103: ആലടി ശ്രീ മഹാദേവ ക്ഷേത്രം 

102: ആലം കുളത്തി ദേവീക്ഷേത്രം
April 21, 2023
104: പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
April 24, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 103

തെളിഞ്ഞു കത്തുന്ന നിലവിളക്കിനു മുന്നിൽ രണ്ടായി മുറിഞ്ഞ പീഠത്തിലാണ് തകർന്ന ശിവലിംഗമുള്ളത്. ഇരുമ്പ് ഷീറ്റു മേഞ്ഞ ബാലാലയത്തിലുള്ള മഹാദേവൻ്റെ ഈ അവസ്ഥയ്ക്ക് മൂന്ന് നൂറ്റാണ്ടിൻ്റെ പഴക്കം. ബാലാലയത്തോടു ചേർന്ന് വലിയ കരിങ്കൽ പാളിയുടെ ശേഖരം തന്നെ കൂട്ടിയിട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ എലവഞ്ചേരി പഞ്ചായത്ത് ആറാം വാർഡിലുള്ള ആലടി ശ്രീ മഹാദേവ ക്ഷേത്രഭൂമിയിൽ ചെന്നപ്പോൾ കണ്ട കാഴ്ചയാണിത്. വെങ്ങു നാടിൻ്റെ ചരിത്രം ഉറങ്ങുന്ന ഗോവിന്ദാ മലയിൽ നിന്നും ആറ് കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് പനങ്ങാട്ടിരി തപാൽ പരിധിയിലുള്ള ആലടി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെങ്ങുനാടാണ് കൊല്ലങ്കോട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പ്രാചീന കേരളത്തിലെ 17 പുരാതന നാടുകളിലൊന്നാണ്. ചേരമാൻ പെരുമാക്കൻമാരുടെ ഭരണത്തിനു ശേഷം പ്രാചീന പാലക്കാട് മൂന്ന് രാജ്യങ്ങളായി തിരിച്ചപ്പോൾ അതിൽ സ്വതന്ത്ര നാടായി വെങ്ങുനാട് രൂപീകരിക്കപ്പെട്ടു. വെങ്കിൻ്റെ നാട്ടുടയവർ, വെങ്ങുനാട് നമ്പിടി, വേങ്ക നാട്ടുടയവർ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശത്തിന് ” വിരന്നിരവി ” എന്ന സ്ഥാനപ്പേരുമുണ്ട്. മൈസൂർ അധിനിവേശക്കാലത്ത് കൊല്ലങ്കോട് രാജവംശം മൈസൂരുമായി സഖ്യം ചെയ്തുവെന്നും വെങ്ങുനാട് നമ്പിടിക്ക് ‘രാജാവ് ‘പദവി നൽകിയത് ഹൈദരാലിയാണെന്ന വിശ്വാസവുമുണ്ട്. ടിപ്പുവിൻ്റെ കാലശേഷം ബ്രിട്ടീഷ് മേൽക്കോയ്മ സ്വീകരിക്കാൻ കൊല്ലങ്കോട് രാജാവ് സന്നദ്ധനായി. ആലടി ശ്രീ മഹാദേവ ക്ഷേത്രത്തെക്കുറിച്ച് കൊല്ലങ്കോട് രാജവംശവുമായി ബന്ധപ്പെട്ട ചരിത്രങ്ങളിൽ എവിടേയും പരാമർശിച്ചതായി കാണുന്നില്ല. കൊല്ലങ്കോട് പഴയ കാലത്ത് തമിഴ് വംശജരായ ബ്രാഹ്മണർ ധാരാളം വസിച്ചിരുന്ന പ്രദേശമാണ്. ആലടി ശിവക്ഷേത്രം വലിയൊരു അക്രമത്തിനിരയായിട്ടുണ്ട്.

