78: പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രം

77: ആനക്കൽ ഭഗവതി ക്ഷേത്രം
March 17, 2023
79: തിരുവള്ളിക്കാവ് മഹാദേവ ക്ഷേത്രം
March 18, 2023
77: ആനക്കൽ ഭഗവതി ക്ഷേത്രം
March 17, 2023
79: തിരുവള്ളിക്കാവ് മഹാദേവ ക്ഷേത്രം
March 18, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 78

മലപ്പുറം ജില്ലയിൽ ഏലംകുളം പഞ്ചായത്തിലാണ് പാലത്തോൾ ശ്രീരാമ ക്ഷേത്രമുള്ളത്. ഭരതത്തോൾ എന്ന പദം ലോപിച്ച് പിൽക്കാലത്ത് പാലത്തോൾ ആയി എന്നാണ് സ്ഥലനാമ ചരിത്രം. നാലമ്പല ദർശനപുണ്യം നൽകുന്ന ഒരു ക്ഷേത്രസമുച്ചയമാണ് ഈ പ്രദേശം. ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം അധികം ദൂരെയല്ലാതെ ഏലംകുളം ഭരതക്ഷേത്രവും പാലത്തോൾ ലക്ഷ്മണ ക്ഷേത്രവും ഏലംകുളം ശത്രുഘ്ന ക്ഷേത്രവുമുണ്ട്.

രാമായണകാലവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളും ശ്രീരാമ സ്മൃതികളുള്ള ക്ഷേത്രങ്ങളും മലബാറിൽ ധാരാളമുള്ളത് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യയിൽ നിന്നും ദക്ഷിണ ഭാരതത്തിലൂടെ രാമലക്ഷ്മണൻമാർ വനവാസകാലത്ത് കടന്നു പോയെന്ന് കരുതാവുന്ന ശേഷിപ്പുകളാണ് ഇവയെല്ലാം. വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ശ്രീരാമലക്ഷ്മണൻമാർക്കും സീതാദേവിക്കും ക്ഷേത്ര മുണ്ട്. മലപ്പുറത്ത് രാമപുരം എന്നു പേരുള്ള ഒരു സ്ഥലം തന്നെയുണ്ട്. ഇവിടേയും രാമലക്ഷ്മണൻമാർക്കു ക്ഷേത്രമുണ്ട്. പട്ടാമ്പി വല്ലപ്പുഴക്കടുത്ത് വലിയൊരു മല രാമഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആലത്തിയൂരിലുള്ള ഹനുമാൻ ക്ഷേത്രവും ശ്രീരാമ ക്ഷേത്രവും പ്രസിദ്ധമാണ്. വെട്ടത്ത് ശ്രീരാമപുരം എന്ന പേരിൽ ഒരു ശ്രീരാമ ക്ഷേത്രമുണ്ട്. പൊന്നാനിക്കും ചാവക്കാടിനുമിടയിൽ പഞ്ചവടി എന്ന സ്ഥലം രാമായണകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ രാമായണകാലവും കേരളത്തിലെ രാമപുരങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്താവുന്ന ഉൽപ്പന്നങ്ങൾ ധാരാളം മലബാറിലുണ്ട്. പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങിയപ്പോൾ സാന്ദർഭികമായി ഇക്കാര്യങ്ങൾ സൂചിപ്പിച്ചുവെന്ന് മാത്രം.

പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രം

ക്ഷേത്രം സംരക്ഷിക്കേണ്ട ഹിന്ദുക്കൾ തന്നെ ക്ഷേത്രഭൂമി അന്യമതസ്ഥർക്ക് വിലയ്ക്ക് വിൽക്കുകയും പിന്നീട് ഭക്തജനങ്ങൾ പണം നൽകി തിരിച്ചുപിടിക്കുകയും ചെയ്ത ചരിത്രമാണ് പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രത്തിനുള്ളത്.

ക്ഷേത്രത്തിന് എത്ര പഴക്കമുണ്ടെന്ന് നിർണ്ണയിക്കാൻ തക്ക യാതൊരു അവശേഷിപ്പും ക്ഷേത്രത്തിൽ കാണാനായില്ല. ക്ഷേത്രോത്ഭവത്തെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാൻ കഴിയുന്നവരൊന്നും ഗ്രാമത്തിൽ ജീവിച്ചിരിപ്പില്ല. ഇത് വളരെ പുരാതനമായ ഒരു ക്ഷേത്രമായിരുന്നു വെന്ന് അനുമാനിക്കാവുന്നതാണ്.

