
64: ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
March 2, 2023
66: ചെറുപൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
March 9, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 65
തകർന്നു നാമാവശേഷമായ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ കണ്ടത് ഒരു പീഠവും വിഗ്രഹത്തിന്റെ പാദവും മാത്രം. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനായി വൈകാതെ ക്ഷേത്രവളപ്പിൽ ബാലാലയം നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ നിരോധന ഉത്തരവുമായി കോടതി പ്രോസസ്സ് സർവ്വർ കുതിച്ചെത്തി. ബാലാലയം നിർമ്മിക്കുന്നതിനെതിരെ ഒരു വ്യക്തി നൽകിയ സിവിൽ അന്യായത്തിലാണ് കോടതിയുടെ നിരോധന ഉത്തരവുണ്ടായത്. ഭക്തജനങ്ങളുടെ മനോവീര്യം കെടുത്താൻ ആദ്യ ഘട്ടത്തിൽ ഈ നിരോധന ഉത്തരവിനു കഴിഞ്ഞു. പീഠവും ഭഗവാന്റെ പാദവും തകർന്ന ശ്രീകോവിലിൽത്തന്നെ കിടന്നു. ക്ഷേത്രത്തിൽ ആരാധന നടത്താൻ ആരുടേയും അനുവാദം ആവശ്യമില്ലെന്ന കേളപ്പജിയുടെ വാക്കുകൾ ഉൾവിളിയാലെന്ന പോലെ ഭക്തരുടെ കാതുകളിൽ അലയടിച്ചതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം ഭക്തജനങ്ങൾ വിളക്കു വെക്കാൻ ക്ഷേത്രഭൂമിയിലെത്തി. അതിനു പിന്നാലെ ആർ.ഡി.ഒ.യുടെ കർശന ഉത്തരവും വന്നു. ഇരുപതിൽ കൂടുതലാളുകൾ ക്ഷേത്രഭൂമിയിൽ പ്രവേശിക്കരുത്!.
ഒരു ക്ഷേത്രത്തേയും അതിന്റെ ഭൂമിയേയും നിയമത്തിന്റെ വിലങ്ങിട്ടു പൂട്ടിയത് ഏതെങ്കിലും മതരാഷ്ട്രത്തിലല്ല ഭാരതത്തിലാണ്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൽപ്പകഞ്ചേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമായ പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രത്തിനും അവിടുത്തെ ഭക്തജനങ്ങൾക്കുമാണീ ദുര്യോഗം. നിലവിലെ അവസ്ഥകളിലേക്ക് കണ്ണോടിക്കും മുമ്പ് ഭൂതകാലത്തേക്ക് ഒന്നു കടന്നു ചെല്ലാം.
കോഴിക്കോട്ടെ റീജ്യണൽ ആർക്കൈവ്സിലെ റിക്കാർഡുപ്രകാരം പറവന്നൂർ റീസ526 ൽ 6 ൽ പെട്ടതും 34 സെന്റ് വിസ്തീർണ്ണമുള്ളതുമായ പറവന്നൂർ അമ്പലം എന്നു രേഖപ്പെടുത്തിയ ഭൂമിയാണിത്. ക്ഷേത്രഭൂമിയുടെ പടിഞ്ഞാറെ ഭൂമിയുടെ പേര് ചന്ദനക്കാട് പറവെന്നും തെക്ക് വാരിയത്തെ പറമ്പും അമ്പലപ്പാമ്പും വടക്ക് മാരാത്തെ പറമ്പും കിഴക്ക് ഇല്ലത്തെ പറമ്പെന്നുമാണ്.
ചന്ദനക്കണ്ടം എന്നും ചന്ദനക്കാട് എന്നും പേരുവരാൻകാരണം ചന്ദനമരങ്ങൾ വളർന്നിരുന്ന ഭൂമി ആയതു കൊണ്ടു തന്നെയാവണം. ഇക്കാലത്തും കൽപ്പകഞ്ചേരി പഞ്ചായത്തു പരിധിയിൽ ധാരാളം ചന്ദനമരങ്ങളുള്ള ഭൂമികളുണ്ട്. ക്ഷേത്രഭൂമിയുടെ മറ്റു അതിരുകളിലെഭൂമികളുടെ പേര് ക്ഷേത്രവുമായി ബന്ധപ്പെട്ട അമ്പലവാസി സമുദായങ്ങളുടെ വാസ ഭൂമിയാണെന്നസൂചനതരുന്നു. ഇതിൽ നിന്നും ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം വളരെ പ്രസിദ്ധമായി നിലനിന്നിരുന്ന ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാണ്. ഈ ക്ഷേത്രത്തിന് 1500ലേറെ വർഷത്തെ പഴക്കമുണ്ട്.

