97: എഴുത്തച്ഛൻ പുറ്റ്
April 8, 202399: കല്ലാത്തുക്കുന്നു വേട്ടക്കൊരുമകൻ ക്ഷേത്രം
April 14, 2023മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബകൻ. ഘോര രൂപിയായ ഈ രാക്ഷസ്സൻ ബകാസുരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏകചക്ര എന്ന ഗ്രാമത്തിലെ വനമേഖലയിലുള്ള വലിയൊരു മലയിലാണ് ബകാസുരൻ ജീവിച്ചിരുന്നതെന്നാണ് മഹാഭാരതത്തിലെ സൂചന.
വനവാസകാലത്ത് പാണ്ഡവർ ഏകചക്ര ഗ്രാമത്തിലെത്തി. കുന്തീ ദേവിയുടെ നിർദ്ദേശപ്രകാരം ഭീമസേനൻ മലമുകളിൽ വച്ച് ബകാസുരനെ ദ്വന്ദയുദ്ധത്തിൽ വധിച്ചു കളഞ്ഞു. മഹാഭാരതത്തിലെ ഈ കഥ നടന്ന സ്ഥലങ്ങൾ പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും മലപ്പുറത്തുമുണ്ടെന്ന് അറിയുന്നു. എന്നാൽ, മഹാഭാരതത്തിൽ പറയുന്ന എല്ലാ അടയാളങ്ങളോടും കൂടി ഒരു പ്രദേശം കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ട്. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിൽ കച്ചേരിപ്പറമ്പ് എന്ന പ്രദേശത്താണിത്.
കോട്ടപ്പാടമാണ് കോട്ടോപ്പാടമായത്. പാലക്കാട് ജില്ലയിൽത്തന്നെ ചാലിശ്ശേരിക്കടുത്ത് കോട്ടോപ്പാടം എന്നൊരു പ്രദേശമുണ്ട്. ഈ പേരുകൾക്കെല്ലാം മുമ്പ് ഗ്രാമത്തിന് മറ്റൊരു പേരുണ്ടായിരുന്നുവെന്ന് കരുതേണ്ടതുണ്ട്. അത് മഹാഭാരതത്തിൽ പറയുന്ന ഏകചക്ര ഗ്രാമമാണെന്ന് വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ട്. മുതലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ ഒരു മല കാണാം. പൊരുതൽമല എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. യുദ്ധം എന്ന പദത്തിൻ്റെ ഗ്രാമ്യപദമാണ് പൊരുതൽ. യുദ്ധം നടന്ന മല എന്നു സാരം. ബകാസുരനെ ഭീമസേനൻ വധിച്ച മലയാണ് ഇതെന്നാണ് ഐതിഹ്യം. ആ കഥ ഇങ്ങനെ –
ഏകചക്ര ഗ്രാമത്തിലെ ഒരു വലിയ മലമുകളിലാണ് ബകൻ എന്ന അസുരൻ വസിച്ചിരുന്നത്. വനപ്രദേശത്തായിരുന്നു ഈ മല. ഭക്ഷണപ്രിയനായ ബകൻ ഏക ചക്ര ഗ്രാമത്തിലെ ജനങ്ങളെ വല്ലാതെ ഉപദ്രവിച്ചിരുന്നു. ഗ്രാമീണരെ പോലും കൊന്നു തിന്നുന്ന ബകനെ ഗ്രാമീണർ വല്ലാതെ ഭയപ്പെട്ടു. മലയിറങ്ങി വന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ഒരിക്കൽ ഗ്രാമീണർ ബകനോട് അപേക്ഷിച്ചു. അത് അംഗീകരിക്കാൻ ബകൻ മറ്റൊരു ആവശ്യമാണ് ഉന്നയിച്ചത്. ദിവസേന ഒരു കാളവണ്ടി നിറയെ ഭക്ഷണവുമായി ഗ്രാമത്തിലെ ഓരോരുത്തർ മലയിലെത്തണം. ഭക്ഷണവും വണ്ടിക്കാളകളും കൊണ്ടുവരുന്ന ആളും തനിക്ക് ഭക്ഷണമാവുമെന്നും ബകൻ പറഞ്ഞു. ഗത്യന്തരമില്ലാതെ ഗ്രാമീണർ ആ വ്യവസ്ഥ അംഗീകരിച്ചു. അങ്ങനെ ഓരോ ദിവസവും ഓരോ വീട്ടിൽ നിന്നും കാളവണ്ടി നിറയെ ഭക്ഷണവുമായി വീട്ടിലെ അംഗം ബകൻ്റെ മലയിലേക്ക് പോകും. കാളകളും ഭക്ഷണവുമായി പോകുന്നവരും തിരിച്ചു വരാറില്ല. ആയിടക്കാണ് കുന്തീ ദേവിയും പാണ്ഡവരും വനയാത്രക്കിടയിൽ ഏകചക്ര ഗ്രാമത്തിലെത്തിയത്. ഇവരെ അതിഥികളായി ഒരു ബ്രാഹ്മണ കുടുംബം സ്വീകരിച്ചു. കരുമാരപ്പറ്റ മനയാണിത്. ഒരു അമ്മയും മകനും മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളു. ഒരു ദിവസം ബകനുള്ള ഭക്ഷണം ആ വീട്ടുകാരാണ് നൽകേണ്ടിയിരുന്നത്. ആകെയുള്ള ഏക മകൻ അന്ന് ബകന് ഭക്ഷണമായിത്തീരുമല്ലോ എന്നോർത്ത് അമ്മ വല്ലാതെ ദുഃഖിച്ചു. കുന്തീ ദേവിയോട് തൻ്റെ ദുഃഖം പങ്കുവെക്കുകയും ചെയ്തു.
