98: പൊരുതൽ മല
April 13, 2023100: ചെല്ലൂർ മഹാശിവക്ഷേത്രം
April 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 99
ശ്രീകോവിലിനുള്ളിൽ വളർന്നു നിൽക്കുന്ന വൻമരങ്ങൾ. കരിയിലകൾക്കിടയിലൂടെ തല ഉയർത്തി നിൽക്കുന്ന പീഠത്തിൽ ഉറപ്പിച്ച ശിലാനിർമ്മിത വാൽക്കണ്ണാടി. സോപാനം തകർന്നു കിടക്കുന്നു. തകർന്ന ശ്രീകോവിലിലേക്ക് നടന്നടുക്കുമ്പോൾ പദചലനത്തോടൊപ്പം ഞെരിഞ്ഞമരുന്ന കരിയിലകളുടെ അനക്കം.
തകർക്കപ്പെട്ട ക്ഷേത്രഭൂമികളിലൂടെയുള്ള എൻ്റെ യാത്ര എത്തിച്ചേർന്നത് കല്ലാത്ത് കുന്ന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ്. പാലക്കാട് ജില്ലയിൽ പട്ടിത്തറ പഞ്ചായത്തിൽ കോട്ടോപ്പാടം എന്ന സ്ഥലത്താണ്. പുരാതന കാലത്ത് ഒരു നമ്പൂതിരി കുടുംബത്തിൻ്റെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന് ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. നമ്പൂതിരി കുടുംബത്തിൻ്റെ പരദൈവമായിരുന്നു വേട്ടക്കൊരുമകൻ. ഇപ്പോൾ തൃക്കണ്ടിയൂർ കല്ലാത്ത് നായർ തറവാട്ടുകാരാണ് ക്ഷേത്രഭൂമി അടക്കമുള്ള വസ്തുക്കൾ കൈവശം വെക്കുന്നത്. തൃക്കണ്ടിയൂർ മലപ്പുറം ജില്ലയിൽ പഴയ വെട്ടത്തു നാടിൻ്റെ തലസ്ഥാന കേന്ദ്രമാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തൃക്കണ്ടിയൂരിൽ നിന്നും നിരവധി ഹിന്ദുക്കൾ തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അവരെല്ലാം പലായനം ചെയ്ത് എത്തപ്പെട്ട സ്ഥലത്ത് തങ്ങളുടെ സ്ഥലപ്പേരാണ് വീട്ടുപേരായി ചേർത്തിട്ടുള്ളത്. പാലക്കാട് ജില്ലയിൽത്തന്നെ പള്ളിപ്പുറത്ത് കൊടിക്കുന്ന് ക്ഷേത്രത്തിനു സമീപം തൃക്കണ്ടിയൂർ എന്നു വീട്ടു പേരുള്ള നായർ തറവാടുണ്ട്.
തങ്ങൾ പടയോട്ടക്കാലത്ത് തൃക്കണ്ടിയൂരിൽ നിന്നും പലായനം ചെയ്ത് എത്തിയവരാണെന്നു പറയുന്നു. കല്ലാത്ത് കുന്നിലും ഇതുപോലെ എത്തിയവരാണ് തൃക്കണ്ടിയൂർ കല്ലാത്ത് എന്ന വീട്ടുപേരിൽ ഇവിടെ വാസമുറപ്പിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. ഈ വസ്തുത സ്ഥിരീകരിക്കാൻ മതിയായ രേഖകളൊന്നും പരിശോധിക്കാൻ ലഭിച്ചിട്ടില്ല. ഒരു നമ്പൂതിരി കുടുംബം അന്യം നിലച്ചാൽ അവരുടെ ഭൂസ്വത്തുക്കൾ തൊട്ടടുത്ത നമ്പൂതിരി ഇല്ലത്തിനു ലയിക്കുകയാണ് പഴയ കാലത്തെ നമ്പൂതിരി ആചാരം. ഈ ക്ഷേത്രവും അനുബന്ധഭൂമികളും പൂമുള്ളി മനക്ക് അവകാശപ്പെട്ടിരുന്നതായും കാണുന്നുണ്ട്. പൂമുള്ളി മനയ്ക്ക് സാമ്പത്തികമായി ബാദ്ധ്യതയുള്ള ഇല്ലക്കാർ ബാദ്ധ്യത തീർക്കുന്നതിന് തങ്ങളുടെ വസ്തുവഹകൾ പൂമുള്ളി മനയ്ക്ക് നൽകാറുണ്ടെന്നും അപ്രകാരമാണോ ഇല്ലം അന്യം നിലച്ചപ്പോൾ പൂമുള്ളി മനയ്ക്ക് ലഭിച്ചതാണോ എന്നു വ്യക്തമല്ല.
