69: എടപ്പാൾ അയ്യപ്പൻകാവ് ക്ഷേത്രം
March 17, 202371: വീരപ്പാടത്ത് മഹാദേവ ക്ഷേത്രം
March 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 70
ആ ക്ഷേത്രഭൂമിയിലേക്ക് സ്വയം കടന്നു ചെല്ലാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം ആറ് പതിറ്റാണ്ടിലേറെയായി മനഷ്യന്റെ പാദസ്പർശമേൽക്കാതെ കിടക്കുന്ന ദേവഭൂമിയാണത്. വാക്കാട്ട് കുഞ്ഞുണ്ണിയോട് ക്ഷേത്രഭൂമിയിലേക്ക് കൂടെ വരാമോ എന്നു ചോദിച്ചപ്പോൾ ഈ ക്ഷേത്രത്തിന്റെ ദുരവസ്ഥ ലോകത്തെ അറിയിക്കാനല്ലേ എന്നു പറഞ്ഞ് മുന്നിൽ നടന്നു.
ക്ഷേത്രഭൂമിയുടെ കിഴക്കുഭാഗത്ത് കുടുംബസമേതം താമസിക്കുന്നയാളാണ് കുഞ്ഞുണ്ണി. എൺപതു വയസ്സു പ്രായമുള്ള കുഞ്ഞുണ്ണി മുന്നിൽ നടന്നു. മൺ മതിലു കയറിയിറങ്ങിയത് ഇരുഭാഗവും ഭിത്തിയുള്ള കാട്ടുചെടികൾ തഴച്ചുവളർന്ന ഒരു ഇടവഴിയിലേക്കാണ്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിൽ പത്താം വാർഡിലുള്ള തകർക്കപ്പെട്ട ഒരു പുരാതന ക്ഷേത്രഭൂമിയിലേക്കാണ് ഞാൻ പോകുന്നത്. പൂത്തിരിക്കോവിൽ വിഷ്ണു ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
മുന്നോട്ടുള്ള നടത്തം നിർത്തിയിട്ട് കുഞ്ഞുണ്ണി തിരിഞ്ഞു നോക്കിയിട്ട് നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നു തിരക്കി. ഒരു ബുദ്ധിമുട്ടും ഇല്ലെന്നു പറഞ്ഞപ്പോൾ കാട് അടിച്ചൊതുക്കി വഴി തെളിയിച്ച് കുഞ്ഞുണ്ണി പിന്നേയുംമുന്നോട്ടു നീങ്ങി. സൂര്യരശ്മി പതിക്കാത്ത നിബിഡവനത്തിനു സമാനമായിരുന്നു ക്ഷേത്രഭൂമി. ഇണചേരുന്ന നാഗങ്ങളെ പോലെ ഭൂമിയിലേക്കിറങ്ങി ചാഞ്ഞു കിടക്കുന്ന വള്ളികളും മുൾപ്പടർപ്പുകളും. നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് പക്ഷികളുടെ ശബ്ദമുയർന്നു കൊണ്ടിരുന്നു. കരിയിലപ്പരവതാനിയിൽ ചവിട്ടുമ്പോൾ ഇതിനകത്ത് നാഗത്താൻ മാർ ചുരുണ്ട് കൂടി കിടപ്പുണ്ടാവില്ലേ എന്നു ഞാൻ സംശയിച്ചു. എന്റെ സംശയം കുഞ്ഞുണ്ണിയോട് ചോദിക്കുകയും ചെയ്തു. നമ്മൾ നല്ല കാര്യത്തിനല്ലേ ഇവിടെ വന്നത് ഒരു ആപത്തും നമ്മെ തീണ്ടില്ലെന്ന് (വരില്ലെന്ന്) കുഞ്ഞുണ്ണി ആശ്വസിപ്പിച്ചു.
