7: ചെന്തല വിഷ്ണു ക്ഷേത്രം

കുണ്ടുകൂളി മഹാവിഷ്ണു ക്ഷേത്രം
July 21, 2021
159: കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം
July 29, 2022

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 7

കലിതുള്ളിയ അക്രമികൾ ക്ഷേത്രത്തിൽ കയറി ശ്രീകോവിൽ തകർത്തു. തലമുറകളായി പവിത്രതയോടെ സംരക്ഷിച്ച് പൂജിച്ച് ഉപാസിച്ചിരുന്ന ലക്ഷമീ നരസിംഹത്തിൻ്റെ തല വെട്ടിയെടുത്ത് കാണാമറയത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീർന്നില്ല. വയറു വെട്ടി, ഉടൽ രണ്ടു കഷണമാക്കി. മഹാവിഷ്ണുവിൻ്റെ ശ്രീകോവിൽ തകർത്ത് വിഷ്ണു വിഗ്രഹത്തിൻ്റെ ഇടതു കൈ വെട്ടിമാറ്റി. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തിരൂർ ചെന്തല വിഷ്ണു ക്ഷേത്രത്തിൽ നടന്ന ക്രൂരതയുടെ മറക്കാനാവാത്ത അനുഭവങ്ങൾ തലമുറകളായി പകർന്നു നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. ലോക പ്രശസ്ത ഗണിത ശാസ്ത്രപണ്ഡിതനും ‘തന്ത്രസംഗ്രഹം’ എന്ന വിഖ്യാത ഗണിത ശാസ്ത്ര കൃതിയുടെ കർത്താവുമായ കേളല്ലൂർ നീലകണ്ഠസോമയാജിപ്പാടിൻ്റെ ഉപാസനാ ദേവനാണ് ലക്ഷമീ നരസിംഹം. മലപ്പുറം ജില്ലയിലെ തിരൂരിൽ കോട്ട് എന്നു പേരുള്ള ദേശമുണ്ട്. തിരൂർ വില്ലേജിലാണ് ഈ സ്ഥലം. പഴയ കാലത്ത് നാടുഭരിച്ചിരുന്ന വെട്ടത്തു രാജാവിൻ്റെ സൈന്യാധിപൻമാരുടെ ഒരു കോട്ട ഇവിടെയുണ്ടായിരുന്നു. രാജ ഭരണത്തിനു ശേഷം കോട്ട നശിച്ചു. ഈ സ്ഥലത്ത് ഒരു ഭഗവതി ക്ഷേത്രമാണുള്ളത്. കോട്ടയിൽ സൈന്യാധിപൻമാർ ദേവീ സങ്കൽപ്പത്തിൽ ആരാധന നടത്തിയിരുന്നുവെന്നും പിൽക്കാലത്ത് അവിടെ ക്ഷേത്രം നിർമ്മിച്ചുവെന്നുമാണ് വാമൊഴിചരിത്രം. കോട്ട് ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കോട്ട എന്ന പദം ലോപിച്ച് ‘കോട്ട് ‘ആയെന്ന് സ്ഥലനാമ ചരിത്രവും പറയുന്നു. തിരൂരിൽ നിന്നും മലപ്പുറം റോഡിൽ ഏകദേശം മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ ആലിൻ ചുവട് എന്നു പേരുള്ള ബസ്റ്റോപ്പാണ്. അതിനു പടിഞ്ഞാറുള്ള പറമ്പുകളും വയലും ഉൾപ്പെടുന്ന പ്രദേശം പൊതുവായി അറിയപ്പെടുന്നത് ഇല്ലത്തെ പാടം എന്ന പേരിലാണ്. ഇവിടെയാണ് ആമുഖമായി തുടക്കത്തിൽ സൂചിപ്പിച്ച ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുണ്ടായിരുന്നത്. ഇതിനോടു ചേർന്ന് ഒരു മനയും ഉണ്ടായിരുന്നു. എടമന എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. കേളല്ലൂർ നീലകണ്ഠസോമയാജിപ്പാടിൻ്റെ മനയിൽ അനന്തിരാവകാശികളില്ലാഞ്ഞ കാലത്ത് എടമനയിൽ നിന്നും ദത്തുണ്ടായതിനെത്തുടർന്നാകാം മനയുടെ പേര് പിൽക്കാലത്ത് എടമന എന്നായതെന്നാണ് കരുതുന്നത്. പുതിയ തലമുറക്ക് അതിനെക്കുറിച്ച് വ്യക്തതയില്ല. ഈ നിഗമനം ഗണിതശാസ്ത്ര പണ്ഡിതൻമാരുടേതാണ്. ടിപ്പുവും പടയും വ്യാപക മത പരിവർത്തനം നടത്തി. ചെന്തലവിഷ്ണു ക്ഷേത്രം തകർത്ത ടിപ്പു ശേഷം മനയ്ക്ക് തീ കൊടുത്തു. ഇതോടെ ഭയവിഹ്വലരായ ഇല്ലത്തെ അംഗങ്ങൾ തിരൂർ അംശത്തിൽ നിന്നും പലായനം ചെയ്തു. അങ്ങനെ പോകുമ്പോൾ തലയില്ലാതെ രണ്ടു കഷണമാക്കിയ നരസിംഹത്തിൻ്റെയും കൈ വെട്ടിമാറ്റിയ നിലയിലുള്ള വിഷ്ണുവിൻ്റെയും വിഗ്രഹമെടുക്കാൻ മറന്നില്ല. തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിന് തെക്കുള്ള വഞ്ഞേരി മനയിലേക്കാണ് ഇവർ അഭയാർത്ഥികളായി എത്തിയത്. തുടർന്ന് വഞ്ഞേരി മന എടമനയിലെ അഭയാർത്ഥികളെ പുനരധിവസിപ്പിച്ചു. തിരൂരിൽ ഏതു പ്രകാരത്തിലാണോ ക്ഷേത്രമുണ്ടായിരുന്നത് അതേ രീതിയിൽ ക്ഷേത്ര നിർമ്മാണം നടത്തി വിഗ്രഹങ്ങൾ വ്യത്യസ്ഥ ശ്രീകോവിലുകളിൽ പ്രതിഷ്ഠിച്ചു . നരസിംഹത്തിൻ്റെ പൊട്ടിയ ഭാഗങ്ങൾ ചേർത്തുവെച്ചെങ്കിലും തല ഇല്ലാത്തതിനാൽ നരസിംഹത്തിൻ്റെതെന്നു തോന്നിപ്പിക്കുന്ന ഒരു തലയാണ് വെച്ചത്.

