105: പോത്തനൂർ അന്തിമഹാകാള ക്ഷേത്രം

104: പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
April 24, 2023
106: കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം
April 27, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 105

മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ പോത്തന്നൂർ വില്ലേജിലാണ് പോത്തനൂർ അന്തിമഹാകാള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലടി പഞ്ചായത്ത് പതിനാറാം വാർഡിലുള്ള ഈ ക്ഷേത്രം പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൻ്റെ കീഴേടമാണ്. സ്ഥലനാമ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന ഭാഗം പോത്തനൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ പേരിൽ വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. കുറുങ്ങാട്ട് മന, ഇളയേടത്ത് മന, തെക്കുമ്പാട്ട് മന, പൂതേരി മന, ചേലയിൽ മന എന്നീ ബ്രാഹ്മണാലയങ്ങളുടെ ഊരായ്മയിലുള്ള ക്ഷേത്രമാണിത്. ഇതിൽ കുറുങ്ങാട്ട്, ഇളയേടത്ത് എന്നീ മനകൾ മാത്രമെ ഇപ്പോൾ അവശേഷിക്കുന്നുള്ളു. പോത്തന്നൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൻ്റെയും പോത്തനൂർ അന്തിമഹാകാള ക്ഷേത്രത്തിൻ്റെയും ഭരണ കമ്മിറ്റി ഒന്നാണ്. ചതുരശ്രീകോവിലോടു കൂടിയതാണ് അന്തിമഹാകാള ക്ഷേത്രം. 

പോത്തനൂർ അന്തിമഹാകാള ക്ഷേത്രത്തിൻ്റെ മുൻഭാഗം

കേരളത്തിൽ ആരാധിക്കുന്ന ശൈവ മൂർത്തികളിൽ പ്രധാനിയാണ് അന്തിമഹാകാളൻ. സന്ധ്യാ നടനത്തിലേർപ്പെട്ട പരമശിവൻ എന്നതാണ് സങ്കൽപ്പം. കേരളത്തിൽ തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്തുള്ള അന്തിമഹാകാളൻകാവ് പ്രസിദ്ധമാണ്. ശിവൻ്റെ കിരാത രൂപമാണ് അന്തിമഹാകാളനുള്ളത്.

പോത്തനൂർ അന്തിമഹാകാള ക്ഷേത്രത്തിലെ ദേവീക്ഷേത്ര ശ്രീകോവിൽ

കിഴക്കോട്ടു ദർശനമായുള്ള പോത്തനൂർ അന്തിമഹാകാള ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് കിഴക്കോട്ടു ദർശനമായി കാരാട് ഭഗവതിയുമുണ്ട്. കാരാട്ട് ഭഗവതി ശിവൻ്റെ തൃക്കണ്ണിൽ നിന്നും പിറവിയെടുത്ത അഗ്നിദേവതയാണ്. ഭദ്രച്ചൊട്ടമുഖവും അഗ്നി ഗാത്രവുമായ ദേവിയെ കരിങ്കല്ലിൽ തീർത്ത വാൽക്കണ്ണാടിയിലാണ് പൂജിക്കുക. ഉഗ്രഭാവത്തിലുള്ള കാരാട്ട് ഭഗവതി കേരളത്തിലെ പല ഭാഗങ്ങളിലും പൂജിക്കപ്പെട്ടു വരുന്നുണ്ട്. വടക്കൻ കേരളത്തിൽ വിവിധ പേരുകളിലാണ് ദേവി അറിയപ്പെടുന്നത്. മാമ്പള്ളി ഭഗവതി, അറുമ്പളളി ഭഗവതി, ചെക്കി ചേരി ഭഗവതി, കോയി കുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നീ പേരുകളാണ് മറ്റുള്ളവ. വട്ട ശ്രീകോവിലോടു കൂടിയതാണ് കാരാട്ട് ഭഗവതിയുടെ പ്രതിഷ്ഠ. രണ്ട് ക്ഷേത്രത്തിനും അതിൻ്റെ നിർമ്മാണ കാലത്തു തന്നെ മേൽക്കൂരയില്ല. തകർന്ന നിലയിലാണ് ഈ ക്ഷേത്രമുള്ളത്. 1500 ലേറെ വർഷം പഴക്കം കണക്കാക്കുന്നു.

10 അടി ഉയരത്തിലും അത്ര തന്നെ വീതിയിലുമുള്ള കൽത്തറയിൽ ചെങ്കല്ലു കൊണ്ടു തന്നെ ഭിത്തി നിർമ്മിച്ചിരിക്കുന്നു. സോപാനം കാണാൻ കഴിഞ്ഞില്ല. ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന കരിങ്കൽ വാതിൽക്കട്ടിലിൻ്റെ മുകൾഭാഗം തകർന്നിരിക്കുന്നു. അന്തിമഹാകാള ക്ഷേത്രത്തിൽ സ്വതവെ കാണാറുള്ളത് ശിവലിംഗാകൃതിയിലുള്ള പ്രതിഷ്ഠയാണ്. പീഠത്തിൽ പ്രതിഷ്ഠ കാണാനില്ല. പടിഞ്ഞാറു ഭാഗത്തെ ശ്രീകോവിൽ ഭിത്തി പൂർണ്ണമായും തകർന്നിരിക്കുന്നു. വടക്കുഭാഗത്തുള്ള ദേവി ക്ഷേത്രവും പൂർണ്ണമായും തകർന്ന നിലയിലാണ്. പീഠത്തിൽ തകർന്ന ഒരു വാൽക്കണ്ണാടി മാത്രമെയുള്ളു. കിഴക്കോട്ടു ദർശനമായ ഈ ക്ഷേത്രത്തിനും മേൽക്കൂരയില്ല. രണ്ടു ക്ഷേത്രങ്ങളും പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾ ഏറെ കാലമായി ആഗ്രഹിച്ചു കഴിയുകയാണ്. ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തെ തീർത്ഥക്കുളവും ശോച്യാവസ്ഥയിലാണ്. ഇതും പുനരുദ്ധരിക്കേണ്ടതുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും നിവേദ്യം വച്ച് പൂജ ചെയ്യുന്നുണ്ട്. ദേവിക്ക് ഭദ്രകാളി സങ്കൽപ്പത്തിലാണ് പൂജ.

പോത്തനൂർ അന്തിമഹാകാള ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ

Leave a Comment