പടിഞ്ഞാട്ട് ദർശനമായുള്ള ശങ്കരനാരായണ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് നൂറു മീറ്റർ അകലത്തിൽ ക്ഷേത്രത്തിന്റെ ഒരു വലിയ ബലിക്കല്ല് ഉണ്ടായിരുന്നു. പടിഞ്ഞാറു ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ വഴി ഉണ്ടായിരുന്നതിന്റെ പ്രബല തെളിവാണ് ബലിക്കല്ല്. ചുറ്റമ്പലത്തോടു കൂടിയുള്ള ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വെളിയിൽ പടിഞ്ഞാറു ഭാഗത്ത് ശ്രീകോവിലിന്നഭിമുഖമായി മറ്റൊരു വലിയ ബലിക്കല്ലും ഉണ്ടായിരുന്നു. ശങ്കരനാരായണനാണ് പ്രധാന ദേവൻ. പരിവാരങ്ങളുമായി തെക്കെ ഗോപുര ദ്വാരത്തിൽ ഗണപതിയും ദക്ഷിണാമൂർത്തിയും അകത്ത് സുബ്രഹ്മണ്യൻ, പുറത്ത് ശാസ്താവ്, വായുകോണിൽ ഗോശാലകൃഷ്ണൻ, കൂടാതെ ബ്രഹ്മരക്ഷസ്സ്, സർപ്പകാവ് തീർത്ഥക്കുളം എന്നിവയടങ്ങുന്നതായിരുന്നു ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം. ക്ഷേത്രക്കുളം മേൽപ്പറഞ്ഞ വിസ്തീർണ്ണത്തിനു പുറമെയാണ്. തേഞ്ചേരി ഇല്ലത്തുകാരാണ് ക്ഷേത്രം പരിപാലിച്ചിരുന്നത്. അണ്ടലാടി മനയ്ക്കാണ് തന്ത്രി സ്ഥാനം.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ശങ്കരനാരായണ ക്ഷേത്രത്തിനു നേരെ അക്രമം ഉണ്ടായതായാണ് വാമൊഴിചരിത്രം. പ്രദേശത്തെ വേറേയും ക്ഷേത്രങ്ങൾ അക്കാലത്ത് അക്രമത്തിനിരയായിട്ടുണ്ട്. ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ വടക്കുഭാഗത്ത് അയിരാനി ശിവക്ഷേത്രം തകർക്കപ്പെട്ടതും ഈ ഘട്ടത്തിലാണ്. അയിരാനി ശിവക്ഷേത്രം ഇന്നില്ല. അത് അന്യകയ് വശത്തിലാണ്. ക്ഷേത്രക്കുളം ഇപ്പോഴുമുണ്ട്. അമ്പലക്കുളം എന്നാണ് റെവന്യു രേഖയിലുള്ളത്. അമ്പലക്കുളം ഇപ്പോൾ ആമ്പൽക്കുളം എന്ന പേരിലാണ് അറിയപ്പെടുന്നത്. അമ്പലക്കുളം ആമ്പൽക്കുളമെന്നാക്കിയത് ഒരിക്കലും യാദൃശ്ചികമല്ല.
ടിപ്പുവിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്ന പ്രദേശമാണ് ക്ഷേത്രഭൂമി ഉൾപ്പെട്ട കൽപ്പകഞ്ചേരി പഞ്ചായത്ത്. വ്യാപകമായ മതപരിവർത്തനവും ക്ഷേത്രങ്ങൾക്കും ഹിന്ദുക്കൾക്കുമെതിരെ അക്രമവും ഇവിടെ നടന്നിട്ടുണ്ട്. കൽപ്പകഞ്ചേരിയിലെ പ്രമുഖ ജൻമിമാരും സഹോദരങ്ങളുമായ മണ്ടായപ്പുറത്ത് കൃഷ്ണമേനോനേയും മാധവമേനോനേയും മതം മാറ്റിയ ടിപ്പു വെട്ടത്തു നാട്ടിലെ കരം പിരിക്കാൻ ഇവരെ ചുമതലപ്പെടുത്തി. മണ്ടായപ്പുറത്ത് മൂപ്പൻമാർ എന്ന പേരിൽ ഇപ്പോഴും കൃഷ്ണമേനോനേറെയും മാധവമേനോന്റെയും പരമ്പരകൾ ഇസ്ലാമിക വിശ്വാസികളാണ്.
