75: കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം
March 17, 202377: ആനക്കൽ ഭഗവതി ക്ഷേത്രം
March 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 76
“കാട് മൂടിക്കിടക്കുകയാണ് ആ പ്രദേശം. അതിനകത്തേക്ക് കടക്കാനാവില്ല സർപ്പങ്ങളുടെ ആവാസകേന്ദ്രമാണ് “ചോരാട്ടു പള്ളത്ത്ഗോപിനാഥ് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് നിരാശ തോന്നി.
തകർന്നു കിടക്കുന്ന ഒരു ക്ഷേത്രം ആകാട്ടിനുള്ളിലുണ്ട്. അതു കാണാനും വിവരങ്ങൾ ശേഖരിക്കാനുമാണ് വളരെയേറെ ദൂരം യാത്ര ചെയ്ത് ഞാനവിടെ എത്തിയത്. തകർന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിനോടു ചേർന്ന് വലിയൊരു പാലമരമുണ്ടെന്നും അതിന്റെ ചുവട്ടിൽ ഒരു ഉഗ്രനാഗം ഒരിക്കൽ ഫണം വിടർത്തി തന്റെ നേർക്കു വന്ന അനുഭവം ഗോപിനാഥ് പറഞ്ഞു. എന്റെ കൂടെ പെരിന്തൽമണ്ണയിലെ കളരിക്കൽ കൃഷ്ണ കുമാറും തദ്ദേശിയനായ എളാട്ട് പടിഞ്ഞാറെപ്പാട്ട് പുത്തൻകോവിലകത്ത് വിശ്വനാഥനും ഉണ്ടായിരുന്നു.
കാടിനുള്ളിൽ കടന്ന് ക്ഷേത്രം കാണണമെന്ന് ഞാൻ ആവർത്തിച്ചപ്പോൾ ഗോപിനാഥും വിശ്വനാഥനും ആയുധ സജ്ജരായി മുന്നിൽ നടന്നു. ഗോപിനാഥിന്റെ റബർ എസ്റ്റേറ്റിലൂടെ പടിഞ്ഞാട്ടു നടന്ന് ചെന്നത് കാടിനു മുന്നിലാണ്. ഇവർ പറഞ്ഞത് ശരിയായിരുന്നു. ഒരു അടി മുന്നോട്ടു വെക്കാൻ കഴിയാത്ത വിധം അടിക്കാടുകളും ഉണ്ടായിരുന്നു. ഇരുപത് അടിയിലേറെ കാട് വെട്ടിത്തെളിയിച്ച് മുന്നോട്ടു നടന്നാലേ തകർന്ന ക്ഷേത്രത്തിൽ എത്തുകയുള്ളു. കുറച്ചു ഭാഗത്തെ കാട് വെട്ടിത്തെളിയിച്ചെങ്കിലും മുന്നോട്ടു പോവുന്നത് അസാദ്ധ്യമായിത്തീർന്നു. ക്ഷേത്രത്തിനു സമീപം എത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എന്നാൽ പടിഞ്ഞാറു ഭാഗത്തു കൂടി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്കു സാധിച്ചു. കുറച്ചു ഭാഗത്തെ കാട് മാത്രമേ വെട്ടി നീക്കേണ്ടി വന്നുള്ളു.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലുള്ള ഏലംകുളം പഞ്ചായത്തിലെ എട്ടാം വാർഡിലെ ചോലേക്കാവ് അയ്യപ്പക്ഷേത്രഭൂമിയാണിത്. ഏലംകുളം വില്ലേജിൽ എളാട് ദേശത്തുള്ള ചോലേക്കാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രഭൂമി.
കരിയില മെത്ത വിരിച്ച കാട്ടിൽ സൂര്യരശ്മികൾ പോലും ഇറങ്ങി വന്നിരുന്നില്ല. ചതുര ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിന്റെ തറ ഞാൻ അവിടെ കണ്ടു. ശാസ്താവിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പീഠം മാത്രമേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രഭൂമിയും ശ്രീകോവിൽത്തറയും കാടുമൂടി കിടക്കുകയാണ്. കിഴക്കോട്ടു ദർശനമുള്ള ക്ഷേത്രമായിരുന്നു ഇത്. വടക്കോട്ട് ശ്രീകോവിലിൽ നിന്നുള്ള ഓവ് കേടൊന്നും കൂടാതെ അങ്ങനെത്തന്നെയുണ്ട്. സോപാനത്തിനും കേടു സംഭവിച്ചിട്ടില്ല. വടക്കു കിഴക്കെ മൂലയിലുണ്ടായിരുന്ന തീർത്ഥക്കിണർ മണ്ണ് മൂടി കിടക്കുകയാണ്. അവിടെ അങ്ങനെയൊരു കിണർ ഉണ്ടായിരുന്നതിന്റെ ലക്ഷണം പോലുമില്ല. ശ്രീ കോവിൽത്തറയുടെ കിഴക്കു വടക്കുഭാഗത്തായി വലിയ ഒരു പാലമരമുണ്ട്. ഇതിനു ചുവട്ടിൽ പാലയുടെ കടഭാഗത്ത് വലിയ പൊത്തുമുണ്ട്. ഇതിനകത്ത് നാഗമുണ്ടെന്നും താൻ കണ്ടിട്ടുണ്ടെന്നും ഗോപിനാഥ് പറഞ്ഞു. അയ്യപ്പക്ഷേത്രാങ്കണത്തിൽ സർപ്പക്കാവുമുണ്ട്. ഇടതൂർന്ന കാടായ തിനാൽ സർപ്പക്കാവ് വേർതിരിച്ചു കാണാനായില്ല. ക്ഷേത്രഭൂമിയുടെ കിഴക്ക് ഗ്രാമീണ പാതയും വടക്ക് വിദ്യാരത്നം അപ്പർ പ്രൈമറി സ്കൂളും പടിഞ്ഞാറും തെക്കും സ്വകാര്യ വ്യക്തികളുടെ പറമ്പുമാണ്.
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിണറ്റിലുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് അതെന്ന് കരുതാനാവില്ല. അപ്രകാരം കരുതാവുന്ന ലക്ഷണങ്ങളും അവിടെ കണ്ടില്ല. പരിപാലിക്കാതെ തകർന്നു പോയ ഒരു ക്ഷേത്രമാണ് ചോലേക്കാവ് അയ്യപ്പക്ഷേത്രമെന്ന് ഉറപ്പിച്ചു പറയാവുന്നതാണ്. മേൽക്കൂരയില്ലാതെ നാലുഭാഗവും ഭിത്തിയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇതെന്ന് കരുതേണ്ടിയിരിക്കുന്നു.
ക്ഷേത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇങ്ങനെ:
പട്ടിലിശ്ശേരി മനയുടെ ഉടമസ്ഥതയിലായിരുന്നു ചോലേക്കാവ് അയ്യപ്പക്ഷേത്രം. പിൽക്കാലത്ത് മുതുകുർശി മനയുടെ കൈവശത്തിലായി. മുതുകുർശി മനക്കാരാണ് ഇപ്പോഴത്തെ ഊരാളർ.
അതിൽപ്പിന്നെ മന വക സ്വത്തുക്കൾ അംഗങ്ങൾക്കു വീതം തിരിച്ച ശേഷമാണ് എഴുത്തച്ഛൻമാരുടെ സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാരത്നം അപ്പർ പ്രൈമറി സ്കൂൾ തുടങ്ങിയത്. ഇത് ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ്. അതിൽപ്പിന്നെ സ്കൂളിന്റെ തെക്കുഭാഗത്തുള്ള ക്ഷേത്രഭൂമിയുടെ കൈവശകാര്യത്തിൽ ഏറെക്കാലം തർക്കമുണ്ടാവുകയും പിന്നീട് ക്ഷേത്രഭൂമിയുടെ വടക്കുഭാഗം മതിലു കെട്ടി സ്ക്കൂൾ കോംപൗണ്ട് വേർതിരിക്കുകയും ചെയ്തു. ഇപ്പോൾ ക്ഷേത്രഭൂമി മേൽ അവകാശ തർക്കങ്ങളൊന്നുമില്ല. 40 സെന്റോളം വിസ്തൃതിയിലാണ് ക്ഷേത്രഭൂമിയുള്ളത്. തകർന്ന് കാടുകയറി കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും ഊരാളൻമാർക്ക് ക്ഷേത്ര പുനരുദ്ധാരണത്തിന് താൽപ്പര്യമില്ല. ഭക്തജനങ്ങൾക്ക് ക്ഷേത്രഭൂമി പുനരുദ്ധാരണത്തിന് വിട്ടുകൊടുത്തിട്ടുമില്ല.
ഗോപിനാഥിന്റെ വീട്ടുകാർ 2017 വരെ വിളക്കു വെച്ചിരുന്നു. സർപ്പങ്ങൾ വസിക്കുന്ന കാട്ടിലേക്ക് പ്രവേശിക്കാൻ വേറെ ആരും ധൈര്യപ്പെട്ടില്ല. പാലച്ചുവട്ടിൽ നിന്നും ഒരു ഘോര സർപ്പം ഗോപിനാഥിന്റെ നേർക്ക് ചീറ്റി വന്നതിനു ശേഷം ഈ കുടുംബവും വിളക്കു വെക്കാതായി. ഊരാളൻമാർക്ക് മനസ്സുമാറുമെന്നും ഭാവിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം ഉയരുമെന്നും പ്രതീക്ഷിച്ചിരിക്കുകയാണ് ഭക്തജനങ്ങൾ. പെരിന്തൽമണ്ണയിൽ നിന്നും ചെറുകരയിലെത്തി അവിടെ നിന്നും ഏലംകുളം മുതുകുറുശ്ശി റൂട്ടിൽ പാലത്തോൾ മപ്പാട്ടുകരക്ക് സമീപമാണ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന എളാട് ദേശമുള്ളത്.