തകർന്നു തരിപ്പണമായ ചതുരാകൃതിയിലുള്ള ക്ഷേത്രാവശിഷ്ടം കാട് മൂടി കിടക്കുന്നത് കണ്ടു. കിഴക്കോട്ടു ദർശനമായുള്ള ക്ഷേത്രത്തിന്റെ ഭിത്തി മാത്രമെ അവശേഷിക്കുന്നുള്ളു. സോപാനമോവാതിലുകളോ ഇല്ല. അകത്തേക്ക് കയറിയത് പത്ത് അടി നീളവും എട്ട് അടി വീതിയുമുള്ള മുറിയിലേക്കാണ്. നിലമൊക്കെ മണ്ണ് മൂടി കിടക്കുന്നു. ഓടുകളും കല്ലുകളും കൂട്ടിയിട്ട നിലയിലാണ്. ഈ മുറിയിൽ നിന്നും നാല് അടിനീളമുള്ള മറ്റൊരു മുറിയിലേക്കുള്ള വാതിലുകണ്ടു. ഇത് ഗർഭഗൃഹമായിരുന്നു. വിഗ്രഹമില്ലാത്ത ഒരു കരിങ്കൽ പീഠം ഞാനവിടെ കണ്ടു. വീണ്ടും പുറത്തിറങ്ങി. തകർന്ന ക്ഷേത്രത്തിന്റെ വെളിയിൽ തെക്കും വടക്കുംഭാഗങ്ങളിലായി കൊടക്കൽ ബാസൽ മിഷൻ ടൈൽ ഫാക്ടറിയുടെ മുദ്രണമുള്ള പൊട്ടിത്തകർന്ന ഓടുകളുടെ കൂമ്പാരം കണ്ടു.
കാട്ടിലേക്കിറങ്ങിയ രണ്ടു പേരെ കാണാഞ്ഞിട്ടാവണം മറ്റൊരു ഭാഗത്തു കൂടി കുഞ്ഞുണ്ണിയുടെ പത്നി ക്ഷേത്രഭൂമിയിലെത്തി. ഇത് വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും ശ്രീകൃഷ്ണ ഭാവത്തിലാണ് വിഷ്ണുവിനെ ആരാധിച്ചിരുന്നതെന്നും കേട്ട അറിവു വച്ച് അവർ പറഞ്ഞു. വിഷ്ണു ക്ഷേത്രത്തിന്റെ മുൻവശത്ത് ഏകദേശം എട്ട് അടി വീതിയിലും അത്ര തന്നെ അളവു നീളവും തോന്നിക്കുന്ന കാടുകയറിയ മൺ തറയും കാണാൻ കഴിഞ്ഞു. ഇത് മുഖമണ്ഡപമോ മറ്റോ ആയിരുന്നിരിക്കണം. ഈ മൺതിട്ടയുടെ വടക്കുഭാഗത്തായി കൊത്തുപണികളുള്ള കരിങ്കല്ലിന്റെ ഒരു കാൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നതും കാണാൻ കഴിഞ്ഞു.
വിഷ്ണു ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വട്ട ശ്രീകോവിലോടെയുള്ള തകർന്ന ഒരു ക്ഷേത്ര മുണ്ട്. അഞ്ചടി ഉയരത്തിൽ ചെങ്കല്ലുകൊണ്ടു നിർമ്മിച്ച ചുററുമതിലിനകത്താണ് വട്ടശ്രീകോവിലുള്ളത്. ചുറ്റുമതിൽ കാടു മറഞ്ഞു കിടക്കുകയാണ്. ഊരാള കുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായിരുന്നു ഇതെന്നാണ് കുഞ്ഞുണ്ണിയുടെ പത്നി പറഞ്ഞത്. രണ്ടായിരം വർഷത്തെ പഴക്കം തോന്നിക്കുന്ന ക്ഷേത്രമാണിത്. എന്നാൽ ആദ്യം കണ്ട വിഷ്ണു ക്ഷേത്രം എന്നു പരിചയപ്പെടുത്തിയ ക്ഷേത്രത്തിന് വട്ട ശ്രീകോവിൽ ക്ഷേത്രത്തിന്റെ പഴക്കമില്ല. തകർന്ന സോപാനവും വാതിൽ ഇല്ലാത്ത ശ്രീകോവിലുമാണ്. ശ്രീകോവിലിനകത്ത് അരയക്ക് മീതെ നഷ്ടപ്പെട്ട വിഗ്രഹം കണ്ടു. വിഗ്രഹാവശിഷ്ടത്തിന്റെ സ്വഭാവം പരിശോധിച്ചപ്പോൾ വിഷ്ണു വിഗ്രഹത്തിന്റെ ഭാഗമാണെന്നു തോന്നി. ദേവീ വിഗ്രഹമാണെന്നു പറഞ്ഞത് അനുമാനത്തിലായിരിക്കാമെന്നും കരുതി. തകർക്കപ്പെട്ട വിഗ്രഹമായിരുന്നു അത്. ശ്രീകോവിലിന്റെ മുകൾഭാഗവും കല്ലുകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. അതിനു മീതെ മരം കൊണ്ടുള്ള കൂട്ടും കൂട്ടിനു മീതെ ഓലയോ, വൈക്കോലോ, ഓടോ മേഞ്ഞിട്ടുണ്ടായിരുന്നിരിക്കണം. എന്നാൽ അതിന്റെ അവശിഷ്ടങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. സോപാനത്തിനു താഴെ ചെറിയ ഒരു ബലിക്കല്ലും ബലിക്കല്ലിനു സമീപത്ത് തകർന്ന ഒരു നമസ്ക്കാര മണ്ഡപത്തറയും കണ്ടു. നമസ്കാര മണ്ഡപത്തറയും കാടുകയറി കിടക്കുകയാണ്.
