
61: കൊളമ്പി അറയ്ക്കൽ ഭഗവതി ക്ഷേത്രം
February 19, 2023
63: പന്നിങ്കര ഭഗവതി ക്ഷേത്രം
February 26, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 62
തകർന്നു തരിപ്പണമായ വിഗ്രഹം ചേർത്തുവെച്ചാണ് എല്ലാ മലയാളമാസം ഒന്നാം തിയ്യതി ഇവിടെ പൂജ ചെയ്യുന്നത്. വിഗ്രഹത്തിന്റെ ദൈന്യാവസ്ഥ തന്നെയാണ് ശ്രീകോവിലിനുമുള്ളത്. വട്ട ശ്രീകോവിലിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നിരിക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയാണ് മഴയിൽ നിന്നും വെയിലിൽ നിന്നും വിഗ്രഹത്തെ സംരക്ഷിക്കുന്നത്. ക്ഷേത്രത്തിന്റെ പരിസരത്തൊന്നും ഒരു ഹിന്ദു വീടു പോലുമില്ല.
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലുള്ള കണ്ണമംഗലം പഞ്ചായത്തിലെ മുതുവിൽ കുണ്ട് എന്ന സ്ഥലത്തുള്ള ആർക്കേശ്വരം ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് മുകളിൽ വിവരിച്ചത്.
തൃക്കൈക്കാട്ടു മoത്തിന്റെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രഭൂമിയെന്നാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞത്. ശങ്കരാചാര്യസ്വാമികളുടെ ശിഷ്യൻ തോടകാചാര്യർ നിർമ്മിച്ച തൃക്കൈക്കാട്ടുമഠം താനൂരിലാണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൃക്കെക്കാട്ട് മഠത്തിന് ധാരാളം ഭൂമിയുണ്ടായിരുന്നു. ഈ ഭൂമികളിൽ ഭൂരിഭാഗവും അന്യാധീനപ്പെട്ടുകിടക്കുകയാണ്. എളമനക്കാട്ട് മന എന്നു പേരുള്ള ബ്രാഹ്മണ കുടുംബം ഈ ക്ഷേത്രഭൂമി പരിപാലിച്ചിരുന്നതായും വിശ്വസിക്കപ്പെട്ടു വരുന്നു.

ആർക്കേശ്വരം ശ്രീരാമ ക്ഷേത്രം കണ്ണമംഗലം വില്ലേജിൽ 45 സെന്റിലാണ് സ്ഥിതി ചെയ്യുന്നത്. വട്ട ശ്രീകോവിലോടെയുള്ള ഈ ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാട്ടാണ് കിഴക്കോട്ടു ദർശനമായി അയ്യപ്പന്റെ ഉപക്ഷേത്രവുമുണ്ട്.
പഴയ കാലത്ത് വളരെ നല്ല നിലയിൽ കഴിഞ്ഞിരുന്ന ക്ഷേത്രമായിരുന്നു ഇതെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ രീതിയും അതിന് ഉപയോഗിച്ച സാധന സാമഗ്രികളുടെ അവശിഷ്ടങ്ങളും വ്യക്തമാക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നിന്നും പ്രവേശിക്കാൻ വഴികളുണ്ടായിരുന്നു. ചുറ്റമ്പലവും ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻവശത്ത് നമസ്കാര മണ്ഡപവും ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ വടക്കുവശത്താണ് തീർത്ഥക്കുളം. ക്ഷേത്രത്തിന് രണ്ട് തീർത്ഥക്കിണറുകളും ഉണ്ടായിരുന്നു. പ്രദേശത്ത് പഴയ കാലത്ത് ധാരാളം ഹിന്ദു ഭവനങ്ങൾ ഉണ്ടായിരുന്നതിനാൽ ക്ഷേത്രം ക്രമപ്രകാരം പരിപാലിച്ചും സംരക്ഷിച്ചും വന്നിരുന്നു. ക്ഷേത്രത്തിലെ കഴകം ചെയ്തിരുന്നവർക്ക് താമസിക്കാൻ പ്രത്യേകം ഭൂമിയും വസതിയും ഉണ്ടായിരുന്നിരിക്കാം. ഭൂമികളുടെ ആധാരങ്ങൾ പരിശോധിച്ചാലേ ഇക്കാര്യം ഉറപ്പുവരുത്താനാവുകയുള്ളു.