തൻ്റെ മൂന്നാമത്തെ മകൻ ഭീമസേനൻ ബകന് ഭക്ഷണം കൊണ്ടു കൊടുക്കുമെന്ന് കുന്തീ ദേവി പറഞ്ഞപ്പോൾ ആതിഥേയ അമ്മ അതിലേറെ വിഷമിച്ചു. അതിഥിയെ അസുരന് ഭക്ഷണമാക്കാൻ വിട്ടു കൊടുക്കുന്നത് ഉചിതമല്ലെന്നാണ് അവർ പറഞ്ഞത്. ഭീമൻ ശക്തനാണെന്നും ബകനെ വധിക്കാനുള്ള കരുത്തുണ്ടെന്നുമാണ് കുന്തീ ദേവി പറഞ്ഞത്. അങ്ങനെ കുന്തീ ദേവിയുടെ നിർദ്ദേശപ്രകാരം ഒരു കാളവണ്ടി നിറയെ ഭക്ഷണവുമായി ഭീമൻ ബകൻ വസിക്കുന്ന മലയിലേക്ക് യാത്രയായി. വിശപ്പു സഹിക്കാതെ ഭക്ഷണം വരുന്നതും കാത്ത് പകയിട്ട് ഇരിക്കുകയായിരുന്നു ബകൻ. അകലെ നിന്നു ഭക്ഷണം വഹിച്ചുകൊണ്ടുള്ള കാളവണ്ടി വരുന്നതു കണ്ട് ബകൻ സന്തോഷിച്ചു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. മലയടിവാരത്തിൽ വച്ച് കാളവണ്ടിയിലെ ഭക്ഷണം മുഴുവൻ ഭീമൻ അകത്താക്കി. ഏറെ നേരം കഴിഞ്ഞിട്ടും ഭക്ഷണവണ്ടി കാണാത്തതിൽ കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണമില്ലാതെ വരുന്ന ഭീമനെയാണ് കണ്ടത്. കലിതുള്ളിയ ബകൻ എഴുന്നേറ്റ് പലകയെടുത്ത് ഭീമനു നേരെ ഒറ്റയേറ്. ഒഴിഞ്ഞുമാറിയപ്പോൾ പലക ഭീമൻ്റെ ദേഹത്തു കൊള്ളാതെ മലയുടെ താഴ് വാരത്തിലേക്ക് പതിച്ചു. ഭക്ഷണം എവിടെയെന്ന് ബകൻ ചോദിച്ചപ്പോൾ ഞാൻ ഭക്ഷിച്ചുവെന്ന് ഭീമൻ പറഞ്ഞു. ഇതോടെ ബകൻ ഭീമൻ്റെ നേർക്ക് ചാടി വീണു. ഇരുവരും ശക്തമായി പൊരുതുകയും ഭീമൻ ബകനെ പാറയിലടിച്ച് വധിക്കുകയും ചെയ്തുതുവെന്നാണ് ഐതിഹ്യം. ഭീമനും ബകനും തമ്മിൽ നടന്ന മല്ലയുദ്ധം കണ്ട് വന്യമൃഗങ്ങൾ ഭയവിഹ്വലരായി ഓടിയത്രെ.
ഇതിൽ നിന്നും ബക നിഗ്രഹം നടന്നത് വനമേഖലയിലെ മലയിലാണെന്നന്നാണ് ഭാരതം പറയുന്നത്. പൊരുതൽമല സ്ഥിതി ചെയ്യുന്നത് വനപ്രദേശത്താണ്. പൊരുതൽ മലയോടു ചേർന്ന മല അസുര മല എന്നാണ് അറിയപ്പെടുന്നത്. അസുര മലയെ തൊടാനും നമിയ്ക്കാനും പാടില്ലെന്ന ഒരു വിശ്വാസവുമുണ്ട്. ഈ പ്രദേശം പാണ്ഡവർ ഏറെക്കാലം മുകളുണ്ട്. കുന്തിപ്പുഴ തന്നെ കുന്തീ ദേവിയുടെ പേരിൽ അറിയപ്പെടുന്നു. മണ്ണാർക്കാട് തന്നെയുള്ള പാത്രക്കടവ് കുന്തീ ദേവി പാത്രങ്ങൾ കഴുകിയ സ്ഥലമായി വിശ്വസിക്കുന്നു. പൊരുതൽ മലയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറിയുള്ള അരിയൂർ തോടും പാണ്ഡവരുടെ വനവാസത്തെ ചൂണ്ടിക്കാണിക്കുന്നു. കുന്തീ ദേവി അരി കഴുകിയൊഴിച്ച വെള്ളം ഒഴുകിയത് അരിയൂർ തോടിൻ്റെ ഉൽഭവത്തിനു കാരണമായി. അരക്കാപറമ്പും(അരക്കില്ലം സ്ഥിതി ചെയ്തിരുന്ന ഭൂമി), ഭീമനാടും പാണ്ഡവരുടെ വനവാസകാലവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബകൻ ഭീമനെ എറിഞ്ഞ പലകവന്നു വീണ വയലിന് പലകപ്പാടം എന്നാണു പേര്.
കോട്ടോപ്പാടം പഞ്ചായത്ത് മേഖല പഴയകാലത്ത് ധാരാളം ബ്രാഹ്മണർ വസിച്ചിരുന്ന ഭൂമിയാണ്. മൈസൂർ അധിനിവേശക്കാലത്ത് അവരെല്ലാവരും പലായനം ചെയ്തു. ധാരാളം ഹിന്ദു അവാന്തരവിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. അവരൊക്കെ മണ്ണാർക്കാട്ടേക്കാണ് പോയത്. മലയാള മാസമായ തുലാമാസത്തിലെ കറുത്ത വാവിനു പിറ്റേ ദിവസം മണ്ണാർക്കാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും പുരുഷൻമാരും മതിലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തും. പൊരുതൽ മലയിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്കു മാറിയാണ് മതിലൂർ സുബ്രഹ്മണ്യ ക്ഷേത്രം. സ്ത്രീകൾ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിവേദ്യവും മറ്റും വച്ച് പ്രാർത്ഥനയോടെ ഇരിക്കുമ്പോൾ പുരുഷൻമാർ രാമ മന്ത്രമുരുവിട്ട് പൊരുതൽ മലയിലേക്ക് പോകും. അവിൽ, മലർ, ശർക്കര, നാളികേരം എന്നിവയുമായി പൊരുതൽ മലയുടെ പടിഞ്ഞാറു ഭാഗത്തുനിന്നാണ് മുകളിലേക്ക് കയറുക. നിവർന്നു നടന്ന് മല കയറാനാവില്ല. പാറയിൽ അള്ളിപ്പിടിച്ച് കിടന്നു നിരങ്ങിയേ മല കയറാനാവുകയുള്ളു. മല കയറൽ ഒരു ആഘോഷമാണ്. ഇത് കുന്തിപ്പുഴയുടെ ഉൽസവം കൂടിയായി കണക്കാക്കുന്നു.