ആലടി മഹാദേവ ക്ഷേത്രത്തിൻ്റെ തകർക്കപ്പെട്ട പീഠവും ശിവലിംഗവും

കോഴിക്കോട് സാമൂതിരി പാലക്കാടിൻ്റെ പകുതിയോളം പിടിച്ചടക്കിയ ഘട്ടത്തിലാണോ ക്ഷേത്രത്തിനു നേരെ അക്രമമുണ്ടായത് എന്നു വ്യക്തമല്ല. ആലടി എന്നു പേരുള്ള ബ്രാഹ്മണ ഗൃഹം എലവഞ്ചേരിയിലുണ്ടായിരുന്നു. ഇതേ വീട്ടു പേരുള്ള ബ്രാഹ്മണർ ഇപ്പോഴും തമിഴുനാട്ടിലുണ്ട്. അവരുടെ തായ് വേര് എലവഞ്ചേരിയിലായിരിക്കാമെന്ന് കരുതേണ്ടതുണ്ട്. തീർത്ഥക്കുളം, തീർത്ഥക്കിണർ, ചുറ്റമ്പലം എന്നിവയോടു കൂടിയ ക്ഷേത്രം ആലടി ബ്രാഹ്മണ കുടുംബത്തിൻ്റെ ഊരായ്മയിലുണ്ടായിരുന്നതായും കരുതേണ്ടതുണ്ട്. ധാരാളം കൃഷി ഭൂമിയും ഉണ്ടായിരുന്നു. ആലടി കളമുണ്ടായിരുന്നുവെന്ന സൂചന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബ്രാഹ്മണ കുടുംബം ക്ഷേത്ര സ്വത്തുക്കളും മറ്റും തങ്ങളുടെ ആശ്രിതരെ ഏൽപ്പിച്ച് പലായനം ചെയ്തു എന്നു വേണം കരുതാൻ. ഇങ്ങനെയൊരു ഏൽപ്പന ക്ഷേത്രത്തിനു നേരെ അക്രമം ഉണ്ടായ ഘട്ടത്തിലാണെന്നന്നു കരുതേണ്ടിയിരിക്കുന്നു. ആലടികളം എന്ന വീട്ടു പേരുള്ള ഒരു തറവാടിൻ്റെ ഊരായ്മയിലാണ് ക്ഷേത്രം ഇപ്പോഴുള്ളത്. തകർന്ന് കാടുകയറിയ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ആലോചന തുടങ്ങിയത് 2019 ലാണ്.

ടി.സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഇതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. സുരേഷ് കുമാർ മാനേജിംങ് ട്രസ്റ്റി ആയിക്കൊണ്ടുള്ള ക്ഷേത്ര ഭരണസമിതി ട്രസ്റ്റ് 2019 ആഗസ്ത് 16ന് ജോത്സ്യ പ്രശ്നം വെച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠ കിരാതമൂർത്തി ഭാവത്തിലുള്ള ശിവനാണ്. ദുർഗ്ഗ, ഗണപതി, സുബഹ്മണ്യൻ, പ്രഭാ സത്യകാ സമേതനായ ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നീ ഉപപ്രതിഷ്ഠകൾ ഉണ്ടായിരുന്നതായി പ്രശ്നത്തിൽ കണ്ടു. കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രത്തിന് ഇപ്പോൾ 28 സെൻ്റ് ഭൂമിയാണുള്ളത്. ക്ഷേത്രത്തിൻ്റെ വടക്കുപടിഞ്ഞാറു മാറി തീർത്ഥക്കുളവുമുണ്ട്. ചുറ്റമ്പലവും ശ്രീകോവിലും തകർന്ന് കാട് മൂടി കിടക്കുകയായിരുന്നു. പീഠം രണ്ടു കഷണമായി. ശിവലിംഗം രണ്ടായി മുറിച്ചു. പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി ശ്രീകോവിൽത്തറ നീക്കം ചെയ്ത് ശിവലിംഗം ബാലാലയത്തിൽ വച്ചിരിക്കുകയാണ്. ക്ഷേത്രം പഴയ രീതിയിൽ പുനരുദ്ധരിക്കണമെങ്കിൽ വലിയൊരു സംഖ്യ ചിലവു വരും. സാധാരണ കർഷക കുടുംബങ്ങൾ വസിക്കുന്ന പ്രദേശമാണിത്. സാമ്പത്തിക ഭദ്രതയുള്ള സത് ചിന്തകർ സഹായിച്ചാൽ മാത്രമെ പുനരുദ്ധാരണ പ്രക്രിയ ലക്ഷ്യം കാണുകയുള്ളു.

ആലടി മഹാദേവ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ

Leave a Comment