91: അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രം

90: പരുതൂർ തെക്കേകുന്ന് ശ്രീ മഹാദേവ ക്ഷേത്രം
March 31, 2023
92: കീഴ്‌ശ്ശേരി മഹാവിഷ്ണു ക്ഷേത്രം
April 3, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 91

അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ കണ്ടെത്തിയ തലയും കാലും നഷ്ടപ്പെട്ട വിഗ്രഹം

ശ്രീകോവിലിൻ്റെ തൊരവ് ( ചെങ്കല്ലിന്റെ മേൽക്കൂര ) ഇടിഞ്ഞു വീണ കല്ലുകൾക്കിടയിൽ കഴുത്തോളം കല്ല് വന്നു മൂടിയിട്ടും മന്ദഹാസത്തോടെ നിൽക്കുന്ന മഹാവിഷ്ണുവിൻ്റെ വിഗ്രഹം ഏതൊരു ശിലാ ഹൃദയവും ഉരുകിപ്പോവുന്ന കാഴ്ചയാണ്. ശ്രീകോവിലിൻ്റെ പുറത്ത് തെക്കുഭാഗത്തായി ചിത്രവധം നടത്തിയ ദേവിയുടെ വിഗ്രഹം കാണുമ്പോൾ ധമനികളിലെ രക്തം വാർന്നൊഴുകുന്നതായി തോന്നാതിരിക്കില്ല. അത്രയധികം മനോവേദനയുണ്ടാക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്. പാലക്കാട് ജില്ലയിൽ പട്ടിത്തറ പഞ്ചായത്തിൽ പട്ടിത്തറ വില്ലേജ് നാലാം വാർഡിലുള്ള അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലാണ് ഒരു കാലഘട്ടത്തിൻ്റെ ദുരന്തക്കാഴ്ചകൾ കാണാൻ കഴിഞ്ഞത്. കിഴക്കോട്ട് ദർശനമായുള്ള വട്ട ശ്രീകോവിലോടു കൂടിയുള്ള ക്ഷേത്രമായിരുന്നു ഇത്. ചുറ്റമ്പലം നമസ്കാര മണ്ഡപം, നമസ്കാരമണ്ഡപത്തിനു വടക്ക് തീർത്ഥക്കിണർ എന്നിവയാണുണ്ടായിരുന്നത്. ഉപ പ്രതിഷ്ഠകൾ ഉണ്ടായിരുന്നുവോ എന്നു വ്യക്തമല്ല. ഈ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് ഏതാണ്ട് പത്തു മീറ്റർ അകലത്തിൽ വേറെ ഒരു വിഷ്ണു ക്ഷേത്രവുമുണ്ട്. രണ്ടു ക്ഷേത്രങ്ങളും ഒരേ അളവിൽ നിർമ്മിച്ചവയാണ്. കീഴ്ശ്ശേരി മഹാവിഷ്ണു ക്ഷേത്രം എന്ന പേരിലാണ് പ്രസ്തുത ക്ഷേത്രം അറിയപ്പെടുന്നത്.