പൊരുതൽ മലയുടെ മുകളിൽ ബകനെ നിഗ്രഹിച്ച ഭാഗമുണ്ട്. പൂർണ്ണമായും കരിങ്കല്ലിൻ്റെ ഈ വലിയ മല സമുദ്രനിരപ്പിൽ നിന്നും 1200 അടിയിലേറെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിലെ ഭീമാകാരമായ ഒരു കരിങ്കല്ല് കണ്ടാൽ അത് താഴേക്ക് പതിക്കാനുള്ള അവസാന മുഹൂർത്തവും കാത്ത് നിൽക്കുകയാണെന്നു തോന്നും. എന്നാൽ ഈ കല്ല് പൊരുതൽ മലയുടെ ഉൽഭവ കാലം മുതൽക്കുള്ളതാണെന്നു നാട്ടുകാർ പറഞ്ഞു. കൊട്ടക്കല്ല് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സാഹസപ്പെട്ട് മല കയറി വരുന്ന ഭക്തർ അവരുടെ കയ്യിലുള്ള അവിലും മലരും കൊട്ടക്കല്ലിൻ്റെ ചുവട്ടിൽ വെച്ച് ഹനുമാൻ സ്വാമിക്ക് പൂജിക്കും. പൊരുതൽ മലയിൽ ഹനുമാൻ സ്വാമിയുണ്ടെന്നാണ് വിശ്വാസം. ഭീമൻ ബകനെ നിഗ്രഹിച്ചത് തുലാമാസത്തിലെ കറുത്തവാവു നാളിലായിരുന്നുവത്രെ. ബകനിഗ്രഹം അറിഞ്ഞ ഗ്രാമവാസികൾ നിഗ്രഹിക്കപ്പെട്ടു കിടക്കുന്ന ബകാസുരൻ്റെ ശരീരം കാണാൻ സന്തോഷത്തോടെ മല കയറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് പൊരുതൽ മലകയറ്റം. കുത്തനെയുള്ള കയറ്റം കയറാൻ ആവാത്തതിനാലാണ് സ്ത്രീകൾ മലകയറാത്തത്. പൊരുതൽ മലയുടെ മുകളിൽ നിരവധി കുഴികളുണ്ട്. ഭീമസേനൻ്റെ കാലടിപ്പാടുകളാണ് അതെന്നാണ് വിശ്വാസം.
എന്നാൽ ഈ കുഴികൾ ഇരുമ്പു യുഗത്തിലെ അടയാളങ്ങളായിട്ടാണ് തോന്നിയത്. മലമുകളിലെ കണ്ണാടിക്കല്ല് മറ്റൊരു സവിശേഷതയുള്ളതാണ്. ഇതിനിടയിലൂടെ നൂണ്ട് കടക്കുന്നത് പാപ ശമനത്തിനുള്ള ഉപാധിയായും ഭക്തർ വിശ്വസിക്കുന്നു. പുന്നക്കൽ തീർത്ഥമാണ് മറ്റൊരു സവിശേഷ സ്ഥാനം. മലയുടെ ഉച്ചിയിൽ ഒരു മിഠായി ഭരണിയുടെ വ്യാസത്തിലുള്ള കിണറാണ് അത്. കത്തുന്ന വേനൽക്കാലത്തും ജലസമ്പത്തുള്ള ഈ കിണറ്റിലെ ജലം മുക്കിയെടുത്ത് തീർത്ഥമായി സേവിക്കുന്നു. പുന്നക്കൽ തീർത്ഥത്തിൽ അരിയും പൂവുമിട്ടാൽ അത് പാതാ യ്ക്കര മനയിലെത്തുമെന്നാണ് വിശ്വാസം. പൊരുതൽ മലയിലെ തീർത്ഥാടനം കഴിഞ്ഞാൽ മലയിറങ്ങുന്നത് പഞ്ചശിരസുള്ള നാഗഫണം പോലെ തോന്നിക്കുന്ന പാറയും അതിനു താഴെ ശിവലിംഗം പോലെ തോന്നിക്കുന്ന പാറയുമുള്ള എഴുത്തച്ഛൻ പുറ്റിലേക്കാണ്. അവിടെ വിളക്കുവെച്ച് പ്രാർത്ഥിച്ച ശേഷം വനത്തിലൂടെ മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരിച്ചെത്തും. സ്ത്രീകൾ വിഭവസമൃദ്ധമായ സദ്യ അപ്പോഴേക്കും ഒരുക്കിയിട്ടുണ്ടാവും. പൊരുതൽ മലയിൽ ഹനുമാൻ സ്വാമിക്ക് നിവേദിച്ച അവിൽ പ്രസാദം സ്ത്രീകൾക്കു നൽകിയ ശേഷം പ്രസാദ ഊട്ടും കഴിഞ്ഞ് മടങ്ങും. എ.ഡി. 2000 ത്തിലാണ് ഭക്തർ ഒടുവിൽ പൊരുതൽ മല കയറിയത്.
