
21: അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം
July 8, 2021
7: ചെന്തല വിഷ്ണു ക്ഷേത്രം
August 2, 2021മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ നിന്നും അരീക്കോട്ടേക്കുള്ള റൂട്ടിൽ കാവനൂർ ടൗണിൽ നിന്നും മുക്കാൽ കിലോമീറ്റർ കിഴക്കുഭാഗത്തായാണ് പാറമ്മൽ വടക്കുമല റോഡു പോകുന്നത്. ഇരിവേറ്റി റോഡെന്നും ഇത് അറിയപ്പെടുന്നു. വടക്കോട്ട് ദർശനമായുള്ള ഒരു ലക്ഷ്മി നരസിംഹ ക്ഷേത്രം ഇവിടെയുണ്ടായിരുന്നു. കുണ്ടുകൂളി മഹാവിഷ്ണു ക്ഷേത്രം എന്ന പേരിലാണ് ഈ നരസിംഹ ക്ഷേത്രം അറിയപ്പെടുന്നത്. ചില നരസിംഹ ക്ഷേത്രങ്ങൾ വിഷ്ണുവിൻ്റെ പേരിലാണ് വിഖ്യാതം. നരസിംഹത്തിന് വിഷ്ണു പൂജ ചെയ്യുന്നതിനാലാകണമിത്. ടിപ്പുവിൻ്റെ പടയോട്ടത്തിൽ ക്ഷേത്രം നിശ്ശേഷം തകർത്തു. വിഗ്രഹം ഏഴു കഷണങ്ങളാക്കി വെട്ടി നുറുക്കി. വെള്ളേക്കാട്ട് നമ്പൂതിരിമാരുടെ കൈവശത്തിലായിരുന്നു ഈ ക്ഷേത്രം. തകർക്കപ്പെട്ട വിഗ്രഹം 1958 ൽ ക്ഷേത്രത്തിലെ ഊരാളൻമാരുടെ ബന്ധുക്കൾ തൃപ്പനച്ചിയിലേക്ക് കൊണ്ടു പോയി. അങ്ങനെ കൊണ്ടു പോയ വിഗ്രഹത്തിന് തല ഉണ്ടായിരുന്നില്ല. അതിനു ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതെ ക്ഷേത്ര ഭൂമി മണ്ണ് മൂടിയും കാടുകയറി യും കിടന്നു. പുതിയ തലമുറക്ക് ഈ കാടിനുള്ളിൽ തകർക്കപ്പെട്ട ഒരു ക്ഷേത്രമുണ്ടെന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളു. ഇതിനിടയിൽ ക്ഷേത്ര ഭൂമിയിലൂടെ ഒരു റോഡുമുണ്ടാക്കി. 2012 ലാണ് ക്ഷേത്രം പുന:സ്ഥാപിക്കാൻ ഭക്തജനങ്ങൾ ആലോചിച്ചത്. 2013 ഡിസംബർ ഒന്നിനു നടത്തിയ ദേവപ്രശ്ന സമയത്ത് ഊരാളൻമാർ പൊട്ടിത്തകർന്ന വിഗ്രഹം തിരിച്ചെത്തിച്ചു. ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നായിരുന്നു ദേവപ്രശ്നത്തിൽ തെളിഞ്ഞത്. ഇതനുസരിച്ച് കാട് വെട്ടിത്തെളിയിച്ചു. മണിക്കിണറിൽ നിന്നും പ്രതിഷ്ഠയുടെ തലയും ദ്വാരപാലകരുടെ ശിൽപ്പങ്ങളും കണ്ടെടുത്തു. ഭൂമി കുഴിച്ചു നോക്കിയപ്പോൾ പഴയ ക്ഷേത്രത്തിൻ്റെ അസ്തിവാരവും കണ്ടു. അപ്പോഴാണ് ക്ഷേത്രത്തിൻ്റെ മുഖമണ്ഡപത്തിലൂടെയാണ് റോഡു നിർമ്മിച്ചിരിക്കുന്നത് എന്നു വ്യക്തമായത്. ഇതു കാരണം ഉൽഘനനത്തിൽ കണ്ട അസ്തിവാരത്തിനു മീതെ ക്ഷേത്രം പണിയുക അസാദ്ധ്യമായിരുന്നു. ചതുരാകൃതിയിലുള്ളതാണ് ക്ഷേത്രത്തിൻ്റെ അസ്തിവാരം. ഇതേ അളവിൽ പതിനഞ്ചു മീറ്റർ തെക്കു മാറ്റി പുതിയ ക്ഷേത്രം നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
തകർന്ന വിഗ്രഹം കൂട്ടിച്ചേർത്ത് ബാലാലയത്തിൽ പ്രതിഷ്ഠിച്ച് പൂജ നടക്കുന്നുണ്ട്. ഛിന്ന ഭിന്നമായതാണെങ്കിലും ചൈതന്യം നിലനിൽക്കുന്നതിനാൽ തകർന്ന വിഗ്രഹത്തിൻ്റെ ചിത്രം പകർത്താൻ അനുവാദമില്ലായിരുന്നു. ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് റോഡിനും വടക്ക് പഴയ ക്ഷേത്രക്കുളം കണ്ടു. പഞ്ചായത്ത് ഇത് പൊതുകുളമാക്കി മാറ്റിയിട്ടുണ്ടെങ്കിലും നവീകരിച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും പൂജയുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം കുണ്ടൂളി എന്നായതിനാലാണ് ക്ഷേത്രത്തിന് കുണ്ടൂളി മഹാവിഷ്ണു ക്ഷേത്രം എന്ന പേരു വന്നത്. പുനരുദ്ധാരണ പ്രവർത്തനം വൈകാതെ പൂർത്തിയാക്കാനാണ് കമ്മിറ്റി ഭാരവാഹികൾ ആഗ്രഹിക്കുന്നത്.