ഈ ക്ഷേത്രം ഒരു വാരിയർ കുടുംബത്തിന്റെ മേൽനോട്ടത്തിലായിരുന്നുവെന്ന അറിവാണ് നാട്ടുകാർക്കുള്ളത്. ക്ഷേത്രഭൂമിയടക്കം നാല് ഏക്കർ ഭൂമിയുണ്ടായിരുന്നു. വാരിയർ കുടുംബത്തിൽ നിന്നും പിൽക്കാലത്തുണ്ടായ എട്ടോളം കൈമാറ്റങ്ങൾ വഴി മുഹമ്മദാലി എന്നൊരാളുടെ കൈവശത്തിലെത്തി.

ക്ഷേത്രഭൂമി 67 സെന്റാണ്. ഇത് മുഴുവനായും കാടുകയറി മരങ്ങളും മറ്റും വളർന്നുകിടക്കുകയായിരുന്നു.  ക്ഷേത്രഭൂമി വിൽപ്പന നടത്തിയതിനാൽ ഭക്തജനങ്ങൾക്ക് കാടുവെട്ടിത്തെളിയിച്ച് ക്ഷേത്ര പുനരുദ്ധാരണം നടത്താൻ കഴിഞ്ഞില്ല. ക്ഷേത്രഭൂമി വില കൊടുത്തു വാങ്ങാനാണ് പിന്നീടുണ്ടായ തീരുമാനം. അങ്ങനെയാണ് 25 സെന്റ് ഭൂമി വില കൊടുത്തു വാങ്ങിയത്. പി.സുകുമാരൻ പ്രസിഡന്റും സി.പി.വാസുദേവൻ നായർ സെക്രട്ടറിയും ഹരിദാസ് പണിക്കർ ഖജാഞ്ചിയുമായി രൂപീകരിച്ച പുനരുദ്ധാരണ കമ്മിറ്റിയാണ് ക്ഷേത്ര ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്.

ഇപ്പോഴുള്ള ക്ഷേത്രത്തിനു തെക്കുഭാഗത്താണ് തകർന്നു കാട്കയറിയ ക്ഷേത്ര മുണ്ടായിരുന്നത്. മുൻവശത്ത് റോഡു വന്നതിനാൽ പുനരുദ്ധാരണത്തോടെ വടക്കുകിഴക്കുഭാഗത്തേക്ക് ക്ഷേത്രം മാറ്റി പുതുക്കി നിർമ്മിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റോഡിനും പടിഞ്ഞാറു ഭാഗത്തായി ക്ഷേത്രക്കുളമുണ്ട്. തകർന്ന ക്ഷേത്രക്കുളം ബ്ലോക്ക് പഞ്ചായത്ത്തുക വകയിരുത്തി പുനർനിർമ്മിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തിയാവാത്ത നമസ്കാര മണ്ഡപം

ക്ഷേത്രവളപ്പിൽ തീർത്ഥക്കുളം മണ്ണ് മൂടി നികന്നിരിക്കുന്നു. തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വിഗ്രഹവും കിണറ്റിനുള്ളിൽ ഉണ്ടെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. ക്ഷേത്ര പുനരുദ്ധാരണം പൂർണ്ണമായിട്ടില്ല. ചുറ്റമ്പലത്തിന്റെ തറപ്പണി മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. വടക്കുഭാഗത്ത് കിഴക്കോട്ടു ദർശനമായി ഒരു ഉപപ്രതിഷ്ഠാ ക്ഷേത്രത്തിന്റെ നിർമ്മാണം പാതിവഴിയിൽ കിടക്കുകയാണ്. ഒരു ഭക്തന് വയലിൽ നിന്നും ലഭിച്ച ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനാണ് പ്രസ്തുത നിർമ്മാണം നടത്തിയിട്ടുള്ളത്. ശ്രീരാമ ക്ഷേത്രത്തിൽ പൂജയുണ്ട്. നമസ്കാര മണ്ഡപത്തിന്റെ നിർമ്മാണവും പൂർത്തിയാക്കാനായിട്ടില്ല. മേടത്തിലെ മകീര്യം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം. പുനർനിർമ്മാണത്തിന്റെ ബാക്കി പൂർത്തിയാക്കാൻ സാമ്പത്തിക ശക്തിയില്ലാത്തതിനാലാണ് ക്ഷേത്ര പുനരുദ്ധാരണം പൂർണ്ണമാവാതെ കിടക്കുന്നത്.

ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തിയാവാത്ത ചുറ്റമ്പലം

Leave a Reply

Your email address will not be published. Required fields are marked *