അക്കാലത്തു നടന്ന വ്യാപകമതപരിവർത്തനത്തെ തുടർന്ന് മതം മാറാൻ തയ്യാറല്ലാത്തവർ ടിപ്പുവരുന്നതിനു മുമ്പ് പലായനം ചെയ്തു. ക്ഷേത്രസമീപം താമസിച്ചിരുന്ന അമ്പലവാസികൾ ഇപ്രകാരം പലായനം ചെയ്തവരിൽ ഉൾപ്പെട്ടിരിക്കാം. അവരുടെ ഭവനങ്ങൾ ഇന്നു കാണാനാവില്ല. അതുപോലെ കിഴക്കു ഭാഗത്തെ ഇല്ലക്കാരും പലായനം ചെയ്തു. ഇല്ലവും ഇന്നില്ല. ഇല്ലക്കുളമുണ്ട്. ക്ഷേത്രത്തിന്റെ പഴയ കാലത്തെ ഊരാള കുടുംബം താമസിച്ചിരുന്ന ഇല്ലമായിരിക്കാം അതെന്നു കരുതുന്നു. തേഞ്ചേരി ഇല്ലക്കാർക്ക് പിന്നീട് ഊരായ് മാവകാശം വന്നത് എങ്ങനെയാണെന്നു വ്യക്തമല്ല. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പലായനം ചെയ്തവരുടെ ഭൂമി ടിപ്പു മത പരിവർത്തനം നടത്തിയവർക്ക് ഉടമസ്ഥാവകാശം നൽകിയിരുന്നു. വാക്കാലായിരുന്നു ( oral) ഇത്തരം ഏൽപ്പനകൾ. ഇത്തരത്തിൽ ഭൂമികയ്യടക്കിയവരും ധാരാളമുണ്ട്.

വ്യാപക മതപരിവർത്തനത്തെ തുടർന്ന് പ്രദേശത്തെ ഹിന്ദുക്കൾ നാമാവശേഷമായി. തകർക്കപ്പെട്ട ശങ്കരനാരായണ ക്ഷേത്രം കാടുമൂടിക്കിടന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമികൾക്ക് പുതിയ ഉടമസ്ഥരുണ്ടായി.
അമ്പതോളം ഹിന്ദു വീടുകളാണ് ഇപ്പോൾ പ്രദേശത്തുള്ളത്. 2014ലാണ് തകർന്ന് കാടുമൂടിക്കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ആലോചനയുണ്ടായത്. ഭക്തജനങ്ങൾ കാടുവെട്ടിത്തെളിയിച്ചപ്പോൾ തകർന്ന ചതുരശ്രീകോവിലോടു കൂടിയ ക്ഷേത്രം, തകർന്ന നമസ്ക്കാര മണ്ഡപത്തറ, പകുതി തൂർന്ന മണിക്കിണർ, തകർത്തിട്ട ബലിക്കല്ല് എന്നിവ കണ്ടെത്തിയത്. ശ്രീകോവിലിനകത്ത് പീഠം മാത്രമെ ഉണ്ടായിരുന്നുള്ളു. വിഗ്രഹത്തിന്റെ പാദവും ലഭിച്ചു. ക്ഷേത്രത്തിന്റെ അമ്പതു മീറ്റർ വടക്കു മാറിയുള്ള ക്ഷേത്രക്കുളം അന്യകയ് വശത്തിലാണെന്നും മനസ്സിലായി. ക്ഷേത്രത്തിൽ നിന്നും 100 മീറ്റർ പടിഞ്ഞാറു മാറിയുള്ള ക്ഷേത്രത്തിന്റെ ബലിക്കല്ല് 2006 കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും സ്വകാര്യ വ്യക്തികൾ ഇല്ലാതാക്കി. ക്ഷേത്ര പുനരുദ്ധാരണത്തിന് പ്രദേശത്തെ എല്ലാവരും ജാതി മത ഭേദമില്ലാതെ സഹായിക്കുമെന്നും സഹകരിക്കുമെന്നുമാണ് ഭക്തജനങ്ങൾ കരുതിയത്.
ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു കമ്മിറ്റിയും രൂപീകരിച്ചു അയിനിക്കൽദാമോദരൻ പ്രസിഡൻറ്, അയിനിക്കൽ അനി, അയിനിക്കൽ ഉണ്ണി എന്നിവർ വൈസ് പ്രസിഡന്റുമാർ, പ്രകാശൻ സെക്രട്ടറി, അയിനിക്കൽ സുബ്രഹ്മണ്യൻ ട്രഷറർ അടങ്ങുന്ന 18 അംഗ കമ്മിറ്റി2014 സെപ്തംബറിലാണ് രൂപീകരിച്ചത്. അധികാരത്തിൽ അപ്പുക്കുട്ടനെ സെക്രട്ടറിയാക്കിയും മറ്റു ഭാരവാഹികളെ അതേ സ്ഥാനത്ത് നിലനിർത്തിയും പറന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ പുനരുദ്ധാരണം ലക്ഷ്യമിട്ട് ഇപ്പോഴും നിലവിലുണ്ട്.
തീർത്ഥക്കിണറിലെ മണ്ണ് പൂർണ്ണമായും നീക്കം ചെയ്തു.2015 ഏപ്രിൽ 29ന് ഭുവനേശ്വരി ക്ഷേത്രമഠാധിപതി സ്വാമി ഭാരതിരാജ ക്ഷേത്രത്തിൽ ദീപം തെളിയിച്ചു കൊണ്ട് ആരാധനയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
2015 മെയ് 10 (1190 മേടം 26) ന് ദേവഹിതം അറിയാൻ സ്വർണ്ണ പ്രശ്നം നടത്തിയതിൽ ക്ഷേത്ര പുനരുദ്ധാരണം അനിവാര്യമാണെന്നു തെളിഞ്ഞു. ക്ഷേത്ര ഉടമസ്ഥരായ ബ്രാഹ്മണ കുടുംബം ഇന്നില്ലെന്നും ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ശ്രമത്തിനെതിരെ ശത്രുദോഷമുള്ളതായും ക്ഷുദ്ര പ്രയോഗം നടത്തിയിട്ടുള്ളതായും കണ്ടെത്തി. ക്ഷേത്രാവശിഷ്ടങ്ങൾ മണ്ണിലും ജലാശയങ്ങളിലും മൂടിക്കിടക്കുകയാണ്. ക്ഷേത്രത്തിന്റെ തായ രണ്ടു ജലാശയങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. ജീർണ്ണോദ്ധാരണത്തിനു മുമ്പ് ഇവ പരമാവധികണ്ടെടുക്കണം. അകലെയുള്ള ശിവക്ഷേത്രവുമായി ഈ ക്ഷേത്രത്തിനുബന്ധമുണ്ട്. കിഴക്കുള്ള നാഗക്കാവ് നവീകരിക്കണം. സന്താനലബ്ധിക്ക് ദമ്പതിമാർ വന്ന് ഉപാസിച്ചാൽ ഫലം കിട്ടുമെന്നും സ്വർണ്ണ പ്രശ്നത്തിൽ കണ്ടെത്തി.
തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ, വിഗ്രഹങ്ങൾ എന്നിവയൊന്നും കണ്ടെത്താനായിട്ടില്ല.
ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി അടച്ചതിനാൽ റോഡിൽ നിന്നും മയ്യേരി ഹംസക്കുട്ടി എന്ന ആളുടെ വളപ്പിലൂടെയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ഭൂമി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. ഭക്തജനങ്ങൾ ഇദ്ദേഹത്തിന്റെ പറമ്പിന്റെ കിഴക്കു ഭാഗത്തു കൂടി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ കുപിതനായ ഹംസക്കുടിയും മറ്റും ചേർന്ന് 2016 ജൂലൈ നാലിന് വഴി അടച്ചതോടെ ക്ഷേത്രഭൂമി ലാൻഡ് ലോക്ക്ഡ് ആയിത്തീർന്നു. തുടർന്ന് ആറാം തിയ്യതി കൽപ്പകഞ്ചേരി പോലീസു വന്ന് അടച്ച വഴി തുറന്നു കൊടുത്തു. വഴി അടച്ചതുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളായ 94 പേർ ഒപ്പിട്ട ഒരു നിവേദനം 2016 ജൂലൈ എട്ടിന് മലപ്പുറം ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഇതിനെ തുടർന്ന് തിരൂർ ആർ.ഡി.ഒ.ഇടപെട്ട് ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയാണുണ്ടായത്. 20 പേരിൽ കൂടുതൽ ഭക്തർ ക്ഷേത്രഭൂമിയിൽ പ്രവേശിക്കരുതെന്നായിരുന്നു നിർദ്ദേശം.