ഇവിടെ നായർ തറവാട്ടുകാർക്ക് ഇല്ലത്തിൻ്റെ വസ്തുവഹകൾ ലഭിച്ച സാഹചര്യം മറ്റൊന്നായിരിക്കാം. ഏതോ സാഹചര്യത്താൽ ഇല്ലത്തുള്ളവർ നാടുവിട്ടു പോകേണ്ടി വന്നു. പോകുമ്പോൾ ഇല്ലത്തെ ആശ്രിതരെ ക്ഷേത്ര പരിപാലനത്തിന് ഭൂമി സഹിതം കൈമാറിയതാവാനേ തരമുള്ളു. ക്ഷേത്രത്തിൽ ഇന്നു കാണുന്ന അവശിഷ്ടങ്ങളും അവയുടെ സ്ഥാനവും പരിശോധിച്ചാൽ പഴയ കാലത്ത് വളരെ നല്ല നിലയിൽ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നു വ്യക്തമാകും. കിഴക്കോട്ട് ദർശനമുള്ള ചതുരശ്രീകോവിലോടു കൂടിയ ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠകൾ ഉണ്ടായിരുന്നു. തീർത്ഥക്കിണറും ചുറ്റമ്പലവും മുഖമണ്ഡപവും ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു. ചുറ്റുമതിലോടു കൂടിയതായിരുന്നു ക്ഷേത്രം. ഒരു ദേവീ പ്രതിഷ്ഠ ഇവിടെയുണ്ടായിരുന്നതിനും സൂചനയുണ്ട്. ക്ഷേത്രം പൂർണ്ണമായും തകർന്നു പോയിരിക്കുന്നു. തകർക്കപ്പെട്ട ക്ഷേത്രമാണ് ഇതെന്ന് ഭക്തജനങ്ങൾ പറയുന്നു. തീർത്ഥക്കിണർ കാണാനില്ല. അത് മണ്ണ് മൂടി പോയിരിക്കുന്നു.
കിണർ കണ്ടെത്തി ഉൽഖനനം ചെയ്താൽ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തകർന്നു പോയ തിടപ്പള്ളിയും അനുബന്ധമായ മറ്റൊരു ക്ഷേത്രത്തിൻ്റെ തറയും ക്ഷേത്രവളപ്പിൽ കാണുകയുണ്ടായി. ഇതിനു സമീപം കരിങ്കല്ലിൻ്റെ ചതുരക്കല്ല് കണ്ടെത്തി. വാൾ, വാൽക്കണ്ണാടി എന്നിവ കൊത്തിവെച്ചതായിരുന്നു ഈ കല്ല്. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻ്റെ മുൻവശത്ത് അപൂർവ്വമായ ഒരു ദീപസ്തംഭവും കാണുകയുണ്ടായി. ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ഭൂമിയും ഭക്തജനങ്ങളുടെ കമ്മിറ്റിക്ക് വിട്ടുതരണമെന്ന് ക്ഷേത്രഭൂമി കൈവശം വെക്കുന്നവരോട് ഭക്തജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രഭൂമി പുനരുദ്ധാരണം ചെയ്യാൻ വിട്ടുകിട്ടുകയാണെങ്കിൽ കമ്മിറ്റി രൂപീകരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ഭക്തരുടെ ആഗ്രഹം.