68: പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

67: പെരുമ്പറമ്പ് തൊറങ്കര ശിവക്ഷേത്രം
March 12, 2023
69: എടപ്പാൾ അയ്യപ്പൻകാവ് ക്ഷേത്രം
March 17, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 68

” അരുത്, ഈ ദേവീക്ഷേത്രം തകർക്കരുത്. പള്ളിയാണെന്നു കരുതി ഒഴിവാക്കണം”  തകർക്കാനുള്ള വ്യഗ്രതയോടെ പാഞ്ഞടുത്ത ടിപ്പുവിനെ തൊഴുതു കൊണ്ട് അയാൾ പറഞ്ഞു. ടിപ്പുവെന്ന് കേൾക്കുമ്പോൾത്തന്നെ ഹിന്ദുക്കൾ ഓടിയൊളിക്കുമ്പോൾ പൊന്നാനിയിൽ ഒരാൾ മാത്രം ക്ഷേത്രം തകർക്കരുതെന്ന് ഒരു ഹിന്ദു തൊഴുതു പറയുന്നു. ടിപ്പുവിന്റെ ചില ആനുകൂല്യങ്ങൾ സമ്പാദിക്കുകയും ടിപ്പുവിനു വേണ്ടി ഒറ്റുകാരനായി നടക്കുകയും ചെയ്തിരുന്ന ആളായിരുന്നത്രെ ആ മനുഷ്യൻ. അതിനാൽ അയാളുടെ അപേക്ഷ ചെവിക്കൊള്ളാതിരിക്കാൻ ടിപ്പുവിനു കഴിഞ്ഞില്ല.

” ക്ഷേത്രം നശിപ്പിക്കുന്നില്ല. പക്ഷെ, ഞാൻ വന്ന അടയാളം കാണിക്കാതെ പോവുകയുമില്ല.” അങ്ങനെ പറഞ്ഞ ടിപ്പു ശ്രീകോവിലിനു മുന്നിലുള്ള ദ്വാരപാലകരുടെ കയ്യും കാലും വെട്ടിയിട്ട് തിരികെ പോയി.

മലപ്പുറം ജില്ലയിൽ എടപ്പാൾ പഞ്ചായത്തിലുള്ള എടപ്പാൾ വില്ലേജിലെ പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ പുരാവൃത്തത്തിലുള്ള ഈ ചരിത്ര ശകലം തലമുറകൾ കൈമാറിയ നാട്ടറിവായി ഇന്നും നിലനിൽക്കുന്നു. ടിപ്പു തകർക്കാതെ അടയാളം മാത്രം കാണിച്ചു വിട്ട മലബാറിലെ ഏക ക്ഷേത്രവുമാണിത്.

       വടക്കുനിന്നും കടലോര മാർഗ്ഗം സൈന്യസമേതം റോഡു നിർമ്മിച്ചു മുന്നേറിയ ടിപ്പുവും സൈന്യവും റോഡരുകിലെ സകലഹിന്ദു ആരാധനാലയങ്ങളും വിഗ്രഹം തകർത്ത് പിടിച്ചടക്കി. ശിവക്ഷേത്രങ്ങളും വിഷ്ണു ക്ഷേത്രങ്ങളുമാണ് അപ്രകാരം കയ്യേറിയത്. ടിപ്പുവും സൈന്യവും അഴിമുഖം വരെ റോഡു നിർമ്മിച്ചു. ഭാരതപ്പുഴ കടലിനോടു സംഗമിക്കുന്ന ഭാഗമായതിനാൽ റോഡ് തുടർന്നു നിർമ്മിക്കാനായില്ല. ടിപ്പു സുൽത്താൻ റോഡ് എന്ന പേരിൽ ഇക്കാലത്തും പ്രസ്തുത റോഡ് അറിയപ്പെടുന്നു.

പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

      ടിപ്പുവും സൈന്യവും തെക്കോട്ടുപട നയിച്ചത് പൊന്നാനിയിലെത്താനായിരുന്നു. അക്രമ ദൗത്യവുമായി ടിപ്പു ഭാരതപ്പുഴയുടെ വടക്കെ കരയിൽ എത്തിയതറിഞ്ഞ് തെക്കെ കരയിലുണ്ടായിരുന്ന അഗ്രഹാരത്തിലെ ബ്രാഹ്മണർ ഭയചകിതരായി സ്വയം തൊപ്പിയിട്ടുവെന്ന വാമൊഴിചരിത്രവുമുണ്ട്. പുറത്തൂരിൽ നിന്നും പള്ളിക്കടവിലേക്ക് തോണിയിൽ വന്നിറങ്ങിയാൽ മെയിൻ റോഡിലേക്ക് പോകുന്ന വഴികളിലെല്ലാം ഇക്കാലത്തും പഴയ വീടുകൾ കാണാം. പഴയ കാലത്തെ ബ്രാഹ്മണ ഗൃഹങ്ങളായിരുന്നു ഇവയെന്നും ടിപ്പുവിനെ പേടിച്ചു മതം മാറിയവരാണെന്നും പഴമക്കാർ പറയുന്നു.

      ഭാരതപ്പുഴയുടെ വടക്കെ കരയിൽ വന്നുനിന്ന ടിപ്പു പിന്തിരിഞ്ഞില്ല. പുഴ കടന്ന് പൊന്നാനിയിൽ എത്തുക തന്നെ ചെയ്തു. നേരത്തെ പൊന്നാനി തൃക്കാവ് മതിലകം ഹൈദരാലി തന്നെ തന്റെ കേന്ദ്രമാക്കിയിരുന്നു. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രമടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ തകർത്തതും ചില ആരാധനാലയങ്ങൾ വിഗ്രഹം നീക്കി കയ് വശപ്പെടുത്തിയതും ഈ ഘട്ടത്തിലാണ്. വലിയ അക്രമ ദൗത്യവുമായി വന്ന സമയത്താണ് പള്ളിയിൽ ശ്രീ ദുർഗ്ഗാക്ഷേത്രത്തിനു നേരേയും തിരിഞ്ഞത്.

      ടിപ്പു പള്ളിയിൽ ക്ഷേത്രത്തിലേക്ക് എത്തുന്നതിനു മുമ്പുതന്നെ ഈ ക്ഷേത്രം തകർക്കരുതെന്ന് പറഞ്ഞുവെന്നും ഞാൻ വന്നു നോക്കട്ടെ, എന്നിട്ടു തീരുമാനിക്കാമെന്നും ടിപ്പു പറഞ്ഞതായും ക്ഷേത്രത്തിനു മുകളിൽ പള്ളിയുടെ മിന്നാരം കണ്ടതുപോലെ തോന്നിയതിനാൽ ദ്വാരപാലകരുടെ ശിൽപ്പങ്ങൾക്കു കേടുവരുത്തുക മാത്രമേ ചെയ്തുതുള്ളുവെന്നും നാട്ടറിവുണ്ട്. എന്തായാലും ടിപ്പു തകർക്കാതെ വിട്ട ഒരു ക്ഷേത്രമാണിത്.

       അടുത്ത കാലം വരെ കൈകാലുകൾ വെട്ടിമാറ്റിയ ദ്വാരപാലകരുടെ ശിൽപ്പങ്ങൾ അതേപടിയുണ്ടായിരുന്നു. പിന്നീട് ചെമ്പ് തകിടിൽ പൊതിഞ്ഞു. മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം.

പള്ളിയിൽ ദുർഗ്ഗാക്ഷേത്രത്തിലെ തകർന്ന ബലിക്കല്ല്

Leave a Comment