നാല് ഇഞ്ച് ഘനമുള്ളതും 16 വരിയിലുള്ളതുമായ ചെങ്കല്ല് പാകിയ ശ്രീകോവിലിന്റെ തകർന്ന ഭിത്തി മാത്രമാണുള്ളത്. ക്ഷേത്രത്തിലെ പീഠവും കണ്ടെത്തിയ പാദവും ബാലാലയത്തിലേക്ക് മാറ്റിയിട്ട് ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള തയ്യാറെടുപ്പായിരുന്നു അടുത്ത പടി. അതിനു വേണ്ടി ബാലാലയ നിർമ്മാണം ഏതാണ്ട് പൂർത്തിയായപ്പോഴേക്കും നിർമ്മാണം നിർത്തിവെക്കാൻ തിരൂർ മുൻസിഫ് കോടതിയിൽ നിന്നും തൽക്കാല നിരോധന ഉത്തരവു വന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തെ വസ്തു ഉടമസ്ഥനായ മയ്യേരി ഹംസ്സക്കുട്ടി 2017 ജനുവരി 28ന്ഫയൽ ചെയ്ത 2017 ലെ ഒ.എസ്.53 നമ്പർ കേസായിരുന്നു അത്. ബാലാലയം പൊളിച്ചു മാററണമെന്നും ക്ഷേത്രത്തിന്റെ അതിർത്തി നിർണ്ണയിച്ചു കിട്ടണമെന്നും ഹംസക്കുട്ടി കോടതിയിൽ അപേക്ഷിച്ചിരിക്കുന്നു. ഇതോടെ ബാലാലയ നിർമ്മാണം പൂർത്തിയാക്കാനാവാതെ മുടങ്ങി. ക്ഷേത്ര പുനരുദ്ധാരണ ശ്രമങ്ങളും തടസ്സപ്പെട്ടു. ക്ഷേത്രവളപ്പിൽ നിന്നും ആഭിചാര കർമ്മങ്ങൾ ചെയ്ത തകിടുകളും ഇതിനിടെ കണ്ടെടുക്കുകയുണ്ടായി.
ക്ഷേത്രഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ഹംസക്കുട്ടി ഹാജരാക്കിയ രേഖ താനൂർ ലാന്റ് ട്രൈബുണൽ 1977 ൽ നൽകിയ 1790 നമ്പർ പട്ടയമാണ്. 1977 ൽ ഒ.എ.63 നമ്പറായി ക്ഷേത്രഭൂമിയുടെ 34 സെന്റിൽ നിന്നും 30 സെൻറ് ഭൂമിക്ക് പട്ടയം കിട്ടാൻ അപേക്ഷിച്ചതിനാലാണ് ഹംസക്കുട്ടിക്ക് പട്ടയം ലഭിച്ചത്. വില്ലേജ് രേഖകൾ പ്രകാരം നികുതി ഒഴിവാക്കിയ പറവന്നൂർ അമ്പല പറമ്പിന് പട്ടയം വാങ്ങിയ ഹംസക്കുട്ടി ക്ഷേത്രത്തിന് ശ്രീകോവിലും അതിനു ചുറ്റുമായി നാല് സെന്റ് ഭൂമിയേ ഉള്ളുവെന്നാണ് വാദിക്കുന്നത്. ഞാൻ ഈ ക്ഷേത്രഭൂമിയിലെത്തി വിവരങ്ങൾ ശേഖരിക്കുമ്പോൾ മേൽപ്പറഞ്ഞ ഹംസക്കുട്ടി വരികയുണ്ടായി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളോട് വിവരങ്ങൾ ശേഖരിക്കുന്നതും ഫോട്ടോകളും വീഡിയോയും പകർത്തുന്നതും അദ്ദേഹം നിശ്ശബ്ദം നോക്കി നിൽക്കുകയായിരുന്നു. കേസുകളെല്ലാം അവസാനിക്കുമെന്നും ക്ഷേത്രത്തിന്റെ മുഴുവൻ ഭൂമിയും തിരിച്ചു കിട്ടുമെന്നുമാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. ഇപ്പോഴുള്ള തർക്കങ്ങളെല്ലാം അവസാനിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയോടെ നാട്ടുകാരുടെ എല്ലാവരുടേയും പൂർണ്ണ സഹകരണത്തോടെ ശങ്കരനാരായണ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനാവുമെന്നും അത് ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുമെന്നുമുള്ള പ്രതീക്ഷയാണുള്ളത്.