ആ വർഷം തീർത്ഥാടക സംഘത്തിലെ ഒരാൾ അക്രമിക്കപ്പെട്ടു. കത്തികൊണ്ടുള്ള കുത്തേറ്റ തീർത്ഥാടകൻ പിന്നീട് മരിച്ചതോടെ പൊരുതൽ മല കയറ്റവും കുന്തിപ്പുഴയുടെ ഉൽസവവും നിലച്ചു. മാനസിക രോഗിയായ ഒരു മുസ്ലിം മതക്കാരനാണ് തീർത്ഥാടക സംഘത്തെ അക്രമിച്ചത്. പൊരുതൽ മലയിലെ ഐതിഹ്യവും എഴുത്തച്ഛൻ പുറ്റിൻ്റെ ഐതിഹ്യവും ഉറങ്ങുന്ന ഈ പ്രദേശത്തെ ശ്രദ്ധേയമായ ഒരു തീർത്ഥാടന കേന്ദ്രമാക്കി ഉയർത്താവുന്നതാണ്. ഈ സ്ഥലങ്ങളെല്ലാം സർക്കാരിൻ്റെ അധീനതയിലായതിനാൽ കേരള സർക്കാരും ദേവസ്വം വകുപ്പും ടൂറിസം വകുപ്പും പുരാവസ്തു വകുപ്പുമാണ് ഇതിനെല്ലാം മുൻകൈ എടുക്കേണ്ടത്. ഭക്തജനങ്ങൾക്ക് വലിയൊരു ആഗ്രഹം ബാക്കി നിൽക്കുന്നു. മലയിൽ വലിയൊരു ഹനുമാൻ ശിൽപ്പവും ഹനുമാൻ സ്വാമി ക്ഷേത്രവും സ്ഥാപിക്കണം. ഭീമനും ബകാസുരനും തത്തുല്യമായ നിർമ്മിതികളും ഉണ്ടാവണം. അതോടൊപ്പം എഴുത്തച്ഛൻ പുറ്റും സനാതനമാക്കണം. മലയിലേക്ക് അനായാസം കയറാൻ ഒരു പടിക്കെട്ടു നിർമ്മിക്കുക, സുരക്ഷക്കായി മലമുകളിൽ ഭിത്തി കെട്ടുകയും ചെയ്താൽ ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടക ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കഴിയുന്നതാണ് പൊരുതൽ മല എന്ന അത്ഭുതം.
ബകാസുര നിഗ്രഹവുമായി ബന്ധപ്പെട്ട വേറേയും ചില സ്ഥലങ്ങളുണ്ടെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നുവല്ലോ. അതിലേക്ക് കൂടി ഒന്നു കടന്നു ചെല്ലാം. കരിക്കാട് ഗ്രാമത്തിന് ബകൻ്റെ ഐതിഹ്യമുണ്ട്. 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ യജുർവ്വേദ പ്രകാരമായ ഗ്രാമമാണിത്. ബകൻ്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെട്ടു വന്ന 25 കുടുംബങ്ങൾ ഇവിടെയാണ് പുനരധിവസിച്ചത്
മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള എടക്കരയാണ് മഹാഭാരതത്തിൽ പറയുന്ന ഏക ചക്ര ഗ്രാമം എന്നൊരു വിശ്വാസമുണ്ട്. കരുളായിക്ക് സമീപം ബകൻ കുന്ന് എന്ന ഒരു കുന്നുണ്ട്. ഭീമൻ ഭക്ഷണത്തിനു ശേഷം കമഴ്ത്തിയ ചരക്ക് എന്ന പേരിൽ ഒരു വലിയ പാറയും ബകൻ വസിച്ച പ്രദേശത്തെ ഒരു കുളവും ഇവിടെയുണ്ട്.
പശ്ചിമ ബംഗാളിലുള്ള രാംപൂർഹാട്ടിലെ ഒരു ചെറിയ ഗ്രാമമാണ് ഏക ചക്ര എന്നും പറയപ്പെടുന്നു. ബർദ്വാന ജില്ലയിലെ അജയ് നദീതീരത്തുള്ള പാണ്ഡവേശ്വർ എന്ന സ്ഥലത്തേയും ഏക ചക്ര ഗ്രാമമാണെന്നു പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ ജലഗാവോൻ ജില്ലയിലെ എറന്ദോൾ ഗ്രാമത്തിലാണ് പാണ്ഡവർ താമസിച്ചതെന്നും പറയുന്നു. ഒരു കുളവും പദമാല ഗണേഷ് മന്ദിരവും ഇവിടെയുണ്ട്. ധാരാളം സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രമാണിത്.