വട്ടശ്രീകോവിലുള്ള ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാട്ടാണ്. നമസ്കാര മണ്ഡപത്തിനു പടിഞ്ഞാറു ഭാഗത്ത് തകർന്ന മുഖമണ്ഡപവും തറയും കാണാൻ കഴിഞ്ഞു. മുഖമണ്ഡപ വഴിയിലൂടെ കടന്നു ചെന്നപ്പോൾ മണിക്കിണറും കാടുമൂടി കിടക്കുന്ന വലിയ ബലിക്കല്ലും കാണാൻ കഴിഞ്ഞു. ചെങ്കൽ പാറയിൽ നിർമ്മിച്ച ബലിക്കല്ലാണിത്. ഈ ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിക്കാൻ പടിഞ്ഞാറ് ഭാഗത്തു നിന്നും വഴിയുണ്ടായിരുന്നു. ഊരാള കുടുംബം സ്വത്ത് ഭാഗം ചെയ്ത് അന്യർക്കു വിറ്റപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി നഷ്ടപ്പെട്ടു. ഈ ക്ഷേത്രത്തിലേക്ക് ഞാൻ നടന്നു വന്ന വഴി പിന്നീടുണ്ടാക്കിയതാണ്. ബലിക്കല്ലിൽ നിന്നും ഏതാനും മീറ്റർ വടക്കുഭാഗത്ത് സർപ്പക്കാവുണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു. സർപ്പക്കാവ് ഇന്നു കാണാനാവില്ല. സ്വകാര്യ വ്യക്തിനിർമ്മിച്ച വീടിന്റെ മുറ്റം കാവു നിന്ന സ്ഥലമായിരുന്നുവത്രെ. വട്ട ശ്രീകോവിലോടെയുള്ളത് വിഷ്ണു ക്ഷേത്രവും അതിന് തെക്കുഭാഗത്തുണ്ടായിരുന്നത് ദേവീക്ഷേത്രവുമായിരുന്നുവെന്നാണ് ശ്രീകോവിലുകളുടെ സ്വഭാവത്തിൽ നിന്നും എനിക്ക് വ്യക്തമായത്. ആദ്യം വിഷ്ണു ക്ഷേത്രവും പിൽക്കാലത്ത് ദേവീക്ഷേത്രവും നിർമ്മിക്കപ്പെട്ടുവെന്ന് തീരുമാനിക്കാവുന്നതാണ്. തിരുന്നാവായ വില്ലേജിൽ താഴത്തറയിൽ നിന്നും അര കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രഭൂമിയുള്ളളത്
മണിക്കോട്ടിരി പടിഞ്ഞാറ്റു കോട്ട് മന എന്ന നമ്പൂതിരി കുടുംബമാണ് ക്ഷേത്രത്തിന്റെ ഊരാളൻമാർ. മനയിലെ അംഗങ്ങളാരും ക്ഷേത്ര പരിസരത്ത് താമസിക്കുന്നില്ല. അതിനാൽ കൂടുതൽ വിവരങ്ങൾ ആദ്യ ദിവസം അറിയാൻ കഴിഞ്ഞില്ല. ഊരാള കുടുംബത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഭാസ്കരൻ നമ്പൂതിരിയെ മറ്റൊരു ദിവസം കണ്ടെത്തി. ക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമായി പറയാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.
തലമുറകൾ കൈമാറി വന്ന അറിവിൽ ഷൊറണൂർ കൊളപ്പുള്ളിയിലെ മണിക്കോട്ടിരി എന്ന മനക്കാരാണ് ഭാസ്കരൻ നമ്പൂതിരിയുടെ പൂർവ്വികർ. പിൽക്കാലത്ത് തിരുന്നാവായ പടിഞ്ഞാറ്റു കോട്ട് മനയിൽ ലയിക്കുകയായിരുന്നു. മണിക്കോട്ടിരി മനയിൽ നിന്നും പടിഞ്ഞാറ്റു കോട്ട് മനയിലേക്ക് ദത്ത് നടന്നതാണോ പടിഞ്ഞാറ്റു കോട്ട് മന അന്യം നിലച്ചപ്പോൾ അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് മണിക്കോട്ടിരി മനയിലേക്ക് ലയിച്ചതാണോ എന്നു വ്യക്തമല്ല.
