May 1, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 107
ഉരിയരി തേവർ ക്ഷേത്രം എന്ന പേരിലാണ് തകർന്ന് നാമാവശേഷമായി കിടക്കുന്ന ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ശ്രീകോവിലിൻ്റെ തറ മാത്രമേ ഇപ്പോൾ അവിടെ അവശേഷിക്കുന്നുള്ളു. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ വില്ലേജ് പതിനാറാം വാർഡ് സ്ഥിതി ചെയ്യുന്ന കോട്ടപ്പുറത്താണ് ഉരിയരി തേവർ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. കുണ്ടൂർ റോഡിൻ്റെ വടക്കുഭാഗത്ത് കരിമ്പുഴ റീ.സ.78 ൽ 1 എന്ന സർവ്വെ നമ്പറിൽ 95 സെൻ്റ് ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. വില്ലേജ് രേഖ പ്രകാരം നികുതി ഒഴിവാക്കിയ ഭൂമിയാണിത്. ശ്രീകോവിൽ തറയിൽ വലിയ മരങ്ങളാണ് വളർന്നു നിൽക്കുന്നത്. നൂറ് വർഷത്തിലേറെയായി ഈ ക്ഷേത്രം തകർന്ന് ഇതേ നിലയിൽ കിടക്കുകയാണെന്ന് പ്രദേശത്തെ ഭക്തർ പറഞ്ഞു.
ഉരിയരി തേവർ എന്ന പേര് ഈ ക്ഷേത്രത്തിനു വരാൻ കാരണം ക്ഷേത്രം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ദേവന് നിവേദിക്കാനുള്ള അരിയുടെ അളവായിരിക്കാമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ആയിരത്തോളം വർഷത്തെ പഴക്കം തോന്നിക്കും. വട്ട ശ്രീകോവിലോടു കൂടിയ ക്ഷേത്രത്തിൻ്റെ ദർശനം പടിഞ്ഞാറോട്ടായിരുന്നു എന്നു വേണം കരുതാൻ. ഒരു ദീർഘചതുരക്കുഴി മണ്ണിറങ്ങി മൂടിയ നിലയിലുണ്ട്. ഇത് തീർത്ഥക്കിണറാണെന്ന അനുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൻ്റെ ദർശനം പടിഞ്ഞാട്ടായിരുന്നുവെന്ന് കരുതാൻ ആധാരമാക്കിയത്. മുക്രിക്കാട്ട് മന എന്നു പേരുള്ള ഒരു ബ്രാഹ്മണാലയം കോട്ടപ്പുറത്തുണ്ടായിരുന്നു. ധാരാളം ഭൂമിയുള്ള മനയുടെ ഊരായ്മയിൽ ഉണ്ടായിരുന്നതാണ് ഉരിയരി തേവർ ക്ഷേത്രം
നൂറ്റാണ്ടുകൾക്കു മുമ്പ് മനയിലുണ്ടായിരുന്നവർ കോട്ടപ്പുറത്തു നിന്നും പലായനം ചെയ്തു. തരകൻ സമുദായത്തിൽ പെട്ട അത്തിക്കോട്ടിൽ കിഴക്കെകര എന്ന തറവാട്ടുകാർക്കാണ് ക്ഷേത്രത്തിൻ്റെയും അനുബന്ധ ഭൂമിയുടേയും ഭരണ നിയന്ത്രണം പിൽക്കാലത്തു വന്നു ചേർന്നത്. തറവാട്ടിലുണ്ടായ ഭാഗത്തെ തുടർന്ന് ക്ഷേത്രഭൂമിയും മറ്റും നീലത്തെ കുഞ്ഞിമാളു അമ്മയുടെ നിയന്ത്രണത്തിലേക്ക് മാറിയെന്ന് അത്തിക്കോട്ടിൽ കിഴക്കെകര ശിവരാമൻ പറഞ്ഞു. നികുതി കെട്ടാൻ പാടില്ലാത്ത ഭൂമിയാണെങ്കിലും 15 സെൻ്റ് ഭൂമി വിൽപ്പന നടത്തിയിട്ടുണ്ട്. ബാക്കി ഭൂമിയാണ് ഇപ്പോഴുള്ളത്. ക്ഷേത്രഭൂമിയിൽ പലപ്പോഴായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതിനെത്തുടർന്ന് ശ്രീകോവിൽ തറ പൂർണ്ണമായും തകരുകയായിരുന്നു. അത്തിക്കാട്ടിൽ കിഴക്കെകര തറവാട്ടുകാർക്ക് ക്ഷേത്രവും അനുബന്ധ ഭൂമിയും എങ്ങനെ ലഭിച്ചുവെന്ന് പറയാൻ തറവാട്ടിലെ അംഗങ്ങൾക്ക് അറിയില്ല. മുക്രിക്കക്കാട്ട് മനക്കാരുടെ കാര്യസ്ഥ പദവി വഹിച്ചു വന്നവരായിരിക്കാം അത്തിക്കോട്ടിൽ തറവാട്ടുകാർ എന്ന ഒരു നിഗമനം പൊതുവെയുണ്ട്. സാധാരണ ഗതിയിൽ ഒരു മനയിലുള്ളവർ മറ്റൊരിടത്തേക്ക് വാസസ്ഥലം മാറ്റുമ്പോൾ വിശ്വസ്തരായ കാര്യസ്ഥരെ അവർ പൂജിച്ച് ആരാധിച്ചിരുന്ന ക്ഷേത്രവും ആ ക്ഷേത്രത്തിൻ്റെ നിലനിൽപ്പിന് ആവശ്യമായ ഭൂമിയും ചാർത്തി കൊടുക്കാറുണ്ട്.
അപ്രകാരം ചാർത്തി വാങ്ങുന്നവർക്കാണ് ക്ഷേത്രം നിലനിർത്താനും ഭരണം നടത്താനുമുള്ള ചുമതല നിക്ഷിപ്തമാവുന്നത്. എന്നാൽ ക്ഷേത്രത്തിൻ്റെ കാര്യത്തിൽ നോക്കാതെ ക്ഷേത്രഭൂമിയിൽ മാത്രം കണ്ണുവെച്ച് ക്ഷേത്രം തകർത്ത എത്രയോ ഉദാഹരണങ്ങൾ മലബാറിലെങ്ങുമുണ്ട്. അതേയൊരു അവസ്ഥ ഉരിയരി തേവർ ക്ഷേത്രത്തിനുമുണ്ടായി എന്നു വേണം കരുതാൻ. പ്രദേശത്തെ വീടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുർ ലക്ഷണങ്ങളെത്തുടർന്ന് 2017 ൽ ഭക്തജനങ്ങൾ ഒന്നിച്ച് ക്ഷേത്രഭൂമിയിൽ വെറ്റില പ്രശ്നം നടത്തുകയുണ്ടായി. താന്നിക്കുന്ന് ബാല പണിക്കർ, വേങ്ങശ്ശേരി മോഹന പണിക്കർ, കോട്ടപ്പുറം കളരിക്കൽ കെ.ആർ.ദാസൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ വെറ്റില പ്രശ്നം നടത്തുകയുണ്ടായി. ക്ഷേത്രത്തിൽ ശങ്കരനാരായണ വിഗ്രഹമാണ് ഉണ്ടായിരുന്നതെന്നും പുനരുദ്ധാരണം ചെയ്യേണ്ടതുണ്ടെന്നും പ്രശ്ന വിധിയിൽ തെളിഞ്ഞു. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഭക്തജനങ്ങൾ ആഗ്രഹിക്കുന്നത്. ക്ഷേത്രഭൂമി അതിൻ്റെ നിയന്ത്രണക്കാർ പുനരുദ്ധാരണ കമ്മിറ്റിക്ക് വിട്ടുനൽകുമെന്ന പ്രതീക്ഷയുമുണ്ട്. നിലവിൽ തകർന്ന ശ്രീകോവിൽ തറയും മണ്ണ് നിറഞ്ഞ ഒരു തീർത്ഥക്കിണറിൻ്റെ അടയാളവും മാത്രമാണ് അവിടെ കാണാനാവുക. ക്ഷേത്രത്തിൻ്റെ ചില അവശിഷ്ടങ്ങൾ അങ്ങിങ്ങു ചിതറിക്കിടക്കുന്നുണ്ട്.