72: അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രം

71: വീരപ്പാടത്ത് മഹാദേവ ക്ഷേത്രം
March 17, 2023
73: അഴിക്കാട്ട് പാറശ്രീരാമസ്വാമി ക്ഷേത്രം
March 17, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 72

രണ്ടര ഏക്കർ വിസ്തൃതിയുണ്ടായിരുന്ന അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിന് ഇപ്പോഴുള്ളത് വെറും അഞ്ചു സെന്റ് ഭൂമി. അതിലാകട്ടെ വിഗ്രഹമില്ലാത്ത ഒരു മൺകൂനയും അതിനു മീതെ നാല് അടി വീതിയും എട്ട് അടിയോളം നീളവുമുള്ള രണ്ട് കരിങ്കൽ പാളികളും. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ആലങ്കോട് വില്ലേജിലാണ് കയ്യേറ്റങ്ങളുടെ കെടുതിയിൽ ശുഷ്ക്കിച്ച് നാമാവശേഷമായ ഈ ക്ഷേത്രഭൂമിയുള്ളത്.

ആലങ്കോട് പഞ്ചായത്ത്ചിയാനൂർ എട്ടാം വാർഡിൽ സ്ഥിതി ചെയ്തിരുന്ന ഈ ക്ഷേത്രത്തിന് 1200 വർഷത്തെ പഴക്കമുള്ളതായാണ് കരുതുന്നത്. ക്ഷേത്രോൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യമോ ചരിത്രമോ അറിയാവുന്ന ആരും പ്രദേശത്ത് ജീവിച്ചിരിപ്പില്ല. രേഖകൾ പ്രകാരം അഴീക്കുന്ന് ദേവസ്വം എന്ന പേരിലുണ്ടായിരുന്ന ദേവസ്വമാണ് ക്ഷേത്രത്തിന്റെ നിത്യ ഭരണം നടത്തിയിരുന്നത്. കോഴിക്കര മനയൂടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. അടിയാധാരങ്ങളിൽ 2 ഏക്കർ 61 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിനുണ്ടായിരുന്നതായി കാണാം. ഇപ്പോൾ ആലങ്കോട് വില്ലേജ് റീ.സ.82 ൽ 11 ൽ അഞ്ച് സെന്റ് ഭൂമി മാത്രമാണ് അവശേഷിക്കുന്നത്.

ചതുരശ്രീകോവിലോടെ കിഴക്കോട്ട് ദർശനമുണ്ടായിരുന്ന ക്ഷേത്രത്തിന് ഗണപതി, അയ്യപ്പൻ രക്ഷസ്സ്, ദുർഗ്ഗ എന്നീ ഉപപ്രതിഷ്ഠകളും നാഗ പ്രതിഷ്ഠകളുള്ള കാവ്, തീർത്ഥക്കുളം, മണിക്കിണർ എന്നിവയും ഉണ്ടായിരുന്നു. പഴയ കാലത്ത് ചുറ്റമ്പലത്തോടെയുള്ള ക്ഷേത്രമായിരുന്നു. പിൽക്കാലത്ത് മനയും ദേവസ്വവും നാമാവശേഷമായി. പരിരക്ഷിക്കാൻ ആരുമില്ലാതെ ക്ഷേത്രം പൂർണ്ണമായി തകർന്നു. ഇതിനിടയിൽ ദേവസ്വം ഭൂമി രേഖകളുണ്ടാക്കി പലരും കയ്യേറി. ചിലർ വീടുവെച്ചു. തകർന്ന് മൺകൂന മാത്രമുള്ള കാടു മാത്രം അവശേഷിച്ചു. നൂറ് വർഷം മുമ്പുവരെ ക്ഷേത്രഭൂമി കാടുകയറി കിടക്കുകയായിരുന്നു.

ചിയാനൂർ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശ്രീകോവിൽ മണ്ണ് മൂടി കിടക്കുന്നു

2017 ലാണ് തകർന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ആലോചനയുണ്ടായത്. തുടർന്ന് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. എം.മണികണ്ഠൻ പ്രസിഡന്റും, ഇ .എം.അനീഷ് സെക്രട്ടറിയും ഇ.കെ.സജീവ് ട്രഷററുമായ 13 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്. കമ്മിറ്റിക്ക് ഭക്തജനങ്ങളുടെ സഹകരണവുമുണ്ട്.

കാട് വെട്ടിത്തെളിയിച്ചപ്പോൾ ശ്രീകോവിൽ തറകണ്ടു. അതിനു മീതെ പ്രതിഷ്ഠ വച്ചിരുന്ന പീഠവും കണ്ടെത്തി. വിഗ്രഹം നഷ്ടപ്പെട്ടിരുന്നു. ഉപപ്രതിഷ്ഠകളുടെ വിഗ്രഹങ്ങളും തീർത്ഥക്കിണറും കണ്ടെത്താനായില്ല. തീർത്ഥക്കിണർ മണ്ണുമൂടി പോയതായി കരുതേണ്ടിയിരിക്കുന്നു. വിഗ്രഹങ്ങൾ തീർത്ഥക്കിണറിലോ തീർത്ഥക്കുളത്തിലോ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. കുളവും സർപ്പക്കാവുമൊക്കെ അന്യകയ്‌വശത്തിൽ ഇപ്പോഴുമുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിൽ തറ നീക്കം ചെയ്തു. അവിടെ പുതിയ ശ്രീകോവിൽ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ കാണാനായി.

10 ലക്ഷം രൂപയാണ് ശ്രീകോവിലിന്റെ എസ്റ്റിമേറ്റ്. ഉപ ക്ഷേത്രങ്ങളടക്കം 20 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. ക്ഷേത്രത്തിനു നേർക്ക് അക്രമം ഉണ്ടായതു കൊണ്ടാണോ ക്ഷേത്രം നശിച്ചതെന്ന സംശയവുമുണ്ട്. വിഗ്രഹങ്ങൾ കാണാതായ സാഹചര്യം ഈ സംശയത്തെ ബലപ്പെടുത്തുന്നു. കണ്ടെത്തിയ പീഠത്തിനു മുന്നിൽ എല്ലാ മലയാളമാസവും രണ്ടാമത്തെ ഞായറാഴ്ച രാവിലെ പത്മമിട്ട് പൂജ നടത്തി വരുന്നുണ്ട്. ക്ഷേത്രഭൂമിയിൽ വാറോടിന്റെ കഷണങ്ങൾ കാണാൻ കഴിഞ്ഞു. ക്ഷേത്രം വാറോട് മേഞ്ഞതായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഭക്തജനങ്ങളുടെ സഹായത്താലും സ്പോൺസറിംങ്ങിലൂടേയും ക്ഷേത്ര പുനരുദ്ധാരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പുനരുദ്ധാരണകമ്മിറ്റി പ്രതീക്ഷിക്കുന്നത്. 

ചിയാനൂർ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രഭൂമിയിൽ നിന്നും ലഭിച്ച പീഠം

Leave a Comment