വട്ട ശ്രീകോവിലുള്ള ക്ഷേത്രം വിഷ്ണു ക്ഷേത്രവും ചതുരക്കോവിലുള്ള ക്ഷേത്രം പരദേവതാ ക്ഷേത്രമാണെന്നും ഭാസ്ക്കരൻ നമ്പൂതിരി പറഞ്ഞു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
തിരുന്നാവായ ടിപ്പുവിന്റെ ശക്തമായ അക്രമവും വ്യാപകമായ മതപരിവർത്തനവും നടന്ന മേഖലയാണ്. ക്ഷേത്രം തകർത്ത ശേഷം മഹാവിഷ്ണുവിന്റെ വിഗ്രഹം അടിച്ചുടച്ചു. പരദേവതയുടെ വിഗ്രഹം തകർത്ത് ദൂരെകളഞ്ഞിട്ടുണ്ടാകുമെന്നും കരുതുന്നു. തകർക്കപ്പെട്ട ക്ഷേത്രം അതിനു ശേഷം പുതുക്കിപ്പണിതിട്ടുണ്ട്. കൊടക്കൽ ഓട്ടുകമ്പനിയിലെ ഓടിന്റെ ശേഖരം കണ്ടെത്തിയതിൽ നിന്നും ഒരു നൂറ്റാണ്ടു മുമ്പായിരിക്കാം നവീകരണം നടന്നതെന്നു കരുതേണ്ടിയിരിക്കുന്നു. എന്നാൽ പരദേവതാ ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തുകയോ വിഷ്ണു വിഗ്രഹം മാററി പ്രതിഷ്ഠിക്കുകയോ ചെയ്തില്ല. പരദേവതാ ക്ഷേത്രത്തിൽ സങ്കൽപ്പത്തിലും വിഷ്ണു ക്ഷേത്രത്തിൽ തകർക്കപ്പെട്ട വിഗ്രഹത്തിലും പൂജ നടത്തിവന്നു. ഭാസ്കരൻ നമ്പൂതിരിക്ക് ഓർമ്മ വെച്ച കാലത്തൊന്നും ക്ഷേത്രത്തിൽ പൂജ നടന്നിട്ടില്ല.
ഇരുപത് സെന്റാണ് ക്ഷേത്രഭൂമിയുടെ വിസ്തൃതി. ഊരാള കുടുംബത്തിൽ കൃഷ്ണൻ നമ്പൂതിരി എന്ന കാരണവരാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് നാലു മക്കൾ. പ്രഭാകരൻ ,കൃഷ്ണൻ, ദാമോദരൻ, ഭാസ്കരൻ. ഇപ്പോൾ ഭാസക്കരൻ നമ്പൂതിരി മാത്രമെ ജീവിച്ചിരിപ്പുള്ളു. മറ്റുള്ളവരുടെ അവകാശികളുണ്ട്. മനവക സ്വത്തുക്കൾ വീതംവെച്ചപ്പോൾ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ മാത്രം ബാക്കിയായി. ക്ഷേത്രഭൂമി ഒഴികെ മറ്റുള്ള ഭൂമിയെല്ലാം അന്യർക്കു തീരുവിറ്റു.
തകർന്ന് കാടുമൂടി കിടക്കുന്ന ക്ഷേത്രം പ്രദേശത്തിന് ശാപമായി കിടക്കുകയാണെന്നും ക്ഷേത്രം പുനരുദ്ധാരണം ചെയ്താൽ മാത്രമേ പ്രദേശത്തിനു തന്നെ അഭിവൃദ്ധിയുണ്ടാവുകയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് ക്ഷേത്രം പുനരുദ്ധരിക്കാൻ അവർ തയ്യാറുമാണ്. എന്നാൽ ഊരാളൻമാർ നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം ഞാൻ ഭാസ്കരൻ നമ്പൂതിരിയുടെ ശ്രദ്ധയിൽ പെടുത്തി. ക്ഷേത്രം പുനരുദ്ധരിക്കാൻ താൽപ്പര്യമുണ്ട്. മറ്റവകാശികളോടുകൂടി പറഞ്ഞ ശേഷം ഒരു നല്ല തീരുമാനത്തിലെത്താമെന്ന് അദ്ദേഹം പറഞ്ഞു. തകർക്കപ്പെട്ട് കാടുകയറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങൾ എത്രയും വേഗം പുനരുദ്ധാരണം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയി.