101: മുളന്തറ സ്വയംഭൂ ശിവക്ഷേത്രം

100: ചെല്ലൂർ മഹാശിവക്ഷേത്രം
April 17, 2023
102: ആലം കുളത്തി ദേവീക്ഷേത്രം
April 21, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 101

പട്ടി പെറ്റ അമ്പലം

ഇത് ഒരു കാലഘട്ടത്തിൽ അനാഥമായി കിടന്നിരുന്ന ക്ഷേത്രങ്ങൾക്ക് വന്ന പേരാണ്. വിഷ്ണു ക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളുമൊക്കെ അതിലുണ്ട്. കാടുമൂടിക്കിടക്കുന്ന ക്ഷേത്രഭൂമികളിൽ പട്ടികൾ പ്രസവിക്കുന്നതു കൊണ്ടു തന്നെയാണ് അങ്ങനെയൊരു പേരു വന്നു വീഴുന്നത്. തകർന്ന പല ക്ഷേത്രങ്ങൾക്കും പട്ടി പെറ്റ അമ്പലമെന്ന പേരുണ്ട്. അതിലൊന്നാണ് മുളന്തറ സ്വയംഭൂ ശിവക്ഷേത്രം. ഇവിടെ പട്ടി പ്രസവിക്കുക മാത്രമല്ല, നായാട്ടുകാർ കയ്യിൽ കിട്ടുന്ന വെരുകിനേയും മറ്റും അടിച്ചു കൊന്നിരുന്നത് സ്വയം ഭൂശിവലിംഗത്തിലായിരുന്നു. തകർന്ന ഈ ക്ഷേത്രം പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ എരിമയൂർ പഞ്ചായത്തിലെ കുനിശ്ശേരി വില്ലേജിലാണ്. പ്രകൃതി രമണീയമായ കണ്ണാടിപ്പുഴയുടെ വടക്കുഭാഗത്തുള്ള ഈ ക്ഷേത്രത്തിന് 1200 വർഷത്തെ പഴക്കമുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. ചുറ്റമ്പലവും തീർത്ഥക്കിണറും തീർത്ഥക്കുളവുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രം ഒളപ്പമണ്ണ മനയുടെ ഊരായ്മയിലുള്ള നാൽപ്പത് ക്ഷേത്രങ്ങളിലൊന്നാണ്.

സ്വയംഭൂ ശിവക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ചുള്ള ഐതിഹ്യമോ ചരിത്രമോ ലഭ്യമല്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗായത്രീ പുഴയുടെ ഓരത്ത് മുന്നൂറ് വർഷം മുമ്പുവരെ ഒരു ബ്രാഹ്മണ ഗ്രാമം ഉണ്ടായിരുന്നു. വൈഷ്ണവ ആരാധകരായ നിരവധി ബ്രാഹ്മണ ഗൃഹങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. വൈഷ്ണവ സങ്കേതത്തിൽ ശിവക്ഷേത്രം വരാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് നാട്ടുകാർക്കില്ല. ശിവ ഭക്തനായ ഒരു യോഗി ഇവിടെ വസിച്ചിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഉപാസനയിൽ   ശിവൻ പ്രത്യക്ഷപ്പെട്ട് സ്വയംഭൂ ആയെന്നുമുള്ള നിഗമനമാണുള്ളത്. യോഗിയുടെ അപേക്ഷ പ്രകാരം ഒളപ്പമണ്ണ മന ഇവിടെ ക്ഷേത്രം നിർമ്മിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. വൈഷ്ണവരായ ബ്രാഹ്മണർ മുളന്തറ സ്വയംഭൂ ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നുവോ എന്നും വ്യക്തമല്ല. എ.ഡി. 1755-60 കാലഘട്ടത്തിനിടയിൽ വൈഷ്ണവ ഗ്രാമത്തിനും മുളന്തറ ശിവക്ഷേത്രത്തിനും നേരെ അക്രമമുണ്ടായി. ബ്രാഹ്മണ ഗ്രാമം ചുട്ടുകരിച്ചു. ശിവക്ഷേത്രത്തിൻ്റെ ചുറ്റുമതിലും ചുറ്റമ്പലവും തകർത്തു. നമസ്കാര മണ്ഡപത്തിലെ നന്ദികേശ ശിൽപ്പം രണ്ടായി വെട്ടിമുറിച്ചു. ശിവലിംഗത്തിനും നമസ്കാരമണ്ഡപത്തിനും ബലിക്കല്ലിനും കേടു സംഭവിച്ചില്ല. ഗ്രാമം തീവെച്ചു നശിപ്പിച്ചതും ക്ഷേത്രം തകർത്തതും ഒരേ സമയത്തായിരുന്നു. അക്രമം നടത്തിയത് ആരാണെന്നു വ്യക്തമായി പറയാൻ ഇവിടെയുള്ളവർക്ക് കഴിയുന്നില്ല. ഇവിടെ അക്രമം ഉണ്ടായ കാലം മൈസൂരിൻ്റെ അധിനിവേശ കാലം കൂടിയാണ്.