എടമനക്കാർക്ക് രണ്ടു മാസം കൊണ്ട് നാലുകെട്ടുള്ള ഒരു മനയും വഞ്ഞേരി മനക്കാർ നിർമ്മിച്ചു നൽകി. എ ടമനപറമ്പ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പിൽക്കാലത്ത്അവകാശികൾ ഭൂമി ഭാഗം വെച്ചതോടെ മന പൂർണ്ണമായും ഇല്ലാതായി. വീതം കിട്ടിയവർ വിറ്റു പോയി. ഇതോടെ ക്ഷേത്രം നിത്യപൂജ നടത്താൻ പോലും മാർഗ്ഗമില്ലാതെ അനാഥാവസ്ഥയിലായി. 2013 ൽ എടമന പറമ്പിൽ താമസിക്കുന്ന ഹിന്ദുക്കൾ ക്ഷേത്ര നവീകരണത്തിന് കെ.ശങ്കരനാരായണൻ സെക്രട്ടറിയായും, പ്രഭാകരൻ നായർ പ്രസിഡന്റുമായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ അശ്രാന്ത പരി ശ്രമത്തിൻ്റെ ഫലമായി ക്ഷേത്ര പുനരുദ്ധാരണം നടന്നു. ടിപ്പു തകർത്ത വിഗ്രഹങ്ങൾ മാറ്റി പുതിയത് പ്രതിഷ്ഠിച്ചു. മനോഹരമായ ഒരു ക്ഷേത്ര സമുച്ചയമാണ് അഞ്ചു വർഷത്തിനുള്ളിൽ തീർത്തത്. ശ്രീകൃഷ്ണ ഭാവത്തിൽ പൂജിക്കുന്ന മഹാവിഷ്ണു, ലക്ഷ്മീനരസിംഹം, ദേവി എന്നിവക്ക് പ്രത്യേക ശ്രീകോവിൽ നിർമ്മിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പൻ, ദുർഗ്ഗ, ഗണപതി, ദക്ഷിണാ മൂർത്തി എന്നീ ഉപപ്രതിഷ്ഠകളും നാഗത്തറയുമുണ്ട്. ലക്ഷ്മീ നരസിംഹത്തിൻ്റെയും ദേവിയുടേയും ക്ഷേത്രങ്ങൾ കിഴക്കോട്ട് ദർശനമായുള്ളതാണ്. ക്ഷേത്രത്തിൻ്റെ മുൻവശത്തേക്ക് പ്രവേശിക്കാൻ മാർഗ്ഗമില്ല. ദേവീക്ഷേത്രത്തിന് മുൻവശത്തെ പറമ്പ് സ്വകാര്യ വ്യക്തിയുടെ കൈവശത്തിലാണ്. റോഡിൽ നിന്നും ഈ പറമ്പിലൂടെ വഴി ലഭിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ഇടവഴിയിലൂടെ വന്ന് ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് എത്തിച്ചേരാം. പുനരുദ്ധാരണ കാലത്തെ ഉൽസാഹം കമ്മിറ്റിക്കാരിൽ ഇപ്പോഴില്ല. ദർശനത്തിനെത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. ശാന്തിക്കാരനും ഒരു അടിച്ചു തളിക്കാരിയും വഴിപാടു ക്ലാർക്കും ഷാരടിയുമാണ് ജീവനക്കാർ. വരുമാനമില്ലാത്തതിനാൽ അഞ്ചു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന് ഈ കുറിപ്പ് തയ്യാറാക്കുന്ന അവസരത്തിൽ അടിച്ചു തളിക്കാരി പറഞ്ഞു. ക്ഷേത്ര നടത്തിപ്പിൻ്റെ ഭാവി ഇരുളടയുമോ എന്നൊരു ഭീതി ഉണ്ടാക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. എടമനക്കാരാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ. അവരും സാമ്പത്തിക ഭഭ്രതയുള്ളവരല്ല.

കഴുത്ത് വെട്ടിമാറ്റിയ നരസിംഹ വിഗ്രഹം
പുനരുദ്ധാരണത്തിന് മുൻപ് ക്ഷേത്ര സമുച്ചയം
പുതുക്കി നിർമ്മിച്ച നരസിംഹ ക്ഷേത്രം

1 Comment

  1. Haridas says:

    ജയശീരാമ്
    കേളപ്പജി കും – അക്കാലത്തെ എല്ലാ സമരേ നേതാക്കൾ കും എന്റെ പ്രണാമം

Leave a Comment