100: ചെല്ലൂർ മഹാശിവക്ഷേത്രം

99: കല്ലാത്തുക്കുന്നു വേട്ടക്കൊരുമകൻ ക്ഷേത്രം
April 14, 2023
101: മുളന്തറ സ്വയംഭൂ ശിവക്ഷേത്രം
April 20, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 100

ചെങ്കല്ലിൽ നിർമ്മിച്ച രണ്ടു നിലയിലുള്ള മഹാശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ അടിച്ചു തകർക്കാൻ ശ്രമിച്ച അടയാളങ്ങളോടുകൂടിയ ശിവലിംഗമാണുള്ളത്. ഇതിനു സമീപത്തുണ്ടായിരുന്ന ബാലമുരുകൻ്റെ ഭാവത്തിലുള്ള സുബ്രഹ്മണ്യ വിഗ്രഹത്തിൻ്റെ കൈകളും കഴുത്തും വെട്ടിമാറ്റിയിരിക്കുന്നു. ബാലാലയത്തിൽ വലിയൊരു കല്ലിനോടു ചാരിവെച്ചാണ് സുബ്രഹ്മണ്യനു പൂജ നടത്തുന്നത്. നാലമ്പലത്തിനു പുറത്ത് അയ്യപ്പൻ്റെ രണ്ടു കയ്യും തകർത്തിട്ടിരിക്കുന്നു. പ്രകൃതി ദുരന്തത്തിൽ പെട്ട് തകർന്നതല്ല ഇതൊന്നും. ടിപ്പുവിൻ്റെ പടയോട്ടക്കാലത്തെ അക്രമത്തിൻ്റെ ശേഷിപ്പുകളാണ് ഇവയെന്ന് എൺപത്തിനാല് വയസ്സുള്ള കൊളപ്പുറത്ത് അറമുഖൻ തലമുറകൾ കൈമാറിയ നാട്ടറിവ് ഓർമ്മിച്ചെടുത്ത് പറഞ്ഞു.

ചെല്ലൂർ ശിവക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹം തകർത്ത നിലയിൽ

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിലുള്ള ചെല്ലൂർ മഹാശിവക്ഷേത്രത്തെക്കുറിച്ചുള്ള ചുരുക്ക വിവരമായിരുന്നു അത്. ചെരൂർ എന്ന പദമാണ് പിൽക്കാലത്ത് ചെല്ലൂർ ആയത്. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ നിന്നും ഏകദേശം നാൽപ്പത് മീറ്റർ പടിഞ്ഞാറോട്ട് പന്ത്രണ്ട് അടി വീതിയിൽ ഒരു പാതയുണ്ട്. ഈ പാത അവസാനിക്കുന്നത് ഒരു തോട്ട ഭൂമിയിലാണ്. ഇവിടെ ഒരു ഇല്ലം ഉണ്ടായിരുന്നു. ചെരൂർ ഇല്ലം എന്നായിരുന്നു ആ നമ്പൂതിരി ഭവനത്തിൻ്റെ പേര്. ചെരൂർ ഇല്ലത്തിൻ്റെ ഉടമസ്ഥാവകാശത്തിലായിരുന്നു ചെല്ലൂർ മഹാശിവക്ഷേത്രം. 63 ഏക്കറിലധികം വരുന്ന ചെല്ലൂർക്കുന്ന് ചെരൂർ ഇല്ലത്തിൻ്റെതായിരുന്നു. ഇതിൻ്റെ താഴ്വാരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ കാലത്ത് സമീപ പ്രദേശങ്ങളിൽ അറുപതോളം ബ്രാഹ്മണ ഭവനങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇവയൊന്നുമില്ല. ബ്രാഹ്മണർ മുഴുവൻ നൂറ്റാണ്ടുകൾക്ക് മുമ്പ് പലായനം ചെയ്തു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ബ്രാഹ്മണർ പലായനം ചെയ്തതെന്നാണ് കൊളപ്പുറത്ത് അറമുഖൻ കേട്ട അറിവു വച്ച് പറയുന്നത്. പടയോട്ടക്കാലത്ത് ചെല്ലൂർ മഹാദേവക്ഷേത്രം തകർക്കപ്പെട്ടു. ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിനകത്തു കയറി ശിവലിംഗം അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നമസ്കാര മണ്ഡപം തകർത്തു. സുബ്രഹ്മണ്യ ക്ഷേത്രവും അതിൻ്റെ നമസ്കാര മണ്ഡപവും തകർത്തു. ചുറ്റമ്പലവും വെളിയിലെ അയ്യപ്പ വിഗ്രഹവും തകർത്തു.