പാലക്കാട് നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെടുകയും ബ്രാഹ്മണ ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുത ഇവിടുത്തെ അക്രമത്തോട് ചേർത്തു വായിക്കേണ്ടതാണ്. ഗ്രാമം തീവെച്ച് നശിപ്പിച്ചതോടെ ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണർ ഗായത്രി പുഴ കടന്ന് പുതിയൊരു ബ്രാഹ്മണ ഗ്രാമം ഉണ്ടാക്കി. പുത്തൻ ഗ്രാമം എന്ന പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്.   എ.ഡി. 1766 കാലഘട്ടത്തിലാണ് ഗ്രാമനിർമ്മാണം. പുത്തൻ ഗ്രാമത്തിൽ ബ്രാഹ്മണർ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്. മുളന്തറ ശിവക്ഷേത്രം തകർന്നതിനു ശേഷം ആരും തിരിഞ്ഞു നോക്കാതെ കാടുകയറിക്കിടന്നു. മുള്ളൻപന്നി, മുയൽ, വെരുക് തുടങ്ങിയ ജീവികളുടെ കേന്ദ്രമാണ് ഗായത്രീ പുഴയോരം. കാടുകയറിയ ക്ഷേത്രഭൂമിയും ഇവയുടെ വിഹാര കേന്ദ്രമായിരുന്നു. നായാട്ടുകാർ വന്ന് പിടികൂടുന്ന ജീവികളെ ശിവലിംഗത്തിൽ അടിച്ചു കൊല്ലുന്നത് കണ്ടവർ ഇപ്പോഴുമുണ്ട്. തീർത്ഥക്കുളം അടക്കം ക്ഷേത്രഭൂമി പലരുടേയും കൈവശത്തിലാണ്. ക്ഷേത്രവും ഭൂമിയും പരിരക്ഷിക്കേണ്ട ഭക്തർ തന്നെയാണ് ദേവഭൂമി കൈവശം വെക്കുന്നത്.

മുളന്തറ സ്വയംഭൂ ശിവക്ഷേത്രം

ധാരാളം ഭൂമിയുണ്ടായിരുന്ന ക്ഷേത്രമാണിത്. തീർത്ഥക്കുളവും തീർത്ഥക്കിണറും ഇന്നു കാണാനാവില്ല. 1965 കാലഘട്ടത്തിൽ ശ്രീകോവിലിൻ്റെ മുകളിൽ ആൽമുളച്ചു. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ആദ്യ ശ്രമം 1985 ലാണ് തുടങ്ങിയത്. പരശു അയ്യർ, വിശ്വനാഥൻ നായർ, അനന്തരാമയ്യർ, കരുണാകരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിയിച്ച് വിളക്കു വെപ്പുതുടങ്ങി. 2014 ൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നായിരുന്നു പ്രശ്ന വിധി. ശ്രീകോവിലിനു മുകളിൽ വളർന്ന അരയാലിൽ ശിവ ചൈതന്യമുണ്ടെന്നും അതിനാൽ ആൽമുറിക്കാതെ ആൽച്ചുവട് ശ്രീകോവിലാക്കി മാറ്റണമെന്നും പ്രശ്ന വിധിയിൽ തെളിഞ്ഞു.

മുളന്തറ സ്വയംഭൂ ശിവക്ഷേത്രത്തിൻ്റെ ബലിക്കല്ല്

അഡ്വ: ശ്രീകുമാർ പ്രസിഡന്റായും, അഡ്വ.പ്രശാന്ത് സെക്രട്ടറിയായും, കൃഷ്ണനുണ്ണി ട്രഷറർ ആയും ഒമ്പതംഗ പുനരുദ്ധാരണ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. കുനിശ്ശേരിയിൽ തന്നെയുള്ള ശ്രീ തൃക്കൈകുളങ്ങര ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി തന്നെയാണിത്. ഒളപ്പമണ്ണ ദേവസ്വത്തിൻ്റെ ഉടമാവകാശത്തിലുള്ള തൃക്കൈകുളങ്ങര ശിവക്ഷേത്രത്തിൻ്റെ ഉപക്ഷേത്രമായും മൂല ക്ഷേത്രമായും മുളന്തറ സ്വയംഭൂ ശിവക്ഷേത്രത്തെ കരുതിപ്പോരുന്നു. നേരത്തെ നടന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി തകർന്ന നന്ദി വിഗ്രഹം മാറ്റിവെച്ചിട്ടുണ്ട്. ചുറ്റുമതിൽ കെട്ടാൻ കരിങ്കല്ല് ഇറക്കിയെങ്കിലും പണിയാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് അഷ്ടമംഗല പ്രശ്ശ പ്രകാരം പുനരുദ്ധാരണം എങ്ങുമെത്താതെ കിടക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഇടയ്ക്ക് ശിവലിംഗത്തെ ചുറ്റി ഒരു നാഗം ഇരിക്കാറുണ്ടെന്നും പറഞ്ഞു. ഗണപതി, നാഗം, ദേവി എന്നീ ഉപപ്രതിഷ്ഠകൾ ഉണ്ടായിരുന്ന ഈ ക്ഷേത്രത്തിൽ  ശിവരാത്രി നാളിലും തിരുവാതിരക്കും കുംഭാഭിഷേകം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ക്ഷേത്രഭൂമിയിൽ അങ്ങിങ്ങു കാണാൻ കഴിഞ്ഞു. ആൽമരത്തിൻ്റെ ചുവട് ശ്രീകോവിലാക്കി പുനരുദ്ധാരണം ചെയ്യുന്നതായാൽ ഇത്തരത്തിലുള്ള അപൂർവ്വ ക്ഷേത്രമായിരിക്കും മുളന്തറ സ്വയംഭൂ ശിവക്ഷേത്രം. നിത്യപൂജ ആരംഭിച്ചാൽ ഗായത്രീ പുഴയിൽ ബലിതർപ്പണത്തിനും ശ്രേഷ്ഠമായിരിക്കും. അണ്ടലാടി ശങ്കരൻ നമ്പൂതിരിയാണ് ക്ഷേത്രത്തിൻ്റെ തന്ത്രി.

മുളന്തറ സ്വയംഭൂ ശിവക്ഷേത്രഭൂമിയിലുള്ള ക്ഷേത്രാവശിഷ്ടങ്ങൾ

Leave a Comment