ആർക്കേശ്വരം ശ്രീരാമ ക്ഷേത്രം തകർക്കലിന് ഇരയായിട്ടുണ്ട്. അത് ഏതു കാലത്താണെന്നും ആരാണ് ചെയ്തതെന്നും വ്യക്തമല്ല. ഹൈദറിന്റെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് ഒട്ടനവധി ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം തകർത്തിട്ടുണ്ട്. അതേ സമയം മൈസൂരിന്റെ പടയോട്ടം നടക്കാത്ത പ്രദേശങ്ങളിലും ക്ഷേത്രങ്ങൾക്കുനേരെ പ്രാദേശികമായി അക്രമങ്ങൾ നടന്നതായി കാണാം. മൈസൂരിന്റെ പടയോട്ടത്തെ പിന്തുണയ്ക്കുന്നവരിൽ നിന്നാണ് ഇത്തരം അക്രമം നേരിടേണ്ടി വന്നത്. ആർക്കേശ്വരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു നേരേ നടന്നതും ഈ വിധത്തിലുള്ള അക്രമമായി കരുതുന്നു. ശ്രീരാമ വിഗ്രഹം തകർത്തു. അയ്യപ്പവിഗ്രഹത്തിന്റെ തല തകർത്തു. ചുറ്റമ്പലവും നശിപ്പിച്ചു.

തകർന്ന ശ്രീരാമ വിഗ്രഹവും തലയില്ലാത്ത അയ്യപ്പ വിഗ്രഹവുമാണ് ഇപ്പോൾ പൂജിച്ചു വരുന്നത്. തകർത്ത ചുറ്റമ്പലത്തിന്റേയും നമസ്കാര മണ്ഡപത്തിന്റെയും തറ മാത്രമേ ഇപ്പോഴുള്ളു. ശ്രീരാമസ്വാമിയുടെ ശ്രീകോവിലിൽ നിന്നുള്ള ഓവ് തകർക്കപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗത്തുള്ള തീർത്ഥക്കുളം ഭിത്തികളിടിഞ്ഞു കിടക്കുന്നു
കാടുമൂടിക്കിടന്നിരുന്ന ക്ഷേത്രം 2012 ലാണ് പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾ തീരുമാനിച്ചത്. സമീപത്തൊന്നും ഹിന്ദു വീടുകളില്ലാത്തതിനാൽ ദൂരെ നിന്നും ആളുകൾ എത്തി കാട് വെട്ടിത്തെളിയിച്ചു. കിണറുകളിൽ വേസ്റ്റു മൂടിക്കിടന്നിരുന്നു. അവയെല്ലാം എടുത്ത് ശരിയാക്കി. റോഡിൽ നിന്നും ഒരു ചെറിയ തോടിന്റെ വരമ്പിലൂടെ വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഒരു തിടപ്പള്ളിയും ഓഫീസും ചെറിയൊരു ഹാളും നിർമ്മിച്ചിട്ടുണ്ട്. അയ്യപ്പന്റേയും ശ്രീരാമനേറെയും വിഗ്രഹങ്ങൾ പുന:പ്രതിഷ്ഠ നടത്തണം. ശ്രീ കോവിലുകൾ ശരിയാക്കണം. കുളവും പുനരുദ്ധരിക്കാനുണ്ട്. കൂലിപ്പണിയും മറ്റുമെടുത്ത് ജീവിക്കുന്നവരാണ് ഈ പ്രദേശത്തുള്ള ഭക്തജനങ്ങൾ. ഒരു ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള സാമ്പത്തികം സമാഹരിക്കാനുള്ള കഴിവും ഇവർക്കില്ല.
അതേ സമയം ക്ഷേത്രം പുനരുദ്ധാരണം ചെയ്തു കിട്ടിയാൽ കൊണ്ടു നടക്കാനും സംരക്ഷിക്കാനും ഇവർക്കു സാധിക്കും. സാമ്പത്തികമായി കഴിവുള്ളവർ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗങ്ങൾ സ്പോൺസർ ചെയ്ത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പുനരുദ്ധാരണ കമ്മിറ്റിയും ഭക്തജനങ്ങളും.