ഈ രണ്ട് ക്ഷേത്രത്തിൻ്റെയും കിഴക്കുഭാഗത്തായി തീർത്ഥച്ചിറയും ഉണ്ടായിരുന്നു. രണ്ടു ക്ഷേത്രത്തിനും കൂടി ഒരു ചിറയാണ് ഉണ്ടായിരുന്നത്. ചിറയുടെ പടിഞ്ഞാറു ഭാഗത്ത് നാലമ്പലത്തിനു പുറത്തായി ഓരോ ക്ഷേത്രത്തിനും ബലിക്കല്ലുകളുണ്ടായിരുന്നു. 1800 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. അയിനിക്കാട്ട് വിഷ്ണു ക്ഷേത്രവും കീഴ്ശ്ശേരി വിഷ്ണു ക്ഷേത്രവും രണ്ട് ഊരാളരുടെ ഉടമസ്ഥതയിലാണ്. അടുത്തടുത്ത് രണ്ട് ഊരാളൻമാരിൽ ഒരേ രീതിയിലുള്ള രണ്ട് ക്ഷേത്രങ്ങൾ സ്ഥാപിക്കാനിടയാക്കിയ സാഹചര്യങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ യാതൊരു മാർഗ്ഗവുമില്ല. പഴയ കാലത്ത് വെളുത്തില്ലത്ത് മനയുടെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നു. പിന്നീട് സാമൂതിരിയാണ് ഊരാളനായി വന്നത്. അതിൽപ്പിന്നെ ഇല്ലം വക സ്വത്തുക്കൾ വടക്കെപ്പാട്ടു തറവാട്ടുകാർക്ക് അവകാശപ്പെട്ടു. ക്ഷേത്ര ഭൂമിയും അനുബന്ധ വസ്തുക്കളും പൊതുവിൽ നിൽക്കുകയാണ്. കിഴക്കു ഭാഗത്തുള്ള മതിൽക്കെട്ടിനു പുറത്തെ ഭൂമിയും ചിറയും ഒരു മുസ്ലീം മതക്കാരൻ്റെ കൈവശത്തിലായി. ക്ഷേത്രച്ചിറ മണ്ണിട്ടുനികത്തി കമുകിൻ തോട്ടമാക്കിയിരിക്കുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള കിഴക്കു ഭാഗത്തെ വഴിയും നഷ്ടമായി. അയിനിക്കാട്ട് മഹാദേവ ക്ഷേത്രം ഒരു തകർക്കലിന് ഇരയായിട്ടുണ്ട്. ദ്വാരപാലകരുടെ ശിൽപ്പങ്ങൾക്കും വിഷ്ണുവിഗ്രഹത്തിനും കേടില്ലാത്തതിനാൽ ടിപ്പു തകർത്ത ക്ഷേത്രമാണെന്നു പറയാനാവില്ല.

ഊരാളർ കൃത്യമായി ക്ഷേത്രം പരിപാലിക്കാത്തതിനാൽ തകർന്നു പോയതാണെന്നു തീരുമാനിക്കാവുന്നതാണ്. ആരും ശ്രദ്ധിക്കാതെ പഴകി ജീർണ്ണിച്ച് തകർന്നു പോയതാവാനും സാദ്ധ്യതയുണ്ട്. ശ്രീകോവിലിൻ്റെ വെളിയിൽ തെക്കുഭാഗത്ത് തലയും കാലും തകർത്ത ഒരു ദേവീ വിഗ്രഹവും ശ്രീകോവിലിനകത്ത് തകരാതെ സുന്ദരമായ ഒരു മഹാവിഷ്ണു വിഗ്രഹവും കണ്ടു. ശ്രീ കോവിലിൻ്റെ കല്ലുകൊണ്ടുള്ള തൊരുവ്(മേൽക്കൂര ) തകർന്നു താഴേക്ക് പതിച്ചിരിക്കുന്നു. ആ കൽക്കൂനക്കിടയിലാണ് മഹാവിഷ്ണുവിൻ്റെ വിഗ്രഹമുള്ളത്. പുറത്തുള്ള ദേവീ വിഗ്രഹം ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയാവാമെന്ന് കരുതേണ്ടിയിരിക്കുന്നു. നമസ്കാര മണ്ഡപത്തറയും തീർത്ഥക്കിണറും കാട് മൂടിക്കിടക്കുകയാണ്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഭക്തരുടെ ആഗ്രഹം. ക്ഷേത്രത്തെ സംബന്ധിച്ചുള്ള നിഗൂഢതകൾ ജ്യോതിഷ പ്രശ്ന വിചാരത്തിൽ തെളിയുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. രണ്ടു ക്ഷേത്രങ്ങൾക്കും കൂടി ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കാനും സാമ്പത്തിക ഭദ്രതയുള്ള വ്യക്തികളുടേയോ സംഘടനകളുടേയോ സഹായത്തോടെ ക്ഷേത്രങ്ങൾ പുന:രുദ്ധരിക്കാമെന്നുമാണ് ഇവരുടെ വിശ്വാസം.

അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹം കല്ല് മൂടിക്കിടക്കുന്നു

Update : അയനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ പുനരുദ്ധാരണം പൂർത്തിയാക്കി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ക്ഷേത്രം കമ്മിറ്റിക്കു കൈമാറിയിരുന്നു.

Leave a Comment