ചെല്ലൂർ മഹാശിവക്ഷേത്രം

ചെരൂർ ഇല്ലത്തിൻ്റെ ഭൂമികളത്രയും കൊല്ലൊടി തറവാട്ടുകാർക്കായി. അതിൽപ്പിന്നെ ഭൂരിഭാഗം ഭൂമിയും പൊറ്റമ്മൽ വകയിൽ മുസ്ലീം തറവാട്ടുകാരുടെ കൈവശത്തിലായി. ഇല്ലം പൂർണ്ണമായും പൊളിച്ച നീക്കി. ഗതകാല സ്മരണകളുമായി ഇല്ലത്തു നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയും ഇല്ലക്കുളവും മാത്രമെയുള്ളു. 28 സെൻ്റ് ക്ഷേത്രഭൂമിയും 12 സെൻ്റ് കുളവുമാണുള്ളത്. കുളത്തിൻ്റെ വടക്കുഭാഗം കിഴക്കു പടിഞ്ഞാറായി കുളത്തിൻ്റെ ഭാഗങ്ങൾ ഹിന്ദു തന്നെയായ ഒരു വ്യക്തി മണ്ണിട്ടുനികത്തി തൻ്റെ വസ്തുവിനോട് കൂട്ടിച്ചേർത്തിരിക്കുന്നു. 1970 വരെ ക്ഷേത്രം കാട് മൂടി കിടക്കുകയായിരുന്നു. കൊളപ്പുറത്ത് കൃഷ്ണൻ, കെ.വി.അയ്യപ്പൻ, കൊല്ലൊടി അപ്പുണ്ണിമേനോൻ തുടങ്ങിയവരാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആദ്യം തുടക്കമിട്ടത്. മേയാട്ടു പറമ്പിൽ ദിനേശൻ പ്രസിഡന്റായും, കൊളപ്പുറത്ത് ഉണ്ണികൃഷ്ണൻ സെക്രട്ടറിയും, കൊളപ്പുറത്ത് ശ്രീനാഥ് ട്രഷറർ ആയും 15 അംഗ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. പുതിയ കമ്മിറ്റി സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെയും അയ്യപ്പക്ഷേത്രത്തിൻ്റെയും ശ്രീകോവിലുകൾ ഭാഗികമായി പുനർനിർമ്മിച്ചു നിൽക്കുകയാണ്. ഇവയുടെ നിർമ്മാണം പൂർത്തിയാക്കാനുണ്ട്. നാഗത്തറയും രക്ഷസ്സിൻ്റെ തറയും മറ്റൊരിടത്തേക്ക് മാറ്റി പണിയാനുണ്ട്. നമസ്ക്കാരമണ്ഡപങ്ങൾ, ചുറ്റമ്പലം എന്നിവ പുനർനിർമ്മിക്കാൻ ബാക്കിയുണ്ട്. ചെരൂർ ഇല്ലത്തെ പരദേവതക്ക് ക്ഷേത്രത്തിനു പുറത്ത് പള്ളിവാൾ വച്ച് പൂജിച്ചു വരൂന്നു. ഭുവനേശ്വരി സങ്കൽപ്പമുള്ള ദേവിക്ക് ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠ നടത്താനുണ്ട്. പ്രദേശത്ത് എഴുപതോളം ഹിന്ദു കുടുംബങ്ങളാണുള്ളത്.

തകർക്കപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നു.

Leave a Comment